Thursday, 6 March 2014

തിന്മ ഭവിക്കാത്ത ശാപങ്ങള്‍

"പാറിപ്പറക്കുന്ന കുരുവിയും തെന്നിപറക്കുന്ന മീവല്‍ പക്ഷിയും എങ്ങും തങ്ങാത്തത് പോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല. "( സുഭാഷിതങ്ങള്‍ 26:2)

ഒരിക്കല്‍ ഒരു സഹോദരന്‍ പറഞ്ഞു. ഞാന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നു. എന്‍റെ മാതാ പിതാക്കളുടെ നിര്‍ബന്ധവും, മറ്റു ചില സാഹചര്യങ്ങള്‍ നിമിത്തവും എനിക്ക് ആ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ അവളെ പ്രണയിച്ചത് അവളെ വിവാഹം കഴിക്കണമെന്നു ആഗ്രഹിച്ച് തന്നെയാണ്. എന്നാല്‍ എപ്പോഴാണോ അത് സാധിക്കില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ നിമിഷം ഞാന്‍ അവളെ അത് അറിയിച്ചു. അന്ന് അവള്‍ ഒരുപാടു കരഞ്ഞു കൊണ്ട് പറഞ്ഞു. ഞാന്‍ നിങ്ങളെ ശപിക്കുകയാണ്. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ എന്നെ ഓര്‍ത്തു കരയുന്ന ദിവസങ്ങള്‍ വരും. അന്ന് നിങ്ങളെ ആശ്വസിപ്പിക്കാന്‍ എനിക്ക് കഴിയില്ല.

അന്ന് മുതല്‍ എനിക്ക് അസ്വസ്ഥത ആണ്. എന്‍റെജീവിതത്തെ കുറിച്ചോര്‍ത്തു ഞാന്‍ ആകുല പെടുന്നു. ദൈവം എന്നെ ശിക്ഷിക്കുമോ? ഞാന്‍ ആ സഹോദരനോട് ചോദിച്ചു? വിവാഹം കഴിക്കണം എന്ന ഉത്തമ ബോധ്യത്തില്‍ നിങ്ങള്‍ പ്രണയിച്ചതിനപ്പുറം വിവാഹം എന്ന കുദാശയെ മലിനപെടുത്തുന്ന എന്തെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ? അവന്‍ മറുപടി പറഞ്ഞു. ഒരിക്കലും ഇല്ല. ദൈവ തിരുമുന്‍പില്‍ ഞാന്‍ ആ പെണ്‍കുട്ടിയെ കളങ്ക പെടുത്തിയിട്ടില്ല. ബൈബിള്‍ പറയുന്നു. പാറിപ്പറക്കുന്ന കുരുവിയും തെന്നിപറക്കുന്ന മീവല്‍ പക്ഷിയും എങ്ങും തങ്ങാത്തത് പോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല

നമ്മുടെ ജീവിതത്തില്‍ നമ്മള്‍ അറിയാതെ സംഭവിക്കുന്ന തിന്മകള്‍ ഉണ്ട്. അറിഞ്ഞു കൊണ്ട് അല്ലാതെ സംഭവിക്കുന്ന പാപങ്ങള്‍, അതിന്‍റെ പേരില്‍ നമ്മുക്ക് ഏല്‍ക്കുന്ന ശാപങ്ങള്‍ നമ്മെ ബാധിക്കുകയില്ല. കാരണം പരിശുദ്ധനായവന്‍ ഹൃദയത്തെ പരിശോധിച്ച് കുറ്റം ആരോപിക്കുന്നവന്‍ ആണ്. ബൈബിളില്‍ ഒരു സംഭവം പറയുന്നുണ്ട്. ഇസ്രയേല്‍ ജനത്തെ ശപിക്കുവാന്‍ ബാലാം പ്രവാചകനെ ബാലാക്ക് രാജാവ്‌ നിയോഗിക്കുകയാണ്. എന്നാല്‍ ദൈവം പ്രവാചകനെ അതില്‍ നിന്ന് തടഞ്ഞ് ജനത്തെ അനുഗ്രഹിക്കുന്നു. 'ദൈവം ബാലാമിനോട് അരുളിച്ചെയ്തു: നീ അവരോടു കൂടെ പോകരുത് ആ ജനത്തെ ശപിക്കയുമരുത്. എന്തെന്നാല്‍ അവര്‍ അനുഗ്രഹീതരാണ്( സംഖ്യ 22:12)

ദൈവത്തിന്‍റെ അനുഗ്രഹീത ജനതയ്ക്ക് ശാപം ഏല്‍ക്കുകയില്ല. അവനെ സകല വിധ ശാപങ്ങളില്‍ നിന്നും ദൈവം കാത്തു കൊള്ളും. ബാലാം ദൈവം പറഞ്ഞത് അനുസരിക്കാതെ രാജാവിനോട് ഒത്തു പോകുന്നു. എന്നാല്‍ ഇസ്രയേല്‍ ജനത്തെ ശപിക്കുന്നതില്‍ നിന്ന് ദൈവം അവനെ തടയുന്നു. ആ ശാപത്തെ ദൈവം അനുഗ്രഹമാക്കി മാറ്റുന്നു. ദൈവ തിരുമുന്‍പില്‍ നിന്നെ കുറിച്ചോര്‍ത്തു ആരെങ്കിലും വിലപിച്ചാല്‍ അവരുടെ കണ്ണു നീരിനു നീ ഉത്തരവാദിത്വം പറയണം. എന്നാല്‍ നീ ഉത്തമ ബോധ്യത്തോടും നന്മയോടും കൂടെ ചെയ്ത ഒരു പ്രവര്‍ത്തിയുടെ പേരില്‍ നിനക്ക് ശാപം നല്കപെട്ടാല്‍ ആ ശാപത്തെ ദൈവം അനുഗ്രഹമാക്കി മാറ്റും. ആയതിനാല്‍ മനുഷ്യരുടെ ശാപങ്ങളെ നിങ്ങള്‍ ഭയപെടരുത്. മറിച്ച് ദൈവ തിരുമുന്‍പില്‍ കുറ്റമറ്റവനായിരിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കും

പ്രാര്‍ത്ഥന


കുരിശു മരണത്തിലൂടെ ഭൂമിയിലെ മനുഷ്യര്‍ക്ക് സര്‍വ്വ ബന്ധനങ്ങളില്‍ നിന്നും മുക്തി നല്‍കിയ ദിവ്യ നാഥാ, എന്‍റെ ജീവിതത്തില്‍ ആരെങ്കിലും എന്‍റെ പ്രവര്‍ത്തികളില്‍ അല്ലെങ്കില്‍ വാക്കുകള്‍ മൂലം വേദനിച്ചതു കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ബന്ധനങ്ങള്‍, എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടുണ്ടെങ്കില്‍ ഈശോയെ ഞാന്‍ വേദനിപ്പിച്ച ആ വ്യക്തിയോട് ഈ നിമിഷത്തില്‍ ഞാന്‍ ക്ഷമ യാചിക്കുന്നു. എന്നെ വിടുതല്‍ നല്‍കി അനുഗ്രഹിക്കണമേ, തിരുകച്ചയുടെ സംരക്ഷണം നല്‍കേണമേ, ആമേന്‍.

No comments:

Post a Comment