Tuesday, 25 February 2014

കലഹം

നിരന്തരം പീഡിപ്പിക്കപെടുന്ന അടിമയുടെ ശരീരത്തില്‍ മുറിവ് ഒഴിയാത്തതു പോലെ എല്ലായ്പ്പോഴും ദൈവ നാമം വിളിച്ചു ശപഥം ചെയ്യുന്നവന്‍ പാപത്തില്‍ നിന്നു സ്വതന്ത്രനായിരിക്കുകയില്ല.(പ്രഭാഷകന്‍ 23:10)

ദൈവ കല്പനകളില്‍ പ്രധാന പെട്ട ഒരു കല്പനയാണ് ദൈവത്തിന്റെ നാമം വൃഥാ പ്രയോഗിക്കരുത്. നമ്മുടെ ജീവിതത്തില്‍ പലപ്പോഴും നാം അറിഞ്ഞും അറിയാതെയും പ്രവര്‍ത്തിക്കുന്ന ഒരു വലിയ തിന്മയാണ് ദൈവ നാമത്തില്‍ ശപിക്കുക എന്നത്. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴും കോടതികളില്‍ സാക്ഷി മൊഴി പറയുമ്പോഴും മനുഷ്യന്‍ പറയാറുള്ള ഒരു വാക്യമാണ് ദൈവം സാക്ഷിയായി ഞാന്‍ സത്യം ബോധിപ്പിച്ചു കൊള്ളാം. ദൈവത്തിന്‍റെ നാമത്തില്‍ മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അവന്‍ കള്ളം പറയില്ല എന്ന വിശ്വാസമാണ് ഇതിനു അടിസ്ഥാനം. ദൈവ നാമത്തില്‍ നാം ഒരുവനെ അനുഗ്രഹിക്കുമ്പോള്‍ അവനു അത് അനുഗ്രഹം ആയി മാറുന്നു.

ഞങ്ങളുടെ നാട്ടില്‍ ഒരു റോസാ ചേടത്തി ഉണ്ട്. എന്‍റെ ചെറുപ്പത്തില്‍ ഞാന്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ രാവിലെ തന്നെ റോസാ ചേടത്തിയുടെ ശാപ വാക്കുകള്‍ കേള്‍ക്കാം. രാവിലെ തന്നെ ചേടത്തിയുടെ വാക്കുകള്‍ അനുസരിക്കാത്ത മക്കളെ,ഭര്‍ത്താവിനെ എല്ലാവരെയും ഈ റോസാ ചേടത്തി ദൈവനാമത്തില്‍ ശപിക്കുകയാണ്. ഒരു പക്ഷെ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഈ റോസാ ചേടത്തിമാര്‍ എന്നും ശാപ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍,ആധുനിക വനിതകള്‍ മെഴുകുതിരി കത്തിച്ചു വച്ച് പുണ്യവാളനോട് പ്രാര്‍ത്ഥിക്കുകയാണ്. എന്‍റെ ജീവിതത്തില്‍ എന്നെ തകര്‍ത്തവരെ നീ നശിപ്പിക്കേണം. എന്നാല്‍ ബൈബിളില്‍ പറയുന്നു. നീ ദൈവനാമത്തില്‍ ശപിക്കരുത്. നിന്നെ ശപിക്കുന്നവരെ നീ അനുഗ്രഹിക്കണം. "നിങ്ങളെ പീഡിപ്പിക്കുന്നവരേ അനുഗ്രഹിക്കുവിന്‍ ;അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്. (റോമാ 12:14)"

ബൈബിള്‍ പഠിപ്പിക്കുന്നത്‌ സ്നേഹമാണ്. ശത്രുവിനെ പോലും സ്നേഹം കൊണ്ട് തിരുത്തുവാന്‍ പഠിപ്പിച്ച ഗുരുനാഥന്‍ ആണ് ക്രിസ്തു. ക്രിസ്തുവിന്റെ സ്നേഹം നമ്മെ പഠിപ്പിക്കുന്നതു നമ്മെ കൊല്ലുവാന്‍ വരുന്നവരോട് പോലും മരണ സമയത്ത് നാം സ്നേഹ പൂര്‍വ്വം പെരുമാറാന്‍ പഠിക്കണം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ്. എന്ത് കൊണ്ടാണ് നാം ക്രിസ്തുവിനെ മറന്നു ദൈവ നാമത്തില്‍ ശപിക്കുന്നത്‌. സ്നേഹത്തിന്‍റെ ഭാഷയാണ് സ്വര്‍ഗ്ഗം ആഗ്രഹിക്കുന്നത്. നിങ്ങള്‍ ശപിക്കുമ്പോള്‍ നിങ്ങളുടെ തകര്‍ച്ച തന്നെ ആണ് സംഭവിക്കുന്നത്.

ഇന്ന് നാം ചിന്തിക്കണം. എന്‍റെ വേദനകളില്‍ ഞാന്‍ ശപിക്കാരുണ്ടോ? എന്‍റെ തകര്‍ച്ചകളില്‍ ശത്രുവിന്റെ പതനത്തിനായി ഞാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ നമ്മള്‍ ഓര്‍ക്കുക നമ്മുടെ ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകും. വേദനകള്‍ സംഭവിക്കും. ആയതിനാല്‍ നാം ഓര്‍ക്കുക. നമ്മെ ശപിക്കുന്നവരെ നാം അനുഗ്രഹിക്കണം. ആ അനുഗ്രഹം ദൈവം നമുക്ക് അനുഗ്രഹം ആക്കി മാറ്റും.

പ്രാര്‍ത്ഥന

കുരിശില്‍ കിടന്നു മരണ വേദനയാല്‍ പിടയുമ്പോള്‍ ശത്രുവിന് വേണ്ടി പ്രാര്‍ത്ഥിച്ച കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങളുടെ തകര്‍ച്ച ആഗ്രഹിച്ച് ശത്രുക്കള്‍ കടന്നു വരുമ്പോള്‍ അവരെ അനുഗ്രഹിക്കുവാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഉള്ള കൃപ അങ്ങ് ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

No comments:

Post a Comment