Saturday, 15 March 2014

പരിശീലനം നല്‍കുന്ന ദൈവം

അതാ, എന്‍റെ പ്രിയന്‍റെ സ്വരം!അതാ മല മുകളിലൂടെ കുതിച്ചു ചാടിയും കുന്നുകളില്‍ തുള്ളി ചാടിയും അവന്‍ വരുന്നു. ( ഉത്തമ ഗീതം 2:8)

മനസ് ശൂന്യമാകുന്ന ചില നിമിഷങ്ങളുണ്ട്‌. വേദനയുടെ ഒരു നിമിഷത്തില്‍ ദൈവം എന്നെ ഉപേക്ഷിച്ചുവോ എന്ന് നാം ചിന്തിച്ചു പോകുന്ന നിമിഷങ്ങള്‍. എന്നാല്‍ ദൈവം തന്‍റെ തിരഞ്ഞെടുക്കപെട്ടവരെ തന്നോട് ചേര്‍ത്ത് പിടിക്കുന്നു. അവരെ വഴി നടത്തുന്നു. നാം എല്ലാം പ്രാര്‍ത്ഥിക്കുന്നത് നന്മ വരുത്തണം എന്ന് മാത്രമാണ്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ദൈവം എത്രയോ നന്മകള്‍ ചൊരിഞ്ഞു. പലപ്പോഴും അത് തിരിച്ചറിയാതെ ജീവിതത്തിലെ ഒരു സഹനത്തിന്റെ നിമിഷത്തില്‍ നാം ദൈവ പരിപാലനയെ നിഷേധിക്കുന്നു.

ഒരിക്കല്‍ ഒരു അമ്മ കിളി കുഞ്ഞിനെ പറക്കാന്‍ പഠിപ്പിക്കുകയായിരുന്നു. അമ്മ കുഞ്ഞിനെ പുറത്തു കയറ്റി ആകാശത്തേക്ക് പോയി. എന്നിട്ട് അതിനെ ചിറകു കുടഞ്ഞെറിഞ്ഞു. കുഞ്ഞു മരണം മുന്‍പില്‍ കണ്ടു കുഴഞ്ഞ ചിറകുമായി താഴേക്ക്‌ പതിക്കുമ്പോള്‍ അമ്മ കുഞ്ഞിനെ താങ്ങി എടുത്തു. പിന്നെയും പറന്നു. അന്ന് കൂട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞു അമ്മയോട് പറഞ്ഞു. ഈ ഭൂമിയില്‍ എനിക്ക് ഇനി നിങ്ങളെ കാണണ്ട. ഞാന്‍ വെറുക്കുന്നു. നിങ്ങള്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചു. അപ്പോള്‍ ഈ അമ്മ പറഞ്ഞു. കുഞ്ഞേ, നീ ഒരിക്കലും മരിക്കാതെ ഇരിക്കാന്‍ ഞാന്‍ നിന്നെ ജീവിക്കാന്‍ പഠിപ്പിക്കുക ആയിരുന്നു.

നമ്മുടെ ജീവിതങ്ങളും ദൈവം ചിലപ്പോള്‍ ഒന്ന് കുലുക്കും. താഴെ വീഴാതെ അവിടുന്ന് നമ്മെ കാത്തു കൊള്ളും. നമ്മള്‍ സുരക്ഷിതര്‍ ആണ് എന്ന് കരുതുന്ന ചില്ലകള്‍ നമ്മുക്ക് ഒരിക്കലും നന്മയായി ഭവിക്കില്ല എന്ന് ദൈവത്തിന് അറിയാം. അത് കൊണ്ടാണ്, നമ്മുടെ ജീവിതത്തില്‍ പ്രതി സന്ധികള്‍ കടന്നു വരുന്നത്. നിനക്ക് താങ്ങാന്‍ ആകാത്ത പ്രതി ബന്ധങ്ങളിലൂടെ അവിടുന്ന് നിന്നെ നയിക്കുന്നില്ല. ഒരു പക്ഷി തന്‍റെ കുഞ്ഞിനെ കരുതുന്ന സ്നേഹത്തോടെ അവിടുന്ന് നമ്മെ താങ്ങി എടുക്കും.

ജീവിതത്തില്‍ പ്രതി സന്ധികള്‍ ഉണ്ടാകുമ്പോള്‍ നാം എന്താണ് ചെയ്യുക. നമ്മള്‍ പരാതി പറയുന്നു. ദൈവം എന്നെ ഉപേക്ഷിച്ചിരിക്കുന്നു. അവിടുന്ന് എന്നെ നയിക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ ദൈവം നമ്മെ കൂടുതല്‍ നന്മകള്‍ നേടുവാന്‍ പരിശീലിപ്പിക്കുന്നു എന്ന സത്യം നാം മറന്നു പോകുന്നു. ബൈബിളില്‍ കര്‍ത്താവു പറയുന്നു. എനിക്ക് നിന്നെ കുറിച്ച് ഒരു പദ്ധതി ഉണ്ട്. അത് നിന്‍റെ നാശത്തിനുള്ളതല്ല. മറിച്ചു ക്ഷേമത്തിനും നന്മയ്ക്കും ഉള്ള പദ്ധതി ആണ്. ദൈവം നമ്മെ കരുതുന്നു എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ നമ്മുക്ക് നന്മ ഉണ്ടാകും. നാം ദൈവത്തിങ്കലേക്കു കൂടുതല്‍ അടുക്കും.

പ്രാര്‍ത്ഥന

നന്മ സ്വരൂപനായ ദൈവമേ നിന്നില്‍ ആശ്രയിച്ച്, നിന്‍റെ പദ്ധതികളില്‍ വിശ്വസിച്ച് ജീവിക്കുവാനുള്ള കൃപാ വരം നീ എനിക്ക് എകണം എന്ന് അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു. ആമേന്‍


No comments:

Post a Comment