"സ്ത്രീയുടെ സൗന്ദര്യത്തില്‍ കുടുങ്ങി പോകരുത്; ധനത്തിന് വേണ്ടി അവളെ മോഹിക്കയുമരുത്."( പ്രഭാഷകന്‍ 25:21)
ഒരു സ്ത്രീയുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് വിവാഹം. എന്‍റെ സുഹ്രത്തിന്റെ വിവാഹം കഴിഞ്ഞു. മധുവിധു നാളുകള്‍ പിന്നിടുമ്പോള്‍ ഒരു ദിവസം ഞാന്‍ അവളെ ഫോണില്‍ വിളിച്ചു. എങ്ങിനെയുണ്ട് പുതിയ ജീവിതം എന്നുള്ള ചോദ്യത്തിനു ഉത്തരമായി അവള്‍ പറഞ്ഞു. എന്‍റെ ഹൃദയത്തില്‍ കയ്പ് നിറഞ്ഞിരിക്കുന്നു. അവള്‍ തുടര്‍ന്നു. നിനക്ക് അറിയുമോ അവന്‍ കെട്ടിയത് എന്‍റെ വിദേശ ജോലിയെ ആണ് ആണ് എന്നെയല്ല. ഒരു തേങ്ങലോടെ അവള്‍ പറഞ്ഞു നിര്‍ത്തി . പിന്നീടു ഒരിക്കല്‍ നിയമ ഉപദേശത്തിനു വക്കീലായ സുഹ്രത്തിനെ കാണാന്‍ ചെന്നപ്പോള്‍ അവിടെ വന്ന ഒരു സഹോദരി പറഞ്ഞു. രാത്രി പല പെണ്ണുങ്ങളുടെയും കൂടെ പോയി ഭര്‍ത്താവ് തിരികെ വരും. എന്നിട്ട് അവരുടെ ശരീരം വര്‍ണ്ണിക്കും. ഞാന്‍ ഒരുപാടു സഹിച്ചു. നില വിട്ടപ്പോള്‍ ഞാനും തീരുമാനിച്ചു. ഒരു ദിവസത്തേക്ക് ഞാന്‍ അവനെ തോല്‍പ്പിക്കും. അന്ന് ഞാന്‍ മറ്റൊരു പുരുഷനെ അറിഞ്ഞു. എന്നിട്ട് ഞാന്‍ എന്‍റെ ഭര്‍ത്താവിനോട് ആ കഥ പറഞ്ഞു. അവനെന്നെ ചവിട്ടി പുറത്താക്കി. എങ്കിലും എന്‍റെ മനസില്‍ ഒരു സുഖമുണ്ട്. ഒരു പാട് പ്രാവശ്യം അവന്‍ എന്‍റെ ഹൃദയത്തില്‍ കുത്തിയ വാള്‍ കൊണ്ട് ഒരിക്കല്‍ ഞാന്‍ അവന്‍റെ ശരീരത്തില്‍ ഒന്ന് പോറിയല്ലോ എന്ന സന്തോഷം. അത് പറയുമ്പോള്‍ ആ സഹോദരിയുടെ കണ്ണ് നിറഞ്ഞിരുന്നു.
വിവാഹം ഒരു ദൈവ വിളിയാണ്. ബൈബിള്‍ പറയുന്നു. "സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നത് പോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്ക് വിധേയരായിരിക്കണം.ഭര്‍ത്താക്കന്മാരെ,ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ തന്നെ തന്നെ സമര്‍പ്പിക്കുകയും ചെയ്തത് പോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം. ( എഫേസൂസ് 5:24-25)" ഒരു വിവാഹ ബന്ധത്തെ പൗലോസ് ശ്ലീഹ താരതമ്യപെടുത്തുന്നത് ക്രിസ്തുവും സഭയും തമ്മില്ലുള്ള ബന്ധത്തോടാണ്. ഭര്‍ത്താവിന്‍റെ ആഗ്രഹങ്ങളെ ഭാര്യ നിഷേധിക്കരുത്. എന്നാല്‍ ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് സ്വയം സമര്‍പ്പിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു.
വിവാഹ ജീവിതത്തെ പറ്റി പൗലോസ് ശ്ലീഹ പറയുന്നത് ഇതു ഒരു വലിയ രഹസ്യമാണ് എന്നാണ്. വിശുദ്ധിയുടെ പരികര്‍മ്മം നടക്കേണ്ട വേദിയാണ് വിവാഹ ജീവിതം. ഹൃദയങ്ങള്‍ ഒന്നാകേണ്ട വേദി.എന്നാല്‍ അവിടെ വാളുകള്‍ ഉപയോഗിച്ച് ഹൃദയങ്ങളെ മുറിക്കരുത്. എനിക്ക് അറിയാം ഞാന്‍ പറഞ്ഞ ആ സഹോദരിമാരുടെ ഹൃദയത്തില്‍ നിന്ന് ഇപ്പോഴും രക്തം പൊടിയുന്നുണ്ട്. സ്വപ്നങ്ങള്‍ തകര്‍ന്നു പോയ ജീവിതം. അവരുടെ രക്തം ദൈവ തിരുമുന്‍പില്‍ അവരുടെ ഭര്‍ത്താവിനെതിരെ നിലവിളിക്കും എന്നതില്‍ എനിക്ക് സംശയമില്ല. അത് ആ മനുഷ്യരുടെ മേല്‍ ശാപമായി വന്നു വീഴും.
പ്രിയമുള്ളവരേ, നിങ്ങള്‍ ഒന്ന് മറക്കാതെ ഇരിക്കുക. ദൈവം സ്ഥാപിച്ച കുദാശ ആണ് വിവാഹം. നിങ്ങളുടെ ഭാര്യ സൗന്ദര്യം കുറഞ്ഞ പെണ്‍കുട്ടി ആയിരിക്കാം. അവള്‍ക്കു നിങ്ങള്‍ പ്രതീക്ഷിച്ച പലതും ഇല്ലായിരിക്കാം. അവളുടെ ധന സമ്പാധന ശേഷി കുറവായിരിക്കാം. പക്ഷെ മറക്കാതെ ഇരിക്കുക. ദൈവം ആണ് നിങ്ങളെ യോജിപ്പിച്ചത്. ദൈവം നിനക്ക് തന്ന ദാനത്തെ നീ തള്ളി പറയരുത്. വേദനിപ്പിക്കരുത്. ഒരു പക്ഷെ നീ ആഗ്രഹിച്ച പങ്കാളിയെ തരാതെ ദൈവം നിനക്ക് അര്‍ഹിക്കുന്ന പങ്കാളിയെ തന്നിട്ടുണ്ടാകാം. അവളുടെ കണ്ണ് നീര്‍ ഇനി ഈ ഭൂമിയില്‍ വീഴരുത്. അത് നിനക്കും നിന്‍റെ കുടുംബത്തിനും നന്മയായി ഭവിക്കില്ല. ദൈവം നിന്നോട് ചേര്‍ത്ത് വച്ച ശരീരത്തെ നിന്‍റെ ശരീരം പോലെ നീ പരിപാലിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കും.
പ്രാര്‍ത്ഥന.
കാരുണ്യവനായ ദൈവമേ, വിവാഹമെന്ന കുദാശ വഴി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന ജീവിത പങ്കാളിയെ ഞാന്‍ അങ്ങേ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. എന്‍റെ പങ്കാളിയെ അനുഗ്രഹിക്കണമേ. അവരുടെ ശരീരത്തെ എന്‍റെ ശരീരമായി കണ്ടു സ്നേഹിക്കുവാന്‍ ഉള്ള കൃപാ വരം എനിക്ക് നല്കണമേ ആമേന്‍.
No comments:
Post a Comment