Tuesday, 25 March 2014

ദൈവത്തെ കാണാന്‍

"സ്വര്‍ഗ്ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല." ( സങ്കീര്‍ത്തനങ്ങള്‍ 73:25)

ഗുരുവും ശിഷ്യനും യാത്ര ചെയ്യുകയായിരുന്നു. ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു. അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ? ഗുരു പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. അവിടുത്തെ കരുതല്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ശിഷ്യന്‍ ഒന്നും മിണ്ടിയില്ല. എങ്കിലും അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവന്‍ ദുഖിതനായി കാണപെട്ടു. പിന്നെയും അവന്‍ ചോദിച്ചു. ഗുരോ, എന്ത് കൊണ്ടാണ് എനിക്ക് ദൈവത്തെ കാണുവാന്‍ സാധികാത്തത്. എത്രയോ വര്‍ഷങ്ങളായി ഞാന്‍ അങ്ങയെ അനുഗമിക്കുന്നു. എനിക്ക് ദൈവത്തെ കാണുവാന്‍ സധിച്ചിട്ടില്ലല്ലോ.

ഗുരു പറഞ്ഞു. മകനേ, ദൈവം അരൂപിയാണ്. അവിടുന്ന് നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിക്കുന്നു. നിന്‍റെ അകകണ്ണ്‍ തുറക്കുക നിനക്ക് ഇന്ന് ദൈവത്തെ കാണുവാന്‍ സാധിക്കും. അവര്‍ യാത്ര തുടര്‍ന്നു. വേനല്‍ കാലമായതിനാല്‍, ചൂട് കൂടി വന്നു. ഗുരുവും ശിഷ്യനും ദാഹിച്ചു വലഞ്ഞു. അവസാനം അവര്‍ ഒരു കിണറ്റിന്‍ കരയിലെത്തി. അവിടെ ഒരു സ്ത്രീ വെള്ളം കോരുന്നുണ്ടായിരുന്നു. ഗുരു ചോദിച്ചു. ഞങ്ങള്‍ക്ക് കുറച്ചു വെള്ളം തരുമോ? ആ സഹോദരി അവര്‍ക്ക് വെള്ളം നല്‍കി. യാത്ര തുടര്‍ന്നു. വൈകുന്നേരം വിശ്രമിക്കുമ്പോള്‍ ഗുരു ചോദിച്ചു. മകനെ നീ ദൈവത്തെ കണ്ടുവോ?

ശിഷ്യന്‍ വേദനയോടെ പറഞ്ഞു. അങ്ങ് എന്‍റെ കൂടെ ഉണ്ടായിരുന്നല്ലോ. ഞാന്‍ ദൈവത്തെ കണ്ടില്ല. എന്‍റെ മുന്നില്‍ പ്രത്യക്ഷപെടാതെ അവന്‍ മറഞ്ഞിരിക്കുന്നു. ഗുരു പുഞ്ചിരിയോടെ പറഞ്ഞു. നിനക്ക് ദാഹിച്ചപ്പോള്‍ വെള്ളം തരാന്‍ കിണറിന്റെ കരയില്‍ തന്‍റെ അഗാധമായ കരുണയുമായി കാത്തു നിന്ന ആ സ്ത്രീയെ നീ കണ്ടുവോ? അവരുടെ കണ്ണുകളില്‍ ഞാന്‍ ദൈവത്തെ കണ്ടു. എന്ത് കൊണ്ടാണ് നീ അവരുടെ കണ്ണുകളില്‍ ദൈവത്തെ കാണാതെ പോയത്. നാം എല്ലാം സങ്കടപെടാറുണ്ട്. ദൈവം മറഞ്ഞിരിക്കുന്നു. എന്നാല്‍ നിന്‍റെ വഴികളില്‍ നിന്നെ താങ്ങുന്ന ദൈവത്തെ കാണുവാന്‍ നിനക്ക് കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്?

ഇസ്രയേല്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ദൈവം പകല്‍ മേഘരൂപത്തിലും, രാത്രി ദീപ സ്തംഭം യും ആണ് അവരെ നയിച്ചത്. നോക്കുക, തന്‍റെ ജനത്തെ നയിക്കുവാന്‍ ദൈവം അവരുടെ ആവശ്യങ്ങള്‍ നിറവേറുന്ന വിധത്തില്‍ എഴുന്നുള്ളി വരുന്നു. ഇന്ന് ഒരു ദിവസം ഞാന്‍ ദൈവത്തെ കണ്ടു മുട്ടിയോ എന്ന് നാം ഓരോരുത്തരും ചിന്തിക്കണം. നാം ദൈവത്തെ കണ്ടു മുട്ടിയില്ല എങ്കില്‍ നമ്മെ കണ്ട ആരെങ്കിലും ദൈവത്തെ കണ്ടുവോ എന്ന് കൂടി നാം ചിന്തിക്കണം. നിന്‍റെ ഉള്ളില്‍ ക്രിസ്തു ഉണ്ടെങ്കില്‍ ആ ക്രിസ്തുവിനെ മറ്റുള്ളവര്‍ കാണണം. അപ്പോഴാണ് ക്രിസ്ത്യാനി യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനോട് കൂടെ ജീവിക്കുക.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങളെ കാണുന്നവര്‍ക്ക് ദൈവത്തെ കാണുവാന്‍ കഴിയുന്ന വിധത്തില്‍ ഞങ്ങളുടെ ജീവിതങ്ങളെ അങ്ങ് രൂപാന്തരപെടുതേണമേ. ഞങ്ങളെ എന്നും ദൈവത്തെ കാണുന്നവരായിതീരുവാന്‍ അനുഗ്രഹിക്കണമേ,ആമേന്‍
photo: Kamrudheen

No comments:

Post a Comment