Tuesday, 25 February 2014

ദൈവം കേള്‍ക്കാത്ത പ്രാര്‍ത്ഥന .........?

ഞാന്‍ വിളിച്ചപേക്ഷിചിട്ട് അവിടുന്ന് ഉത്തരമരുളിയാലും അവിടുന്ന് എന്‍റെ ശബ്ദം ശ്രവിക്കുകയായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുകയില്ല. എന്തെന്നാല്‍ കൊടുങ്കാറ്റയച്ച് അവിടുന്ന് എന്നെ തകര്‍ക്കുന്നു. അകാരണമായി എന്‍റെ മുറിവുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ( ജോബ്‌ 9: 16-17)

നീതിമാനായ ജോബ്‌ സഹന അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍, വേദനയാല്‍ പുളഞ്ഞു കൊണ്ട് പറയുകയാണ്. ദൈവം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം എന്നെ സംരക്ഷിക്കുന്ന ദൈവം ഇപ്പോള്‍ എനിക്ക് സഹനം തരുന്നു. ദൈവം ക്രൂരമായി പെരുമാറുന്നു. ഉടനെ ദൈവം പറയുന്നു. ഞാന്‍ ദൈവമാണ്. " ഞാന്‍ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്ക്അറിയാമെങ്കില്‍ പറയുക." (ജോബ്‌ 37:4) പിന്നെയും ദൈവം ജോബിനെ ചോദ്യം ചെയ്യുകയാണ്. നീ പറയുന്നു. നിന്‍റെ ജീവിതത്തില്‍ നിന്ന് ഞാന്‍ മാറി നില്‍ക്കുന്നു, എന്നാല്‍ നിനക്ക് പ്രകൃതിയിലെ ചെറിയ കാര്യങ്ങള്‍ പോലും അറിയില്ല. അപ്പോള്‍ ദൈവത്തെ ചോദ്യം ചെയ്യാന്‍ നീ ആരാണ്?

ദൈവ പരിപാലനയെ ഒരു നിമിഷത്തേക്ക് ചോദ്യം ചെയ്ത ജോബ്‌ അവസാനം പറയുകയാണ്. ദൈവമേ നിന്നെ ചോദ്യം ചെയ്തതിനാല്‍ ഞാന്‍ എന്നെ തന്നെ വെറുക്കുന്നു. പൊടിയിലും ചാരത്തിലും കിടന്നു ഞാന്‍ പശ്ചാത്തപിക്കുന്നു. എന്നോട് നീ ക്ഷമിക്കേണമേ. ആ നിമിഷത്തില്‍ ദൈവം ജോബിനെ അനുഗ്രഹിക്കുകയാണ്. അവനു എല്ലാ നന്മകളും ദൈവം മടക്കി നല്‍കുന്നു. ജോബിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്‌ ദൈവഹിതത്തെ ചോദ്യം ചെയ്യാന്‍ മനുഷ്യനു അവകാശം ഇല്ല എന്നതാണ്. ദൈവം എന്ത് കൊണ്ട് ഇങ്ങിനെ പ്രവര്‍ത്തിച്ചു എന്നത് മനുഷ്യനു അന്ജത്മായ കാര്യമാണ്.

നമ്മുടെ ജീവിതത്തില്‍ നാം ചിന്തിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കാതെ പോകുന്നത്. എന്നാല്‍ സത്യം എന്താണ്? ദൈവം നിന്‍റെ പ്രാര്‍ത്ഥനകളും വേദനകളും കാണുന്നു. എന്നാല്‍ നിന്നെ കുറിച്ചുള്ള ദൈവത്തിന്‍റെ ഹിതമാണ് നിന്‍റെ ജീവിതത്തില്‍ നിറവേറപെടെണ്ടത്. ഭൂമിയില്‍ നിനക്ക് ദൈവം ഒരു ഇടം തന്നിട്ടുണ്ട്. ഒരു ചുമതല തന്നിട്ടുണ്ട്. അത് നീ നിറവേറ്റുക. ചിലപ്പോള്‍ നമ്മുക്ക് പ്രതി സന്ധികള്‍ നേരിടും. അപ്പോള്‍ നാം ചിന്തിച്ചേക്കാം എന്ത് കൊണ്ടാണ് നമ്മുടെ ജീവിതത്തില്‍ ദൈവം ദുരന്തങ്ങള്‍ മാത്രം നല്കുന്നു. എന്നാല്‍ ദൈവം നല്‍കിയ അനുഗ്രഹങ്ങളെ നീ മറന്നു പോകുന്നു. ഓരോ മനുഷ്യനും ഓരോ ദിവസവും, ഓരോ മണിക്കൂറിലും ഓരോ മിനിറ്റിലും ഓരോ നിമിഷവും ദൈവ പരിപാലന അനുഭവിക്കുന്നു.

നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തോട് പറയണം നിന്‍റെ ഹിതം എന്‍റെ ജീവിതത്തില്‍ നിറവേറണം. കുഞ്ഞുങ്ങള്‍ വിഷം വച്ചിരിക്കുന്ന പാത്രത്തിനു വേണ്ടി വാശി പിടിച്ചു കരയുമ്പോള്‍ കുഞ്ഞിനെ സ്നേഹിക്കുന്ന ആരും അത് അവര്‍ക്ക് നല്‍കില്ല. കാരണം അത് ആ കുഞ്ഞിനെ നശിപ്പിക്കും എന്ന് മുതിര്‍ന്നവര്‍ക്ക് അറിയാം. ദൈവത്തിന്‍റെ മുന്‍പില്‍ നമ്മള്‍ അറിവില്ലാത്ത പൈതങ്ങള്‍ ആണ്. അവിടുത്തെ പദ്ധതി എന്താണെന്നു നമ്മുക്ക് അറിഞ്ഞു കൂടാ. അത് നമ്മെ സ്നേഹിക്കുന്ന ദൈവം നമ്മുക്ക് വേണ്ടി കരുതുന്ന വാത്സല്യമാണ്. ആയതു കൊണ്ട് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിച്ചില്ല എന്നോര്‍ത്ത് നിരാശപെടരുത്, തളരരുത്. ദൈവം നിന്‍റെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കുന്നു. നിനക്ക് നന്മയായുള്ള ഉത്തരങ്ങള്‍ നല്‍കുന്നു.

പ്രാര്‍ത്ഥന

പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുന്ന കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍ ഓരോ നിമിഷവും നീ നല്‍കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നവര്‍ ആകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

No comments:

Post a Comment