Tuesday, 25 February 2014

ദൈവികജ്ഞാനം

"തന്നെ സൃഷ്ടിക്കുകയും പ്രവര്‍ത്തനനിരതമായ ആത്മാവിനാല്‍ പ്രചോദിപ്പിക്കുകയും ജീവ ചൈതന്യത്തെ തന്നിലേക്കു പ്രവേശിപ്പിക്കുകയും ചെയ്ത ദൈവത്തെ അറിയാന്‍ അവന്‍ വിസമ്മതിച്ചു.(ജ്ഞാനം 15:11)"

ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഏറ്റവും അനിവാര്യം ആയ ഒരു ഘടകമാണ് ദൈവത്തെ അറിഞ്ഞു അവിടുത്തെ ഹിതം അനുസരിച്ച് ജീവിക്കുക. ഭൂമിയില്‍ ആദ്യം സംഭവിച്ച ഒരു പാപം എന്നു പറയുന്നത് ആദാമിന്റെ പാപം ആണ്. ദൈവം നല്‍കിയ കല്പന മനുഷ്യന്‍ ലംഗിക്കുന്നു. ദൈവത്തിന്‍റെ ഹിതത്തിനു എതിരായി അവന്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യന്‍ ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ തിന്മ കടന്നു വരുന്നു. തകര്‍ച്ച ഉണ്ടാകുന്നു. മനുഷ്യ ജീവിതം ശപിക്കപെട്ടതാകുന്നു

ഒരു 19 കാരിയുടെ കഥ ലോകം ചൂടോടെ ചര്‍ച്ചചെയ്യുകയാണ്‌. പത്തൊമ്പതു വയസ്സിനിടെ 22 കൊലപാതകങ്ങള്‍ നടത്തിയ അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ മിരാന്‍ഡ എന്ന സുന്ദരി ലോകത്തിന്‌ അത്ഭുതമാണ്‌. മിരാന്‍ഡയോട്‌ പോലീസ്‌ വിശദീകരണം ചോദിച്ചപ്പോള്‍ എണ്ണി തിട്ടപ്പെടുത്താന്‍ വയ്യാത്തതിനാല്‍ നിര്‍ത്തി എന്നായിരുന്നു മറുപടി. ട്രോയ്‌ ലാഫെരേര എന്ന വ്യക്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ മിറാന്‍ഡയെയും പുതിയ ഭര്‍ത്താവിനെയും അറസ്റ്റ്‌ ചെയ്‌തത്‌. ആ കേസുമായി ബന്ധപ്പെട്ട്‌ ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തായത്‌. കൊലപാതകം എന്നത്‌ തന്റെ അഭിവേശമാണെന്നുള്ള മിരാന്‍ഡയുടെ വാക്കുകള്‍ കേട്ട്‌ പോലീസുകാര്‍ ശരിക്കും ഞെട്ടിപ്പോയി.

അമേരിക്ക ഒരു വികസിത രാജ്യമാണ്. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുവാനും അവരെ വളര്‍ത്തുവാനും വേണ്ടി കോടികള്‍ ചിലവഴിക്കുന്ന ആ രാജ്യത്തു ഇന്ന് മതത്തിനു വലിയ പ്രാധാന്യം ഇല്ല. നമ്മുടെ കുഞ്ഞുങ്ങളെ പറ്റി നാം ചിന്തിക്കണം. അവര്‍ക്ക് നാം വിദ്യാഭ്യാസം നല്‍കുന്നു. സൗകര്യങ്ങള്‍ എല്ലാം ഉറപ്പുവരുത്തുന്നു. എന്നാല്‍ ദൈവത്തെ പറ്റിയുള്ള അറിവ് നാം അവര്‍ക്ക് നല്‍കുന്നുണ്ടോ? കുഞ്ഞുങ്ങളില്‍ സഹോദര സ്നേഹവും കരുണയും ഉണ്ടാകുന്നതിനു വേണ്ടി നമ്മുക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടോ? അതോ അവര്‍ക്ക് ഭൗതികമായ സമ്പത്തും സുഖങ്ങളും മാത്രമാണോ നാം ഉറപ്പു വരുത്തുന്നത്.

ലോകം മാറുകയാണ്. എന്നാല്‍ ദൈവത്തെ പറ്റി, ക്രിസ്തുവിനെ പറ്റിയുള്ള അറിവ് കുഞ്ഞുങ്ങള്‍ക്ക്‌ നാം നല്‍കണം. മാറുന്ന ലോകത്തില്‍ മാറ്റത്തിനൊപ്പം ഒഴുകുന്നവര്‍ ആകാതെ നമ്മുടെ കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ ഹിതം അറിഞ്ഞ് നന്മയുടെ പക്ഷം ചേര്‍ന്ന് സഞ്ചരിക്കുന്നവര്‍ ആയിത്തീരണം. നമ്മുടെ കുഞ്ഞുങ്ങള്‍ നന്മയില്‍ വളരുമ്പോള്‍ ഒരു നന്മയുള്ള സമൂഹം രൂപപെടും. ഇല്ലെങ്കില്‍ ഇന്ന് അമേരിക്കയില്‍ സംഭവിച്ചത് നാളെ നമ്മുടെ നാട്ടില്‍ സംഭവിക്കും. നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മാക്കളെ ദൈവം നമ്മെ എല്പിച്ചതാണ്. ദൈവത്തിനെ പറ്റിയുള്ള പരമമായ അറിവ് ആ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുവാന്‍ നമ്മുക്ക് കഴിയുന്നില്ല എങ്കില്‍ നാളെ ദൈവം നമ്മോടു കണക്കു ചോദിക്കും എന്ന് മറക്കാതെ ഇരിക്കുക.

പ്രാര്‍ത്ഥന

മണ്ണില്‍ നിന്നും മനുഷ്യനെ മെനഞ്ഞെടുത്ത കര്‍ത്താവെ, ഞങ്ങളുടെ കുഞ്ഞുങ്ങളെ നിന്‍റെ പാതയില്‍ വളര്‍ത്തി കൊണ്ടുവരുവാനും, നിന്നെ കുറിച്ചുള്ള പരമമായ അറിവ് തേടുവാന്‍ അവരെ പ്രേരിപ്പിക്കുവാനും ഉള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

No comments:

Post a Comment