Tuesday, 19 August 2014

സഹനം കാണുന്ന കര്‍ത്താവ്

"പടുവിഡ്ഢികളെ അറിഞ്ഞു കൊള്ളുവിന്‍, ഭോഷരെ നിങ്ങള്‍ക്ക് എന്നു വിവേകം വരും? ചെവി നല്കിയവന്‍ കേള്‍ക്കുന്നില്ലെന്നോ? കണ്ണു നല്‍കിയവന്‍ കാണുന്നില്ലെന്നോ?"( സങ്കീര്‍ത്തനങ്ങള്‍ 94:10)

ഒരിക്കല്‍ ഒരു സഹോദരി പറയുകയുണ്ടായി. ദൈവം എന്‍റെ ദുഖങ്ങള്‍ കാണുന്നില്ല. എന്‍റെ പ്രാര്‍ത്ഥനകളില്‍ നിന്നും അവിടുന്ന് മുഖം തിരിച്ചിരിക്കുന്നു. അല്ലെങ്കില്‍ തന്നെ ദൈവത്തിന് കേള്‍ക്കുവാന്‍ കാതുകള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ദൈവത്തിന് കാണുവാന്‍ കണ്ണ് ഉണ്ടായിരുന്നെങ്കില്‍ എന്നെ തനിച്ചാക്കി, എന്‍റെ ഭര്‍ത്താവിനെ ഈ ഭൂമിയില്‍ നിന്നും കൊണ്ട് പോകുവാന്‍ ദൈവം അനുവദിക്കുമായിരുന്നില്ല. ജീവിത വഴിയിലെ പ്രതിസന്ധികളില്‍ നമ്മളില്‍ പലരും ഇത് പോലെ ചിന്തിച്ചിട്ടുണ്ട്. എന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുന്നില്ല. ഞാന്‍ എത്ര കരഞ്ഞിട്ടും എന്‍റെ കണ്ണു നീര്‍ കണങ്ങള്‍ അവിടുത്തെ സന്നിധിയില്‍ എത്തിയിട്ടില്ല.

ബൈബിളിലെ പുതിയ നിയമ പുസ്തകത്തില്‍, കര്‍ത്താവ് ലാസറിന്റെ ഭവനത്തില്‍ കടന്നു ചെല്ലുന്നു. മര്‍ത്തയും മറിയവും പറയുകയാണ്. കര്‍ത്താവെ, നീ വൈകി പോയി. നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ സഹോദരന്‍ മരിക്കില്ലായിരുന്നു. പ്രതീക്ഷ നഷടപെട്ട ജീവിതങ്ങള്‍. ദൈവം വൈകി പോകുന്നുവെന്ന് നമ്മുക്കും തോന്നാറില്ലേ. എത്രയോ പ്രാവശ്യം ജീവിതത്തില്‍ ദുരിതങ്ങള്‍ വന്നപ്പോള്‍ നാം എല്ലാം ചിന്തിച്ചു, എന്ത് കൊണ്ടാണ് എന്‍റെ ജീവിതത്തില്‍ ദൈവം ഇടപെടാത്തത്. എന്നാല്‍ ദൈവത്തിന് ഇടപെടാന്‍ ഒരു സമയം ഉണ്ട്.

സഭാപ്രസംഗകന്‍റെ പുസ്തകത്തില്‍ പറയുന്നു. "എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍ കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്" (സഭാപ്രസംഗകന്‍ 3:1) നാം എന്നും ഓര്‍ക്കേണ്ട ഒരു കാര്യമാണ്, നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ അല്ല, ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നത്. മറിച്ച് ദൈവത്തിന്‍റെ പദ്ധതി അനുസരിച്ച് അവിടുത്തെ സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ അവിടുന്ന് നമ്മുടെ ജീവിതങ്ങളില്‍ ഇടപെടുന്നു.

നാം ഒരു പക്ഷെ ഇന്ന് ജീവിതത്തില്‍ നിരാശ ബാധിച്ചവര്‍ ആയിരിക്കാം. മുന്‍പോട്ടുള്ള വഴികള്‍ അടഞ്ഞു. പ്രാര്‍ത്ഥിചിട്ട് ഫലമില്ല എന്ന് കരുതി നിരാശ പെട്ട് പോയവര്‍ ആയിരിക്കാം. ദൈവം നിന്‍റെ ജീവിതത്തിലേക്ക് സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ കടന്നുവരും. ലാസര്‍ മരിച്ചതിനു ശേഷം മര്‍ത്തയ്യ്ക്കും, മറിയത്തിനും പ്രതീക്ഷകള്‍ ഇല്ല. ക്രിസ്തു അവിടെ ഇല്ലാതെ പോയത് ഓര്‍ത്ത് അവര്‍ സങ്കടപെടുന്നു. എന്നാല്‍ നിരാശയുടെ നടുവില്‍ കിടന്ന അവരുടെ സങ്കടങ്ങളെ മാറ്റി കൊണ്ട് ലാസറിനെ അവിടുന്ന് ഉയര്‍പ്പിച്ചു.

നിങ്ങള്‍ക്ക് ചെവി തന്ന കര്‍ത്താവ്, നിങ്ങള്‍ക്ക് കണ്ണ് തന്ന കര്‍ത്താവ്, നിങ്ങളുടെ സങ്കടങ്ങള്‍ കാണാതിരിക്കില്ല എന്നുള്ള ഉത്തമ ബോധ്യം നിങ്ങള്‍ക്ക് ഉണ്ടാകണം. കര്‍ത്താവിന്‍റെ കാഴ്ച മങ്ങുകയില്ല, അവിടുത്തെ കേള്‍വി നശിക്കുകയുമില്ല. എന്നാല്‍ ഒരു പക്ഷെ അവിടുന്ന് നിങ്ങള്‍ക്ക് അറിയാത്ത അവിടുത്തെ സമയത്തിനു വേണ്ടി കാത്തിരുന്നേക്കാം. നിന്‍റെ ജീവിതത്തില്‍ ശരിയായ സമയത്ത് അവിടുന്ന് ഇടപെടും. വിശ്വസിക്കുക, നീ ദൈവ മഹ്വത്വം ദര്‍ശിക്കും.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍പ്രതിസന്ധികളുടെ സമയത്ത് നീ ഇടപെടുമെന്ന് ഞങ്ങള്‍ അറിയുന്നു. എന്നാല്‍ പലപ്പോഴും നിന്‍റെ സമയത്തിനു വേണ്ടി കാത്തിരിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നില്ല. സ്നേഹ സ്വരൂപാ, ജീവിതത്തിലെ ഇരുള്‍ മൂടുന്ന നിമിഷങ്ങളില്‍ നിന്‍റെ പ്രകാശത്തിനു വേണ്ടി കാത്തിരിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ, ആമേന്‍

Tuesday, 25 March 2014

ദൈവത്തെ കാണാന്‍

"സ്വര്‍ഗ്ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല." ( സങ്കീര്‍ത്തനങ്ങള്‍ 73:25)

ഗുരുവും ശിഷ്യനും യാത്ര ചെയ്യുകയായിരുന്നു. ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു. അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ? ഗുരു പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. അവിടുത്തെ കരുതല്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ശിഷ്യന്‍ ഒന്നും മിണ്ടിയില്ല. എങ്കിലും അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവന്‍ ദുഖിതനായി കാണപെട്ടു. പിന്നെയും അവന്‍ ചോദിച്ചു. ഗുരോ, എന്ത് കൊണ്ടാണ് എനിക്ക് ദൈവത്തെ കാണുവാന്‍ സാധികാത്തത്. എത്രയോ വര്‍ഷങ്ങളായി ഞാന്‍ അങ്ങയെ അനുഗമിക്കുന്നു. എനിക്ക് ദൈവത്തെ കാണുവാന്‍ സധിച്ചിട്ടില്ലല്ലോ.

ഗുരു പറഞ്ഞു. മകനേ, ദൈവം അരൂപിയാണ്. അവിടുന്ന് നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിക്കുന്നു. നിന്‍റെ അകകണ്ണ്‍ തുറക്കുക നിനക്ക് ഇന്ന് ദൈവത്തെ കാണുവാന്‍ സാധിക്കും. അവര്‍ യാത്ര തുടര്‍ന്നു. വേനല്‍ കാലമായതിനാല്‍, ചൂട് കൂടി വന്നു. ഗുരുവും ശിഷ്യനും ദാഹിച്ചു വലഞ്ഞു. അവസാനം അവര്‍ ഒരു കിണറ്റിന്‍ കരയിലെത്തി. അവിടെ ഒരു സ്ത്രീ വെള്ളം കോരുന്നുണ്ടായിരുന്നു. ഗുരു ചോദിച്ചു. ഞങ്ങള്‍ക്ക് കുറച്ചു വെള്ളം തരുമോ? ആ സഹോദരി അവര്‍ക്ക് വെള്ളം നല്‍കി. യാത്ര തുടര്‍ന്നു. വൈകുന്നേരം വിശ്രമിക്കുമ്പോള്‍ ഗുരു ചോദിച്ചു. മകനെ നീ ദൈവത്തെ കണ്ടുവോ?

ശിഷ്യന്‍ വേദനയോടെ പറഞ്ഞു. അങ്ങ് എന്‍റെ കൂടെ ഉണ്ടായിരുന്നല്ലോ. ഞാന്‍ ദൈവത്തെ കണ്ടില്ല. എന്‍റെ മുന്നില്‍ പ്രത്യക്ഷപെടാതെ അവന്‍ മറഞ്ഞിരിക്കുന്നു. ഗുരു പുഞ്ചിരിയോടെ പറഞ്ഞു. നിനക്ക് ദാഹിച്ചപ്പോള്‍ വെള്ളം തരാന്‍ കിണറിന്റെ കരയില്‍ തന്‍റെ അഗാധമായ കരുണയുമായി കാത്തു നിന്ന ആ സ്ത്രീയെ നീ കണ്ടുവോ? അവരുടെ കണ്ണുകളില്‍ ഞാന്‍ ദൈവത്തെ കണ്ടു. എന്ത് കൊണ്ടാണ് നീ അവരുടെ കണ്ണുകളില്‍ ദൈവത്തെ കാണാതെ പോയത്. നാം എല്ലാം സങ്കടപെടാറുണ്ട്. ദൈവം മറഞ്ഞിരിക്കുന്നു. എന്നാല്‍ നിന്‍റെ വഴികളില്‍ നിന്നെ താങ്ങുന്ന ദൈവത്തെ കാണുവാന്‍ നിനക്ക് കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്?

ഇസ്രയേല്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ദൈവം പകല്‍ മേഘരൂപത്തിലും, രാത്രി ദീപ സ്തംഭം യും ആണ് അവരെ നയിച്ചത്. നോക്കുക, തന്‍റെ ജനത്തെ നയിക്കുവാന്‍ ദൈവം അവരുടെ ആവശ്യങ്ങള്‍ നിറവേറുന്ന വിധത്തില്‍ എഴുന്നുള്ളി വരുന്നു. ഇന്ന് ഒരു ദിവസം ഞാന്‍ ദൈവത്തെ കണ്ടു മുട്ടിയോ എന്ന് നാം ഓരോരുത്തരും ചിന്തിക്കണം. നാം ദൈവത്തെ കണ്ടു മുട്ടിയില്ല എങ്കില്‍ നമ്മെ കണ്ട ആരെങ്കിലും ദൈവത്തെ കണ്ടുവോ എന്ന് കൂടി നാം ചിന്തിക്കണം. നിന്‍റെ ഉള്ളില്‍ ക്രിസ്തു ഉണ്ടെങ്കില്‍ ആ ക്രിസ്തുവിനെ മറ്റുള്ളവര്‍ കാണണം. അപ്പോഴാണ് ക്രിസ്ത്യാനി യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനോട് കൂടെ ജീവിക്കുക.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങളെ കാണുന്നവര്‍ക്ക് ദൈവത്തെ കാണുവാന്‍ കഴിയുന്ന വിധത്തില്‍ ഞങ്ങളുടെ ജീവിതങ്ങളെ അങ്ങ് രൂപാന്തരപെടുതേണമേ. ഞങ്ങളെ എന്നും ദൈവത്തെ കാണുന്നവരായിതീരുവാന്‍ അനുഗ്രഹിക്കണമേ,ആമേന്‍
photo: Kamrudheen

Saturday, 15 March 2014

പരിശീലനം നല്‍കുന്ന ദൈവം

അതാ, എന്‍റെ പ്രിയന്‍റെ സ്വരം!അതാ മല മുകളിലൂടെ കുതിച്ചു ചാടിയും കുന്നുകളില്‍ തുള്ളി ചാടിയും അവന്‍ വരുന്നു. ( ഉത്തമ ഗീതം 2:8)

മനസ് ശൂന്യമാകുന്ന ചില നിമിഷങ്ങളുണ്ട്‌. വേദനയുടെ ഒരു നിമിഷത്തില്‍ ദൈവം എന്നെ ഉപേക്ഷിച്ചുവോ എന്ന് നാം ചിന്തിച്ചു പോകുന്ന നിമിഷങ്ങള്‍. എന്നാല്‍ ദൈവം തന്‍റെ തിരഞ്ഞെടുക്കപെട്ടവരെ തന്നോട് ചേര്‍ത്ത് പിടിക്കുന്നു. അവരെ വഴി നടത്തുന്നു. നാം എല്ലാം പ്രാര്‍ത്ഥിക്കുന്നത് നന്മ വരുത്തണം എന്ന് മാത്രമാണ്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ദൈവം എത്രയോ നന്മകള്‍ ചൊരിഞ്ഞു. പലപ്പോഴും അത് തിരിച്ചറിയാതെ ജീവിതത്തിലെ ഒരു സഹനത്തിന്റെ നിമിഷത്തില്‍ നാം ദൈവ പരിപാലനയെ നിഷേധിക്കുന്നു.

ഒരിക്കല്‍ ഒരു അമ്മ കിളി കുഞ്ഞിനെ പറക്കാന്‍ പഠിപ്പിക്കുകയായിരുന്നു. അമ്മ കുഞ്ഞിനെ പുറത്തു കയറ്റി ആകാശത്തേക്ക് പോയി. എന്നിട്ട് അതിനെ ചിറകു കുടഞ്ഞെറിഞ്ഞു. കുഞ്ഞു മരണം മുന്‍പില്‍ കണ്ടു കുഴഞ്ഞ ചിറകുമായി താഴേക്ക്‌ പതിക്കുമ്പോള്‍ അമ്മ കുഞ്ഞിനെ താങ്ങി എടുത്തു. പിന്നെയും പറന്നു. അന്ന് കൂട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞു അമ്മയോട് പറഞ്ഞു. ഈ ഭൂമിയില്‍ എനിക്ക് ഇനി നിങ്ങളെ കാണണ്ട. ഞാന്‍ വെറുക്കുന്നു. നിങ്ങള്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചു. അപ്പോള്‍ ഈ അമ്മ പറഞ്ഞു. കുഞ്ഞേ, നീ ഒരിക്കലും മരിക്കാതെ ഇരിക്കാന്‍ ഞാന്‍ നിന്നെ ജീവിക്കാന്‍ പഠിപ്പിക്കുക ആയിരുന്നു.

നമ്മുടെ ജീവിതങ്ങളും ദൈവം ചിലപ്പോള്‍ ഒന്ന് കുലുക്കും. താഴെ വീഴാതെ അവിടുന്ന് നമ്മെ കാത്തു കൊള്ളും. നമ്മള്‍ സുരക്ഷിതര്‍ ആണ് എന്ന് കരുതുന്ന ചില്ലകള്‍ നമ്മുക്ക് ഒരിക്കലും നന്മയായി ഭവിക്കില്ല എന്ന് ദൈവത്തിന് അറിയാം. അത് കൊണ്ടാണ്, നമ്മുടെ ജീവിതത്തില്‍ പ്രതി സന്ധികള്‍ കടന്നു വരുന്നത്. നിനക്ക് താങ്ങാന്‍ ആകാത്ത പ്രതി ബന്ധങ്ങളിലൂടെ അവിടുന്ന് നിന്നെ നയിക്കുന്നില്ല. ഒരു പക്ഷി തന്‍റെ കുഞ്ഞിനെ കരുതുന്ന സ്നേഹത്തോടെ അവിടുന്ന് നമ്മെ താങ്ങി എടുക്കും.

ജീവിതത്തില്‍ പ്രതി സന്ധികള്‍ ഉണ്ടാകുമ്പോള്‍ നാം എന്താണ് ചെയ്യുക. നമ്മള്‍ പരാതി പറയുന്നു. ദൈവം എന്നെ ഉപേക്ഷിച്ചിരിക്കുന്നു. അവിടുന്ന് എന്നെ നയിക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ ദൈവം നമ്മെ കൂടുതല്‍ നന്മകള്‍ നേടുവാന്‍ പരിശീലിപ്പിക്കുന്നു എന്ന സത്യം നാം മറന്നു പോകുന്നു. ബൈബിളില്‍ കര്‍ത്താവു പറയുന്നു. എനിക്ക് നിന്നെ കുറിച്ച് ഒരു പദ്ധതി ഉണ്ട്. അത് നിന്‍റെ നാശത്തിനുള്ളതല്ല. മറിച്ചു ക്ഷേമത്തിനും നന്മയ്ക്കും ഉള്ള പദ്ധതി ആണ്. ദൈവം നമ്മെ കരുതുന്നു എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ നമ്മുക്ക് നന്മ ഉണ്ടാകും. നാം ദൈവത്തിങ്കലേക്കു കൂടുതല്‍ അടുക്കും.

പ്രാര്‍ത്ഥന

നന്മ സ്വരൂപനായ ദൈവമേ നിന്നില്‍ ആശ്രയിച്ച്, നിന്‍റെ പദ്ധതികളില്‍ വിശ്വസിച്ച് ജീവിക്കുവാനുള്ള കൃപാ വരം നീ എനിക്ക് എകണം എന്ന് അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു. ആമേന്‍


Tuesday, 11 March 2014

ഭയം

"തിന്മ ഭീരുത്വം നിറഞ്ഞതാണ്‌.അതു തന്നെ തന്നെ ശിക്ഷിക്കുന്നു.മനസ്‌സാക്ഷിയുടെ സമ്മര്‍ദ്ദത്തില്‍ അതു പ്രതി ബന്ധങ്ങളെ പര്‍വതീകരിക്കുന്നു. ആലോചനാ ശീലത്തില്‍ നിന്നു വരുന്ന സഹായത്തെ ഭയം എപ്പോഴും തിരസ്കരിക്കുന്നു. "( ജ്ഞാനം 17:11-12)

മനുഷ്യ ജീവിതത്തിലെ ഒരു വലിയ ശാപം ആണ് ഭയം. ബൈബിളില്‍ ഒരുപാടു പ്രാവശ്യം ആവര്‍ത്തിച്ചു പറയുന്ന ഒരു സന്ദേശം ആണ് ഭയപെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്. ഭയം ഭൂമിയിലേക്ക്‌ കടന്നു വരുന്നത് ആദിമ മാതാ പിതാക്കള്‍ പാപം ചെയ്തതിനു ശേഷമാണ്. ആദവും ഹവ്വയും ദൈവം വിലക്കിയ പഴം കഴിച്ചതിനു ശേഷം, ദൈവം വരുമ്പോള്‍ ഭയന്നു ഒളിച്ചിരിക്കുകയാണ്.
ഭൂമിയില്‍ ദൈവം തന്ന നന്മകളെ ഇല്ലാതാക്കാന്‍ സാത്താന്‍ ഭയം എന്ന തിന്മയെ കൊണ്ട് വന്നു. എന്നാല്‍ നാം ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍ ദൈവം നമ്മുടെ ഭയത്തെ നീക്കി കളയുന്നു.

ഒരിക്കല്‍  കൗമാര പ്രായത്തിലുള്ള ഒരു ആണ്‍ കുട്ടിയെ അവന്‍റെ അപ്പന്‍ എന്‍റെ അരികില്‍ കൊണ്ട് വന്നു. സംസാരത്തിനിടയില്‍ ഈ അപ്പന്‍ പറഞ്ഞു. മകന്‍ സ്കൂളില്‍ പോകുന്നില്ല. അവനു എന്തോ ഭയം സംഭവിച്ചിരിക്കുന്നു. ഞാന്‍ ഈ കുഞ്ഞിനേയും അപ്പനെയും മാറ്റി ഇരുത്തി സംസാരിച്ചു.അപ്പനോട് ഞാന്‍ ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പാപ്കരമായ എന്തെങ്കിലും നിങ്ങളുടെ ഭവനത്തില്‍ സംഭവിച്ചോ? ഉടനെ ഈ അപ്പന്‍ പറഞ്ഞു. എന്‍റെ മകന്‍റെ കമ്പ്യൂട്ടറില്‍ ചില കാണാന്‍ ആകാത്ത കാഴ്ചകള്‍ ഞാന്‍ കണ്ടു. അവനെ ഞാന്‍ ശാസിച്ചു,ശിക്ഷിച്ചില്ല. ഈ മകന്‍ പറഞ്ഞു. എനിക്ക് പേടിയാണ്. എനിക്ക് എന്‍റെ അമ്മയെയും പെങ്ങളെയും ഒരുപാടു ഇഷ്ടമാണ്. എന്‍റെ അപ്പന്‍ ആരോടെങ്കിലും പറഞ്ഞാല്‍ ഞാന്‍ ജീവിക്കില്ല. എന്‍റെ തല പെരുക്കുന്നു. ഭയം ആ മകനെ വേട്ടയാടുകയാണ്.

മനുഷ്യ ജീവിതത്തിലെ ഒരു വലിയ ബന്ധന അവസ്ഥയാണ് ഭയം. ക്രിസ്തുവിലുള്ള വിശ്വാസം നഷ്ടപ്പെട്ട് പാപത്തിന്റെ അടിത്തട്ടില്‍  ബന്ധിതര്‍ ആകുമ്പോള്‍ നാം ഭയത്തിന്റെ പിടിയില്‍ അകപെടുന്നു. ഭയത്തെ പറ്റി ബൈബിള്‍ പറയുന്നത് ഇതാണ്. "സഹായം ലഭിക്കുമെന്നുള്ള ആന്തരികമായ പ്രതീക്ഷ എത്ര ദുര്‍ബലമാണോ അത്രത്തോളം പീഡനത്തിന്റെ കാരണത്തെ കുറിച്ചുള്ള അഞ്ജതയെ ഭയം ഇഷ്ടപെടുന്നു."(ജ്ഞാനം 17:13) ദൈവം ആണ് നമ്മുടെ സഹായകന്‍ എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകുമ്പോള്‍ ഭയം നമ്മെ വിട്ടു പോകുന്നു. എന്നാല്‍ ദൈവത്തിലുള്ള പ്രതീക്ഷ നഷ്ടപെടുമ്പോള്‍ നാം ഭയത്തിന്റെ പിടിയില്‍ അകപെടുന്നു.

ബൈബിളില്‍ ഒരു സംഭവം പറയുന്നു.ക്രിസ്തുവും ശിക്ഷ്യന്മാരും കടലിലൂടെ യാത്ര ചെയ്യുകയാണ്. വലിയ കൊടുങ്കാറ്റു ഉണ്ടായി. ഉടനെ ശിഷ്യന്മാര്‍ പറയുന്നു. കര്‍ത്താവേ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. അപ്പോള്‍  യേശു പറയുന്ന വചനം ഇതാണ്. " അവന്‍ പറഞ്ഞു. അല്പവിശ്വാസികളെ, നിങ്ങളെന്തിനു ഭയപെടുന്നു? അവന്‍ എഴുന്നേറ്റു കടലിനെയും കാറ്റിനെയും ശാസിച്ചു. വലിയ ശാന്തതയുണ്ടായി. ( മത്തായി 8:26) ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ ക്രിസ്ത്യാനി ഭയം എന്ന വികാരത്തിന് അടിമപെടുവാന്‍ പാടില്ല. അവനെ നയിക്കുന്ന വിശ്വാസം ക്രിസ്തു അവന്‍റെ കൂടെ ഉണ്ട് എന്നുള്ളത് ആകണം.

സങ്കീര്‍ത്തകന്‍ പറയുന്നു. നിന്‍റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ മരിച്ചു വീണേക്കാം;നിന്‍റെ വലതു വശത്തു പതിനായിരങ്ങളും; എങ്കിലും നിനക്ക് ഒരു അനര്‍ത്ഥവും സംഭവിക്കില്ല.ദുഷ്ടരുടെ പ്രതിഫലം നിന്‍റെ കണ്ണുകള്‍ കൊണ്ട് തന്നെ നീ കാണും. നീ കര്‍ത്താവില്‍ ആശ്രയിച്ചു.അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു. നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല. ഒരനര്‍ത്ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല. നിന്‍റെ വഴികളില്‍ നിന്നെ കാത്തു പാലിക്കാന്‍ അവിടുന്ന് തന്‍റെ ദൂതന്മാരോട് കല്പിക്കും. നിന്‍റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചു കൊള്ളും.( സങ്കീര്‍ത്തനങ്ങള്‍ 91:7-12) നമ്മുക്ക് ദൈവ വിശ്വാസികളായി മാറാം. പ്രാര്‍ത്ഥിക്കുന്നവര്‍ ആകാം. ദൈവം നമ്മെ സംരക്ഷിക്കും.

പ്രാര്‍ത്ഥന

ഭയപെടെണ്ട ഞാന്‍ നിന്നെ സംരക്ഷിക്കുന്ന കര്‍ത്താവാണ് എന്ന് അരുളി ചെയ്ത ദൈവമേ, ജന്മ പാപങ്ങള്‍ മൂലവും കര്‍മ്മ പാപങ്ങള്‍ മൂലവും ഭയം എന്ന ബന്ധനം ഞങ്ങളിലേക്ക്  കടന്നു വന്നിരിക്കുന്നു. സാത്താന്റെ ബന്ധനം മൂലം ആലോചനാ ശീലത്തില്‍ നിന്നും വരുന്ന ദൈവിക സഹായത്തെ നിഷേധിച്ച് ഞങ്ങള്‍  ഭയത്തിനു അടിമയായി മാറുന്നു. ദൈവമേ അങ്ങയുടെ പുത്രന്‍ കുരിശില്‍ ചിന്തിയ തിരുരകതത്തിന്റെ ശക്തിയാല്‍, ഞങ്ങളും    ഭയത്തില്‍ നിന്നും മോചിതരായി , പ്രത്യാശയില്‍ ക്രിസ്തുവിനോടൊപ്പം ഉയിര്‍ത്തു ജീവിക്കുന്നുവരാകുവാന്‍ ഞങ്ങളുടെ ബന്ധനങ്ങള്‍ അങ്ങു തകര്‍ക്കണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ, ആമേന്‍ .
photo courtesy: Jijo Thomas

Sunday, 9 March 2014

ശകുനം

"നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്. ഞാനാണ്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവ്. ( ലേവ്യര്‍ 19:31)"

ദൈവ വേലയില്‍ സജീവനായ ഒരു മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു. "സഹോദരാ എന്തുകൊണ്ടാണ് എന്ന് അറിയില്ല , വിവാഹം നടക്കുന്നില്ല. കാര്യങ്ങള്‍ ഒന്നും കുഴപ്പമില്ല പക്ഷേ എവിടെയോ ഒരു തടസ്സം. പ്രാര്‍ത്ഥിക്കണം." ഒരുപാടു വട്ടം ഈ ആവശ്യം കേട്ടപ്പോള്‍ വെറുതെ ചോദിച്ചു. ശകുനം നോക്കാറുണ്ടോ? ഉടനെ ഈ മനുഷ്യന്‍ പറഞ്ഞു. ഇല്ല ഞാന്‍ ഒരിക്കലും ശകുനം നോക്കിയിട്ടില്ല. സംഖ്യ ജ്യോതിഷം നോക്കിയിട്ടുണ്ടോ. ആ സഹോദരന്‍ ഒരു നിമിഷം സംശയിച്ചു. എന്നിട്ട് പറഞ്ഞു. എനിക്ക് വിശ്വാസം ഒന്നുമില്ല. എങ്കിലും എനിക്ക് ഒരു സുഹ്രത്ത് ഉണ്ട്. അവര്‍ എനിക്ക് വരുന്ന വിവാഹ ആലോചനകള്‍ എനിക്ക് ചേരുമോ എന്ന് നോക്കാറുണ്ട്.എനിക്ക് അതില്‍ വിശ്വാസമില്ല. പക്ഷെ ആ സ്നേഹ ബന്ധത്തെ ഞാന്‍ വിലമതിക്കുന്നു. സുന്ദരമായ കള്ളങ്ങള്‍.

ദൈവ അനുഭവത്തിന്‍റെ ആഴങ്ങളില്‍ നില്‍ക്കുന്ന മനുഷ്യന്‍റെ ജീവിതത്തില്‍ പോലും സാത്താന്‍ ശകുനം നോക്കല്‍ വഴി ബന്ധനം കൊണ്ട് വരുന്നു. അവരുടെ ജീവിതം ബന്ധനത്തില്‍ പെട്ട് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഒരിക്കല്‍ ഒരു സഹോദരി പങ്കു വച്ചു. ഞാന്‍ ചില മന്ത്രങ്ങള്‍ ചൊല്ലാറുണ്ട്. ചൊല്ലുമ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ സ്ഥാനത്ത് ക്രിസ്തുവിനെ ഓര്‍ത്താണ് ചെല്ലുന്നത്. എത്രയോ അബദ്ധമായ ഒരു ധാരണ ആണ്. ബൈബിള്‍ നമ്മോടു ചോദിക്കുന്നു. എത്ര നാള്‍ നിങ്ങള്‍ രണ്ടു വള്ളത്തില്‍ കാല്‍ വയ്ക്കും. ക്രിസ്തുവിനെയും, സാത്തനെയും ഒരേ മന്ത്രങ്ങളാല്‍ പ്രീണിപ്പിക്കുന്നതെങ്ങിനെ? .ബൈബിള്‍ പറയുന്നു. ഏതെങ്കിലും ജനത തങ്ങളുടെ ദേവന്മാരെ മാറിയിട്ടുണ്ടോ? അവ വ്യജ ദേവന്മാരായാല്‍ തന്നെ? എന്നാല്‍ എന്‍റെ ജനം വ്യര്‍ത്ഥതയ്ക്ക് വേണ്ടി തങ്ങളുടെ മഹ്വത്വം കൈ വെടിഞ്ഞിരിക്കുന്നു.( ജെറമിയ 2:11)

"എന്‍റെ ചെറുപ്പത്തില്‍ വര്‍ഷ ആരംഭത്തില്‍ കലണ്ടര്‍ നോക്കി ഞാന്‍ ജാതകം നോക്കും. പിന്നെ കാലം മാറിയപ്പോള്‍ മൊബൈലില്‍ എന്നും ദിന ഫലം നോക്കാന്‍ തുടങ്ങി. നോക്കും എന്നതല്ലാതെ എനിക്ക് വിശ്വാസം ഇല്ല."ഇങ്ങിനെ പറയുന്ന അനേകം ക്രിസ്ത്യാനികളെ ഞാന്‍ കാണാറുണ്ട്. ദൈവം ചോദിക്കുന്നു. ഞാന്‍ മലിനയല്ല, ബാലിന്റെ പുറകെ പോയിട്ടില്ല എന്നു പറയാന്‍ നിനക്ക് എങ്ങിനെ സാധിക്കും? താഴ്‌വരയില്‍ പതിഞ്ഞ നിന്‍റെ കാല്പാടുകള്‍ കാണുക; ചെയ്ത കുറ്റം സമ്മതിക്കുക. ഉന്മത്തയായി പാഞ്ഞു നടന്ന പെണ്ണോട്ടകമായിരുന്നു നീ ( ജെറമിയ 2:23)

ക്രിസ്ത്യാനി ഓടുകയാണ്. അവനു ക്രിസ്തുവില്‍ വിശ്വാസം നഷ്ടപെട്ടുപോയി. സകലതും നന്മക്കായി പരിണമിപ്പിക്കുന്ന ക്രിസ്തുവിന്റെ സമയത്തിനായി കാത്തിരിക്കാന്‍ സമയമില്ല. ശകുനവും, ആള്‍ ദൈവങ്ങളും അശുദ്ധമാക്കിയ ആത്മാവുമായി അവന്‍ പ്രാര്‍ത്ഥിക്കുകയാണ്. എന്നിട്ട് സങ്കടപെട്ടു പറയുന്നു. ക്രിസ്തു എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. അവന്‍ എന്നില്‍ നിന്നും മുഖം മറച്ചിരിക്കുന്നു. എന്നാല്‍ ദൈവം പറയുന്നു. നിന്‍റെ അകൃത്യങ്ങള്‍ എന്‍റെ മുന്‍പിലുണ്ട്. എന്‍റെ നിസ്സിമമായ കരുണയെ നിന്‍റെ പാപങ്ങള്‍ എന്നില്‍ നിന്നും മറയ്ക്കുന്നു. ഹോസിയാ പ്രവാചകനിലൂടെ അവിടുന്ന് പറയുന്നു. ഇസ്രയേല്‍, നിന്‍റെ ദൈവമായ കര്‍ത്താവിങ്കലേക്ക് തിരിച്ചു വരുക. നിന്‍റെ അകൃത്യങ്ങള്‍ മൂലമാണ് നിനക്കു കാലിടറിയത്.

നാം അശുദ്ധമായ കാര്യങ്ങള്‍ ചെയ്തു ദൈവത്തില്‍ നിന്ന് അകന്നു പോയെങ്കില്‍ നമുക്ക് തിരിക വരാം. ധൂര്‍ത്ത പുത്രന്‍ പിതാവിന്‍റെ സന്നിധിയില്‍ കരഞ്ഞ പോലെ നമ്മുക്ക് ദൈവ പിതാവിനോട് പറയാം. പിതാവേ അങ്ങയുടെ മകന്‍ എന്ന് വിളിക്കപെടാനുള്ള യോഗ്യത ഞാന്‍ നഷ്ടപെടുത്തി. നാം തിരികെ വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ബൈബിള്‍ പറയുന്നു. ദൈവം അരുളി ചെയ്യുന്നു. " ഞാന്‍ അവരുടെ അവിശ്വസ്ഥതയുടെ മുറിവ് ഉണക്കും. ഞാന്‍ അവരുടെ മേല്‍ സ്നേഹം ചൊരിയും. കാരണം, അവരോടുള്ള എന്‍റെ കോപം അകന്നിരിക്കുന്നു. ഇസ്രായേലിനു ഞാന്‍ തുഷാര ബിന്ദു പോലെയായിരിക്കും. ലില്ലി പോലെ അവന്‍ പുഷ്പിക്കും. ഇലവുപോലെ അവന്‍ വേരുറപ്പിക്കും. ( ഹോസിയ 14:4-5)

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, അറിഞ്ഞും അല്ലാതെയും, ജാതക ഫലങ്ങളും, ക്ഷുദ്ര ക്രിയകളിലും വിശ്വസിച്ച് ഞങ്ങള്‍ സ്വയം അശുദ്ധരായി തീര്‍ന്നതിനെ ഓര്‍ത്തു ഞങ്ങള്‍ അങ്ങയുടെ സന്നിധിയില്‍ മാപ്പ് അപേക്ഷിക്കുന്നു. ഓ ദിവ്യ നാഥാ, ഞങ്ങളുടെ ജീവിതത്തില്‍ ഇതു മൂലം വന്നിട്ടുള്ള തകര്‍ച്ചകള്‍ അങ്ങ് കാണേണമേ, അങ്ങയുടെ അരികിലേക്ക് തിരികെ വരുന്ന ഞങ്ങളെ കൃപയായി സ്വീകരിക്കണമേ ആമേന്‍.
Photo Courtesy: Jeethu Mathai.

Friday, 7 March 2014

ഇടം നഷ്ടപ്പെട്ടവര്‍

"അവന്‍ അതിനു റഹോബോത്ത്‌ എന്നു പേരിട്ടു. കാരണം, അവന്‍ പറഞ്ഞു: കര്‍ത്താവു ഞങ്ങള്‍ക്ക് ഇടം തന്നിരിക്കുന്നു. ഭൂമിയില്‍ ഞങ്ങള്‍ സമ്രധിയുള്ളവരാകും. ( ഉത്പത്തി 26:22)"

കോളേജ് ജീവിതത്തിലെ അവസാന ദിവസം ഗുരുനാഥന്‍ പറഞ്ഞു. നിങ്ങള്‍ "തന്‍റെടം"ഉള്ളവരാകണം. ജീവിതത്തില്‍ പലപ്പോഴും നാം കേട്ടിട്ടുണ്ട്. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ തന്‍റെടം ഉള്ളവര്‍ ആകണം. എന്താണ് തന്‍റെടം. തന്‍റെടം എന്നാല്‍ തന്‍റെ ഇടമാണ്. ഭൂമിയില്‍ തന്‍റെ ഇടം നഷ്ടപെട്ട അനേകം മനുഷ്യര്‍ ഉണ്ട്. ജീവിക്കുവാനുള്ള തന്‍റെടം നഷ്ടപെട്ടപ്പോള്‍ ഒരു മുഴം കയറില്‍ യാത്രയായ മകളെ നോക്കി അമ്മ കരയുന്നത്. നിനക്ക് തന്‍റെടം ഇല്ലാതെ ആയി പോയല്ലോ എന്നാണ്. എത്രയോ രാത്രികളില്‍ ഇടം നഷ്ടപെട്ട മനുഷ്യന്‍റെ വേദന നമ്മെ അലട്ടിയിട്ടുണ്ട്.

പഴയ നിയമത്തില്‍ യാക്കോബ് കുഴിച്ച കിണറിനെ പറ്റി തര്‍ക്കം ഇല്ലാതെ ആയപ്പോള്‍ അവന്‍ പറയുന്ന വചനമാണ് കര്‍ത്താവു ഞങ്ങള്‍ക്ക് ഇടം തന്നിരിക്കുന്നു. ഭൂമിയില്‍ ഞങ്ങള്‍ സമ്രധിയുള്ളവരാകും. ഭൂമിയില്‍ ഇടം ഇല്ലാതെ പോകുന്ന അനേകം മനുഷ്യരുണ്ട്‌. ചിലപ്പോള്‍ ഒക്കെ തേങ്ങുന്ന മനസോടെ അവര്‍ ഇടം തിരയും. പുതിയ നിയമത്തില്‍ അങ്ങിനെ ഒരു മനുഷ്യനെ പറ്റി പറയുന്നുണ്ട്. സക്കേവൂസ് ഭൂമിയില്‍ ഇടം ഇല്ലാത്തവന്‍ ആയിരുന്നു. മരച്ചില്ലകളില്‍ ഒളിച്ചിരുന്ന് ക്രിസ്തുവിനെ കാണാന്‍ അവന്‍ ആഗ്രഹിച്ചു.

ജീവിതത്തിലെ പ്രതി സന്ധികളില്‍ തന്‍റെടം നഷ്ടപെട്ടു നാം എല്ലാം നില്‍ക്കാറുണ്ട്. എങ്ങോട്ട് പോകണം എന്ന് അറിയാതെ ഇനി എന്ത് ചെയ്യും എന്ന് അറിയാത്ത നിമിഷങ്ങള്‍ . ഭൂമിയില്‍ ഇടം ഇല്ലാതെ ആയി പോകുമ്പോള്‍ നാം നിരാശ ബാധിച്ചവരാകുന്നു. എന്നാല്‍ ദൈവ വചനം പറയുന്നു. നിന്‍റെ ഇടം നഷ്ടപെടുമ്പോള്‍ നീ പരിഭ്രമിക്കണ്ട. ക്രിസ്തു നിന്നെ താങ്ങുന്നു. ഇടം നഷ്ടപെട്ടവര്‍ക്ക് ഇടം തരുന്ന സ്നേഹമാണ് ക്രിസ്തു. ഭൂമിയില്‍ നിനക്ക് കട ബാധ്യതകള്‍ വരുമ്പോള്‍, ജോലി ഇല്ലാതെ ആകുമ്പോള്‍ നീ പ്രാര്‍ത്ഥിക്കുക. ദൈവമേ എനിക്ക് ഈ ഭൂമിയില്‍ ഇടം തരേണമേ.

ക്രിസ്ത്യാനിക്ക് ഒരു വലിയ ചുമതലയുണ്ട്. അത് തന്‍റെ ഇടം നഷ്ടപെട്ടവര്‍ക്ക് ശക്തി പകരുക എന്നതാണ് . ദൈവം നിന്നില്‍ നിന്നും ആഗ്രഹിക്കുന്ന വലിയൊരു ദൗത്യം അതാണ്. നല്ല സമരിയക്കാരന്റെ ഉപമയില്‍ കര്‍ത്താവു ഇടം നഷ്ട്പെട്ടവനോട് എന്ത് ചെയ്യണമെന്നു പറഞ്ഞു വയ്ക്കുന്നു. ഇടം നഷ്ട്പെട്ടവര്‍ക്ക് നല്ല അയല്‍ക്കാരനകുവാന്‍ ക്രിസ്തു നമ്മോട് ആഹ്വാനം ചെയ്യുന്നു. ഇടം നഷ്ടപെട്ടവരെ കാണുമ്പോള്‍ മുഖം തിരിച്ചു നടന്നാല്‍ നാളെ നീ ദൈവ തിരുമുന്‍പില്‍ മറുപടി നല്‍കേണ്ടി വരും എന്ന് മറക്കാതെ ഇരിക്കുക.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങള്‍ ഈ ഭൂമിയില്‍, ഇടം നഷ്ടപെട്ടവരായി മാറുമ്പോള്‍ ഞങ്ങള്‍ക്ക് ഇടം തന്നു അനുഗ്രഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍ 

Thursday, 6 March 2014

രക്ഷാകരമായ സഹനം ദൈവിക മഹത്വത്തിലേക്കുള്ള പാത





"യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു. ( ലൂക്കാ 23:46)"

"സഹോദരാ, ദൈവം മരിച്ചിരിക്കുന്നു. ഒരുപാടു കാലം പ്രാര്‍ത്ഥിച്ച്, വിശ്വസിച്ച്, പ്രഘോഷിച്ച ക്രിസ്തു മരിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ എന്‍റെ ജീവിതത്തില്‍ ഇത് സംഭവിക്കുമായിരുന്നു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇനി ഞാന്‍ പ്രാര്‍ത്ഥിക്കുകയില്ല. ക്രിസ്തു മരിച്ചിരിക്കുന്നു. അല്ലെങ്കില്‍ മനുഷ്യന്‍റെ ദുഖങ്ങള്‍ കാണാത്ത വിധത്തില്‍ അന്ധനായ ഒരു ദൈവമാണ് നമ്മുടെ ദൈവം." തന്‍റെ മകന്‍ രോഗകിടക്കയില്‍ വേദന കൊണ്ട് പുളയുമ്പോള്‍ സങ്കടം സഹിക്കാനാവാതെ ആ അമ്മ പൊട്ടി തെറിച്ചു.

ലോകത്തെ വീണ്ടെടുക്കുവാന്‍ ക്രിസ്തു കുരിശില്‍ മരിച്ചു. മനുഷ്യനായി അവതരിച്ച്, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്, ലോക പാപങ്ങള്‍ക്ക്‌ പരിഹാരമായി അവന്‍ കുരിശില്‍ ഒരു ബലി ആയി തീര്‍ന്നു. വേദനയുടെ പാരമ്യത്തില്‍ ഉച്ചത്തില്‍ ക്രിസ്തു നിലവിളിക്കുകയാണ്. പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ക്രിസ്തു നിലവിളിച്ചു കൊണ്ടാണ് ജീവന്‍ വെടിയുന്നത്. എന്നാല്‍ അപ്പോഴും ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിക്കുന്നു. ജീവിതത്തില്‍ തിക്താനുഭവങ്ങള്‍ നേരിടുമ്പോള്‍ നാം എന്താണ് ചെയ്യുക. ദൈവ പദ്ധതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങും. എന്നാല്‍ ക്രിസ്തു നമ്മുക്ക് നല്‍കുന്ന മാത്രക വിനയപൂര്‍വ്വം ദൈവ പദ്ധതിയെ സ്വീകരിക്കുക എന്നതാണ്. ഗദ്സെമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തു പറയുന്നത്, എന്‍റെ ഹിതമല്ല നിന്‍റെ ഹിതം നിറവേറണം എന്നാണ്.

പഴയ നിയമത്തില്‍ ദാവിദ് രാജാവിന്‍റെ ജീവിതത്തിലെ ഒരു സംഭവം പറയുന്നുണ്ട്. ബെത്ഷബായുമായി പാപം ചെയ്ത രാജാവിന്‌ ആ ബന്ധത്തില്‍ പിറന്ന മകന്‍ നഷ്ടപെടും എന്ന് അറിഞ്ഞ് തമ്പുരാന്‍റെ കാരുണ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. എന്നാല്‍ മകന്‍ മരിക്കുന്നു, മരണം ഉണ്ടാകും വരെ പ്രാര്‍ത്ഥനയുടെ നെറുകയില്‍ നിന്ന് മകന് വേണ്ടി പ്രാര്‍ത്ഥിച്ച ദാവിദ് കുഞ്ഞു മരിച്ചു എന്ന് അറിയുമ്പോള്‍ ദൈവവും ആയി കലഹിക്കുന്നില്ല. മറിച്ച് ദൈവ പദ്ധതിയെ അംഗീകരിക്കുകയാണ്.ദൈവ പദ്ധതികളെ ചോദ്യം ചെയ്യാന്‍ നമ്മുക്ക് അവകാശം ഇല്ലെന്നു ജോബിന്‍റെ പുസ്തകത്തിലൂടെ കര്‍ത്താവു പറയുന്നുണ്ട്.

സഹനം ശിക്ഷയല്ല. ദൈവ പദ്ധതിയോട് ചേര്‍ന്ന് നിന്ന് സഹനം ഏറ്റു വാങ്ങിയാല്‍ നന്മ ഉണ്ടാകും. കുരിശില്‍ മരിച്ച ക്രിസ്തു മൂന്നാം ദിവസം ജയ സന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നേറ്റു. ദാവിദ് വീണ്ടും ബെത്ഷേബയെ പ്രാപിച്ചു, അവര്‍ക്ക് ലോകമെങ്ങും അറിയപെട്ട സോളമന്‍ എന്ന മകന്‍ ഉണ്ടായി. പിന്നെയും ജോബ്‌ സഹനത്തെ സ്വീകരിച്ചപ്പോള്‍ ദൈവം അവനു എല്ലാ ഐശ്വര്യങ്ങളും മടക്കി നല്‍കി. ദൈവത്തോട് ചേര്‍ന്ന് നിന്ന് സഹനം അനുഭവിച്ചവര്‍ക്ക് ദൈവം അവന്‍റെ മഹ്വത്തത്തില്‍ പങ്കാളിത്തം നല്‍കുന്നു.

സഹനം ദൈവികമായ പദ്ധതിയില്‍ സംഭവിക്കുന്നത്‌ തന്നെ ആകണമെന്നില്ല. നമ്മുടെ പാപത്തിന്‍റെ ശിക്ഷയായി വരുന്ന സഹനങ്ങളും ഉണ്ട്. എന്നാല്‍ നല്ല കള്ളന്‍റെ പറുധീസ വാഗ്ദാനം വഴി കര്‍ത്താവ് തരുന്ന സന്ദേശം പാപത്തിന്‍റെ ഫലമായി വന്ന സഹനം ആണെങ്കിലും മാനസാന്ദരപെട്ട് ദൈവത്തോട് ചേര്‍ന്ന് നിന്നാല്‍ ദൈവം അത് നിനക്ക് അനുഗ്രഹത്തിന്‍റെ കാലയളവ്‌ ആക്കി തീര്‍ക്കും. വലിയ നോയമ്പ് കാലം കുരിശിനെ പറ്റിയുള്ള ഓര്‍മ്മകളുടെ കാലമാണ്. ജീവിതത്തില്‍ കുരിശിന്‍റെ വഴികളിലൂടെ പോകുമ്പോള്‍ നാം ദൈവത്തെ തള്ളി പറയാറുണ്ട്.അല്ലെങ്കില്‍ ദൈവം എവിടെ എന്ന് ചോദിച്ചു പോവാറുണ്ട്. ഓര്‍ക്കുക ദൈവം നിന്നെ താങ്ങുന്നു. നിന്‍റെ സഹനം അവിടുന്ന് നിന്‍റെ മഹ്വത്വത്തിനു കാരണമാക്കും.

പ്രാര്‍ത്ഥന

കുരിശു മരണത്തിലൂടെ ലോകത്തെ വീണ്ടെടുത്ത ദിവ്യ നാഥാ,ജീവിതത്തില്‍ കുരിശിന്‍റെ വഴികളിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും ഞങ്ങള്‍ ക്രൂശിതനെ മറന്നു പോകുന്നു. നിരാശപെട്ടു ജീവിതം മടുത്ത് ഞങ്ങള്‍ തകര്‍ന്നുപോകുന്നു. ഓ, ദിവ്യ നാഥാ അങ്ങയുടെ കരുണയുള്ള കരത്തിന്റെ സംരക്ഷണം ഞങ്ങള്‍ക്ക് നല്കണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ, എന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു,ആമേന്‍

ജപമാല

'ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ' (ലൂക്കാ 1:38)

ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും രണ്ടാംലോക മഹായുദ്ധകാലത്ത് അണുബോംബ് ആ ക്രമണത്തിൽ ഒട്ടനവധിപേർ കൊല്ലപ്പെട്ടു. ബോംബാക്രമണത്തിന് ഇരയായിട്ടും മരിക്കാതെ ജീവിച്ചിരുന്ന ആളുകൾ അവിടെ അറിയപ്പെട്ടിരുന്നത് 'ഹിബാക്കുഷ' എന്നാണ്. 'ഹിബാക്കുഷ' എന്നു പറഞ്ഞാൽ, അമ്മയുടെ പുണ്യംകൊണ്ട് ജീവൻ നിലനിർത്തിയവർ എന്നാണ് അർത്ഥം. ഓരോ അമ്മയുടെയും പുണ്യം, കരുണ അവരുടെ മക്കള്‍ക്ക്‌ ജീവന്‍ നല്‍കുന്നു. എന്നാല്‍ ക്രിസ്ത്യാനിക്ക് മറ്റൊരു അമ്മ കൂടി ഉണ്ട്. ക്രിസ്തുവിന്റെ അമ്മ ലോകത്തിന്‍റെ അമ്മയാണ്. നമ്മുടെ അമ്മയായ മറിയം നമ്മുടെ ആധികളിലും വ്യധികളിലും നമ്മുക്ക് തുണയാകുന്നു.

മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല പ്രാര്‍ത്ഥന.അനുദിന ജീവിതത്തിൽ ദൈവത്തിന്റെ കൃപാവരം സംരക്ഷണമായി എപ്പോഴും ഉണ്ടാകുവാനുള്ള ഉത്തമ ഉപാധിയാണ് ജപമാല. നാം ആയിരിക്കുന്ന ദുഃഖങ്ങൾക്കും ഉൽക്കണ്ഠകൾക്കും അപ്പുറത്ത് ദൈവിക സംരക്ഷണവലയത്തിനുള്ളിൽ നമ്മെ കൊണ്ട് ചെല്ലുവാന്‍ ജപമാലപ്രാർത്ഥനയ്ക്കു കഴിയും. ജപമാല പ്രാര്‍ത്ഥനയില്‍ നാം അമ്മയോട് ചേര്‍ന്ന് നിന്ന് തമ്പുരാനെ സ്തുതിക്കുകയാണ്.

'ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ' (ലൂക്കാ 1:38) എന്ന് ദൈവതിരുമുൻപാകെ സമർപ്പണം ചെയ്ത കന്യാമറിയം, ആ സമർപ്പണത്തിലൂടെ ദൈവത്തെ പൂർണമായി തന്റെ ജീവിതത്തിലും, തന്റെ ജീവിതത്തെ പൂർണമായി ദൈവത്തിലും ആക്കിതീർത്തു. ആ അമ്മയെ ആവർത്തിച്ചാവർത്തിച്ച് ജപമാലയിലൂടെ നാം ആദരിക്കുന്നു; അമ്മയോടൊപ്പം ജപമാലയിലൂടെ ഇടവിടാതെ ഈശോയെ സ്തുതിച്ച് വണങ്ങുന്നു. ഇപ്രകാരമുള്ള ജപമാല പ്രാർത്ഥന നിറവേറ്റുമ്പോൾ നല്ല ഇടയനായ ഈശോ ലില്ലികൾക്കിടയിൽ മേയുവാൻ അവസരം ഒരുക്കുന്ന ആട്ടിടയനെപ്പോലെ നമ്മെ സമൃദ്ധിയിൽ പരിപാലിക്കും. പരിശുദ്ധ അമ്മയുടെ പുണ്യനിക്ഷേപത്തിലൂടെ നമ്മുടെ ജീവിതങ്ങൾക്ക് സംരക്ഷണം നല്കുകയും ചെയ്യും.

ജപമാല വചനം അടിസ്ഥാനപെടുത്തിയുള്ള ഒരു പ്രാര്‍ത്ഥനയാണ്. ദൈവ ദൂതന്‍ മറിയത്തെ വിശേഷിപ്പിക്കുന്ന വചന ഭാഗമാണ് ജപമാല പ്രാര്‍ത്ഥനയുടെ അടിസ്ഥാനം. ജപമാലയുടെ പ്രാധാന്യം മനസിലാക്കിയാൽ ജപമാല ഒരിക്കലും നമുക്ക് വിരസത ഉളവാക്കില്ല. സന്ധ്യനമസ്‌കാ രത്തിലെ ജപമാല ഒരു 'കടത്ത് കഴിക്കൽ'പ്രാർത്ഥനയായി ഒരിക്കലും മാറരുത്. മറിച്ച്, സമയം കിട്ടുമ്പോഴൊക്കെ അല്ലെങ്കിൽ, സമയം കണ്ടെത്തി പലവട്ടം ചൊല്ലുവാൻ ഇഷ്ടപ്പെടുന്ന ഒരു പ്രിയപ്രാർത്ഥന ആയി ജപമാല പ്രാര്‍ത്ഥന മാറണം.

പുണ്യശ്ലോകനായ ഒരു വൈദികൻ ആയിരുന്നു കനീഷ്യസ് തെക്കെക്കര സി.എം.ഐ. ബൈബിൾ പണ്ഡിതനായിരുന്ന കനീഷ്യസച്ചൻ പറഞ്ഞിരിക്കുന്നു: ''സാധാരണക്കാരുടെ ബലിയർപ്പണമാണ് ജപമാല. ആപത്തുണ്ടാകുമ്പോൾ അഖണ്ഡജപമാലയിലൂടെ ദൈവിക സംരക്ഷണം നമുക്ക് നേടുവാൻ സാധിക്കും.'' കനീഷ്യസച്ചൻ സിലോണിലെ കാൻഡിയിൽ പഠിക്കുന്ന കാലത്ത് രണ്ടാം ലോകമഹായുദ്ധംകൊടുമ്പിരികൊണ്ടിരിക്കുകയായിരുന്നു. കാൻഡി സെമിനാരിയിൽ ബോംബാക്രമണത്തിന്റെ സാധ്യത വളരെയേറെ ആയിരുന്നു. ബോംബ് ഭീഷണിയിൽനിന്ന് രക്ഷപ്പെടാൻ ഏത് പ്രാർത്ഥനയാണ് പ്രത്യേകമായി സമർപ്പിക്കേണ്ടത് എന്നുള്ള അധികാരികളുടെ ചോദ്യത്തിന് കനീഷ്യസച്ചൻ നല്കിയ മറുപടി, 'സെമിനാരിയിൽ ചൊല്ലുന്ന പതിവ് ജപമാലക്കു പുറമേ, ഒരു ജപമാലകൂടി എല്ലാവരും ചേർന്ന് ചൊല്ലി ജപമാല രാജ്ഞിക്ക് സമർപ്പിക്കുക' എന്നായിരുന്നു. കാൻഡി സെമിനാരി രണ്ടാം ലോകമഹായുദ്ധകാലത്ത് അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടത് ഈ ജപമാലയിലൂടെ ആയിരുന്നു എന്ന് ആ സെമിനാരിയിൽ ഉണ്ടായിരുന്നവർ സാ ക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ജപമാല ചൊല്ലാത്ത ദിവസം നമ്മുടെ ജീവിതത്തിൽ ഉണ്ടാകരുത്. യാത്ര ചെയ്യുമ്പോഴും തനിയെ ആയിരിക്കുമ്പോഴും ജപമാല ചൊല്ലുന്നത് ശീലമാക്കിയാൽ വലിയ ആത്മീയശക്തി നി റയും. ദൈവികപരിപാലന അനുഭവിക്കാൻ സാധിക്കും.

പ്രാര്‍ത്ഥന

ഒരു ജപമാല ചൊല്ലി ദൈവ സന്നിധിയില്‍ കാഴ്ച വയ്ക്കുക.

യാഗം

ട്രെയിനില്‍ നല്ല തിക്കും തിരക്കും വെയിറ്റിംഗ് ലിസ്റ്റില്‍ എണ്‍പത്തിനാലാം നമ്പര്‍ ഉള്ള എനിക്ക് ഒരു സീറ്റ്‌ കിട്ടുന്ന കാര്യം സ്വപനം കാണുകപോലും വേണ്ട. മെയ്‌ മാസത്തിലെ കടുത്ത ചൂടും ട്രെയിനിലെ ബഹളവും ഒന്നും വകവയ്ക്കാതെ അയാള്‍ കൈലുള്ള പുസ്തകം വായിച്ചുകൊണ്ടിരുന്നു .എവിടെയെങ്കില്ലും ഒന്നിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ... വെറുതെ ആശിച്ചു അടുത്തുള്ള സീറ്റിലെ സര്‍ദാര്‍ജി എന്നെ നോക്കി .. ഞാന്‍ ഒന്ന് ചിരിച്ചു ,ഇരിക്കാന്‍ ഇടം തന്നാലോ ? പക്ഷെ സര്‍ദാര്‍ജിയുടെ ഭാര്യ ഒന്നുകൂടിഇളകി ഇരുന്നു .ഒട്ടകത്തിന് സ്ഥലം കൊടുത്താല്‍ എന്തു സംഭാവിക്കുമന്നു അവര്‍ക്കു ചിലപ്പോള്‍ അറിവുണ്ടായിരിക്കണം .ഏതാണ്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ,പുസ്തക വായന നിര്‍ത്തി കൊലുന്നനെയുള്ള ആ മനുഷ്യന്‍ എഴുന്നേറ്റു."അല്പനേരം ഇവിടെ ഇരുന്നോ " ഒരു പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു ഞാനും ഒന്നു പുഞ്ചിരിച്ചു. അതിനു വലിയ മുതലുമുടക്കൊന്നും ഇല്ലല്ലോ . മനസ്സില്‍ പറഞ്ഞു ഈ അപ്പച്ചന്‍ കുറെ കഴിഞ്ഞേ തിരിച്ചു വരാവേ ... ഒരു രാത്രി എങ്ങനെ കഴിച്ചു കൂട്ടുമെന്ന ചിന്ത അല്പം വേദന ഉളവാക്കി. ദൈവം ഒരു വഴി കാണിച്ചു തരും സ്വയം ആശ്വസിച്ചുകൊണ്ട് ജാപമാല എത്തിക്കാന്‍ തുടങ്ങി.. എഴുന്നേറ്റ
പോയ ആള്‍ തിരികെയെത്തി ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു "വേണ്ട മോളവിടെ ഇരുന്നോ ഞാന്‍ ഈ സൈഡില്‍ ഇരുന്നുകൊള്ളാം" വീണ്ടും അയാള്‍ വായന തുടര്‍ന്നു.
"എന്താ വായിക്കുന്നത്" ഞാന്‍ ചോദിച്ചു
"ഒരു സാധകന്റെ സഞ്ചാരം"ചിരിച്ചുകൊണ്ടുള്ള മറുപടി
" അല്പം കട്ടിയാണല്ലേ സാധകന്റെ ഭാഷ , പക്ഷെ സാധകന്റെ പ്രാര്‍ത്ഥന എനിക്കിഷ്ടമാണ് " ഞാന്‍ പറഞ്ഞു
അയാള്‍ ശാന്തനായി വീണ്ടും ചിരിച്ചുകൊണ്ടിരുന്നു
"എവിടെയാ പോകേണ്ടത്"?
"ഈ വണ്ടി ചെന്നു നില്‍ക്കുന്നിടത്ത് " മറുപടി എന്നെ അതിശയിപ്പിച്ചു
"അപ്പോള്‍ വീട് ഡല്‍ഹിയിലോ ? അതോ ബോംബയിലോ ?"
"ലോകമേ തറവാട് എന്നു കേട്ടിട്ടില്ലേ ? "വീണ്ടും ചിരി
ദൈവമേ ഇതു വല്ല ഇളകിയ കേസുമാണോ ? എന്‍റെ മുഖഭാവം കണ്ടിട്ടാവണം അദ്ദേഹംപറഞ്ഞു ," മോളു പേടിക്കേണ്ട എനിക്ക് വീടും നാടും വീട്ടുകാരും ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഇപ്പോള്‍ ആരുമില്ല . ഞാനും എന്‍റെ യേശുവും മാത്രം.പേരും നാടും പറയാതിരുന്ന അദ്ദേഹത്തെ ഞാന്‍ സാധകന്‍ എന്നു വിളിക്കുന്നു
ഭാര്യയും മൂന്നു പെണ്‍മക്കളും അടങ്ങുന്ന സാധകന്റെ കുടുംബം. ജീവിതചിലവുകല്‍ വര്‍ദ്ധിച്ചപ്പോള്‍ ജോലി തേടി വിദേശത്തുപോയ സാധകന്‍ ഇരുപത്തിമൂന്നു വര്‍ഷം മരുഭുമിയിലെ ചൂടും ഏകാന്തതയും അനുഭവിച്ച് തന്‍റെ മക്കളെ പഠിപ്പിച്ച്‌ ഓരോ നിലയിലാക്കി .ഇളയ മകളുടെ വിവാഹം കഴിഞ്ഞപ്പോള്‍ ഇനി ഈ മരുഭുവാസം അവസാനിപ്പിക്കാമെന്ന് അദേഹം തീരുമാനിച്ചു . ജോലിയില്ലാതെ വീട്ടില്‍ നില്‍ക്കുന്ന ഭര്‍ത്താവിനെ ഭാര്യക്ക് ഇഷ്ടമില്ലാതായീ തങ്ങളുടെ സ്വകാര്യതയില്‍ ഒരു കരടായീ തോന്നി മക്കള്‍ക്കും ഈ പിതാവ് ... ജീവനേക്കാള്‍ സ്നേഹിച്ച ഭാര്യയും മക്കളും തന്നെ അവഗണിക്കുന്നുവെന്ന് മനസിലാക്കിയ നിമിഷം സാധകന്‍ വീടുവിട്ടിറങ്ങി .ആരോടും യാത്ര പറഞ്ഞില്ല ഒന്നും കൈയില്‍ എടുത്തുമില്ല .മണലാരണ്യത്തിലെ ചൂടിലും കുവൈറ്റ്‌ യുദ്ധകാലത്ത് വെള്ളംപോലും കിട്ടാതെദിവസങ്ങളോളം കഴിഞ്ഞതും ഇവര്‍ക്ക് വേണ്ടി ആയിരുന്നല്ലോ എന്നു ഓര്‍ത്തപ്പോള്‍ സാധകന്റെ ഹൃദയം വേദനകൊണ്ട് പിടഞ്ഞു. പക്ഷെ ആ വേദനയില്‍ നിന്നും സാധകന്‍ വേറൊരു വ്യക്തിയായീ മാറുകയായിരുന്നു . കുടുംബത്തോടുള്ള തന്‍റെ കടമ പൂര്‍ണ്ണമായും നിറവേറ്റി... ഇന്നാജീവിതം യേശുവിനുവേണ്ടി മാത്രമാണ്.
"ഇന്നു ഭാര്യയേയും മക്കളെയും പറ്റി ഓര്‍ക്കാറുണ്ടോ? വിഷമം തോന്നുന്നില്ലേ ?" ഞാന്‍ ചോദിച്ചു . സാധകന്‍ ശാന്തമായി വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു " കര്‍ത്താവു സഹിച്ച പീഡനങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇതൊക്കെ നിസ്സരമല്ലേ മോളെ "
സാധകന്‍ സഞ്ചാരം തുടര്‍ന്നു . ഞാന്‍ എന്‍റെ തിരക്കുകളിലും.ക്രമേണ സാധകനെ മറന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു കൂട്ടുകാരി വിളിച്ചു കുറെ പരാതികള്‍ നിരത്തി, ഭര്‍ത്താവ് ശ്രദ്ധിക്കുന്നില്ല,കുട്ടികള്‍ അനുസരിക്കുന്നില്ല ,കഴുതയെപ്പോലെ പണിയെടുക്കാനാണു വിധി എന്നൊക്കെ..അന്ന് വീണ്ടും ഈ സാധകന്‍ എന്‍റെ ഓര്‍മ്മയിലെത്തി.ജീവിതത്തിന്‍റെ നല്ലൊരു ഭാഗം വീടും നാടും ഉപേഷിച്ച് സ്വന്തം കുടുംബത്തിനു വേണ്ടി കഷ്ടപെട്ട സാധകന് അവസാനം കിട്ടിയതോ .........?
സ്വന്തം ഭാര്യയും ജീവനെപ്പോലെ സ്നേഹിച്ച മക്കളും കരിവേപ്പല പോലെ വലിച്ചെറിഞ്ഞപ്പോഴും ദൈവ പരിപാലനയില്‍ ആശ്രയിച്ച സാധകന്‍,,,
പ്രിയപ്പെട്ടവരുടെ ഒരു ഫോണ്‍കോള്‍ വൈകിയാല്‍ അവര്‍ ഒന്നു പരുഷമായീ സംസാരിച്ചാല്‍ നാമം എന്തു മാത്രം അസ്വസ്ഥരാകുന്നു ..മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച ദൈവകുമാരനും ഇന്നു കിട്ടികൊണ്ടിരിക്കുന്നത്
നിന്ദനങ്ങളും അപമാനങ്ങളും മാതമല്ലേ ? സക്രാരിയിലിരുന്നു ആ ദിവ്യ ഹൃദയം ഒരുപാട് വേദനിക്കുന്നില്ലേ ? ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂര്‍ ഉണ്ടായിട്ടും ആ സ്നേഹ നാഥനെ ഒന്നു തിരിഞ്ഞു നോക്കാന്‍ പലപ്പോഴും നമുക്ക് സമയം കിട്ടാറില്ല.യേശുവിന്‍റെ പീഡാസഹനങ്ങളെപ്പറ്റി കൂടുതല്‍ ധ്യാനിക്കുന്ന ഈ ആഴ്ചയില്‍ ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ജീവനെപ്പോലെ സ്നേഹിച്ച ശിഷ്യന്മാര്‍ ഓരോരുത്തരായി ഓടി മറഞ്ഞു. ചുംബനംകൊണ്ട് ഒറ്റികൊടുത്ത യുദാസ്, മരിക്കേണ്ടി വന്നാലും നിന്നെ ഉപേക്ഷിക്കില്ലെന്ന് വാക്കുപറഞ്ഞ പത്രോസ് ,തന്‍റെ ജീവന് എന്തെങ്കിലും സംഭവിക്കുമോ എന്നു പേടിച്ച്‌ ഗുരുവിനെ തള്ളിപറഞ്ഞ നിമിഷം..... പിന്നെ വേദനകളുടെ ഒരു ഘോഷയാത്ര........... വേദനയുടെ ആധിക്യത്താല്‍ മനുഷ്യപുത്രന്‍ ഗാഗുല്‍ത്താമലയില്‍ മൂന്നാണികളില്‍ തൂങ്ങികിടന്നുകൊണ്ട് " എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേഷിച്ച" എന്നു നിലവിളിച്ചപ്പോള്‍ പിതാവ് പുത്രന് വേദന സഹിക്കാനുള്ള ശക്തി പകര്‍ന്നു കൊടുത്തു.

ജീവിതത്തിലെ ദുഖങ്ങളും ക്ലേശങ്ങളുമാകുന്ന കുരിശുംവഹിച്ചുകൊണ്ടുള്ള നമ്മുടെ യാത്രയിലും ഭാരം താങ്ങാന്‍ ശക്തിയില്ലാത്ത വരുമ്പോള്‍ ഒരു നിമിഷം കാല്‍വരികുരിശിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം നമ്മുടെ ജീവിത ബലിയും യേശുവിന്‍റെ ബലിയോടു ചേര്‍ത്തുവയ്ക്കാം..പരാജയങ്ങളും ദുഖങ്ങളും ഒറ്റപ്പെടലുകളും ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ദുഖവെള്ളിക്കു ശേഷമുള്ള ഉയര്‍പ്പ് ഞായറിലായിരിക്കട്ടെ നമ്മുടെ പ്രത്യാശ...

പ്രാര്‍ത്ഥന


കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തിലെ ദുരന്തങ്ങളെയും, ദുഖങ്ങളെയും ശാന്തമായി അഭിമുഖീകരിക്കുന്നതിനും ജീവിതത്തില്‍ നന്മ സംഭവിക്കുന്നതിനും ഇട വരുത്തണ്മേ എന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു,ആമേന്‍

വിഭജിതമാകുന്ന ക്രിസ്തു

"കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍;അവിടുന്നാണ് നമ്മെ സ്രഷ്ടിച്ചത്;നമ്മള്‍ അവിടുത്തേതാണ്;നാം അവിടുത്തെ ജനവും അവിടുന്ന് മേയ്ക്കുന്ന അജഗണവുമാകുന്നു. "( സങ്കീര്‍ത്തനങ്ങള്‍ 100:3)

പൗലോസ്‌ ശ്ലീഹ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തില്‍ ഇങ്ങിനെ പറയുന്നു." എന്‍റെ സഹോദരരെ, നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നു ക്ലോയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു. ഞാന്‍ പൗലോസിന്റെതാണ്. ഞാന്‍ അപ്പോളോസിന്റെതാണ്, ഞാന്‍ കേപ്പയുടെതാണ്, ഞാന്‍ ക്രിസ്തുവിന്റെതാണ് എന്നിങ്ങനെ നിങ്ങള്‍ ഓരോരുത്തരും പറയുന്നതിനെയാണു ഞാന്‍ ഉദേശിക്കുന്നത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കു വേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് (1 കോറി1:11-13)

മുഖ പുസ്തകത്തിന്റെ താളുകളില്‍ സന്തോഷം നല്‍കുന്ന ഒരുപാടു കാഴ്ചകള്‍ ഉണ്ട്. ക്രിസ്തുവിനു വേണ്ടി, അവന്‍റെ സുവിശേഷത്തിന്‍റെ സദ്‌വാര്‍ത്ത‍ ലോകം മുഴുവനും അറിയിക്കുവാന്‍ ആഗ്രഹിച്ച് വചനം പങ്കു വയ്ക്കുന്ന അനേകം ആളുകള്‍ ഉണ്ട്. എന്നാല്‍ വേദനിപ്പിക്കുന്ന ചില കാഴ്ചകളും ഒപ്പം കണ്ടു. അത് പാരമ്പര്യത്തെ പറ്റിയുള്ള പോര്‍വിളികള്‍ ആണ്. ക്രിസ്തുവിനെക്കള്‍ പ്രാധാന്യം ആചാര രീതികള്‍ക്ക് കൈവരുന്നു എന്ന് തോന്നത്തക്ക വിധത്തിലുള്ള പഠിപ്പിക്കലുകള്‍. ഇതു ശരിയല്ല. കുര്‍ബാനയില്‍ എങ്ങോട്ട് തിരിയണം എന്ന് തുടങ്ങി, ബൈബിള്‍ എങ്ങിനെ വയ്ക്കണം എന്ന് വരെ ഉള്ള തര്‍ക്കങ്ങള്‍. എന്നാല്‍ ക്രിസ്തു പറയുന്നു. മനുഷ്യ പുത്രന്‍ എല്ലാത്തിന്റെയും കര്‍ത്താവാണ്. ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ ആണ് കര്‍ത്താവ്, ആചാരങ്ങളെയും, അധരങ്ങളിലെ വാക്കുകളെയും പരിശോധിക്കുന്നവന്‍ അല്ല ക്രിസ്തു എന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാകണം.

ഞാന്‍ ഒരു സഹോദരനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു സീറോ മലബാര്‍ സഭ അംഗമാണ്. ഞാന്‍ പറഞ്ഞു, കൊള്ളാം, പക്ഷെ അതിലും നല്ലത് ഞാന്‍ ഒരു ക്രിസ്ത്യാനി ആണ് എന്ന് പറയുന്നതാണ്. കേരളത്തില്‍ നടക്കുന്ന സഭാ തര്‍ക്കങ്ങളുടെ അടിസ്ഥാനം ഈ പാരമ്പര്യം ആണ് എന്ന് നാം മറക്കരുത്. പാരമ്പര്യത്തെ പറ്റിയുള്ള തര്‍ക്കങ്ങള്‍ നന്മയല്ല. ബൈബിളിലൂടെ ക്രിസ്തു പറയുന്നുണ്ട്. "പാരമ്പര്യത്തിന്‍റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍റെ പ്രമാണം ലംഗിക്കുന്നത് എന്ത് കൊണ്ട്?" (മത്തായി 15:3) ഓരോ സഭയുടെയും പ്രാദേശിക ആചാരങ്ങളും രീതികളും വ്യത്യസ്തം ആയിരിക്കാം. എന്നാല്‍ ക്രിസ്തു ഒന്നാണ്, നമ്മള്‍ ക്രിസ്തുവില്‍ ഒന്നാണ് എന്ന് മറക്കരുത്.

ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. ഞാന്‍ ഒരു കത്തോലിക്കാ സഭ അംഗമാണ്. ആഗോള കത്തോലിക്കാ സഭയില്‍, ഞാന്‍ ഒരു സീറോ മലബാര്‍ സഭ അംഗമാണ് അതില്‍ ഞാന്‍ അഭിമാനിക്കുന്നു. അത് പോലെ തന്നെ സഹോദര സഭയായ സീറോ മലങ്കര സഭയിലെ അംഗങ്ങളെ ഞാന്‍ സ്നേഹിക്കുന്നു, ലാറ്റിന്‍ റീത്തിലെ ആരാധന രീതികളെ ഞാന്‍ ഇഷ്ടപെടുന്നു. കാരണം ഇതെല്ലാം കത്തോലിക്കാ സഭയുടെ ഭാഗമാണ്. ഒപ്പം തന്നെ ഞാന്‍ ഇതര ക്രൈസ്തവ സഭകളെ ബഹുമാനിക്കുന്നു. കാരണം അവരും ക്രിസ്തുവിനെ പ്രഘോഷിക്കുന്നു. എന്നാല്‍ എല്ലാത്തിനും ഉപരിയായി ഞാന്‍ ക്രിസ്തുവിനെ സ്നേഹിക്കുന്നു. ഒരു സഭ അംഗം എന്ന് അറിയപ്പെടുന്നതിനേക്കാള്‍ ക്രിസ്തു ശിഷ്യന്‍ എന്ന് അറിയപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിസ്ത്യാനികള്‍ വിഭജിക്കപെടെണ്ടവര്‍ അല്ല. മറിച്ച് ക്രിസ്തുവില്‍ ഒന്നാകേണ്ടവര്‍ ആണ് ക്രിസ്ത്യനികള്‍.

പ്രാര്‍ത്ഥന

ശിഷ്യന്മാരെ പഠിപ്പിച്ച കര്‍ത്താവെ, സകല ക്രൈസ്തവ സഭകളും സഹോദര്യത്തില്‍ വര്‍ത്തിക്കുവാനും പരസ്പരം സഹായിച്ചു അങ്ങയുടെ സുവിശേഷം ലോകം മുഴുവനും അറിയിക്കുവാനും ഉള്ള കൃപ നീ ഞങ്ങളുടെ മേല്‍ ചൊരിയണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍
photo courtesy: Jijo Thomas

തിന്മ ഭവിക്കാത്ത ശാപങ്ങള്‍

"പാറിപ്പറക്കുന്ന കുരുവിയും തെന്നിപറക്കുന്ന മീവല്‍ പക്ഷിയും എങ്ങും തങ്ങാത്തത് പോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല. "( സുഭാഷിതങ്ങള്‍ 26:2)

ഒരിക്കല്‍ ഒരു സഹോദരന്‍ പറഞ്ഞു. ഞാന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നു. എന്‍റെ മാതാ പിതാക്കളുടെ നിര്‍ബന്ധവും, മറ്റു ചില സാഹചര്യങ്ങള്‍ നിമിത്തവും എനിക്ക് ആ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ അവളെ പ്രണയിച്ചത് അവളെ വിവാഹം കഴിക്കണമെന്നു ആഗ്രഹിച്ച് തന്നെയാണ്. എന്നാല്‍ എപ്പോഴാണോ അത് സാധിക്കില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ നിമിഷം ഞാന്‍ അവളെ അത് അറിയിച്ചു. അന്ന് അവള്‍ ഒരുപാടു കരഞ്ഞു കൊണ്ട് പറഞ്ഞു. ഞാന്‍ നിങ്ങളെ ശപിക്കുകയാണ്. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ എന്നെ ഓര്‍ത്തു കരയുന്ന ദിവസങ്ങള്‍ വരും. അന്ന് നിങ്ങളെ ആശ്വസിപ്പിക്കാന്‍ എനിക്ക് കഴിയില്ല.

അന്ന് മുതല്‍ എനിക്ക് അസ്വസ്ഥത ആണ്. എന്‍റെജീവിതത്തെ കുറിച്ചോര്‍ത്തു ഞാന്‍ ആകുല പെടുന്നു. ദൈവം എന്നെ ശിക്ഷിക്കുമോ? ഞാന്‍ ആ സഹോദരനോട് ചോദിച്ചു? വിവാഹം കഴിക്കണം എന്ന ഉത്തമ ബോധ്യത്തില്‍ നിങ്ങള്‍ പ്രണയിച്ചതിനപ്പുറം വിവാഹം എന്ന കുദാശയെ മലിനപെടുത്തുന്ന എന്തെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ? അവന്‍ മറുപടി പറഞ്ഞു. ഒരിക്കലും ഇല്ല. ദൈവ തിരുമുന്‍പില്‍ ഞാന്‍ ആ പെണ്‍കുട്ടിയെ കളങ്ക പെടുത്തിയിട്ടില്ല. ബൈബിള്‍ പറയുന്നു. പാറിപ്പറക്കുന്ന കുരുവിയും തെന്നിപറക്കുന്ന മീവല്‍ പക്ഷിയും എങ്ങും തങ്ങാത്തത് പോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല

നമ്മുടെ ജീവിതത്തില്‍ നമ്മള്‍ അറിയാതെ സംഭവിക്കുന്ന തിന്മകള്‍ ഉണ്ട്. അറിഞ്ഞു കൊണ്ട് അല്ലാതെ സംഭവിക്കുന്ന പാപങ്ങള്‍, അതിന്‍റെ പേരില്‍ നമ്മുക്ക് ഏല്‍ക്കുന്ന ശാപങ്ങള്‍ നമ്മെ ബാധിക്കുകയില്ല. കാരണം പരിശുദ്ധനായവന്‍ ഹൃദയത്തെ പരിശോധിച്ച് കുറ്റം ആരോപിക്കുന്നവന്‍ ആണ്. ബൈബിളില്‍ ഒരു സംഭവം പറയുന്നുണ്ട്. ഇസ്രയേല്‍ ജനത്തെ ശപിക്കുവാന്‍ ബാലാം പ്രവാചകനെ ബാലാക്ക് രാജാവ്‌ നിയോഗിക്കുകയാണ്. എന്നാല്‍ ദൈവം പ്രവാചകനെ അതില്‍ നിന്ന് തടഞ്ഞ് ജനത്തെ അനുഗ്രഹിക്കുന്നു. 'ദൈവം ബാലാമിനോട് അരുളിച്ചെയ്തു: നീ അവരോടു കൂടെ പോകരുത് ആ ജനത്തെ ശപിക്കയുമരുത്. എന്തെന്നാല്‍ അവര്‍ അനുഗ്രഹീതരാണ്( സംഖ്യ 22:12)

ദൈവത്തിന്‍റെ അനുഗ്രഹീത ജനതയ്ക്ക് ശാപം ഏല്‍ക്കുകയില്ല. അവനെ സകല വിധ ശാപങ്ങളില്‍ നിന്നും ദൈവം കാത്തു കൊള്ളും. ബാലാം ദൈവം പറഞ്ഞത് അനുസരിക്കാതെ രാജാവിനോട് ഒത്തു പോകുന്നു. എന്നാല്‍ ഇസ്രയേല്‍ ജനത്തെ ശപിക്കുന്നതില്‍ നിന്ന് ദൈവം അവനെ തടയുന്നു. ആ ശാപത്തെ ദൈവം അനുഗ്രഹമാക്കി മാറ്റുന്നു. ദൈവ തിരുമുന്‍പില്‍ നിന്നെ കുറിച്ചോര്‍ത്തു ആരെങ്കിലും വിലപിച്ചാല്‍ അവരുടെ കണ്ണു നീരിനു നീ ഉത്തരവാദിത്വം പറയണം. എന്നാല്‍ നീ ഉത്തമ ബോധ്യത്തോടും നന്മയോടും കൂടെ ചെയ്ത ഒരു പ്രവര്‍ത്തിയുടെ പേരില്‍ നിനക്ക് ശാപം നല്കപെട്ടാല്‍ ആ ശാപത്തെ ദൈവം അനുഗ്രഹമാക്കി മാറ്റും. ആയതിനാല്‍ മനുഷ്യരുടെ ശാപങ്ങളെ നിങ്ങള്‍ ഭയപെടരുത്. മറിച്ച് ദൈവ തിരുമുന്‍പില്‍ കുറ്റമറ്റവനായിരിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കും

പ്രാര്‍ത്ഥന


കുരിശു മരണത്തിലൂടെ ഭൂമിയിലെ മനുഷ്യര്‍ക്ക് സര്‍വ്വ ബന്ധനങ്ങളില്‍ നിന്നും മുക്തി നല്‍കിയ ദിവ്യ നാഥാ, എന്‍റെ ജീവിതത്തില്‍ ആരെങ്കിലും എന്‍റെ പ്രവര്‍ത്തികളില്‍ അല്ലെങ്കില്‍ വാക്കുകള്‍ മൂലം വേദനിച്ചതു കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ബന്ധനങ്ങള്‍, എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടുണ്ടെങ്കില്‍ ഈശോയെ ഞാന്‍ വേദനിപ്പിച്ച ആ വ്യക്തിയോട് ഈ നിമിഷത്തില്‍ ഞാന്‍ ക്ഷമ യാചിക്കുന്നു. എന്നെ വിടുതല്‍ നല്‍കി അനുഗ്രഹിക്കണമേ, തിരുകച്ചയുടെ സംരക്ഷണം നല്‍കേണമേ, ആമേന്‍.

Tuesday, 25 February 2014

ദൈവം കേള്‍ക്കാത്ത പ്രാര്‍ത്ഥന .........?

ഞാന്‍ വിളിച്ചപേക്ഷിചിട്ട് അവിടുന്ന് ഉത്തരമരുളിയാലും അവിടുന്ന് എന്‍റെ ശബ്ദം ശ്രവിക്കുകയായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുകയില്ല. എന്തെന്നാല്‍ കൊടുങ്കാറ്റയച്ച് അവിടുന്ന് എന്നെ തകര്‍ക്കുന്നു. അകാരണമായി എന്‍റെ മുറിവുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ( ജോബ്‌ 9: 16-17)

നീതിമാനായ ജോബ്‌ സഹന അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍, വേദനയാല്‍ പുളഞ്ഞു കൊണ്ട് പറയുകയാണ്. ദൈവം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം എന്നെ സംരക്ഷിക്കുന്ന ദൈവം ഇപ്പോള്‍ എനിക്ക് സഹനം തരുന്നു. ദൈവം ക്രൂരമായി പെരുമാറുന്നു. ഉടനെ ദൈവം പറയുന്നു. ഞാന്‍ ദൈവമാണ്. " ഞാന്‍ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്ക്അറിയാമെങ്കില്‍ പറയുക." (ജോബ്‌ 37:4) പിന്നെയും ദൈവം ജോബിനെ ചോദ്യം ചെയ്യുകയാണ്. നീ പറയുന്നു. നിന്‍റെ ജീവിതത്തില്‍ നിന്ന് ഞാന്‍ മാറി നില്‍ക്കുന്നു, എന്നാല്‍ നിനക്ക് പ്രകൃതിയിലെ ചെറിയ കാര്യങ്ങള്‍ പോലും അറിയില്ല. അപ്പോള്‍ ദൈവത്തെ ചോദ്യം ചെയ്യാന്‍ നീ ആരാണ്?

ദൈവ പരിപാലനയെ ഒരു നിമിഷത്തേക്ക് ചോദ്യം ചെയ്ത ജോബ്‌ അവസാനം പറയുകയാണ്. ദൈവമേ നിന്നെ ചോദ്യം ചെയ്തതിനാല്‍ ഞാന്‍ എന്നെ തന്നെ വെറുക്കുന്നു. പൊടിയിലും ചാരത്തിലും കിടന്നു ഞാന്‍ പശ്ചാത്തപിക്കുന്നു. എന്നോട് നീ ക്ഷമിക്കേണമേ. ആ നിമിഷത്തില്‍ ദൈവം ജോബിനെ അനുഗ്രഹിക്കുകയാണ്. അവനു എല്ലാ നന്മകളും ദൈവം മടക്കി നല്‍കുന്നു. ജോബിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്‌ ദൈവഹിതത്തെ ചോദ്യം ചെയ്യാന്‍ മനുഷ്യനു അവകാശം ഇല്ല എന്നതാണ്. ദൈവം എന്ത് കൊണ്ട് ഇങ്ങിനെ പ്രവര്‍ത്തിച്ചു എന്നത് മനുഷ്യനു അന്ജത്മായ കാര്യമാണ്.

നമ്മുടെ ജീവിതത്തില്‍ നാം ചിന്തിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കാതെ പോകുന്നത്. എന്നാല്‍ സത്യം എന്താണ്? ദൈവം നിന്‍റെ പ്രാര്‍ത്ഥനകളും വേദനകളും കാണുന്നു. എന്നാല്‍ നിന്നെ കുറിച്ചുള്ള ദൈവത്തിന്‍റെ ഹിതമാണ് നിന്‍റെ ജീവിതത്തില്‍ നിറവേറപെടെണ്ടത്. ഭൂമിയില്‍ നിനക്ക് ദൈവം ഒരു ഇടം തന്നിട്ടുണ്ട്. ഒരു ചുമതല തന്നിട്ടുണ്ട്. അത് നീ നിറവേറ്റുക. ചിലപ്പോള്‍ നമ്മുക്ക് പ്രതി സന്ധികള്‍ നേരിടും. അപ്പോള്‍ നാം ചിന്തിച്ചേക്കാം എന്ത് കൊണ്ടാണ് നമ്മുടെ ജീവിതത്തില്‍ ദൈവം ദുരന്തങ്ങള്‍ മാത്രം നല്കുന്നു. എന്നാല്‍ ദൈവം നല്‍കിയ അനുഗ്രഹങ്ങളെ നീ മറന്നു പോകുന്നു. ഓരോ മനുഷ്യനും ഓരോ ദിവസവും, ഓരോ മണിക്കൂറിലും ഓരോ മിനിറ്റിലും ഓരോ നിമിഷവും ദൈവ പരിപാലന അനുഭവിക്കുന്നു.

നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തോട് പറയണം നിന്‍റെ ഹിതം എന്‍റെ ജീവിതത്തില്‍ നിറവേറണം. കുഞ്ഞുങ്ങള്‍ വിഷം വച്ചിരിക്കുന്ന പാത്രത്തിനു വേണ്ടി വാശി പിടിച്ചു കരയുമ്പോള്‍ കുഞ്ഞിനെ സ്നേഹിക്കുന്ന ആരും അത് അവര്‍ക്ക് നല്‍കില്ല. കാരണം അത് ആ കുഞ്ഞിനെ നശിപ്പിക്കും എന്ന് മുതിര്‍ന്നവര്‍ക്ക് അറിയാം. ദൈവത്തിന്‍റെ മുന്‍പില്‍ നമ്മള്‍ അറിവില്ലാത്ത പൈതങ്ങള്‍ ആണ്. അവിടുത്തെ പദ്ധതി എന്താണെന്നു നമ്മുക്ക് അറിഞ്ഞു കൂടാ. അത് നമ്മെ സ്നേഹിക്കുന്ന ദൈവം നമ്മുക്ക് വേണ്ടി കരുതുന്ന വാത്സല്യമാണ്. ആയതു കൊണ്ട് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിച്ചില്ല എന്നോര്‍ത്ത് നിരാശപെടരുത്, തളരരുത്. ദൈവം നിന്‍റെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കുന്നു. നിനക്ക് നന്മയായുള്ള ഉത്തരങ്ങള്‍ നല്‍കുന്നു.

പ്രാര്‍ത്ഥന

പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുന്ന കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍ ഓരോ നിമിഷവും നീ നല്‍കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നവര്‍ ആകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

എവിടെയാണ് എന്‍റെ ജീവിത പങ്കാളി

"ദൈവമായ കര്‍ത്താവ് അരുളി ചെയ്തു; മനുഷ്യന്‍ എകനായിരിക്കുന്നത് നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്കും. ( ഉത്പത്തി 2:18)"

വിവാഹം സ്വര്‍ഗത്തില്‍ ആണ് നടക്കുന്നത്. മനുഷ്യന്‍ ഏകാനയിരിക്കുന്നത് നന്നല്ല എന്നു തിരിച്ചറിഞ്ഞ് ദൈവം അവനു ഇണയായി, തുണയായി ഒരു ജീവിത പങ്കാളിയെ നല്‍കുന്നു. എന്നാല്‍ ദൈവം തരുന്ന ജീവിത പങ്കാളി ആരാണെന്നു അറിയുവാന്‍ നാം ദൈവത്തിന്‍റെ സമയത്തിനും തീരുമാനത്തിനുമായി കാത്തിരിക്കണം. ഒരു പാട് പേര്‍ സങ്കടപ്പെട്ടു പറയാറുണ്ട്. ഈ വിവാഹം നടക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ ഇതും മുടങ്ങി പോവുകയാണ്. എന്‍റെ മകള്‍ക്ക് എന്തോ ദോഷമുണ്ട്. അല്ലെങ്കില്‍ മകനെ ആര്‍ക്കും ഇഷ്ടപെടുന്നില്ല.

ബൈബിളില്‍ സാമുവേല്‍ ദാവിദിനെ രാജാവായി അഭിഷേകം ചെയ്യുന്ന സംഭവം വിവരിക്കുന്നു. സാമുവേല്‍ ദാവിദിന്‍റെ സഹോദരരെ കാണുമ്പോള്‍ കരുതുന്നു, ഇവനാണ് ദൈവം തിരഞ്ഞെടുത്ത രാജാവ്‌. എന്നാല്‍ ദൈവം പറയുന്നു. അല്ല, ഇവനല്ല, മറ്റൊരാളാണ് തിരഞ്ഞെടുക്ക്പെട്ടത്. സാമുവേലിനെ ആദരിക്കുവാന്‍ സദ്യ തയ്യാറാക്കി കാത്തിരിക്കുന്ന ജെസ്സെയോടു സാമുവേല്‍ ചോദിക്കുകയാണ്. എന്‍റെ മുന്‍പില്‍ നീ കൊണ്ട് വന്ന മക്കള്‍ അല്ലാതെ നിനക്ക് മറ്റു മക്കള്‍ ഉണ്ടോ? കാരണം സാമുവേല്‍ കണ്ട ഇസ്രായേലിന്‍റെ രാജാവാകാന്‍ യോഗ്യര്‍ ആണെന്ന് കരുതിയവര്‍ അതിനു യോഗ്യര്‍ അല്ല എന്ന് ദൈവം അവനോടു പറയുന്നു.

നമ്മുടെ ജീവിതത്തിലും ഇത് സംഭവിക്കാറുണ്ട്. ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ അത് എനിക്കുവേണ്ടി തിര്ഞ്ഞെടുക്കപെട്ടവള്‍ ആണ് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ദൈവം പറയുന്നു. അവള്‍ നിനക്ക് ഉള്ളവള്‍ അല്ല. അവന്‍ നിനക്ക് വേണ്ടി ഉള്ള വന്‍ അല്ല. ദൈവം തിരഞ്ഞെടുത്ത ആള്‍ വന്നിട്ടില്ല. തോബിത്തിന്റെ പുസ്തകത്തില്‍ ഒരു വിവാഹത്തെ പറ്റി പറയുന്നു. ദൈവം തിരഞ്ഞെടുത്ത പെണ്‍കുട്ടിക്ക് കുറവുകള്‍ ഉണ്ടെന്നു പറയുമ്പോള്‍ ദൈവ ദൂതന്‍ പറയുകയാണ്. നിനക്കായി ദൈവം തിരഞ്ഞെടുതവളെ സ്വീകരിക്കുക. കുറവുകള്‍ ദൈവം നികത്തും.

നിന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പങ്കാളിയെ ദൈവം തിരഞ്ഞെടുത്തതു ആണോ എന്ന് എങ്ങിനെ അറിയാം. ഒന്ന് നിന്‍റെ മാതാ പിതാക്കള്‍ അവളെ അല്ലെങ്കില്‍ അവനെ സ്വീകരിക്കും. രണ്ടു ദൈവം നിന്നോട് അടയാളങ്ങള്‍ വഴി അരുള്‍ ചെയ്യും. ഇവള്‍ നിനക്ക് ഇണയാകുന്നു. അവളെ അല്ലെങ്കില്‍ അവനെ സ്വീകരിക്കുവാന്‍ നീ ഭയപെടേണ്ട കാര്യമില്ല. കാരണം അവരുടെ കുറവുകളെ ദൈവം നികത്തും.

വിവാഹ ആലോചനകളില്‍ ചതി പാടില്ല. തോബിയാസിനെ വിളിച്ച് അമ്മായിയപ്പന്‍ പറയുകയാണ്. എന്‍റെ മകള്‍ക്ക് കുറവുകള്‍ ഉണ്ട്. നീ അറിയുക. ആ കുറവുകളെ നിനക്ക് അംഗീകരിക്കാന്‍ സാധിക്കുമോ? അതിനു തോബിയാസിനു മറുപടി നല്‍കുന്നത് ദൈവ ദൂതന്‍ ആണ്. ദൂതന്‍ പറയുന്നു. നീ അവളെ സ്വീകരിക്കുക. എല്ലാം ശുഭമായി ഭവിക്കും. വിവാഹം ആലോചിക്കുമ്പോള്‍ കുറവുകളെ മറച്ചു വയ്ക്കരുത്. നന്മകള്‍ മാത്രം പറഞ്ഞുകൊണ്ട് കുറവുകളെ മറച്ചു വച്ച് നേടുന്ന ദാമ്പത്യം ഒരിക്കലും നന്മയല്ല. അത് ദൈവ തിരുമുന്‍പില്‍ കരുണ അര്‍ഹിക്കുന്നുമില്ല.

പ്രാര്‍ത്ഥന

തോബിയാസിനു സാറയെ വധുവായി നല്‍കിയ കര്‍ത്താവെ, ഞങ്ങളുടെ യുവതി യുവാക്കള്‍ക്ക് അവര്‍ക്കായി അങ്ങ് നിശ്ചയിച്ചിരിക്കുന്ന ജീവിത പങ്കാളികളെ കണ്ടെത്തുവാനും അവരോടൊത്ത് ദൈവ ഹിതമനുസരിച്ച്‌ നന്നായി ജീവിക്കുവാനും ഉള്ള കൃപ നല്കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

പ്രാര്‍ത്ഥന നഷ്ടപെടുന്ന സുവിശേഷ പ്രവര്‍ത്തനങ്ങള്‍

"ഞാന്‍ നിങ്ങളോട് പറയുന്നു: ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും. അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നു കിട്ടും. ( ലൂക്കാ 11:9)"

ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹ ഭാഷണമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം മനുഷ്യനെ അറിയുന്നു. അവനെ സ്പര്‍ശിക്കുന്നു. ചിലപ്പോഴെങ്കിലും നാം പ്രാര്‍ത്ഥിക്കാന്‍ മറന്നു പോകാറുണ്ട്. ബൈബിള്‍ പഠിപ്പിക്കുന്നു, നീ രഹസ്യമായി നിന്‍റെ മുറിയുടെ വാതിലുകള്‍ബന്ധിച്ച് പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയുടെ സമയത്ത് നാം ദൈവത്തോട് ഒന്ന് ചേര്‍ന്ന് നില്‍ക്കണം. അവിടുത്തെ സ്വരം നാം കേള്‍ക്കണം. പ്രാര്‍ത്ഥന ഇല്ലെങ്കില്‍ നമ്മുടെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ വിഫലമാണ്. വ്യക്തി ജീവിതത്തില്‍ പ്രാര്‍ത്ഥന ഇല്ലാത്ത സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ദൈവത്തില്‍ നിന്ന് അനുഗ്രഹം പ്രാപിക്കാന്‍ പര്യാപത്മല്ല.

എന്‍റെ ചെറുപ്പത്തില്‍ ഞാന്‍ ഒരു കഥ കേട്ടിട്ടുണ്ട്. ദാന ധര്‍മ്മിയായ ഒരു രാജാവുണ്ടായിരുന്നു. സങ്കടങ്ങള്‍ ആയി ചെല്ലുന്നവരുടെ എല്ലാ ദുഖങ്ങളും രാജാവ്‌ പരിഹരിച്ചു. ആളുകള്‍ ദൂര ദേശത്ത് നിന്ന് രാജാവിനെ പറ്റി അറിഞ്ഞു വരാന്‍ തുടങ്ങി. ദൂര ദേശത്ത് നിന്ന് വരുന്ന ആളുകളെ കൊട്ടാരത്തില്‍ എത്തിക്കുവാന്‍ ഒരു മനുഷ്യന്‍ വലിയ സഹായം ചെയ്തു. രാജാവില്‍ നിന്ന് ഒരുപാടു ധനം സ്വീകരിച്ച് മടങ്ങി വരുന്ന ആളുകള്‍ നന്ദി പറഞ്ഞു കൊണ്ട് ഈ മനുഷ്യനു എന്തെങ്കിലും നല്‍കും. ഈ മനുഷ്യന്‍റെ ജീവിതം വലിയ ദാര്യദ്രയ്തില്‍ ആയിരുന്നു. പക്ഷെ ഒരിക്കല്‍ പോലും ഈ മനുഷ്യന്‍ കൊട്ടാരത്തില്‍ പോയില്ല.

കൊട്ടാരത്തിലേക്ക് പോകുന്ന ആളുകള്‍ ഈ മനുഷ്യനെ പറ്റി നല്ലത് പറഞ്ഞത് കേട്ട് സ്വയം പുകഴ്ത്തി അയാള്‍ അവിടെ തന്നെ നിന്നു. അയാളുടെ ദാരദ്ര്യം വര്‍ദ്ധിച്ചു വന്നു. ഒരിക്കല്‍ രാജാവ്‌ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് വന്നു. ഈ മനുഷ്യനെ കണ്ട് രാജാവിന്‌ അലിവു തോന്നി. കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ രാജാവ്‌ ചോദിച്ചു. നിങ്ങള്‍ക്ക് കൊട്ടാരം അറിയാമായിരുന്നു. എന്നെ അറിയാമായിരുന്നു. അനേകര്‍ എന്നില്‍ നിന്നും നിങ്ങള്‍ വഴി നന്മകള്‍ സ്വീകരിച്ചു. എന്നിട്ടും എന്ത് കൊണ്ടാണ് താങ്കള്‍ എന്‍റെ കൊട്ടാരത്തിലേക്ക് വരാതെ ഇരുന്നത്. ഉടനെ ഈ മനുഷ്യന്‍ പറയുകയാണ്. പ്രഭോ, എന്‍റെ കണ്ണുകള്‍ അന്ധമായി പോയി. അങ്ങയുടെ അരികില്‍ വരുന്നവര്‍ തരുന്ന ചില്ലറ തുട്ടുകള്‍ സ്വീകരിച്ച് ഞാന്‍ ജീവിച്ച് ശീലിച്ചു പോയി. എന്നാല്‍ എല്ലാ സമ്പത്തും അങ്ങയുടെ ദാനമാണെന്നു എല്ലാവരോടും പറയുമ്പോള്‍ എനിക്ക് അങ്ങയുടെ മുന്‍പില്‍ വരുവാന്‍ എളിമ ഇല്ലായിരുന്നു.

ജീവിതം കൊണ്ട് ഒരുപാടു നന്മകള്‍ ചെയ്യുന്ന മനുഷ്യര്‍ ഉണ്ട്. ജീവിതം പ്രാര്‍ത്ഥന എന്ന് അവകാശ പെടുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. ഫേസ് ബുക്കില്‍ വചനം പറഞ്ഞുകൊണ്ട് വ്യക്തി ജീവിതത്തില്‍ പ്രാര്‍ത്ഥന ഇല്ലാതെ പോയാല്‍ വചനം കേട്ടവര്‍ പ്രാര്‍ത്ഥിക്കും. അനുഗ്രഹിക്കപെടും.എന്നാല്‍ വചനം പറഞ്ഞവരുടെ ജീവിതത്തില്‍ ചിലപ്പോള്‍ അനുഗ്രഹങ്ങള്‍ കുറവായി പോകും. നമ്മള്‍ സുവിശേഷം പറയുന്നു. സഭയ്ക്ക് വേണ്ടി ഓടി നടക്കുന്നു. എന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ മറന്നു പോകുന്നു. പ്രാര്‍ത്ഥനയില്‍ വളരാതെ നിങ്ങള്‍ വിശ്വാസം പങ്കു വയ്ക്കുമ്പോള്‍ ഒരു വഴി ചൂണ്ടിയെ പോലെ നിങ്ങള്‍ അനേകരെ സ്വര്‍ഗത്തിലേക്ക് നയിക്കുന്നു. എന്നാല്‍ ഓര്‍ക്കുക ഒരിക്കലും വഴി ചൂണ്ടി ലക്ഷ്യത്തില്‍ എത്താറില്ല. അത് നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കുകയാണ് ചെയ്യുക.

മറ്റുള്ളവരെ പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ സ്വയം പ്രാര്‍ത്ഥിക്കാന്‍ നാം മറന്നു പോകരുത്. വിശ്വാസം കൂട്ടുവാന്‍ ഓടി നടക്കുന്ന പലരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു കാര്യമാണ് അവരുടെ പ്രാര്‍ത്ഥനാ ജീവിതം നഷ്ടപെടുന്നു എന്നത്. പ്രാര്‍ത്ഥനാ ജീവിതം നഷ്ട്പെട്ടാല്‍ നാം ചൂണ്ടുന്ന വഴിയിലൂടെ എല്ലാവരും പോകും. നാം ഒരു വഴി ചൂണ്ടിയെ പോലെ സ്വര്‍ഗത്തിലേക്കുള്ള വഴിയുടെ അരികില്‍ നില്‍ക്കും. ദൈവം ബൈബിളിലൂടെ പറയുന്നു. "വിശുദ്ധ ലിഖിതങ്ങള്‍ നിങ്ങള്‍ പഠിക്കുന്നു, എന്തെന്നാല്‍, അവയില്‍ നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ച് സാക്ഷ്യം നല്‍കുന്നത്.എന്നിട്ടും നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടാകേണ്ടതിനു എന്‍റെ അടുത്തേക്ക് വരുവാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു.(യോഹന്നാന്‍ 5:39-40)"

പ്രാര്‍ത്ഥന

ശിഷ്യരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം നഷ്ടപെടുമ്പോള്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ മറന്നു പോകുമ്പോള്‍ നീ ഇടപെടണമേ. ശക്തമായ പ്രാര്‍ത്ഥന ചൈതന്യത്തില്‍ നീ ഞങ്ങളെ വളര്‍ത്തി കൊണ്ട് വരേണമേ,ആമേന്‍

തകര്‍ച്ചയിലേക്ക് നയിക്കുന്ന ചതിക്കുഴികള്‍

" എന്റെ ദൈവം കനിഞ്ഞ്‌ എന്നെ സന്ദര്‍ശിക്കും; എന്‍റെ ശത്രുക്കളുടെ പരാജയം കാണാന്‍ അവിടുന്ന് എനിക്കിടയാക്കും."( സങ്കീര്‍ത്തനങ്ങള്‍ 59:10)

നാളുകള്‍ക്ക് മുന്‍പ് ഒരു ദിവസം ഞാന്‍ ഭവനത്തിലേക്ക് വിളിക്കുമ്പോള്‍ എന്‍റെ അമ്മ സങ്കടപെട്ടു കൊണ്ട് എന്നോട് പറഞ്ഞു. കുഞ്ഞേ വീട്ടില്‍ ആകെ പ്രശ്നമാണ്. നിന്‍റെ അപ്പനും ഞാനും വല്ലാത്ത സങ്കടത്തിലാണ്. ഞാന്‍ അകെ അസ്വസ്തത പെട്ടു. കാരണം, ഞങ്ങളുടെ ഭവനം ശാന്തമായ ഒരു ഇടമായിരുന്നു. ഇപ്പോള്‍ അവിടെ ഉള്ളത് എന്‍റെ ഒരു സഹോദരനും കുടുംബവും അപ്പനും അമ്മയും ആണ്. ഞാന്‍ ഓര്‍ത്തു, എന്താണ് എന്‍റെ കുടുംബത്തില്‍ സംഭവിച്ചത്. അമ്മ വേദനയോടെ തുടര്‍ന്നു. നിന്‍റെ ചേട്ടന്‍ ഇപ്പോള്‍ പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നില്ല. പകരം ഇരിഞ്ഞാലക്കുട ഒരു പ്രാര്‍ത്ഥനയ്ക്ക് പോകുന്നു. അവനെ നമുക്ക് നഷ്ടപെട്ടു പോകുമെന്ന് ഞാന്‍ ഭയക്കുന്നു.

ഏതാണ്ട് ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ നാട്ടിലെ ഒരു സുഹ്രത്തിനെ വിളിച്ചു. നല്ല ഒരു മനുഷ്യനായ അയാള്‍ എന്നോട് പറഞ്ഞു. നിങ്ങളുടെ സഹോദരന്‍ ഈ നാട്ടില്‍ വലിയ തിന്മകള്‍ ചെയ്യുന്നു. അവന്‍റെ പ്രബോധനങ്ങള്‍ മൂലം കുടുംബങ്ങള്‍ തകര്‍ച്ചയിലാണ്. നിങ്ങള്‍ എന്താണ് ഇതില്‍ ഒന്നും ചെയാതെ ഇരിക്കുന്നത്. അന്ന് വൈകുന്നേരം ഞാന്‍ സഹോദരനെ ഫോണില്‍ വിളിച്ചു. ഞാന്‍ പറഞ്ഞു. സഹോദരാ പിതാക്കന്മാരുടെ സഭയെ മറന്ന്, സത്യ സഭയെ മറന്ന് നീ എന്ത് കൊണ്ടാണ് ഒരു ഗ്രൂപ്പില്‍ അംഗമാകുന്നത്. എന്‍റെ സഹോദരന്‍ ഒരു വലിയ പ്രാര്‍ത്ഥനാ ചൈതന്യമുള്ള വ്യക്തി ആയിരുന്നു. അദ്ദേഹം ആദ്യം വചനങ്ങളും അത്ഭുതങ്ങളും പറഞ്ഞു. കുറച്ചു കഴിഞ്ഞു അദേഹം പറഞ്ഞു. എനിക്ക് ഒരു ബിസിനസ് തുടങ്ങുവാന്‍ അവര്‍ പണം തരും.

ഞങ്ങള്‍ ബൈബിള്‍ അനുസരിച്ച് ജീവിക്കുന്നു. ആയതിനാല്‍ ഈ പണത്തിനു പലിശ കൊടുക്കണ്ട ആവശ്യമില്ല. പിന്നീട് വരുമാനം ആകുമ്പോള്‍ ദശാംശം കൊടുത്താല്‍ മതി. യഥാര്‍ത്ഥത്തില്‍ അവന്‍ പണം എന്ന മോഹത്താല്‍ പിടിക്കപെട്ടു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ലൗകിക സമ്പത്തിനു വേണ്ടി വചനത്തെ ദുരുപയോഗം ചെയ്തു കൊണ്ട് ദൈവ രാജ്യത്തില്‍ നിന്നും അകന്നു പോകുവാന്‍ തക്കവണ്ണം അവനെ സാത്താന്‍ അന്ധനാക്കി മാറ്റി. ബൈബിള്‍ പഠനങ്ങള്‍ വളച്ചൊടിച്ച് അവര്‍ ആളുകളെ ആകര്‍ഷിച്ചു.

എനിക്കറിയാം ഈ ഗ്രൂപ്പ്‌ എത്രയോ കുടുംബങ്ങളെ ശിഥിലമാക്കി. എന്നാല്‍ കര്‍ത്താവിന്‍റെ ദാസരെ അവിടുന്ന് കരുണാ പൂര്‍വ്വം കടാക്ഷിക്കുന്നു. കര്‍ത്താവു ഈ ഗ്രൂപിനെ ചിതറിച്ചു. എത്രയോ കുടുംബങ്ങളുടെ കണ്ണ് നീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനക്ക് ദൈവം ഉത്തരം നല്‍കി. ഇരിഞ്ഞാലക്കുട ബിഷപ്പ് പറയുന്നു. ഇത് പ്രാര്‍ത്ഥനയുടെ ഫലമാണ്‌. സഹോദരരെ ഇരിഞ്ഞാലക്കുട ഗ്രൂപ്പിന്റെ തകര്‍ച്ച ദൈവം മനുഷ്യന്റെ പ്രാര്‍ത്ഥനക്ക് എപ്രകാരം ആണ് ഉത്തരം നല്‍കുക എന്നതിന്റെ ഉത്തമമായ ഉദാഹരണം ആണ്. കര്‍ത്താവില്‍ നിന്ന് അല്ലാതെ ഉടലെടുത്ത ഒരു വിശ്വാസ പ്രമാണത്തെ എതിരിടുവാന്‍ ദൈവമക്കള്‍ ജപമാലയിലും പ്രാര്‍ത്ഥനയിലും ആശ്രയിച്ചപ്പോള്‍ ആ ഗ്രൂപ്പില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങി.

നമ്മുടെ ജീവിതത്തില്‍ ഇന്ന് നീറുന്ന പ്രശ്നങ്ങള്‍ ഉണ്ടാകാം. നമ്മുക്ക് നേരിടാന്‍ ആകാത്ത വിധത്തില്‍ അത് വളര്‍ന്നു കാണും. നാം പ്രാര്‍ത്ഥിക്കുക. ജെറീക്കോ നഗരത്തെ കീഴ്‌ പെടുത്തുവാന്‍ ഇസ്രയേല്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അത്ഭുതം പ്രവര്‍ത്തിച്ച കര്‍ത്താവ് നിങ്ങളുടെ ജീവിതത്തിലെ പ്രതിബന്ധങ്ങളെ തകര്‍ക്കും. നിങ്ങള്‍ ദൈവത്തിന്‍റെ സമയത്തിനായി കാത്തിരുന്നു പ്രാര്‍ത്ഥിക്കണം. ദൈവം ഇടപെട്ടാല്‍ മാത്രമേ സാത്താന്റെ ബന്ധനം മൂലം കടന്നു വരുന്ന പ്രശനങ്ങളില്‍ നിന്നും നിങ്ങള്ക്ക് മോചനം നേടുവാന്‍ സാധിക്കുക. സങ്കീര്‍ത്തകനോട് ചേര്‍ന്ന് നമ്മുക്കും പറയാം." എന്‍റെ ബലാവനയവനെ,ഞാന്‍ അങ്ങേക്ക് സ്തുതികളാലപിക്കും;ദൈവമേ,അങ്ങാണ് എന്‍റെ ദുര്‍ഗ്ഗം, എന്നോട് കാരുണ്യം കാണിക്കുന്ന ദൈവം "(സങ്കീര്‍ത്തനങ്ങള്‍ 59:17)

പ്രാര്‍ത്ഥന

പിശാചു ബാധിതനു ബന്ധനങ്ങളെ തകര്‍ത്ത് മോചനം നല്‍കിയ കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍ തകര്‍ച്ചകള്‍ കൊണ്ട് വരുന്ന സര്‍വ ബന്ധനങ്ങളെയും അങ്ങയുടെ കാല്‍ കീഴില്‍ സമര്‍പ്പിക്കുന്നു. അവിടുത്തെ ശക്തിയാല്‍ ഈ ബന്ധനങ്ങളെ തകര്‍ക്കണമേ എന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.ആമേന്‍

കലഹം

നിരന്തരം പീഡിപ്പിക്കപെടുന്ന അടിമയുടെ ശരീരത്തില്‍ മുറിവ് ഒഴിയാത്തതു പോലെ എല്ലായ്പ്പോഴും ദൈവ നാമം വിളിച്ചു ശപഥം ചെയ്യുന്നവന്‍ പാപത്തില്‍ നിന്നു സ്വതന്ത്രനായിരിക്കുകയില്ല.(പ്രഭാഷകന്‍ 23:10)

ദൈവ കല്പനകളില്‍ പ്രധാന പെട്ട ഒരു കല്പനയാണ് ദൈവത്തിന്റെ നാമം വൃഥാ പ്രയോഗിക്കരുത്. നമ്മുടെ ജീവിതത്തില്‍ പലപ്പോഴും നാം അറിഞ്ഞും അറിയാതെയും പ്രവര്‍ത്തിക്കുന്ന ഒരു വലിയ തിന്മയാണ് ദൈവ നാമത്തില്‍ ശപിക്കുക എന്നത്. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴും കോടതികളില്‍ സാക്ഷി മൊഴി പറയുമ്പോഴും മനുഷ്യന്‍ പറയാറുള്ള ഒരു വാക്യമാണ് ദൈവം സാക്ഷിയായി ഞാന്‍ സത്യം ബോധിപ്പിച്ചു കൊള്ളാം. ദൈവത്തിന്‍റെ നാമത്തില്‍ മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അവന്‍ കള്ളം പറയില്ല എന്ന വിശ്വാസമാണ് ഇതിനു അടിസ്ഥാനം. ദൈവ നാമത്തില്‍ നാം ഒരുവനെ അനുഗ്രഹിക്കുമ്പോള്‍ അവനു അത് അനുഗ്രഹം ആയി മാറുന്നു.

ഞങ്ങളുടെ നാട്ടില്‍ ഒരു റോസാ ചേടത്തി ഉണ്ട്. എന്‍റെ ചെറുപ്പത്തില്‍ ഞാന്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ രാവിലെ തന്നെ റോസാ ചേടത്തിയുടെ ശാപ വാക്കുകള്‍ കേള്‍ക്കാം. രാവിലെ തന്നെ ചേടത്തിയുടെ വാക്കുകള്‍ അനുസരിക്കാത്ത മക്കളെ,ഭര്‍ത്താവിനെ എല്ലാവരെയും ഈ റോസാ ചേടത്തി ദൈവനാമത്തില്‍ ശപിക്കുകയാണ്. ഒരു പക്ഷെ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഈ റോസാ ചേടത്തിമാര്‍ എന്നും ശാപ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍,ആധുനിക വനിതകള്‍ മെഴുകുതിരി കത്തിച്ചു വച്ച് പുണ്യവാളനോട് പ്രാര്‍ത്ഥിക്കുകയാണ്. എന്‍റെ ജീവിതത്തില്‍ എന്നെ തകര്‍ത്തവരെ നീ നശിപ്പിക്കേണം. എന്നാല്‍ ബൈബിളില്‍ പറയുന്നു. നീ ദൈവനാമത്തില്‍ ശപിക്കരുത്. നിന്നെ ശപിക്കുന്നവരെ നീ അനുഗ്രഹിക്കണം. "നിങ്ങളെ പീഡിപ്പിക്കുന്നവരേ അനുഗ്രഹിക്കുവിന്‍ ;അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്. (റോമാ 12:14)"

ബൈബിള്‍ പഠിപ്പിക്കുന്നത്‌ സ്നേഹമാണ്. ശത്രുവിനെ പോലും സ്നേഹം കൊണ്ട് തിരുത്തുവാന്‍ പഠിപ്പിച്ച ഗുരുനാഥന്‍ ആണ് ക്രിസ്തു. ക്രിസ്തുവിന്റെ സ്നേഹം നമ്മെ പഠിപ്പിക്കുന്നതു നമ്മെ കൊല്ലുവാന്‍ വരുന്നവരോട് പോലും മരണ സമയത്ത് നാം സ്നേഹ പൂര്‍വ്വം പെരുമാറാന്‍ പഠിക്കണം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ്. എന്ത് കൊണ്ടാണ് നാം ക്രിസ്തുവിനെ മറന്നു ദൈവ നാമത്തില്‍ ശപിക്കുന്നത്‌. സ്നേഹത്തിന്‍റെ ഭാഷയാണ് സ്വര്‍ഗ്ഗം ആഗ്രഹിക്കുന്നത്. നിങ്ങള്‍ ശപിക്കുമ്പോള്‍ നിങ്ങളുടെ തകര്‍ച്ച തന്നെ ആണ് സംഭവിക്കുന്നത്.

ഇന്ന് നാം ചിന്തിക്കണം. എന്‍റെ വേദനകളില്‍ ഞാന്‍ ശപിക്കാരുണ്ടോ? എന്‍റെ തകര്‍ച്ചകളില്‍ ശത്രുവിന്റെ പതനത്തിനായി ഞാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ നമ്മള്‍ ഓര്‍ക്കുക നമ്മുടെ ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകും. വേദനകള്‍ സംഭവിക്കും. ആയതിനാല്‍ നാം ഓര്‍ക്കുക. നമ്മെ ശപിക്കുന്നവരെ നാം അനുഗ്രഹിക്കണം. ആ അനുഗ്രഹം ദൈവം നമുക്ക് അനുഗ്രഹം ആക്കി മാറ്റും.

പ്രാര്‍ത്ഥന

കുരിശില്‍ കിടന്നു മരണ വേദനയാല്‍ പിടയുമ്പോള്‍ ശത്രുവിന് വേണ്ടി പ്രാര്‍ത്ഥിച്ച കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങളുടെ തകര്‍ച്ച ആഗ്രഹിച്ച് ശത്രുക്കള്‍ കടന്നു വരുമ്പോള്‍ അവരെ അനുഗ്രഹിക്കുവാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഉള്ള കൃപ അങ്ങ് ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

ദൈവികജ്ഞാനം

"തന്നെ സൃഷ്ടിക്കുകയും പ്രവര്‍ത്തനനിരതമായ ആത്മാവിനാല്‍ പ്രചോദിപ്പിക്കുകയും ജീവ ചൈതന്യത്തെ തന്നിലേക്കു പ്രവേശിപ്പിക്കുകയും ചെയ്ത ദൈവത്തെ അറിയാന്‍ അവന്‍ വിസമ്മതിച്ചു.(ജ്ഞാനം 15:11)"

ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഏറ്റവും അനിവാര്യം ആയ ഒരു ഘടകമാണ് ദൈവത്തെ അറിഞ്ഞു അവിടുത്തെ ഹിതം അനുസരിച്ച് ജീവിക്കുക. ഭൂമിയില്‍ ആദ്യം സംഭവിച്ച ഒരു പാപം എന്നു പറയുന്നത് ആദാമിന്റെ പാപം ആണ്. ദൈവം നല്‍കിയ കല്പന മനുഷ്യന്‍ ലംഗിക്കുന്നു. ദൈവത്തിന്‍റെ ഹിതത്തിനു എതിരായി അവന്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യന്‍ ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ തിന്മ കടന്നു വരുന്നു. തകര്‍ച്ച ഉണ്ടാകുന്നു. മനുഷ്യ ജീവിതം ശപിക്കപെട്ടതാകുന്നു

ഒരു 19 കാരിയുടെ കഥ ലോകം ചൂടോടെ ചര്‍ച്ചചെയ്യുകയാണ്‌. പത്തൊമ്പതു വയസ്സിനിടെ 22 കൊലപാതകങ്ങള്‍ നടത്തിയ അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ മിരാന്‍ഡ എന്ന സുന്ദരി ലോകത്തിന്‌ അത്ഭുതമാണ്‌. മിരാന്‍ഡയോട്‌ പോലീസ്‌ വിശദീകരണം ചോദിച്ചപ്പോള്‍ എണ്ണി തിട്ടപ്പെടുത്താന്‍ വയ്യാത്തതിനാല്‍ നിര്‍ത്തി എന്നായിരുന്നു മറുപടി. ട്രോയ്‌ ലാഫെരേര എന്ന വ്യക്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ മിറാന്‍ഡയെയും പുതിയ ഭര്‍ത്താവിനെയും അറസ്റ്റ്‌ ചെയ്‌തത്‌. ആ കേസുമായി ബന്ധപ്പെട്ട്‌ ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തായത്‌. കൊലപാതകം എന്നത്‌ തന്റെ അഭിവേശമാണെന്നുള്ള മിരാന്‍ഡയുടെ വാക്കുകള്‍ കേട്ട്‌ പോലീസുകാര്‍ ശരിക്കും ഞെട്ടിപ്പോയി.

അമേരിക്ക ഒരു വികസിത രാജ്യമാണ്. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുവാനും അവരെ വളര്‍ത്തുവാനും വേണ്ടി കോടികള്‍ ചിലവഴിക്കുന്ന ആ രാജ്യത്തു ഇന്ന് മതത്തിനു വലിയ പ്രാധാന്യം ഇല്ല. നമ്മുടെ കുഞ്ഞുങ്ങളെ പറ്റി നാം ചിന്തിക്കണം. അവര്‍ക്ക് നാം വിദ്യാഭ്യാസം നല്‍കുന്നു. സൗകര്യങ്ങള്‍ എല്ലാം ഉറപ്പുവരുത്തുന്നു. എന്നാല്‍ ദൈവത്തെ പറ്റിയുള്ള അറിവ് നാം അവര്‍ക്ക് നല്‍കുന്നുണ്ടോ? കുഞ്ഞുങ്ങളില്‍ സഹോദര സ്നേഹവും കരുണയും ഉണ്ടാകുന്നതിനു വേണ്ടി നമ്മുക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടോ? അതോ അവര്‍ക്ക് ഭൗതികമായ സമ്പത്തും സുഖങ്ങളും മാത്രമാണോ നാം ഉറപ്പു വരുത്തുന്നത്.

ലോകം മാറുകയാണ്. എന്നാല്‍ ദൈവത്തെ പറ്റി, ക്രിസ്തുവിനെ പറ്റിയുള്ള അറിവ് കുഞ്ഞുങ്ങള്‍ക്ക്‌ നാം നല്‍കണം. മാറുന്ന ലോകത്തില്‍ മാറ്റത്തിനൊപ്പം ഒഴുകുന്നവര്‍ ആകാതെ നമ്മുടെ കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ ഹിതം അറിഞ്ഞ് നന്മയുടെ പക്ഷം ചേര്‍ന്ന് സഞ്ചരിക്കുന്നവര്‍ ആയിത്തീരണം. നമ്മുടെ കുഞ്ഞുങ്ങള്‍ നന്മയില്‍ വളരുമ്പോള്‍ ഒരു നന്മയുള്ള സമൂഹം രൂപപെടും. ഇല്ലെങ്കില്‍ ഇന്ന് അമേരിക്കയില്‍ സംഭവിച്ചത് നാളെ നമ്മുടെ നാട്ടില്‍ സംഭവിക്കും. നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മാക്കളെ ദൈവം നമ്മെ എല്പിച്ചതാണ്. ദൈവത്തിനെ പറ്റിയുള്ള പരമമായ അറിവ് ആ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുവാന്‍ നമ്മുക്ക് കഴിയുന്നില്ല എങ്കില്‍ നാളെ ദൈവം നമ്മോടു കണക്കു ചോദിക്കും എന്ന് മറക്കാതെ ഇരിക്കുക.

പ്രാര്‍ത്ഥന

മണ്ണില്‍ നിന്നും മനുഷ്യനെ മെനഞ്ഞെടുത്ത കര്‍ത്താവെ, ഞങ്ങളുടെ കുഞ്ഞുങ്ങളെ നിന്‍റെ പാതയില്‍ വളര്‍ത്തി കൊണ്ടുവരുവാനും, നിന്നെ കുറിച്ചുള്ള പരമമായ അറിവ് തേടുവാന്‍ അവരെ പ്രേരിപ്പിക്കുവാനും ഉള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

പ്രവാസി

മകന്‍ പറഞ്ഞു: പിതാവേ,സ്വര്‍ഗത്തിനെതിരായും നിന്‍റെ മുമ്പിലും ഞാന്‍ പാപം ചെയ്തു.നിന്‍റെ പുത്രന്‍ എന്നു വിളിക്കപെടാന്‍ഞാന്‍ ഇനി യോഗ്യനല്ല. (ലൂക്കാ 15:21)

ഒരുപാടു ഇഷ്ടമുള്ള ഇടങ്ങളിലേക്ക് ഉള്ള തിരിച്ചു വരവ് ഒരു വലിയ അനുഭവം ആണ്. ജീവിതത്തില്‍ ചിലപ്പോള്‍ എല്ലാം വിട്ടെറിഞ്ഞ്‌ പ്രവാസിയായി ജീവിക്കുമ്പോള്‍ എല്ലാ മനുഷ്യര്‍ക്കും ഒരു സ്വപ്നം ഉണ്ട്. നാട്, നാട്ടിലേക്കുള്ള തിരിച്ചു വരവ്. കാരണം പ്രവാസ ലോകം നല്‍കാത്ത ഒരു സ്നേഹത്തിന്റെ കഥ നാട്ടില്‍ ഉണ്ട്. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരുപാടു സ്നേഹ ബന്ധങ്ങളുണ്ട്. തല്‍കാലത്തേക്ക് പൊട്ടിച്ച് പോന്നെങ്കിലും പിടിവിടാതെ പിന്തുടരുന്ന ബന്ധങ്ങള്‍ ഉണ്ട്.

ഒരിക്കല്‍ സൗദിയില്‍ ഉള്ള ഒരു സഹോദരി പങ്കു വച്ചു. ഓരോ പ്രാവശ്യവും ഭവനത്തില്‍ പോയി വരുമ്പോള്‍ ചങ്കു പറിക്കുന്ന വേദനയോടെയാണ് തിരികെ വരുന്നത്. കഷ്ടപെട്ടു, ജീവിതം മടുത്തു എന്ന് തോന്നുന്ന രാത്രികളില്‍ ഞാന്‍ എന്‍റെ നാടിനെ പറ്റി, വീടിനെ പറ്റി ഓര്‍ത്തു പോകും. എന്‍റെ അപ്പന്റെയും അമ്മയുടെയും ഓര്‍മ്മ എന്നിലേക്ക്‌ ഒരു പച്ച തുരുത്തായി കടന്നു വരും. വല്ലാത്ത ഒരു ആശ്വാസം ആണ് എനിക്ക് ലഭിക്കുക. ഭൂമിയില്‍ നന്മകള്‍ക്ക് വേണ്ടി മനുഷ്യന്‍ പ്രവാസിയാകുമ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് മനുഷ്യന്‍ പ്രവാസി ആകുന്നത്‌ തിന്മകള്‍ക്കു വേണ്ടിയാണ്.

ബൈബിളില്‍ പ്രവാസത്തില്‍ ആയി പോയ ഒരു മനുഷ്യന്റെ കഥ ക്രിസ്തു പറയുന്നു. ദൈവത്തില്‍ നിന്നും അകന്നു പോകുമ്പോളാണ് ക്രിസ്തയ്നി പ്രവാസത്തില്‍ ആകുന്നത്‌. ക്രിസ്തു നമ്മുടെ കൂടെ എല്ലാ നിമിഷവും ഉണ്ട്. എന്നാല്‍ ക്രിസ്തുവില്‍ നിന്ന് അകന്നു പോയ മനുഷ്യന്‍ സ്വര്‍ഗത്തില്‍ നഷ്ടപെട്ടു പോയ ഒരു അംഗമാണ്.അവന്‍ പ്രവാസിയാണ്. സ്വര്‍ഗത്തിന്‍റെ നന്മകള്‍ നഷ്ടപ്പെട്ടപ്പോള്‍ അവന്‍റെ ജീവിതത്തില്‍ ദുരിതങ്ങള്‍ സംഭവിക്കുന്നു. വേദനകള്‍ ഉണ്ടാകുന്നു. ആത്മാവില്‍ ഒരു വരള്‍ച്ച അനുഭവപെടാന്‍ തുടങ്ങുന്നു.

ധൂര്‍ത്ത പുത്രന്‍റെ കഥ പറഞ്ഞു കൊണ്ട് ക്രിസ്തു പിതാവായ ദൈവത്തിന്‍റെ കാത്തിരിപ്പിനെ പറ്റി പറയുകയാണ്. ഈ ധൂര്‍ത്ത പുത്രന്‍ പിതാവിനെ തള്ളി പറഞ്ഞു, എല്ലാം വിട്ടെറിഞ്ഞ്‌ . പോയവനാണ്. എന്നാല്‍ തിരികെ വരുമ്പോള്‍ പിതാവ് അവനെ സ്വീകരിക്കുന്നു. എല്ലാം മറന്നു പിതാവ് അവനെ സ്വീകരിക്കുവാന്‍ ഒരു കാരണം ഉണ്ട്. അത് അവന്‍റെ ഏറ്റു പറച്ചില്‍ ആണ്. അവന്‍ പിതാവിനോട് പറയുകയാണ്. ഞാന്‍ നിന്‍റെ പുത്രനെന്നു വിളിക്കപെടാനുള്ള യോഗ്യത നഷ്ടപെടുത്തി. കരുണ കാണിക്കണം. എന്നാല്‍ പിതാവ് അവനു വലിയ സ്വീകരണം നല്‍കുന്നു.

ധൂര്‍ത്ത പുത്രന്‍റെ ഉപമ ഒരു ആഹ്വാനമാണ്. പാപത്തില്‍ നിന്ന് മടങ്ങി വരുവാനുള്ള ആഹ്വാനം. ദൈവത്തില്‍ അകലെ ആണ് നാം എങ്കില്‍ തിരികെ എത്തുമ്പോള്‍ ക്രിസ്തു നിന്നെ സ്വീകരിക്കും എന്ന് ബൈബിള്‍ നമ്മെ ഓര്‍മ്മപെടുത്തുന്നു. നമ്മുക്ക് ക്രിസ്തുവിലേക്ക് മടങ്ങാം. ലോകത്തിന്‍റെ ബന്ധനങ്ങളില്‍ നാം കുടുങ്ങി പോയെങ്കില്‍ മാപ്പ് പറഞ്ഞു അവന്‍റെ സന്നിധിയില്‍ അണയാം.

പ്രാര്‍ത്ഥന

സ്നേഹ സ്വരൂപനായ കര്‍ത്താവെ, ലോക സുഖങ്ങള്‍ക്ക് അടിപെട്ട് ഞങ്ങള്‍ ഒരുപാടു പാപം ചെയ്തു പോകുന്നു. എങ്കിലും. ജീവിതത്തിലെ തകര്‍ച്ചകളിലും ആത്മീയ വരള്‍ച്ചകളിലും ഞങ്ങള്‍ അങ്ങയെ ഓര്‍ക്കാറുണ്ട്. അങ്ങയോട് ഒത്തു ആയിരുന്നപ്പോള്‍ ഉണ്ടായ സന്തോഷത്തിലേക്ക് തിരികെ വരുവാന്‍ ഞങ്ങള്‍ക്ക് ചിലപ്പോള്‍ കരുത്തു ലഭിക്കുന്നില്ല. പിതാവായ ദൈവമേ, ഞങ്ങളുടെ തെറ്റുകള്‍ മനസിലാക്കി, ഞങ്ങള്‍ അങ്ങയില്‍ നിന്നും അകന്നു പോയിട്ടുണ്ടെങ്കില്‍ അങ്ങിലേക്ക് മടങ്ങി വരുവാന്‍ ഉള്ള കൃപാ വരം ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍ .

വേദപാഠം

"യാത്രകള്‍ ആരംഭിക്കുന്നതിനുമുമ്പ് ചെറുപ്പത്തില്‍ത്തന്നെ ജ്ഞാനത്തിനു വേണ്ടി ഞാന്‍ ഹൃദയം തുറന്നു പ്രാര്‍ത്ഥിച്ചു. ( പ്രഭാഷകന്‍ 51:13)"

കേരളത്തിലെ ഒരു ആദിവാസി കോളനിയിലെ ജല ദൗര്‍ലഭ്യം വലിയ പ്രശനം ആയിരുന്നു. വൈദ്യുതി വകുപ്പിന്‍റെ പവര്‍ ഹൗസിനോട് ചേര്‍ന്ന് ആണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. പ്രശ്നത്തിനു ഒരു പരിഹാരം വൈദുതി വകുപ്പ് നിര്‍ദേശിച്ചു. ഒരു മോട്ടോര്‍ സ്ഥാപിച്ച് വെള്ളം പമ്പ്‌ ചെയ്യുക. പദ്ധതി ആരംഭിച്ചു. വീണ്ടും പ്രശ്നം ആയി. ആദിവാസികള്‍ വെള്ളം ഉപയോഗിക്കുന്നില്ല. കാരണം അന്വേഷിച്ചപ്പോള്‍ ആ സമൂഹം പറഞ്ഞു. ഞങള്‍ക്ക് നല്ല വെള്ളം തരിക. നിങ്ങള്‍ നിങ്ങളുടെ ആവശ്യം നടക്കാന്‍ വേണ്ടി ചതച്ച് വൈദ്യുതി എടുത്ത വെള്ളം ഞങ്ങള്‍ക്ക് ആവശ്യം ഇല്ല.

അറിവ് ആയുധമാണ്. ദൈവത്തെ കുറിച്ചുള്ള അറിവാണ് പരമമായ അറിവ്. സത്യാദൈവത്തെ പറ്റിയുള്ള അറിവ് ഇല്ലാത്തതിനാല്‍ ജീവന്‍റെ ജലത്തെ മനുഷ്യന്‍ നിഷേധിക്കുന്നു. ലോകത്തില്‍ ഇന്ന് ആധുനിക തലമുറ സമാധാനം തേടി അലയുകയാണ്. ശാന്തി ഇല്ലാത്ത രാത്രികള്‍. സ്വസ്ഥത നഷ്ടപെട്ട പ്രഭാതങ്ങള്‍. ജീവിതത്തിന്‍റെ അര്‍ത്ഥം നഷ്ടപെടുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ ചോദിക്കുന്നത് എനിക്ക് സമാധാനം എവിടെ കിട്ടും. ദൈവത്തില്‍ അശ്രിയിക്കുക എന്ന് ഉത്തരം പറഞ്ഞാല്‍ ആ കുഞ്ഞുങ്ങള്‍ പറയും. ഞങ്ങള്‍ക്ക് ദൈവത്തെ വേണ്ട. ദൈവം ഉണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ പ്രാര്‍ഥനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എന്താണ് ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം.

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ പ്രാര്‍ത്ഥനഎന്താണ് എന്ന് അറിയില്ല. ഇന്നു നാം ചിന്തിക്കണം കുഞ്ഞുങ്ങള്‍ക്ക്‌ ദൈവത്തെ പറ്റിയുള്ള ജ്ഞാനം നാം പകരുന്നുണ്ടോ? ഒരിക്കല്‍ ഒരു വൈദികന്‍ സങ്കടത്തോടെ പറഞ്ഞു. ബൈബിള്‍ വായിച്ചിട്ട് വരാന്‍ വേദ പാട ക്ലാസ്സിലെ കുട്ടികളോട് പറഞ്ഞാല്‍ വൈകുന്നേരം മുറിയില്‍ ഇരിക്കാന്‍ വയ്യാത്ത രീതിയില്‍ ഫോണ്‍ കാള്‍ വരും. കാരണം കുട്ടികളുടെ മാതാ പിതാക്കള്‍ പറയുന്നത് കുട്ടികള്‍ക്ക് ബൈബിള്‍ വായിക്കുവാന്‍ സമയമില്ല. അവര്‍ പഠിക്കുകയാണ്. എന്താണ് അവര്‍ പഠിക്കുന്നത്. ലോകത്തിന്‍റെ അറിവുകള്‍ എന്നാല്‍ അത് അവര്‍ക്ക് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ സഹായിക്കുന്നില്ല.

കേരളത്തിലെ പത്രങ്ങള്‍ ആഘോഷിക്കാറുള്ള ഒരു വാര്‍ത്ത‍ ആണ്. അമ്മയും അപ്പനുംഎല്ലാം ഉപെഷിക്കപെട്ട നിലയില്‍ കണ്ടെത്തിയ സംഭവങ്ങള്‍. ഈ മക്കളെല്ലാം വലിയ പഠിപ്പുള്ളവര്‍ ആണ്. എന്നാല്‍ ദൈവത്തെ കുറിച്ചുള്ള അറിവ് അവര്‍ക്ക് ഇല്ലാതെ ആയി പോയി. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ദൈവം ആരെന്നു നാം പറഞ്ഞു കൊടുക്കാറുണ്ടോ? നമ്മുടെ വൈകുന്നേരങ്ങളില്‍ നാം വൈദികരെയും സഭയെയുംകുറ്റം പറയുവാന്‍ ആണോ സമയം കണ്ടെത്തുന്നത്. നിങ്ങളുടെ മക്കളെ പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചിട്ടുണ്ടോ? പ്രതിസന്ധികളില്‍ ദൈവത്തില്‍ ആശ്രയിക്കാന്‍ പഠിപ്പിച്ചുവോ, ചിന്തിക്കുക.

ആധുനിക തലമുറ വഴി തെറ്റി എന്നും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ധാര്‍മ്മികത നഷ്ടപെട്ടു എന്നും പറഞ്ഞു ഘോര ഘോരം പ്രസംഗിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ നിങ്ങള്‍ ദൈവത്തെ പറ്റിയുള്ള ബോധം നല്‍കിയോ? ദൈവ ഭയം ഇല്ലാത്ത ഒരു തലമുറക്ക്‌ ഒരിക്കലും ധാര്‍മ്മികത ഉണ്ടാകില്ല എന്ന് നിങ്ങള്‍ തിരിചറിയാതെ പോകരുത്. ജീവ ജലത്തിന്റെ അരുവിയായ ദൈവത്തെ ഉപേഷിച്ച് ജലം നല്കാന്‍ കഴിയാത്ത പൊട്ടക്കിണറ്റില്‍ വെള്ളം തേടി പോകാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ പ്രചോദനം ആകുന്നത്‌ അവരുടെ അറിവില്ലായ്മ ആണ്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ നിങ്ങള്‍ ദൈവത്തെ കുറിച്ചുള്ള അറിവ് നല്‍കുക. അവരെ ദൈവം കാത്തുകൊള്ളും.ബൈബിള്‍ പറയുന്നു. " കര്‍ത്താവിന്‍റെ നിയമങ്ങളെ പറ്റി ചിന്തിക്കുക;അവിടുത്തെ പ്രമാണങ്ങളെ പറ്റി സദാ ധ്യാനിക്കുക. അവിടുന്ന് തന്നെയാണ്‌ നിനക്കു ഉള്‍കാഴ്ച നല്കുന്നത്;നിന്‍റെ ജ്ഞാന തൃഷ്ണ അവിടുന്ന് ശമിപ്പിക്കും. (പ്രഭാഷകന്‍ 6:37)

പ്രാര്‍ത്ഥന

ജ്ഞാനത്തിന്റെ ഉറവിടമായ കര്‍ത്താവെ, നിന്നെ കുറിച്ചുള്ള ജ്ഞാനത്താല്‍ ഞങ്ങളെ നിറയ്ക്കണം എന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു, ആമേന്‍

പലായനം


അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രി തന്നെ ഈജിപ്തിലേക്ക് പോയി;ഹേറോദേസിന്‍റെ മരണം വരെ അവിടെ വസിച്ചു. ( മത്തായി 2 :14)

ക്രിസ്തു ജനിച്ച രാത്രിയില്‍ തിരുകുടുംബം പലായനം ചെയ്യുകയാണ്. കര്‍ത്താവിന്‍റെ ദൂതന്‍ സ്വപനത്തില്‍ പ്രത്യക്ഷമായി ജോസഫിനോട് അവശ്യപെടുകയാണ്. നിങ്ങള്‍ ആയിരിക്കുന്ന സ്ഥലം വിട്ടു പോവുക. ബൈബിള്‍ പരിശോധിച്ചാല്‍ നമ്മുക്ക് കാണാന്‍ കഴിയും, അബ്രഹത്തോടും മോശയോടും ദൈവം ആവശ്യപെടുന്നത് ഇതു തന്നെ ആണ്. നിന്‍റെ ദേശം വിട്ടു നീ പാലയാനം ചെയ്യുക. കാരണം നിന്‍റെ ദേശത്ത് നിനക്ക് നന്മയല്ലാത്ത പലതുമുണ്ട്.

ക്രിസ്തിയ ജീവിതം ഒരു യാത്രയാണ്. സ്വര്‍ഗ്ഗം തേടിയുള്ള ഭൂമിയില്‍ നിന്നും ഉള്ള യാത്ര. ഒരിക്കല്‍ ഒരു സഹോദരി എന്നോട് പറഞ്ഞു. എനിക്ക് രണ്ടു മുഖമുള്ളവരെ വെറുപ്പാണ്. ഞാന്‍ പറഞ്ഞു. സഹോദരി എനിക്ക് രണ്ടു മുഖങ്ങളുണ്ട്. ഒന്ന് പാപിയായ എന്‍റെ മുഖം. എന്‍റെ പാപം അല്ലാതെ എനിക്ക് സ്വന്തം ആയി ഒന്നുമില്ല. പിന്നെ രണ്ടാമത്തെ മുഖം. ഇടയനെ തേടി യാത്രയാകുന്ന എന്‍റെ മുഖം. ഞാന്‍ ഇടയ സന്നിധിയില്‍ എത്തി കഴിയുമ്പോള്‍ എനിക്ക് ഒരു മുഖമാണ്. അത് ക്രിസ്തുവിന്‍റെ മുഖമാണ്. ഞാന്‍ ഒരു യാത്രയിലാണ്. എന്‍റെ മുഖം മാറ്റി ക്രിസ്തുവിന്റെ മുഖം എന്നെ നോക്കുന്നവര്‍ എന്നില്‍ കാണുന്നതിനുള്ള യാത്ര. ഈ യാത്ര ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് ആകേണ്ട അവസ്ഥയിലേക്ക് ഉള്ളതാണ്. അത് എന്നില്‍ ഉള്ള ദുഷ്ടതയില്‍ നിന്ന് എന്നില്‍ ഉണ്ടാകേണ്ട നന്മയിലേക്ക് ഞാന്‍ നടത്തുന്ന പ്രയാണമാണ്.

ജീവിതത്തിലെ പ്രിയമുള്ള കാര്യങ്ങള്‍ ഉപേഷിച്ചുള്ള യാത്ര ഒരു സുഖമുള്ള കാര്യമല്ല. പ്രവാസികള്‍ക്ക് അറിയാം അതിന്‍റെ വിഷമതകള്‍. ചിലപ്പോള്‍ നാം ആയിരിക്കുന്ന തിന്മകള്‍ നമ്മുക്ക് പ്രിയപെട്ടതാണ്. എന്നാല്‍ ദൈവം ആഹ്വാനം ചെയ്യുന്നു. നീ എല്ലാ പാപങ്ങളും ഉപേക്ഷിച്ചു പോകണം. നീ ആയിരിക്കുന്ന തിന്മ നിറഞ്ഞ ജീവിതം നിനക്ക് നന്മ വരുത്തില്ല. നിന്‍റെ ഉള്ളില്‍ ജനിച്ച ക്രിസ്തു കൊല്ലപെട്ടെക്കാം. നിന്‍റെ ജീവിതത്തെ ഈ ക്രിസ്തുമസ്സ് ദിനങ്ങളില്‍ നിന്‍റെ ഉള്ളില്‍ ഉള്ള ക്രിസ്തുവിന്റെ സാന്ന്യധയ്തില്‍ നീ പരിശോധിക്കുക. തിന്മകള്‍ നിറഞ്ഞ അവസ്ഥ ഉണ്ടെങ്കില്‍ യാത്ര തുടങ്ങുക. നന്മ നിറഞ്ഞ സ്വര്‍ഗ്ഗം തേടിയുള്ള ഒരു യാത്ര.

ക്രിസ്തുമസ്സ് ഒരു പാലായനത്തിന്‍റെ ഓര്‍മ്മ നിങ്ങള്ക്ക് നല്‍കുന്നു. ക്രിസ്തുമസ്സില്‍ പ്രാര്‍ത്ഥിച്ചു, ഒരുക്കം വഴി നിന്നില്‍, ജനിച്ച ക്രിസ്തു കൊല്ലപെടാതെ നീ സൂക്ഷിക്കണം. ക്രിസ്തു ജനിച്ച, നമ്മുടെ നിര്‍മ്മലമല്ലാത്ത ഹൃദയങ്ങളില്‍ നിന്ന് അവന്‍ സുരക്ഷിതന്‍ ആകുന്ന നന്മയുള്ള ഹൃദയത്തില്ലേക്ക് നമ്മുക്ക് യാത്ര തിരിക്കാം. നമ്മുക്ക് അറിയാം വാഗ്ദത്ത ഭൂമി തേടിയിറങ്ങിയ ഇസ്രേയേല്‍ ഒരുപാടു ദുരിതങ്ങള്‍ നേരിട്ടു, എന്നാല്‍ ദൈവം കൂടെ ഉണ്ടായിരുന്നു. അബ്രഹാം പ്രതിസന്ധികള്‍ കണ്ടു. എന്നാല്‍ ദൈവം അവനു വേണ്ടി അത് തരണം ചെയ്തു. നീ ഇന്ന് പാലായനം ചെയ്യണം. നീ ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് ആയിരിക്കേണ്ട അവസ്ഥയിലേക്ക് യാത്ര തുടങ്ങുക. ദൈവം നിന്നെ നയിക്കും.

പ്രാര്‍ത്ഥന.

അബ്രാഹത്തെയും, മോശയെയും,ഇസ്രയേല്‍ ജനത്തെയും നയിച്ച കര്‍ത്താവെ, ഞങ്ങള്‍ ആയിരിക്കുന്ന അടിമത്തങ്ങളില്‍ നിന്നും നിന്‍റെ വാഗ്ദത്ത ഭൂമിയിലേക്ക്‌ ഞങ്ങളെ നയിക്കേണം എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

ശുദ്ധികലശം

അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. ( ലൂക്കാ 2:16)

ലോക രക്ഷകന്‍ ഭൂമിയില്‍ ജനിച്ചപ്പോള്‍ ആദ്യ സന്ദര്‍ശകരായ ഇടയന്മാര്‍ കണ്ട കാഴ്ചയെ പറ്റി ബൈബിള്‍ പറയുന്ന വചനം എന്നെ ചെറുപ്പത്തില്‍ ഒരുപാടു ആശ്ചര്യപെടുത്തുമായിരുന്നു. ഭൂമിയുടെ രക്ഷകന്‍ ജനിച്ചത്‌ ഒരു കാലിതൊഴുത്തിനോട് ചേര്‍ന്ന പുല്‍തൊട്ടിയില്‍ ആകാന്‍ കാരണം എന്താണ്? ഞാന്‍ ജനിച്ചത്‌ ഒരു കര്‍ഷക കുടുംബത്തില്‍ ആണ്. എന്‍റെ വീടിനോട് ചേര്‍ന്ന് ഒരു കാലി തൊഴുത്ത് ഉണ്ട്. അതില്‍ ഒരു ഭാഗം പശുവിനു പുല്ല് നല്‍കുവാന്‍ ക്രമീകരിച്ചിരിക്കുന്നു. എപ്പോഴും അതില്‍ വയ്ക്കോല്‍ ഉള്ളതിനാല്‍ ഒരു ചെറിയ മെത്ത പോലെ ഒരു ഭാഗം കിടക്കും. പലപ്പോഴും വീട്ടിലെ കോഴി അവിടെ മുട്ടയിടും.

കോഴി മുട്ട എടുക്കുവാന്‍ ഞാന്‍ ചെല്ലുമ്പോള്‍ കാണാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ചാണകം കിടക്കുന്ന തൊഴുത്തില്‍ നിന്ന് ചിലപ്പോള്‍ഒരു ദുര്‍ഗന്ധവും, കൊതുകും കടന്നു വരുന്നു. തികച്ചും വൃത്തി ഹീനമായ സ്ഥലം. കാണുവാന്‍ ഒരു ഭംഗിയും ഇല്ലാത്ത തറ. പശു, തൊഴുത്തില്‍ ഉണ്ടെങ്കില്‍ പിന്നെയും അസ്വസ്ഥത, എന്‍റെ കുഞ്ഞു മനസു ചിന്തിക്കുമായിരുന്നു. എല്ലാം സ്വന്തമായി ഉള്ള തമ്പുരാന്‍ എന്തു കൊണ്ടാണ് ഈ കാലി തൊഴുത്തില്‍ ജനിക്കുവാന്‍ തീരുമാനിച്ചത്? ഈശോയ്ക്കു ഒരു നല്ല സ്ഥലത്ത് ജനിച്ചു കൂടായിരുന്നോ? ഇത്രയും വൃത്തി കെട്ട ഒരു സ്ഥലത്ത് ജനിക്കുവാന്‍ ഉള്ള കാരണം എന്താണ്?

ബൈബിള്‍ വായിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി. ആ കാലി തൊഴുത്ത് കര്‍ത്താവിന്‍റെ ജനന ശേഷം ഒരു അനുഗ്രഹീത സ്ഥലമായി. മാലഖമാര്‍, ആട്ടിടയന്മാര്‍, ജ്ഞാനികള്‍ എല്ലാവരും, ഭൂമിയിലെ ഈ വൃത്തി കെട്ട സ്ഥലത്തേക്ക് എത്തി ചേരുകയാണ്. അതിനു കാരണം ഒന്ന് മാത്രമാണ്. അവിടെ ക്രിസ്തു ജനിച്ചിരിക്കുന്നു.ആ കാലി തൊഴുത്തില്‍ ദുര്‍ഗന്ധം ഉണ്ടായിരുന്ന സ്ഥലത്ത് ജ്ഞാനികള്‍ സുഗന്ധ ധ്ര്യവ്യങ്ങള്‍ പുക്യ്ക്കുന്നു. പ്രകാശം തൂകാന്‍ നഷത്രം. ആകെ ഉത്സവം. കാലിതൊഴുത്ത് രാജധിരാജന്റെ ജനനത്താല്‍ ഒരു കൊട്ടാരം ആയി മാറിയിരിക്കുന്നു.

എന്‍റെ ചിന്തകള്‍ വളരാന്‍ തുടങ്ങി. തമ്പുരാന്‍ ഒരു കാര്യം എനിക്ക് പറഞ്ഞു തന്നു. ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി, ആ കാലി തൊഴുത്ത് എന്‍റെ ഹൃദയം ആണ്. ഒരുപാടു തിന്മകള്‍ നിറഞ്ഞ ഒരു സ്ഥലം. എന്നാല്‍ അവിടെ ക്രിസ്തു ജനിക്കണം. എന്‍റെ ഹൃദയം സകല തിന്മകള്‍ നിറഞ്ഞ സ്ഥലമാണ്. എന്നാല്‍ ക്രിസ്തുവിനു ജനിക്കാന്‍ ഈ ഭൂമിയില്‍ അവന്‍ തേടുന്ന സ്ഥലം എന്‍റെ ഹൃദയം തന്നെ ആണ്. അവിടുത്തേക്ക്‌ അറിയാം ഈ ഹൃദയം തിന്മകള്‍ നിറഞ്ഞ ഒന്നാണ്. എന്നാല്‍ ക്രിസ്തു ജനിക്കുന്നതോടെ ഈ ഹൃദയം ഒരു വിശുദ്ധ സ്ഥലമാകും. നമുക്ക് ഒരുങ്ങാം, ഈ ക്രിസ്തുമസ്സിനു നമ്മുടെ ഹൃദയത്തില്‍ ക്രിസ്തു ജനിക്കട്ടെ. നമ്മുടെ ഹൃദയം ആകുന്ന കാലിതൊഴുത്ത് അവന്‍ വിശുദ്ധീകരിക്കും.

പ്രാര്‍ത്ഥന

കാലി തൊഴുത്തില്‍ ജനിച്ച കര്‍ത്താവെ, എന്‍റെ ഹൃദയം ആകുന്ന കാലി തൊഴുത്തിലേക്ക്‌ അങ്ങയെ ഞാന്‍ സ്വാഗതം ചെയുന്നു. ഒരുപാടു അഴുക്കുകള്‍ നിറഞ്ഞ ഇടമാണ് എന്‍റെ ഹൃദയം. എങ്കിലും നിന്‍റെ ജനനത്തോടെ എന്‍റെ ഹൃദയം ആകുന്ന കാലി തൊഴുത്തും വിശുദ്ധീകരിക്കപെടുമല്ലോ, നാഥാ നീ എന്‍റെ ഹൃദയത്തില്‍ ജനിക്കേണമേ, ആമേന്‍

പാദുവയിലെ വിശുദ്ധ അന്തോണിസ്

പോർട്ടുഗലിലെ ലിസ്ബൺ പട്ടണത്തിൽ മാർട്ടിൻ-ത്രേസ്യ ദമ്പതികളുടെ പുത്രനായിട്ട് 1195 ആഗസ്റ്റ് 15-ന് ജനിച്ചു .കുലീന കുടുംബത്തിലെ അംഗമായ അന്തോണിസ് പുണ്യവാളന്റെ പിതാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഫെർണാണ്ടോ എന്ന പേരിലാണ് വിശുദ്ധന്‍ ബാല്യകാലത്ത്‌ അറിയപ്പെട്ടിരുന്നത്. അമ്മ നന്നേ ചെറുപ്പത്തിൽത്തന്നെ പരിശുദ്ധാത്മാവിന് അന്തോണിയെ സമർപ്പിച്ചിരുന്നു .എന്തെങ്കിലും കാര്യത്തിന് ഫെർണാഡോ കരയുമ്പോൾ മാതാവിന്റെ സ്വരൂപം കാണിച്ചാൽ അവൻ കരച്ചിൽ നിർത്തുമായിരുന്നു .വിശ്വാസത്തിന്റെ ബാലപാഠങ്ങൾ ആ ബാലൻ വേഗം സ്വന്തമാക്കി .സ്കൂളിൽവച്ച് ചരിത്രവും ശാസ്ത്രവും കൂടാതെ മതവിഷയങ്ങളും ഫെർണാഡോ പഠിച്ചു .ബുദ്ധശാലിയായ അവന് നല്ല ഓർമ്മശക്തിയും ഉണ്ടായിരുന്നു. അൾത്താരബാലനായി ശുശ്രൂഷ ചെയ്തതിനാൽ വിശ്വാസത്തിൽ കൂടുതലായി ആഴപ്പെടാൻ ഫെർണാണ്ടോയ്ക്ക് സാധിച്ചു .

ദൈവവിളിയുടെഭാഗമായി ഫെർണാഡോ അഗസ്റ്റീനിയൻ സന്യാസസഭയിൽ ചേരാൻ ആഗ്രഹിച്ചു .1210-ൽ സെന്റ് വിൻസെന്റ് ആശ്രമത്തിൽ ചേർന്നു .പിന്നീട് പോർട്ടുഗലിലെ കോയിംബ്ര എന്ന സ്ഥലത്തേക്ക് മാറ്റം കിട്ടി. രക്തസാക്ഷിയാകാൻ ആഗ്രഹിച്ചുകൊണ്ട് ഫെർണാഡോ ഫ്രാൻസിസ്ക്കൻ സന്യാസസഭയിൽ ചേർന്നു പട്ടത്വം സ്വീകരിച്ച് അല്പകാലം കഴിഞ്ഞപ്പോൾ കോയിംബ്രായിൽ അഞ്ചു ഫ്രാൻസിസ്കൻ സന്ന്യാസിമാരുടെ രക്തസാക്ഷിത്വം ഇദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ മഥിച്ചു. രക്തസാക്ഷിയാകണമെന്ന ആഗ്രഹത്തോടുകൂടി ഇദ്ദേഹം 1220-ൽ ഫ്രാൻസിസ്കൻ സമൂഹത്തിൽ ചേർന്നു. എങ്കിലും വേദശാസ്ത്രപണ്ഡിതൻ എന്ന നിലയിൽ ബൊളോഞ്ഞാ മോണ്ട് വെല്ലിയർ, പാദുവ എന്നീ വിദ്യാപീഠങ്ങളിൽ ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയാണുണ്ടായത്. ആ നിലയിൽ ഇറ്റലിയിൽ ഇദ്ദേഹം പ്രസിദ്ധനായിത്തീർന്നു.

വചനപ്രഘോഷണത്തിൽ വളരെ സാമർത്ഥ്യമുള്ള ആളായിരുന്നു വിശുദ്ധ അന്തോണീസ് .വിശുദ്ധ ഫ്രാൻസിസ് അന്തോണിയെ ഇതിനാൽ അഭിനന്ദിച്ചിട്ടുണ്ട് .വിവിധ ഭാഷകളിൽ അന്തോണി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് .
പാദുവാനഗരത്തിന്റെ നാമത്തോടു ചേർന്നാണ് അന്തോണീസ് പുണ്യവാളന്‍അറിയപ്പെടുന്നത് .1230 കാലത്താണ് വിശുദ്ധന്‍ പാദുവായിലെത്തുന്നത് .പാവങ്ങളുടെ പടയാളി എന്നാണ് അദ്ദേഹം അവിടെ അറിയപ്പെടുന്നത് .കാരണം ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തുകയും സാമ്പത്തികമായ അനീതി നടത്തുന്നവരെ വിമർശിക്കുകയും ചെയ്യിരുന്നു .മാത്രവുമല്ല ഒത്തിരി അത്ഭുതങ്ങൾ അവിടെ പ്രവർത്തിക്കുകയും ചെയ്തു .

1231 ജൂൺ 13-ന് പാദുവയ്ക്കടുത്തുള്ള അറസെല്ലാ എന്ന സന്ന്യാസിമഠത്തിൽവച്ച് ഇദ്ദേഹം നിര്യാതനായി. അതിനെ തുടർന്ന് പാദുവയിലെ വിശുദ്ധ അന്തോണിയോസ് എന്നിദ്ദേഹം അറിയപ്പെട്ടു. അടുത്ത വർഷം ഗ്രിഗറി IX മാർപാപ്പാ ഇദ്ദേഹത്തെ പുണ്യവാളനായി അംഗീകരിച്ചു. ജൂൺ 13 ഇദ്ദേഹത്തിന്റെ പെരുന്നാളായി ആചരിച്ചു വരുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലെ ആത്മീയ മൂല്യങ്ങൾ പരിഗണിച്ചു 1946 ജനുവരി 16-ന് പോപിയൂസ് VII വിശുദ്ധ അന്തോണിയോസിനെ ഡോക്ടർ ഒഫ് ദി ചർച്ച് ആയി പ്രഖ്യാപിക്കുകയും "തിരുസഭ പണ്ഡിതൻ" എന്ന് വിശേഷിപ്പികുകയും ചെയ്തു . ഇദ്ദേഹത്തോടു പ്രാർഥിച്ചാൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പാവപ്പെട്ടവരുടെ പുണ്യവാളനായും ഇദ്ദേഹം അറിയപ്പെടുന്നു

പ്രാര്‍ത്ഥന
ജീവിതം ദൈവത്തിന് പരിപൂര്‍ണ്ണമായി സമര്‍പ്പിച്ച്‌, കഠിനമായ സന്യാസ വൃതങ്ങള്‍ തെറ്റാതെ അനുഷ്ഠിച്ചു, ത്യാഗ പൂര്‍ണ്ണമായ ജീവിതം നയിച്ച്‌, ദൈവ സന്നിധിയില്‍ വിശുദ്ധനായി മാറിയ വിശുദ്ധ അന്തോണീസേ ,ഞങ്ങളുടെ ജീവിതത്തിലും ദൈവത്തിനെ അനുഭവിക്കാനുള്ള ആഗ്രഹം കൊണ്ടുള്ള ത്യാഗങ്ങള്‍ ഉണ്ടാകുവാന്‍ ദൈവ കുമാരനോടു അപേക്ഷിക്കണമേ ആമേന്‍

ഒരു നല്ല വാക്ക്

മധുരമൊഴി സ്നേഹിതന്മാരെ ആകര്‍ഷിക്കുന്നു; മധുര ഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു. ( പ്രഭാഷകന്‍ 6:5)

" My husband's a fighter! Love this man to pieces and so thankful we are together" എന്‍റെ പ്രിയ സുഹ്രത്തായ ഒരു ഇംഗ്ലീഷ് വനിത ഇന്നലെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വരികള്‍ ആണ്. യുവതിയായ അവരുടെ ഭര്‍ത്താവു കാന്‍സര്‍ രോഗത്തിന്‍റെ പിടിയിലാണ്. കീമോ തെറാപ്പിയുടെ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഭര്‍ത്താവിനെ പറ്റി സ്നേഹ പൂര്‍വ്വം ഭാര്യ ലോകത്തോട്‌ പറയുന്ന വാക്കുകള്‍ ആണ്. ഞാന്‍ ഈ മനുഷ്യനെ സ്നേഹിക്കുന്നു എന്ന് അവള്‍ ഈ ലോകത്തോട്‌ വിളിച്ചു പറയുമ്പോള്‍ ആ മനുഷ്യന്‍റെ ഉള്ളില്‍ ഒരുപാടു സന്തോഷം ഉണ്ടാകുന്നുണ്ട്.

ഞങ്ങള്‍ ഒന്നായിരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്‍റെ ഭര്‍ത്താവ് ഒരു യോദ്ധാവ് ആണ്. അവന്‍റെ രോഗത്തിനോട് അവന്‍ പൊരുതുമ്പോള്‍ ഞാന്‍ അവനെ ഒരുപാടു സ്നേഹിക്കുന്നു എന്ന് ഈ ഭാര്യ ലോകത്തോട്‌ പറയുമ്പോള്‍ എന്‍റെ ഭാര്യയെ പറ്റി, എന്‍റെ ഭര്‍ത്താവിനെ പറ്റി ഞാന്‍ എന്താണ് ഈ ലോകത്തോട് പറയുന്നത് എന്ന് ചിന്തിക്കണം. ക്രിസ്തുമസ്സ് നോയമ്പില്‍ ബൈബിളിലൂടെ കടന്നു പോകുമ്പോള്‍ നാം ഔസേപ്പ് പിതാവിനെ കണ്ടു മുട്ടുന്നു. മറിയത്തെ സ്വീകരിക്കുന്നതിനു മുന്‍പ് അവള്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞു അസ്വസ്ഥതപെടുന്നു. എന്നാല്‍ മറിയത്തെ അപമാനിക്കാന്‍ വിശുദ്ധ ഔസേപ്പ് പിതാവ് ആഗ്രഹിക്കുന്നില്ല.

ഭാര്യയായി തീര്‍ന്നിട്ടില്ല എങ്കിലും വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയോട് ഭാര്യയോട്‌ എന്ന പോലെ ഉള്ള മര്യാദ വിശുദ്ധ ഔസേപ്പ് പിതാവ് കാണിക്കുന്നു. ജീവിത പങ്കാളിയെ ബഹുമാനിക്കേണ്ടത് എങ്ങിനെ എന്നുള്ള ചോദ്യത്തിന് ബൈബിള്‍ നല്‍കുന്ന വലിയ ഉത്തരമാണ് തിരുകുടുംബം. തിരുകുടുംബത്തില്‍ ഔസേപ്പ് പിതാവ് മറിയത്തെ ബഹുമാനിച്ചു. സ്നേഹിച്ചു സംരക്ഷിച്ചു. അത് പോലെ തന്നെ പരിശുദ്ധ കന്യക മറിയം കുടുംബത്തോട് ചേര്‍ന്ന് നിന്നു. കാലി തൊഴുത്തില്‍ പ്രസവിച്ചപ്പോഴും, ജീവിത പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും മറിയവും ഔസേപ്പ് പിതാവും ഒന്നിച്ചു നിന്നു.

നാം ചിന്തിക്കണം. നമ്മുടെ ജീവിതത്തില്‍ പങ്കാളിക്ക് കുറവുകള്‍ ഉണ്ട്. നാം എന്താണ് ചെയ്യുക. മിക്കവാറും പങ്കാളിയുടെ കുറവ് ആളുകളോട് പറഞ്ഞു അവരെ അപമാനിക്കും. ഓ എന്‍റെ ഭര്‍ത്താവു ഇങ്ങിനെയാണ് എന്ന് പറഞ്ഞു കരയുന്ന എത്രയോ സഹോദരിമാര്‍ ഉണ്ട്. എന്നാല്‍ ബൈബിള്‍ പറയുന്നു. ദൈവം ആഗ്രഹിക്കുന്നു പങ്കാളിക്ക് അര്‍ഹമായ ബഹുമാനം നാം കൊടുക്കണം.
ബൈബിള്‍ പറയുന്നു. നിന്ദനം ശീലിച്ചവന്‍ ജീവിത കാലത്ത് ഒരിക്കലും പക്വത നേടുകയില്ല. ( പ്രഭാഷകന്‍ 23:15) ജീവിത പങ്കാളിയെ നിന്ദിക്കുന്നവര്‍ ഒരിക്കലും അവരുടെ ബഹുമാനമോ സ്നേഹമോ നേടുകയില്ല. ആയതിനാല്‍ നമ്മുക്ക് ജീവിത പങ്കാളിയുടെ നന്മകള്‍ കാണുന്നവര്‍ ആയിതീരാം.ഈ നോയമ്പ് കാലത്ത് നമ്മുക്ക് ഒരു തീരുമാനമെടുക്കാം. ഞാന്‍ ഇന്ന് മുതല്‍ ജീവിത പങ്കാളിയുടെ ഒരു നന്മ കാണുന്ന വ്യക്തിയാകും. അവനെ അല്ലെങ്കില്‍ അവളെ ഞാന്‍ കണ്ടെത്തിയ നന്മ ഞാന്‍ അറിയിക്കും. നിങ്ങളുടെ ജീവിതത്തിലേക്ക് വലിയ അനുഗ്രഹം കടന്നു വരും. ദൈവം നിങ്ങളുടെ ദാമ്പത്യത്തെ സമര്‍ഥമായി അനുഗ്രഹിക്കും.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, അനുദിനം നിന്‍റെ സന്നിധിയില്‍ ഞാന്‍ അണയുമ്പോള്‍ എന്‍റെ മാതാപിതാക്കളുടെ, ജീവിത പങ്കാളിയുടെ ഒരു നന്മ കണ്ടെത്തി നിനക്ക് കാഴ്ച വയ്ക്കുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

വിധിക്കരുത്

യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്‍റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയക്കാരന്‍ ജോസഫ് യേശുവിന്‍റെ ശരീരം എടുത്തു മാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. (യോഹന്നാന്‍ 19:38)

ജീവിതത്തില്‍ നാം പലരെയും വിധിക്കാറുണ്ട്. ഒരിക്കലും നന്മ ഇല്ലാത്ത കപടതയുടെ മുഖങ്ങള്‍ ആയി നാം പലരെയും എഴുതി തള്ളികളയാറുണ്ട്. എനിക്ക് ഒരു സഹോദരിയെ പറ്റി വലിയ തെറ്റിധാരണ ഉണ്ടായിരുന്നു. ഒരിക്കലും ദൈവ ഭയം ഇല്ലെന്നു തോന്നിപ്പിക്കുന്ന പെരുമാറ്റം. ലൈസന്‍സ് ഇല്ലാത്ത നാവ്. ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒരുതരത്തിലുള്ള ദൈവഭയവും ഇല്ലാതെ ഇവളെ വളര്‍ത്തിയതു കൊണ്ട് സംഭവിച്ച തെറ്റാണ്.

ഒരു ദിവസം ഞാന്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ ഇവള്‍ കയ്യില്‍ എന്തോ ചുരുട്ടിപിടിച്ച്‌ ഒരു മൂലയില്‍ ഇരിക്കുന്നു. എന്നെ ഈ കുഞ്ഞു കണ്ടില്ല. ഞാന്‍ അടുത്തേക്ക് നടന്നു ചെന്നു. എന്നെ അത്ഭുതപെടുത്തി കൊണ്ട് അവളുടെ കയ്യില്‍ ഒരു ജപമാല. ഞാന്‍ ചോദിച്ചു. നീ എന്താണ് ചെയ്യുന്നത്. ഉടനെ അവള്‍ പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എല്ലാ ദിവസവും ഞാന്‍ ഒരുപാടു ജപമാല ചൊല്ലും. ഞാന്‍ വീണ്ടും ചോദിച്ചു. കുഞ്ഞേ നീ പള്ളിയില്‍ പോകാറുണ്ടോ? ഉടനെ അവള്‍ പറഞ്ഞു. എനിക്ക് പള്ളിയില്‍ നില്ക്കാന്‍ ഭയമാണ് അതിനാല്‍ ഒരു പാട് ആളുകള്‍ ഉള്ളപ്പോള്‍ പോകാറില്ല. പകരം ശനി ആഴ്ച ഞാന്‍ കുര്‍ബാനയ്ക്ക് പോകും. പിന്നെ ഒരുപാടു പ്രാര്‍ത്ഥിക്കും. ആര്‍ക്കും അറിയില്ല.

എന്‍റെ ഉള്ളില്‍ ഒരു തേങ്ങല്‍ ഉണ്ടായി. ഞാന്‍ എന്തുകൊണ്ടാണ് വിധി പറഞ്ഞുപോയത്. ഇവള്‍ ദൈവ വിശ്വാസി ആകില്ല എന്ന് ഞാന്‍ കരുതി. സെഫാനിയ മിഷന്‍ തുടങ്ങുവാന്‍ ഉള്ള ഒരു പ്രചോദനം ആ സംഭവം എനിക്ക് നല്‍കി. കുറെ കാലം ആ പെണ്‍കുട്ടി ഗ്രൂപ്പിന്റെ വളരെ നല്ല ഒരു പ്രവര്‍ത്തക ആയിരുന്നു. രഹസ്യമായി സുവിശേഷ വേല ചെയ്യുന്ന അനേകം മനുഷ്യര്‍ ഈ ഭൂമിയില്‍ ഉണ്ട്. പരസ്യമായി ക്രിസ്തുവിനെ ഏറ്റു പറയുകയും അവനെ വിശ്വസിക്കുകയും ചെയ്യുന്ന മനുഷ്യരെ പോലെ തന്നെ രഹസ്യത്തില്‍ പിതാവിനോടൊപ്പം ആയിരിക്കുന്ന മനുഷ്യര്‍. ക്രിസ്തുവിന്റെ കുരിശു മരണം സംഭവിച്ചു കഴിഞ്ഞപ്പോള്‍ ക്രിസ്തുവിനെ ഏറ്റെടുത്തത് അവര്‍ ആയിരുന്നു.

എല്ലാ മനുഷ്യരും, പരസ്യമായ പ്രാര്‍ത്ഥനകളും സുവിശേഷ പ്രഘോഷണവും നടത്തുന്നവര്‍ ആകണം എന്നില്ല. എങ്കിലും ഹൃദയങ്ങളെ പരിശോധിച്ച് അറിയുന്നവന്‍ അവരുടെ ഹൃദയത്തില്‍ ഉള്ള നന്മകള്‍ കാണും. ആയതിനാല്‍ വിധിക്കാതെ ഇരിക്കുക. നിങ്ങള്‍ ഒരു പക്ഷെ പ്രാര്‍ത്ഥനാ ഗ്രൂപ്പ്‌ അംഗമാകാം. പരസ്യമായി സുവിശേഷ വേല ചെയ്യുന്നുണ്ടാകും. നിങ്ങളുടെ മുഖ പുസ്തകം അതിനു വേണ്ടി ഉപയോഗിക്കുന്നുണ്ടാകം. നല്ലതാണ്. എന്നാല്‍ അങ്ങിനെ അല്ലാതെ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ ഒരു തെറ്റാണു എന്ന് കരുതരുത്. വചനം പറയുന്നു." യേശു പറഞ്ഞു അവനെ തടയെണ്ടാ,ഒരുവന് എന്‍റെ നാമത്തില്‍ അത്ഭുത പ്രവര്‍ത്തി ചെയ്യുവാനും ഉടനെ എന്നെക്കുറിച്ച് ദൂഷണം പറയാനും സാധിക്കുകയില്ല.നമ്മുക്ക് എതിരാല്ലത്തവന്‍ നമ്മുടെ പക്ഷത്താണ്. (മര്‍ക്കോസ് 9:39)

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും,അങ്ങയെ ഒരിക്കലും കൈവിടാതെ അറിഞ്ഞു സ്നേഹിക്കുന്ന, വിശ്വസിക്കുന്ന മനുഷ്യരായി തീരുവാനുള്ള കൃപാ വരം നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു ആമേന്‍.

സൗന്ദര്യം

"യേശു കൈ നീട്ടി അവനെ തൊട്ടു കൊണ്ടു പറഞ്ഞു: എനിക്കു മനസുണ്ട്: നിനക്കു ശുദ്ധിയുണ്ടാകട്ടെ! തല്ക്ഷണം കുഷ്ഠം അവനെ വിട്ടുമാറി. (ലൂക്കാ : 5-13)"

മനുഷ്യ ശരീരം സുന്ദരമാണ്. എന്നാല്‍ സൗന്ദര്യം ഒരിക്കലും അതിന്‍റെ ആകാരത്തില്‍ അല്ല ദൈവം രൂപ കല്പന ചെയ്തിരിക്കുന്നത്, അത് ഹൃദയത്തില്‍ ഉള്ള നന്മയില്‍ അധിഷ്ടിതമാണ്. കഴിഞ്ഞ ദിവസം വ്യത്യസ്തമായ കഴിവുകള്‍ ഉള്ള കുട്ടികളോടപ്പം ഞാന്‍ ക്രിസ്തുമസ്സ് ആഘോഷിച്ചു. ആ ഭവനത്തില്‍ സന്തോഷത്തിന്റെ അലകടല്‍ ഒരുക്കി എല്ലാ മക്കളുടെയും ബന്ധുക്കള്‍ കടന്നു വന്നിരുന്നു. അതില്‍ ഒരു കുഞ്ഞിന്‍റെ ബന്ധു, വളരെ കാര്യമായി വന്നു ഞങ്ങളോട് സംസാരിച്ച്, സ്ഥാപനത്തിന് ഒരു നല്ല തുക സംഭാവന നല്‍കി മടങ്ങി പോയി. എന്നാല്‍ മാനസികമായും ശാരീരികമായും വെല്ലു വിളി നേരിടുന്ന ആ കുഞ്ഞിനോടപ്പം ഒരു നിമിഷം പോലും അവര്‍ ചിലവിട്ടില്ല. എന്തോ വെറുപ്പോടെയോ ഭയതോടെയോ ആ കുഞ്ഞിനെ നോക്കി കൊണ്ട് അവര്‍ മടങ്ങി.

ക്രിസ്തുമസ്സിന്റെ ഒരുക്ക കാലത്ത് നമ്മുടെ പരിശുദ്ധ പിതാവ് കാണിച്ച ഒരു മാത്രക നാം ഓര്‍ക്കണം. പിതാവിന്റെ സ്നേഹം അനുഭവിച്ച ആ മനുഷ്യന്‍ പറയുന്നത് ഇങ്ങിനെയാണ്. ഹൃദയം ശരീരത്തെ വിട്ടുപിരിയുന്നതു പോലെ തോന്നി: മാര്‍പാപ്പയുടെ ആശ്ലേഷത്തെക്കുറിച്ച് വിനിഷ്യോ റിവ
സാധാരണക്കാര്‍ നോക്കാന്‍ പോലും മടിക്കും വിധം ശരീരത്തിന്റെ രൂപം നഷ്ടപ്പെട്ടു പോയിരുന്നു വിനിഷ്യോ റിവയ്ക്ക്. എന്നാല്‍, ഈ അമ്പത്തിമൂന്നുകാരനെ കരവലയത്തില്‍ ഒതുക്കി നിര്‍ത്താന്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയ്ക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ നോക്കി നില്‍ക്കെയാണ് മാര്‍പാപ്പാ നല്‍കിയ ഈ സ്‌നേഹചുംബനം പിന്നീട് ലോകമാധ്യമങ്ങളില്‍ ദിവസങ്ങളോളം ഒന്നാം സ്ഥാനംപിടിച്ചു.

ന്യൂറോഫൈബ്രമറ്റോസിസ് എന്ന ജനിതകരോഗമാണ് റിവയുടെ ഈ രൂപത്തിനു കാരണം. തല മുതല്‍ കാല്‍പാദം വരെ വിവിധതരം ട്യൂമറുകള്‍ വളരുകയാണ്. അാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി കിട്ടുന്നതാണ് ഈ രോഗം. ജനിക്കുമ്പോള്‍തന്നെ ഏതാണ്ട് 50 ശതമാനം ഇതു പ്രകടമാവും പിന്നീടാണ് ഇതിന്റെ മറ്റു വളര്‍ച്ചകള്‍. ഈ രോഗം രണ്ടുതരമുണ്ട്. ഇതു പകരുന്ന രോഗമല്ല. ആദ്യത്തെതരം ചെറിയ മുഴകള്‍ പോലെ ശരീരമാസകലം രൂപാന്തരം പ്രാപിക്കുക. രണ്ടാമത്തെ ടൈപ്പ് മനുഷ്യശരീരം ആനയുടെ വലിപ്പമായി രൂപപ്പെടുക. ഇത് കൂടുതല്‍ കാന്‍സര്‍ രോഗവുമായി ബന്ധപ്പെടുമെന്നും വിദഗ്ധര്‍ പറയുന്നു. രോഗികളെ അടുത്തു കാണാന്‍ അള്‍ത്താരയില്‍നിന്ന് ഇറങ്ങിവന്നതായിരുന്നു അദ്ദേഹം. എന്നെ കണ്ടപാടേ കെട്ടിപ്പിടിക്കുകയായിരുന്നു, ഒരു വാക്കുപോലും ഉച്ചരിക്കാതെ- റിവയ്ക്ക് ആ സന്ദര്‍ഭം വിവരിക്കാന്‍ വാക്കുകള്‍ പോലും തികയുന്നില്ല.

എന്തു കൊണ്ടാണ് പരിശുദ്ധ പിതാവ് ആ കര്‍മ്മം ചെയ്തത്? കാരണം ക്രിസ്തു രോഗികളെ സ്നേഹിച്ചിരുന്നു. ക്രിസ്തു കുഷ്ഠ രോഗിയെ തൊട്ടാണ് സുഖപെടുതിയത്. ഒരു വാക്കിനാല്‍ സുഖ പെടുത്തുന്ന കര്‍ത്താവു എന്ത് കൊണ്ടാണ് തൊട്ടു സുഖപെടുത്തിയത്? ഞാന്‍ വിശ്വസിക്കുന്നു അത് സ്നേഹം പ്രകടിപ്പിക്കാന്‍ ആയിരുന്നു. അത് മനുഷ്യന്‍ ഏതു രോഗ അവസ്ഥയില്‍ ആയാലും ബഹുമാനിക്കപെടണം എന്ന് ഓര്‍മ്മിപ്പിക്കാന്‍ ആയിരുന്നു. ആ സമൂഹത്തില്‍ കുഷ്ഠ രോഗിയെ കല്ലെറിഞ്ഞു ഓടിക്കുമായിരുന്നു. ആ കാലഘട്ടത്തില്‍ ക്രിസ്തു അവരെ അടുത്തേക്ക് വിളിച്ചു കൂടെ നിര്‍ത്തി.


ക്രിസ്തുമസ്, നമ്മുക്കും ആഘോഷിക്കാം. സമൂഹം വലിച്ചെറിഞ്ഞ രോഗികളോട് ഒപ്പം ചേര്‍ന്ന് ഒരു ദിവസം നമുക്ക് ചിലവിടാം. ആരുമില്ലാത്തപ്പോള്‍ നമ്മുക്ക് അവര്‍ക്ക് ഒരു അഭയം ആകാം. ഈ ക്രിസ്തുമസ്സിനു ഒരു വൃദ്ധസദനം, അല്ലെങ്കില്‍ ആകാശപറവകളുടെ കേന്ദ്രം നമ്മുക്ക് സന്ദര്‍ശിക്കാം. നമ്മുടെ മനസിലെ ക്രിസ്തു അവരുടെ ജീവിതത്തിലും ജനിക്കുവാന്‍ നമ്മുക്ക് ഇടവരുത്താം. ബൈബിളിലൂടെ ക്രിസ്തു പറയുന്നു, "സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നത്. (മത്തായി :25:40)"

പ്രാര്‍ത്ഥന

കാലിത്തൊഴുത്തില്‍ പിറന്ന ഈശോയെ, ഞങ്ങളുടെ ചുറ്റുമുള്ള സഹനങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരോട് ചേര്‍ന്ന് നില്‍ക്കുവാനും അവരുടെ വേദനകളില്‍ ആശ്വാസമായി കടന്നു ചെല്ലുവാനും ഉള്ള അനുഗ്രഹം നല്കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍

ബ്ലേഡ്

പലിശയും കൊള്ളലാഭവും വഴി നേടിയ സമ്പത്ത് ദരിദ്രരോട് ദയയുള്ളവന്റെ കയ്യില്‍ ചെന്നു ചേരും.
( സുഭാഷിതങ്ങള്‍ 28:8)

ഞങ്ങളുടെ അയല്‍ ഇടവകയില്‍ തിരുനാള്‍ നടക്കുമ്പോള്‍ ഞാന്‍ ഒരു കാഴ്ച കണ്ടു. സ്ഥലത്തെ പ്രധാന പലിശക്കാര്‍ ആണ് തിരുനാള്‍ നടത്തുന്നത്. ആയതിനാല്‍ തന്നെ നോട്ടു മാലകള്‍ കൊണ്ട് പുണ്യവാളന്‍ അലങ്കരിക്കപെട്ടിരിക്കുന്നു. തിരുനാള്‍ സമയത്ത് ആരോ പറഞ്ഞു. ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിക്കുന്നത് പാവങ്ങളുടെ കണ്ണു നീരില്‍ കുതിര്‍ന്ന പണം കൊണ്ടാണ്. ക്രിസ്തു ചാട്ടവാര്‍ എടുക്കുമോ എന്ന് കണ്ടറിയണം. ബൈബിള്‍ പറയുന്നു. പലിശയും കൊള്ള ലാഭവും ക്രിസ്ത്യാനിക്ക് ചേരുന്ന കാര്യമല്ല. ആ സമ്പത്ത് നില നില്ക്കില്ല.

ഇന്നു ഒരു സഹോദരന്‍ പങ്കു വയ്ക്കുകയായിരുന്നു. വീട്ടില്‍ വലിയ തര്‍ക്കം ആണ്. ചേട്ടന്‍ അനുജന്മാര്‍ തമ്മിലുള്ള കേസ് നടക്കുന്നു. ആര്‍ക്കും ഉപകാരമില്ലാതെ സ്വത്തുക്കള്‍ നഷ്ടപെടുന്നു. അയാള്‍ കൂട്ടി ചേര്‍ത്തു, ആരെയും പറഞ്ഞിട്ടു കാര്യമില്ല. അപ്പന്‍ ഒരുപാടു പലിശക്ക് കടം കൊടുത്തു ഉണ്ടാക്കിയ മുതല്‍ ആണ്. അന്ന് അപ്പന്‍ നാട്ടുകാരുമായി കേസ് നടത്തിയെങ്കില്‍ ഇന്ന് മക്കള്‍ പര്സപരം കേസ് നടത്തുന്നു. എത്രയോ ആളുകളുടെ കണ്ണു നീര്‍ വീണ സ്വത്തു ആണ്. അപ്പന്‍റെ പാപത്തിന്‍റെ നേട്ടം കിട്ടിയ ഞങ്ങള്‍ക്ക് അതിന്‍റെ കോട്ടവും കിട്ടുന്നു. ഒന്നും ഇല്ലാതെ എല്ലാം നശിച്ചു പോകുന്ന കാലവും അധികം ദൂരെയല്ല.

പലിശക്ക് കൊടുക്കുന്ന ആളുകള്‍ പലപ്പോഴും ചിന്തിക്കുക ഞാന്‍ ഒരു അവസരത്തില്‍ ഈ മനുഷ്യരെ സഹായിക്കുന്നതല്ലേ. ദൈവം എന്നെ ശിക്ഷിക്കുന്നത് എന്തിനാണ്? എന്നാല്‍ ഓര്‍ക്കുക കൊള്ള പലിശ കര്‍ത്താവു വെറുക്കുന്നു. ബൈബിള്‍ പറയുന്നു. ദരിദ്രരോട് ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും. ( സുഭാഷിതങ്ങള്‍ 19:17) ദരിദ്രര്‍ക്ക് കടം കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നീ കൊള്ള പലിശക്ക് പണം കടം കൊടുത്താല്‍ ദൈവത്തിനോട് ആണ് നീ വഞ്ചന കാണിക്കുന്നത് എന്ന് ബൈബിള്‍ പറയുന്നു.

ക്രിസ്തുവിനെ തിരിച്ചറിഞ്ഞ ചുങ്കക്കാരനായ സക്കെവൂസ്, താന്‍ വഞ്ചിച്ചു സ്വന്തമാക്കിയത് ആളുകള്‍ക്ക് തിരികെ നല്‍കുകയാണ്. കാരണം അവന്‍ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു. വലിയ ദൈവ അനുഭവം അവനു ഉണ്ടായി. നമ്മുക്ക് ക്രിസ്തുവിനെ തിരിച്ചറിയുന്നവര്‍ ആകാം. നാം ആരില്‍ നിന്നെങ്കിലും എന്തെങ്കിലും വഞ്ചിചെടുക്കുന്നു. എങ്കില്‍ അത് തിരികെ നല്‍കാം. ഒരിക്കലും വഞ്ചന വഴി നേടുന്ന സമ്പത്ത് നില നില്‍ക്കില്ല. സമ്പത്ത് ദൈവ ദാനം ആണെന്ന് തിരിച്ചറിയുക. അത് ദൈവത്തില്‍ നിന്ന് സ്വീകരിക്കുക. ദൈവത്തെ കബളിപ്പിച്ച്‌ നീ നേടുന്ന സമ്പത്ത് സാത്താന്‍ നല്കുന്നതാണ്. അത് നിന്‍റെ ഭവനത്തിന്‍റെ അടിത്തറ ഇളക്കും.

പ്രാര്‍ത്ഥന

സക്കേവൂസിനെ മാനസാന്തര പെടുത്തിയ കര്‍ത്താവെ, പലിശക്ക് പണം നല്‍കി കൊള്ള ലാഭം എടുക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. അവരെ നീ മാനസാന്ദര അനുഭവത്തിലേക്ക് നയിക്കേണമേ. കൊള്ള പലിശക്ക് പണം സ്വീകരിച്ച് കടകെണിയില്‍ ആയ എല്ലാ മക്കളെയും നിന്‍റെ ശക്തിയുള്ള കരത്താല്‍ മോചനം നല്‍കി അനുഗ്രഹിക്കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍ .

ചൂഷണം ചെയ്യപെടുന്ന കുഞ്ഞുങ്ങള്‍

" അവരുടെ നേരെ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസെലം പുത്രിമാരെ, എന്നെ പ്രതി നിങ്ങള്‍ കരയണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിന്‍.എന്തെന്നാല്‍ വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നു പറയപ്പെടുന്ന ദിവസങ്ങള്‍ വരും. ( ലൂക്കാ 23: 29)

കേരളത്തിലെ ഒരു ജയില്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ജയില്‍ വാര്‍ഡന്‍ പറഞ്ഞു. എനിക്ക് ഒരാളെ കൊല്ലാന്‍ ഭയമാണ്. എന്നാല്‍ എന്നോട് സര്‍ക്കാര്‍ ആ നില്ക്കുന്ന മനുഷ്യനെ തൂക്കി കൊല്ലാമോ എന്ന് ചോദിച്ചാല്‍ ഞാന്‍ സന്തോഷത്തോടെ സമ്മതം അറിയിക്കും. കാരണം പിഞ്ചു കുഞ്ഞുങ്ങളെ കാമം ശമിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിഷ ജന്തുവാണ്‌ അവന്‍. അവന്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ യോഗ്യന്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. ഡിസംബര്‍ മാസം പരിശുദ്ധ പിതാവ് ചൂഷ്ണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. കാലം ആവശ്യ പെടുന്ന ഒരു വലിയ പ്രാര്‍ത്ഥന ആണ് അത്.

ഇന്ന്, നമ്മുടെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ചൂഷണം ചെയ്യപെടുന്നു. എത്രയോ കുഞ്ഞുങ്ങള്‍ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതര്‍ അല്ല. ഒരു അമ്മ പറഞ്ഞു, പത്രം തുറക്കാന്‍ ഭയമാണ്. പീഡനങ്ങളുടെ വസന്ത കാലത്തില്‍ ജനിപ്പിച്ചവന്‍ സ്വന്തം കുഞ്ഞിനെ അറിയാതെ പോകുന്നു. എങ്കിലും ആ അമ്മയ്ക്ക് സംശയമാണ്. ഒരു പെറ്റമ്മ എങ്ങിനെ മക്കളെ മറക്കുന്നു. ബൈബിള്‍ പറയുന്നു. മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാന്‍ ആകുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. അമ്മപോലും കുഞ്ഞിനെ മറന്നേക്കാം. എന്നാല്‍ ദൈവം നമ്മെ ഓര്‍ക്കുന്നു. കാലം നമ്മെ കൊണ്ട് വന്നിരിക്കുന്നത് അമ്മമാര്‍ പോലും സ്വന്തം കുഞ്ഞിനെ പീഡിപ്പിക്കുന്ന ഒരു നശിച്ച ജീവിതത്തിലേക്ക് ആണ്.

മനുഷ്യര്‍ സ്വന്തം സുഖം മാത്രം തേടി അലയുന്നു. ഒരിക്കല്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഒരു സഹോദരന്‍ പങ്കു വച്ചു. ഒരു തണുത്ത പ്രഭാതത്തില്‍ ഒരു അമ്മ അയാളെ കാണാന്‍ വന്നു. തന്‍റെ കുഞ്ഞിനെ കാണിച്ചു കൊണ്ട് പറഞ്ഞു. വലിയ ശല്യമാണ്. ഞാന്‍ ഒരു ലൈംഗിക തൊഴിലാളി ആണ്. എനിക്ക് ജീവിക്കണം. ഇതിനെ കൊല്ലണ്ടെങ്കില്‍ എവിടെയെങ്കിലും വളര്‍ത്തുവാന്‍ ആക്കി തരണം. എനിക്ക് ജീവിക്കണം. ഒരു കാലത്ത് കുഞ്ഞിനു ജീവിക്കാന്‍ അമ്മ മരിച്ചിരുന്നുവെങ്കില്‍ ഇന്ന് അമ്മയ്ക്ക് ജീവിക്കാന്‍ കുഞ്ഞു മരിക്കണം.

ജനിക്കും മുന്‍പേ ഗര്‍ഭ പാത്രത്തില്‍ ഒടുങ്ങി പോകുന്ന കുഞ്ഞു ജീവനുകളും ഏതോ അമ്മയുടെ ജീവിക്കുവാനുള്ള വെമ്പലിന്റെ അവസാനം ആണെന്ന് നാം തിരിച്ചറിയുമ്പോള്‍ പരിശുദ്ധ പിതാവിന്റെ പ്രാര്‍ത്ഥന നിയോഗം എത്ര വലുതാണെന്ന് നാം ചിന്തിക്കണം. കുരിശിലേക്കുള്ള യാത്രാ മദ്ധ്യ ക്രിസ്തു പറഞ്ഞു വച്ച കാലം വന്നു കഴിഞ്ഞുവോ? നമ്മുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഓര്‍ത്തു ദൈവ സന്നിധിയില്‍ കരയാം. മാലാഖമാരെ പോലെ സ്വര്‍ഗ്ഗ രാജ്യം അവകാശമുള്ള നമ്മുടെ കുഞ്ഞുങ്ങള്‍ ചെകുത്താന്‍ മാരുടെ പിടിയില്‍ അമരാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന

കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന കര്‍ത്താവെ, ഞങ്ങളുടെ കുഞ്ഞു മക്കളെ അങ്ങയുടെ കരങ്ങളിലേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അവരുടെ ചുറ്റും അങ്ങയുടെ സംരക്ഷണം ഉണ്ടായിരിക്കന്മേ. അവര്‍ നന്മയില്‍ വളരുവാനും നല്ലത് കണ്ടു പഠിക്കുവാനും ഉള്ള കൃപ അവര്‍ക്ക് നല്‍കണമെന്നു അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

വിളി മറക്കുന്നവര്‍

" കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്‍റെ ജീവിത രീതിക്കും പ്രവര്‍ത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്കും. ( ജറെമിയ 17:10)"

മനുഷ്യന്‍ മുഖ ഭാവത്തില്‍ ശ്രദ്ധിക്കുന്നു. കര്‍ത്താവ്‌ ആകട്ടെ ഹൃദയ ഭാവം പരിശോധിച്ചറിയുന്നു. ഒരിക്കല്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വച്ച് എന്‍റെ സുഹ്രത്തിന്റെ ഭാര്യ ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. " എന്‍റെ കുടുംബ ജീവിതം ഒരു നരകമായി മാറിയിരിക്കുന്നു. കര്‍ത്താവെ നീ എന്നെ കാണേണമേ." വളരെ സങ്കടം നിറഞ്ഞ ഈ പ്രാര്‍ത്ഥന കേട്ട് ഞാന്‍ ആ സഹോദരിയോട്‌ ചോദിച്ചു. എന്ത് സംഭവിച്ചു. നിങ്ങള്‍ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ? എന്‍റെ സുഹ്രത്ത് നല്ല ഒരു മനുഷ്യന്‍ ആണ് എന്ന് എനിക്കറിയാം. ആ സഹോദരി പറഞ്ഞു. എന്നെ പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ വിടുന്നില്ല. ദാന ധര്‍മ്മ പ്രവര്‍ത്തനം അനുവദിക്കില്ല. വിശുദ്ധ ജീവിതം അനുവദിക്കുന്നില്ല.

എനിക്ക് ഒന്നും മനസിലായില്ല. എങ്കിലും ഞാന്‍ വളരെ അടുപ്പമുള്ള സുഹ്രത്തിനെ കണ്ടപ്പോള്‍ ചോദിച്ചു. നീ എന്താ ഇങ്ങിനെ ആയത്? ഭാര്യ ഒരു തടവുകാരി അല്ല എന്ന് ഓര്‍ക്കണം. ഉടനെ അവന്‍ പറഞ്ഞു. നീ അവളെ കാണുമ്പോള്‍ പറയണം. അവള്‍ ഒരു കന്യക സ്ത്രീ അല്ല. എന്‍റെ ഭാര്യയാകാന്‍ ദൈവം അയച്ചവള്‍ ആണ് എന്ന സത്യം മറക്കരുത്. അത് കൊണ്ട് ഒരു ഭാര്യയായി ജീവിക്കാന്‍ ശ്രമിക്കുക. അയാള്‍ തുടര്‍ന്നു. അവള്‍ക്ക് പ്രാര്‍ത്ഥനാ ഗ്രൂപ്പും പള്ളിയും കഴിഞ്ഞാണ് വീട്. കുഴപ്പമില്ല. പക്ഷെ ദൈവം തന്ന രണ്ടു കുട്ടികള്‍ ഉണ്ട്. അവരെ വളര്‍ത്താന്‍ ദൈവം വിളിച്ച അവള്‍ ഉത്തരവാദിത്വം മറക്കുന്നു, ഒളിച്ചോടുന്നു. ദാമ്പത്യ ധര്‍മ്മം നിറവേറ്റാന്‍ അവള്‍ക്കു താല്പര്യം ഇല്ല. അത് വിശുദ്ധി നഷ്ട്പെടുത്തും എന്ന് അവള്‍ കരുതുന്നു.

ജീവിതത്തില്‍, വിളിക്കപെട്ടിരിക്കുന്ന ജീവിത അന്തസ്സിന്റെ പ്രാധാന്യം മറന്നു പോയ അവസ്ഥ. ബൈബിള്‍ പറയുന്നു. " കപട നാട്യക്കാരായ നിയമന്ജരേ, ഫരിസേയരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ ,ജീരകം എന്നിവയ്ക്കു ദശാoശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം , വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. (മത്തായി 23 :23) ഇന്ന് നീ ചിന്തിക്കുക. ദൈവം നിന്നെ വിളിച്ചിരിക്കുന്നത് എന്തിനു വേണ്ടിയാണ്.

പ്രിയമുള്ളവരേ നിയമം അനുശാസിക്കുന്നത് വിളിക്കൊത്ത ജീവിതമാണ്‌.ബൈബിള്‍ പറയുന്നു. "അതു കൊണ്ട് സഹോദരരെ , ഏതു അവസ്ഥയില്‍ നിങ്ങള്‍ വിളിക്കപെട്ടുവോ ആ അവസ്ഥയില്‍ ദൈവത്തോടോത്ത് നില്നില്ക്കുവിന്‍. ( 1കോറിന്തോസ് 7:24) നിങ്ങള്‍ ഒരു വൈദികന്‍ ആണെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ആ ജീവിതം നയിക്കുക. നിങ്ങള്‍ ഒരു കന്യക സ്ത്രീ ആണെങ്കില്‍ അതിനു അനുയോജ്യമായി ജീവിക്കുക. നിങ്ങള്‍ ഒരു വിവാഹ ജീവിതത്തില്‍ ആണെങ്കില്‍ നിങ്ങള്‍ ആ വിളിക്ക് അനുസരിച്ച് ജീവിക്കുക. നിങ്ങളുടെ വിളിയെ മറന്ന് നിങ്ങള്‍ പോകുകയാണെങ്കില്‍ കര്‍ത്താവു നിങ്ങളെ വിളിക്കുന്നത്‌ വെള്ളയടിച്ച കുഴിമാടങ്ങളെ എന്നാണ്. നിങ്ങളുടെ കപടത ദൈവം അറിയുന്നു.

സന്യസ്ഥ ജീവിതം ഒരു വിളിയാണ്. അവരുടെ ജീവിതം വിവാഹിതര്‍ നയിക്കേണ്ടതില്ല. പരസ്പരം താങ്ങും തണലും ആകെണ്ടവര്‍ ആണ് വിവാഹിതര്‍. എന്നാല്‍ പൗലോസ്‌ ശ്ലീഹ പറയുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പര സമ്മതത്തോടെ ഒരു വിശുദ്ധ ജീവിതം നയിക്കാവുന്നതാണ്. ജീവിത പങ്കാളിയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പോകുന്ന ജീവിതങ്ങളും, സഭയെ മറന്ന്. സമ്പത്തിനു പുറകെ പരക്കം പാഞ്ഞുള്ള സന്യസ്ഥ ജീവിതങ്ങളും കപടമാണ്. വിളിക്കപെട്ടവര്‍ ആ അവസ്ഥ മറന്നു ജീവിച്ചാല്‍ അത് വലിയ പാപമാണ്.

പ്രാര്‍ത്ഥന.

കര്‍ത്താവെ, നീ ഞങ്ങള്‍ക്കായി തിരഞ്ഞെടുത്ത ജീവിത അന്തസ്സിലെ എല്ലാ ഉത്തരവാദിത്വം നിറവേറ്റി ജീവിക്കാനുള്ള കൃപ ഞങ്ങള്‍ക്ക് നല്കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍