Tuesday, 25 February 2014

ഒരു നല്ല വാക്ക്

മധുരമൊഴി സ്നേഹിതന്മാരെ ആകര്‍ഷിക്കുന്നു; മധുര ഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു. ( പ്രഭാഷകന്‍ 6:5)

" My husband's a fighter! Love this man to pieces and so thankful we are together" എന്‍റെ പ്രിയ സുഹ്രത്തായ ഒരു ഇംഗ്ലീഷ് വനിത ഇന്നലെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വരികള്‍ ആണ്. യുവതിയായ അവരുടെ ഭര്‍ത്താവു കാന്‍സര്‍ രോഗത്തിന്‍റെ പിടിയിലാണ്. കീമോ തെറാപ്പിയുടെ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഭര്‍ത്താവിനെ പറ്റി സ്നേഹ പൂര്‍വ്വം ഭാര്യ ലോകത്തോട്‌ പറയുന്ന വാക്കുകള്‍ ആണ്. ഞാന്‍ ഈ മനുഷ്യനെ സ്നേഹിക്കുന്നു എന്ന് അവള്‍ ഈ ലോകത്തോട്‌ വിളിച്ചു പറയുമ്പോള്‍ ആ മനുഷ്യന്‍റെ ഉള്ളില്‍ ഒരുപാടു സന്തോഷം ഉണ്ടാകുന്നുണ്ട്.

ഞങ്ങള്‍ ഒന്നായിരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്‍റെ ഭര്‍ത്താവ് ഒരു യോദ്ധാവ് ആണ്. അവന്‍റെ രോഗത്തിനോട് അവന്‍ പൊരുതുമ്പോള്‍ ഞാന്‍ അവനെ ഒരുപാടു സ്നേഹിക്കുന്നു എന്ന് ഈ ഭാര്യ ലോകത്തോട്‌ പറയുമ്പോള്‍ എന്‍റെ ഭാര്യയെ പറ്റി, എന്‍റെ ഭര്‍ത്താവിനെ പറ്റി ഞാന്‍ എന്താണ് ഈ ലോകത്തോട് പറയുന്നത് എന്ന് ചിന്തിക്കണം. ക്രിസ്തുമസ്സ് നോയമ്പില്‍ ബൈബിളിലൂടെ കടന്നു പോകുമ്പോള്‍ നാം ഔസേപ്പ് പിതാവിനെ കണ്ടു മുട്ടുന്നു. മറിയത്തെ സ്വീകരിക്കുന്നതിനു മുന്‍പ് അവള്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞു അസ്വസ്ഥതപെടുന്നു. എന്നാല്‍ മറിയത്തെ അപമാനിക്കാന്‍ വിശുദ്ധ ഔസേപ്പ് പിതാവ് ആഗ്രഹിക്കുന്നില്ല.

ഭാര്യയായി തീര്‍ന്നിട്ടില്ല എങ്കിലും വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയോട് ഭാര്യയോട്‌ എന്ന പോലെ ഉള്ള മര്യാദ വിശുദ്ധ ഔസേപ്പ് പിതാവ് കാണിക്കുന്നു. ജീവിത പങ്കാളിയെ ബഹുമാനിക്കേണ്ടത് എങ്ങിനെ എന്നുള്ള ചോദ്യത്തിന് ബൈബിള്‍ നല്‍കുന്ന വലിയ ഉത്തരമാണ് തിരുകുടുംബം. തിരുകുടുംബത്തില്‍ ഔസേപ്പ് പിതാവ് മറിയത്തെ ബഹുമാനിച്ചു. സ്നേഹിച്ചു സംരക്ഷിച്ചു. അത് പോലെ തന്നെ പരിശുദ്ധ കന്യക മറിയം കുടുംബത്തോട് ചേര്‍ന്ന് നിന്നു. കാലി തൊഴുത്തില്‍ പ്രസവിച്ചപ്പോഴും, ജീവിത പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും മറിയവും ഔസേപ്പ് പിതാവും ഒന്നിച്ചു നിന്നു.

നാം ചിന്തിക്കണം. നമ്മുടെ ജീവിതത്തില്‍ പങ്കാളിക്ക് കുറവുകള്‍ ഉണ്ട്. നാം എന്താണ് ചെയ്യുക. മിക്കവാറും പങ്കാളിയുടെ കുറവ് ആളുകളോട് പറഞ്ഞു അവരെ അപമാനിക്കും. ഓ എന്‍റെ ഭര്‍ത്താവു ഇങ്ങിനെയാണ് എന്ന് പറഞ്ഞു കരയുന്ന എത്രയോ സഹോദരിമാര്‍ ഉണ്ട്. എന്നാല്‍ ബൈബിള്‍ പറയുന്നു. ദൈവം ആഗ്രഹിക്കുന്നു പങ്കാളിക്ക് അര്‍ഹമായ ബഹുമാനം നാം കൊടുക്കണം.
ബൈബിള്‍ പറയുന്നു. നിന്ദനം ശീലിച്ചവന്‍ ജീവിത കാലത്ത് ഒരിക്കലും പക്വത നേടുകയില്ല. ( പ്രഭാഷകന്‍ 23:15) ജീവിത പങ്കാളിയെ നിന്ദിക്കുന്നവര്‍ ഒരിക്കലും അവരുടെ ബഹുമാനമോ സ്നേഹമോ നേടുകയില്ല. ആയതിനാല്‍ നമ്മുക്ക് ജീവിത പങ്കാളിയുടെ നന്മകള്‍ കാണുന്നവര്‍ ആയിതീരാം.ഈ നോയമ്പ് കാലത്ത് നമ്മുക്ക് ഒരു തീരുമാനമെടുക്കാം. ഞാന്‍ ഇന്ന് മുതല്‍ ജീവിത പങ്കാളിയുടെ ഒരു നന്മ കാണുന്ന വ്യക്തിയാകും. അവനെ അല്ലെങ്കില്‍ അവളെ ഞാന്‍ കണ്ടെത്തിയ നന്മ ഞാന്‍ അറിയിക്കും. നിങ്ങളുടെ ജീവിതത്തിലേക്ക് വലിയ അനുഗ്രഹം കടന്നു വരും. ദൈവം നിങ്ങളുടെ ദാമ്പത്യത്തെ സമര്‍ഥമായി അനുഗ്രഹിക്കും.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, അനുദിനം നിന്‍റെ സന്നിധിയില്‍ ഞാന്‍ അണയുമ്പോള്‍ എന്‍റെ മാതാപിതാക്കളുടെ, ജീവിത പങ്കാളിയുടെ ഒരു നന്മ കണ്ടെത്തി നിനക്ക് കാഴ്ച വയ്ക്കുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

No comments:

Post a Comment