Tuesday, 25 February 2014

വൈരാഗ്യം

കര്‍ത്താവു കായെനോട് ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്‍റെ മുഖം വാടിയിരിക്കുന്നതെന്തു കൊണ്ട്? ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകര്യനാവുകയില്ലേ? നല്ലതു ചെയ്യുന്നില്ലായെങ്കില്‍ പാപം വാതില്‍ക്കല്‍ തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം. ( ഉത്പത്തി 3:6-7)

ഞായറാഴ്ച വിശുദ്ധ ബലി അര്‍പ്പിക്കണമെന്നു സഭ അനുശാസിക്കുന്നു. നാം എല്ലാവരും ഞായര്‍ ആഴ്ച പള്ളിയില്‍ പോകുന്നു. പലപ്പോഴും നാം മറന്നു പോകുന്ന ഒരു കാര്യമുണ്ട്, നാം പോകുന്ന ദേവാലയം അതി വിശുദ്ധ സ്ഥലമാണ്‌. ദൈവം സുവിശേഷത്തില്‍ പറഞ്ഞ അതി പരിപാവനമായ ബലിയാണ് അവിടെ അര്‍പ്പിക്കപെടുന്നത്. ദേവാലയത്തിന്റെ വിശുദ്ധിക്ക് ചേര്‍ന്ന വിധമാണോ നാം ദേവാലയത്തില്‍ നില്‍ക്കുന്നത്. വേദനയോടു കൂടി ഞാന്‍ പറയട്ടെ പലപ്പോഴും ദേവാലയം വിശുദ്ധി നഷ്ടപെട്ട ഇടമാകുന്നു.

ബൈബിള്‍ പറയുന്നു. അവന്‍ അവരോടു പറഞ്ഞു: എന്‍റെ ഭവനം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപെടും എന്ന് എഴുതപെട്ടിരിക്കുന്നു. നിങ്ങളോ അത് കവര്‍ച്ചക്കാരുടെ ഗുഹ ആക്കിയിരിക്കുന്നു. ( മത്തായി 21: 13) ഇന്ന് ദേവാലയത്തില്‍ നില്‍ക്കുമ്പോള്‍ വേദനയോടെ ഒരു കാഴ്ച കണ്ടു. ഒരു കുടുംബം പള്ളിയിലേക്ക് കടന്നു വന്നു. അതിലെ സ്ത്രീയുടെ നെഞ്ചോടു ചേര്‍ത്ത് തുണിയില്‍ പൊതിഞ്ഞ് ഒരു പട്ടി കുഞ്ഞ്. ദൈവം അനുഗ്രഹിച്ച്, ദേവാലയത്തിന്റെ വിശുദ്ധിയെ പറ്റി ബോദ്ധ്യം ഉള്ള ആ പട്ടി കുഞ്ഞു കുര്‍ബാന തീരും വരെ ഒരു ശബ്ധവും ഉണ്ടാക്കിയില്ല. വിദേശങ്ങളിലെ രീതിയില്‍ ഇതു ശരിയാണ് എന്ന് നിങ്ങള്ക്ക് തോന്നാം. എന്നാല്‍ ഓര്‍ക്കുക. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറുമ്പോള്‍ ഇവര്‍ ഈ പട്ടിയെ പുറത്തു കെട്ടിയിടും. എന്നാല്‍ ദേവാലയം ആര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്ന ഇടമാണ്, അതിനെ ദുരുപയോഗിക്കുന്നു.

നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. സാരിയുടെ വില പറഞ്ഞ്, കുടുംബ ശ്രീ കണക്കുകള്‍ പറഞ്ഞു, പഞ്ചായത്ത് ഭരണം സംസാരിച്ച് കേള്‍ക്കുന്ന വികാരിയുടെ പ്രസംഗം. നമ്മുടെ സംസ്കാരത്തിന് അനുയോജ്യമല്ലാത്ത മറ്റുള്ളവരില്‍ ഉതപ്പ് സൃഷ്ടിക്കുന്ന നമ്മുടെ വസ്ത്ര ധാരണം. എല്ലാം ദേവാലയത്തിലെ പരിശുദ്ധിക്ക് കളങ്കം ചാര്‍ത്തുന്നു. ചില പള്ളികളില്‍ എങ്കിലും പള്ളിയുടെ അകത്തു ഉള്ളതിനേക്കാള്‍ പുറത്തു ആളുകള്‍ കൂടി നില്‍ക്കുന്നു. എന്നിട്ട് ലോക കാര്യങ്ങള്‍ ഘോരഘോരം ചര്‍ച്ച നടത്തുന്നു. ചിന്തിക്കുക, നിങ്ങള്‍ ചെയ്യുന്നത് എന്താണ്? നിങ്ങളുടെ രീതിയില്‍ ദേവാലയത്തില്‍ കവര്‍ച്ച നടത്തുന്നു. എന്നിട്ട് പറയുന്നു ദൈവം എന്‍റെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുന്നില്ലല്ലോ? ദൈവം രോഷത്തോടെ പറയുകയാണ്. നിങ്ങള്‍ നില്‍ക്കുന്നത് അതി വിശുദ്ധമായ സ്ഥലത്താണ് മറക്കരുത്.

വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത്, വിദേശ രാജ്യങ്ങളില്‍ പരിശുദ്ധ കുര്‍ബാനയുടെ കാവല്‍ക്കാര്‍ എന്നൊരു സംവിധാനം ഉണ്ട്. കുര്‍ബാന കൈകളില്‍ സ്വീകരിക്കുന്നവര്‍ അത് ഭക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ ചുമതല ഉള്ള ആളുകള്‍ ആണ് ഈ സമൂഹം. ഞാന്‍ പലപ്പോഴും ഈ ശുശ്രുഷ ചെയ്യാറുണ്ട്. വേദനയോടെ ഞാന്‍ പറയട്ടെ, പല വിദേശികളും മുട്ട് കുത്തി ബഹുമാന പൂര്‍വ്വം വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമ്മുടെ ഒരു മലയാളി, കുര്‍ബാന സ്വീകരിക്കാന്‍ വന്നത് കയില്‍ ഒരു കുടയുമായി ആണ്. എന്നിട്ട് ഒരൊറ്റ കയില്‍ കുര്‍ബാന സ്വീകരിച്ചു. അത്തരം ആളുകളെ ഞങ്ങള്‍ ശ്രദ്ധിക്കും. വേണോ, വേണ്ടയോ എന്നുള്ള മട്ടില്‍ അദ്ദേഹം കുര്‍ബാന ഉള്‍കൊണ്ടു. ഞാന്‍ ഓര്‍ക്കുകയാണ്. എന്തിനാണ് ഇത്തരം പ്രഹസനങ്ങള്‍ . നമ്മുടെ ഇടവകകളില്‍ സ്ഥിതി വ്യത്യസ്തമല്ല. ആര്‍ക്കോ വേണ്ടി സ്വീകരിക്കുന്ന വിശുദ്ധ കുര്‍ബാന എങ്ങിനെ നിങ്ങള്‍ക്ക് ദൈവിക അനുഭവം നല്‍കും.

വിശുദ്ധമായ കാര്യങ്ങള്‍ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകുന്നു. എന്ന് ബൈബിള്‍ പറയുന്നു. നാം കര്‍ത്താവിന്റെ ആലയത്തെ കവര്‍ച്ചക്കാരുടെ ഗുഹ ആക്കി മാറ്റുകയാണോ? പ്രാര്‍ത്ഥനാ പൂര്‍വ്വം ചിന്തിക്കുക. ഞാന്‍ എങ്ങിനെയാണ്‌ വിശുദ്ധ ബലിയില്‍ പങ്കു ചേരുന്നത്. എന്‍റെ വിശുദ്ധ ബലി ഒരു കടമ നിറവേറ്റാന്‍ ഞാന്‍ ചെയ്യുന്ന ആചാരം ആണോ? അതോ ദൈവ സാന്നിധ്യം തിരിച്ചറിയുന്ന ഒരു അനുഭവം ആണോ? ക്രിസ്തു ക്രൂദ്ധനായ അപൂര്‍വ്വം നിമിഷങ്ങളില്‍ ഒന്നാണ്, പ്രാര്‍ത്ഥനാലയം കവര്‍ച്ചക്കാരുടെ ഗുഹ ആക്കിയത്. നിങ്ങളുടെ ബലികള്‍ വിശുദ്ധീകരിക്കപെടണം. അപ്പോള്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കും.

പ്രാര്‍ത്ഥന

സ്നേഹ സ്വരൂപനായ കര്‍ത്താവെ, ദേവാലയത്തിന്‍റെ വിശുദ്ധി തിരിച്ചറിഞ്ഞ്, പ്രാര്‍ത്ഥനാ പൂര്‍വ്വം ദേവാലയത്തില്‍ പ്രവേശിക്കുവാനും ശുശ്രുഷകളില്‍ പങ്കു ചേരുവാനും ഉള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ എന്ന് അങ്ങയോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.

No comments:

Post a Comment