Thursday, 6 March 2014

രക്ഷാകരമായ സഹനം ദൈവിക മഹത്വത്തിലേക്കുള്ള പാത





"യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു. ( ലൂക്കാ 23:46)"

"സഹോദരാ, ദൈവം മരിച്ചിരിക്കുന്നു. ഒരുപാടു കാലം പ്രാര്‍ത്ഥിച്ച്, വിശ്വസിച്ച്, പ്രഘോഷിച്ച ക്രിസ്തു മരിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ എന്‍റെ ജീവിതത്തില്‍ ഇത് സംഭവിക്കുമായിരുന്നു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇനി ഞാന്‍ പ്രാര്‍ത്ഥിക്കുകയില്ല. ക്രിസ്തു മരിച്ചിരിക്കുന്നു. അല്ലെങ്കില്‍ മനുഷ്യന്‍റെ ദുഖങ്ങള്‍ കാണാത്ത വിധത്തില്‍ അന്ധനായ ഒരു ദൈവമാണ് നമ്മുടെ ദൈവം." തന്‍റെ മകന്‍ രോഗകിടക്കയില്‍ വേദന കൊണ്ട് പുളയുമ്പോള്‍ സങ്കടം സഹിക്കാനാവാതെ ആ അമ്മ പൊട്ടി തെറിച്ചു.

ലോകത്തെ വീണ്ടെടുക്കുവാന്‍ ക്രിസ്തു കുരിശില്‍ മരിച്ചു. മനുഷ്യനായി അവതരിച്ച്, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്, ലോക പാപങ്ങള്‍ക്ക്‌ പരിഹാരമായി അവന്‍ കുരിശില്‍ ഒരു ബലി ആയി തീര്‍ന്നു. വേദനയുടെ പാരമ്യത്തില്‍ ഉച്ചത്തില്‍ ക്രിസ്തു നിലവിളിക്കുകയാണ്. പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ക്രിസ്തു നിലവിളിച്ചു കൊണ്ടാണ് ജീവന്‍ വെടിയുന്നത്. എന്നാല്‍ അപ്പോഴും ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിക്കുന്നു. ജീവിതത്തില്‍ തിക്താനുഭവങ്ങള്‍ നേരിടുമ്പോള്‍ നാം എന്താണ് ചെയ്യുക. ദൈവ പദ്ധതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങും. എന്നാല്‍ ക്രിസ്തു നമ്മുക്ക് നല്‍കുന്ന മാത്രക വിനയപൂര്‍വ്വം ദൈവ പദ്ധതിയെ സ്വീകരിക്കുക എന്നതാണ്. ഗദ്സെമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തു പറയുന്നത്, എന്‍റെ ഹിതമല്ല നിന്‍റെ ഹിതം നിറവേറണം എന്നാണ്.

പഴയ നിയമത്തില്‍ ദാവിദ് രാജാവിന്‍റെ ജീവിതത്തിലെ ഒരു സംഭവം പറയുന്നുണ്ട്. ബെത്ഷബായുമായി പാപം ചെയ്ത രാജാവിന്‌ ആ ബന്ധത്തില്‍ പിറന്ന മകന്‍ നഷ്ടപെടും എന്ന് അറിഞ്ഞ് തമ്പുരാന്‍റെ കാരുണ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. എന്നാല്‍ മകന്‍ മരിക്കുന്നു, മരണം ഉണ്ടാകും വരെ പ്രാര്‍ത്ഥനയുടെ നെറുകയില്‍ നിന്ന് മകന് വേണ്ടി പ്രാര്‍ത്ഥിച്ച ദാവിദ് കുഞ്ഞു മരിച്ചു എന്ന് അറിയുമ്പോള്‍ ദൈവവും ആയി കലഹിക്കുന്നില്ല. മറിച്ച് ദൈവ പദ്ധതിയെ അംഗീകരിക്കുകയാണ്.ദൈവ പദ്ധതികളെ ചോദ്യം ചെയ്യാന്‍ നമ്മുക്ക് അവകാശം ഇല്ലെന്നു ജോബിന്‍റെ പുസ്തകത്തിലൂടെ കര്‍ത്താവു പറയുന്നുണ്ട്.

സഹനം ശിക്ഷയല്ല. ദൈവ പദ്ധതിയോട് ചേര്‍ന്ന് നിന്ന് സഹനം ഏറ്റു വാങ്ങിയാല്‍ നന്മ ഉണ്ടാകും. കുരിശില്‍ മരിച്ച ക്രിസ്തു മൂന്നാം ദിവസം ജയ സന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നേറ്റു. ദാവിദ് വീണ്ടും ബെത്ഷേബയെ പ്രാപിച്ചു, അവര്‍ക്ക് ലോകമെങ്ങും അറിയപെട്ട സോളമന്‍ എന്ന മകന്‍ ഉണ്ടായി. പിന്നെയും ജോബ്‌ സഹനത്തെ സ്വീകരിച്ചപ്പോള്‍ ദൈവം അവനു എല്ലാ ഐശ്വര്യങ്ങളും മടക്കി നല്‍കി. ദൈവത്തോട് ചേര്‍ന്ന് നിന്ന് സഹനം അനുഭവിച്ചവര്‍ക്ക് ദൈവം അവന്‍റെ മഹ്വത്തത്തില്‍ പങ്കാളിത്തം നല്‍കുന്നു.

സഹനം ദൈവികമായ പദ്ധതിയില്‍ സംഭവിക്കുന്നത്‌ തന്നെ ആകണമെന്നില്ല. നമ്മുടെ പാപത്തിന്‍റെ ശിക്ഷയായി വരുന്ന സഹനങ്ങളും ഉണ്ട്. എന്നാല്‍ നല്ല കള്ളന്‍റെ പറുധീസ വാഗ്ദാനം വഴി കര്‍ത്താവ് തരുന്ന സന്ദേശം പാപത്തിന്‍റെ ഫലമായി വന്ന സഹനം ആണെങ്കിലും മാനസാന്ദരപെട്ട് ദൈവത്തോട് ചേര്‍ന്ന് നിന്നാല്‍ ദൈവം അത് നിനക്ക് അനുഗ്രഹത്തിന്‍റെ കാലയളവ്‌ ആക്കി തീര്‍ക്കും. വലിയ നോയമ്പ് കാലം കുരിശിനെ പറ്റിയുള്ള ഓര്‍മ്മകളുടെ കാലമാണ്. ജീവിതത്തില്‍ കുരിശിന്‍റെ വഴികളിലൂടെ പോകുമ്പോള്‍ നാം ദൈവത്തെ തള്ളി പറയാറുണ്ട്.അല്ലെങ്കില്‍ ദൈവം എവിടെ എന്ന് ചോദിച്ചു പോവാറുണ്ട്. ഓര്‍ക്കുക ദൈവം നിന്നെ താങ്ങുന്നു. നിന്‍റെ സഹനം അവിടുന്ന് നിന്‍റെ മഹ്വത്വത്തിനു കാരണമാക്കും.

പ്രാര്‍ത്ഥന

കുരിശു മരണത്തിലൂടെ ലോകത്തെ വീണ്ടെടുത്ത ദിവ്യ നാഥാ,ജീവിതത്തില്‍ കുരിശിന്‍റെ വഴികളിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും ഞങ്ങള്‍ ക്രൂശിതനെ മറന്നു പോകുന്നു. നിരാശപെട്ടു ജീവിതം മടുത്ത് ഞങ്ങള്‍ തകര്‍ന്നുപോകുന്നു. ഓ, ദിവ്യ നാഥാ അങ്ങയുടെ കരുണയുള്ള കരത്തിന്റെ സംരക്ഷണം ഞങ്ങള്‍ക്ക് നല്കണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ, എന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു,ആമേന്‍

No comments:

Post a Comment