Tuesday, 25 February 2014

വിധിക്കരുത്

യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്‍റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയക്കാരന്‍ ജോസഫ് യേശുവിന്‍റെ ശരീരം എടുത്തു മാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. (യോഹന്നാന്‍ 19:38)

ജീവിതത്തില്‍ നാം പലരെയും വിധിക്കാറുണ്ട്. ഒരിക്കലും നന്മ ഇല്ലാത്ത കപടതയുടെ മുഖങ്ങള്‍ ആയി നാം പലരെയും എഴുതി തള്ളികളയാറുണ്ട്. എനിക്ക് ഒരു സഹോദരിയെ പറ്റി വലിയ തെറ്റിധാരണ ഉണ്ടായിരുന്നു. ഒരിക്കലും ദൈവ ഭയം ഇല്ലെന്നു തോന്നിപ്പിക്കുന്ന പെരുമാറ്റം. ലൈസന്‍സ് ഇല്ലാത്ത നാവ്. ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒരുതരത്തിലുള്ള ദൈവഭയവും ഇല്ലാതെ ഇവളെ വളര്‍ത്തിയതു കൊണ്ട് സംഭവിച്ച തെറ്റാണ്.

ഒരു ദിവസം ഞാന്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ ഇവള്‍ കയ്യില്‍ എന്തോ ചുരുട്ടിപിടിച്ച്‌ ഒരു മൂലയില്‍ ഇരിക്കുന്നു. എന്നെ ഈ കുഞ്ഞു കണ്ടില്ല. ഞാന്‍ അടുത്തേക്ക് നടന്നു ചെന്നു. എന്നെ അത്ഭുതപെടുത്തി കൊണ്ട് അവളുടെ കയ്യില്‍ ഒരു ജപമാല. ഞാന്‍ ചോദിച്ചു. നീ എന്താണ് ചെയ്യുന്നത്. ഉടനെ അവള്‍ പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എല്ലാ ദിവസവും ഞാന്‍ ഒരുപാടു ജപമാല ചൊല്ലും. ഞാന്‍ വീണ്ടും ചോദിച്ചു. കുഞ്ഞേ നീ പള്ളിയില്‍ പോകാറുണ്ടോ? ഉടനെ അവള്‍ പറഞ്ഞു. എനിക്ക് പള്ളിയില്‍ നില്ക്കാന്‍ ഭയമാണ് അതിനാല്‍ ഒരു പാട് ആളുകള്‍ ഉള്ളപ്പോള്‍ പോകാറില്ല. പകരം ശനി ആഴ്ച ഞാന്‍ കുര്‍ബാനയ്ക്ക് പോകും. പിന്നെ ഒരുപാടു പ്രാര്‍ത്ഥിക്കും. ആര്‍ക്കും അറിയില്ല.

എന്‍റെ ഉള്ളില്‍ ഒരു തേങ്ങല്‍ ഉണ്ടായി. ഞാന്‍ എന്തുകൊണ്ടാണ് വിധി പറഞ്ഞുപോയത്. ഇവള്‍ ദൈവ വിശ്വാസി ആകില്ല എന്ന് ഞാന്‍ കരുതി. സെഫാനിയ മിഷന്‍ തുടങ്ങുവാന്‍ ഉള്ള ഒരു പ്രചോദനം ആ സംഭവം എനിക്ക് നല്‍കി. കുറെ കാലം ആ പെണ്‍കുട്ടി ഗ്രൂപ്പിന്റെ വളരെ നല്ല ഒരു പ്രവര്‍ത്തക ആയിരുന്നു. രഹസ്യമായി സുവിശേഷ വേല ചെയ്യുന്ന അനേകം മനുഷ്യര്‍ ഈ ഭൂമിയില്‍ ഉണ്ട്. പരസ്യമായി ക്രിസ്തുവിനെ ഏറ്റു പറയുകയും അവനെ വിശ്വസിക്കുകയും ചെയ്യുന്ന മനുഷ്യരെ പോലെ തന്നെ രഹസ്യത്തില്‍ പിതാവിനോടൊപ്പം ആയിരിക്കുന്ന മനുഷ്യര്‍. ക്രിസ്തുവിന്റെ കുരിശു മരണം സംഭവിച്ചു കഴിഞ്ഞപ്പോള്‍ ക്രിസ്തുവിനെ ഏറ്റെടുത്തത് അവര്‍ ആയിരുന്നു.

എല്ലാ മനുഷ്യരും, പരസ്യമായ പ്രാര്‍ത്ഥനകളും സുവിശേഷ പ്രഘോഷണവും നടത്തുന്നവര്‍ ആകണം എന്നില്ല. എങ്കിലും ഹൃദയങ്ങളെ പരിശോധിച്ച് അറിയുന്നവന്‍ അവരുടെ ഹൃദയത്തില്‍ ഉള്ള നന്മകള്‍ കാണും. ആയതിനാല്‍ വിധിക്കാതെ ഇരിക്കുക. നിങ്ങള്‍ ഒരു പക്ഷെ പ്രാര്‍ത്ഥനാ ഗ്രൂപ്പ്‌ അംഗമാകാം. പരസ്യമായി സുവിശേഷ വേല ചെയ്യുന്നുണ്ടാകും. നിങ്ങളുടെ മുഖ പുസ്തകം അതിനു വേണ്ടി ഉപയോഗിക്കുന്നുണ്ടാകം. നല്ലതാണ്. എന്നാല്‍ അങ്ങിനെ അല്ലാതെ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ ഒരു തെറ്റാണു എന്ന് കരുതരുത്. വചനം പറയുന്നു." യേശു പറഞ്ഞു അവനെ തടയെണ്ടാ,ഒരുവന് എന്‍റെ നാമത്തില്‍ അത്ഭുത പ്രവര്‍ത്തി ചെയ്യുവാനും ഉടനെ എന്നെക്കുറിച്ച് ദൂഷണം പറയാനും സാധിക്കുകയില്ല.നമ്മുക്ക് എതിരാല്ലത്തവന്‍ നമ്മുടെ പക്ഷത്താണ്. (മര്‍ക്കോസ് 9:39)

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും,അങ്ങയെ ഒരിക്കലും കൈവിടാതെ അറിഞ്ഞു സ്നേഹിക്കുന്ന, വിശ്വസിക്കുന്ന മനുഷ്യരായി തീരുവാനുള്ള കൃപാ വരം നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു ആമേന്‍.

No comments:

Post a Comment