Tuesday, 22 October 2013

മന്ന

കര്‍ത്താവു മോശയോട് അരുള്‍ ചെയ്തു: ഇസ്രയേല്‍ക്കാരുടെ പരാതി ഞാന്‍ കേട്ടു. അവരോടു പറയുക: സായം കാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും; പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും. കര്‍ത്താവായ ഞാനാണു നിങ്ങളുടെ ദൈവമെന്നു അപ്പോള്‍ നിങ്ങള്‍ മനസിലാക്കും. ( പുറപ്പാട്: 16:12)

ഇസ്രയേല്‍ ജനതയെ ഈജിപ്തില്‍ നിന്നും കര്‍ത്താവ് പുറത്തേക്ക് കൊണ്ട് വന്നു. അവരുടെ ജീവിതത്തില്‍ ദൈവം ഇടപെടുമ്പോള്‍, നയിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ഭക്ഷണം ഇല്ലാത്ത അവസ്ഥ വരികയാണ്‌. ഭക്ഷണം ഇല്ലാത്ത അവസ്ഥയില്‍ ഇസ്രേയല്‍ മോശയ്ക്കും അഹറോനും എതിരെ ആവലാതി പെടുകയാണ്. എത്ര സുഖമായി ഞങ്ങള്‍ കഴിഞ്ഞിരുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ കൂടെ പോകാന്‍ ഞങ്ങളെ മരു ഭൂമിയില്‍ കൊണ്ട് വന്നു. ഇവിടെ ഭക്ഷണമില്ല.

നമ്മുടെ ജീവിതത്തിലും ഈ ഒരു അനുഭവം ഉണ്ടാകും. ദൈവ അനുഭവത്തിലൂടെ നടക്കുമ്പോഴും ഇല്ലായ്മകളുടെ ഒരു അനുഭവം. നമ്മളും ദൈവത്തോട് പരാതി പറയാറുണ്ട്. എന്നാല്‍ ഈ ഒരു അനുഭവത്തിലൂടെ കടന്നു പോകുന്ന ഇസ്രേയല്‍ ജനത്തെ പറ്റി മോശയോട് ദൈവം പറയുന്നത് ഇതാണ്. "കര്‍ത്താവു മോശയോട് പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ( പുറപ്പാട് 16:4) അത് പറഞ്ഞിട്ടു കര്‍ത്താവു പറയുകയാണ്. നിങ്ങള്‍ എന്നെ അനുസരിക്കണം.നിങ്ങള്‍ എന്‍റെ നിയമം അനുസരിച്ച് നടക്കുമോ ഇല്ലയോ എന്ന് ഞാന്‍ പരീക്ഷിക്കും. പുറപ്പാടിന്റെ പുസ്തകം പതിനാറാം അധ്യായം വായിക്കുമ്പോള്‍ കര്‍ത്താവു തന്‍റെ വഴിയിലൂടെ നടക്കുന്നവരെ എങ്ങിനെ സംരക്ഷിക്കുന്നു എന്ന് നമുക്ക് മനസിലാക്കാം.

ദൈവം തന്‍റെ വഴിയിലൂടെ നടക്കുന്നവരെ കണ്ണിലെ കൃഷ്ണ മണി പോലെ സംരക്ഷിക്കുന്നു. നിനക്ക് ഒന്നിന്‍റെയും കുറവ് വരാതെ ദൈവം നിന്നെ കാക്കുന്നു. പലപ്പോഴും ചെറിയ അനുഭവങ്ങളിലൂടെ നമുക്ക് ദൈവം കൂടെ നടക്കുന്ന അനുഭവം തരുന്നുണ്ട്. നമ്മള്‍ അത് തിരിച്ചറിയാറില്ല. കാരണം എന്നും മന്ന കിട്ടി കൊണ്ടിരുന്നപ്പോള്‍ പലപ്പോഴും ഇസ്രേയല്‍ ക്കാരും ചിന്തിച്ചിട്ടുണ്ടാകും ഈ മന്ന അവര്‍ക്ക് അവകാശപെട്ട ഒന്നാണ്, ഇതില്‍ അത്ഭുതം ഇല്ല.

പ്രാര്‍ത്ഥനയുടെ നിമിഷങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്. അത്ഭുതങ്ങളെ തിരിച്ചറിയുന്നവരാകുക. .ഇന്ന് അനേകം പേര്‍ ഭക്ഷണം കിട്ടാതെ മരിക്കുന്ന ഈ ലോകത്ത് നിനക്ക് ഭക്ഷണം ഉണ്ട്. ഒരു പാട് പേര്‍ ഇന്ന് പുലര്‍ച്ചെ മരിച്ചു പോയിരിക്കുന്നു. എന്നാല്‍ നീ ജീവിക്കുന്നു. ഒരു പാട് ആളുകള്‍ക്ക് വായിക്കുവാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ നീ ഇത് വായിക്കുന്നു . എല്ലാം ദൈവത്തിന്‍റെ അനുഗ്രഹം ആണ് മറക്കരുത്. ദൈവം ഇടപെട്ട അത്ഭുതങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നടക്കുമ്പോള്‍ നാം ചിന്തിക്കാറില്ലേ, ഇത് എന്‍റെ ഭാഗ്യം അല്ലെ ? അല്ലെങ്കില്‍ ഏതോ മനുഷ്യന്‍റെ കരുണ അല്ലേ? പക്ഷെ നാം ദൈവ അനുഭവം തിരിച്ചറിയണം. ദൈവത്തിന്‍റെ സംരക്ഷണം തിരിച്ചറിയണം.

പാവപെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഭക്ഷണം നല്‍കുന്ന ഒരു സഹോദരനെ എനിക്ക് അറിയാം. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ചിലപ്പോള്‍ അരി തീര്‍ന്നു പോകും. ഭക്ഷണ വിതരണം മുടങ്ങുമല്ലോ എന്ന് ഓര്‍ത്തു ഞാന്‍ സങ്കടപെടും. ദൈവമേ നീ പറഞ്ഞിട്ട്‌ ആണല്ലോ ഞാന്‍ ഇത് തുടങ്ങിയത്, എന്നിട്ടും നീ എന്നെ കൈ വിട്ടത് എന്ത് കൊണ്ട് എന്ന് ഞാന്‍ സങ്കടപെട്ട് ദൈവത്തിന്‍റെ മുന്‍പില്‍ കരയും. ദൈവം അനുഗ്രഹിച്ച് ഇന്നുവരെ ഭക്ഷണ വിതരണം മുടങ്ങിയിട്ടില്ല. കര്‍ത്താവ് എന്നെ സംരക്ഷിക്കുന്നു. കൈ പിടിച്ചു നടത്തുന്നു. ദൈവം കൈ പിടിച്ചു നടത്തുന്ന അനുഭവം നിങ്ങള്‍ക്കും ഉണ്ടാകും. നിങ്ങള്‍ തിരിച്ചറിയാതെ പോകരുത്.

ഓര്‍ക്കുക, മന്ന ഇസ്രയേലിന് യാത്രയില്‍ ഉടനീളം ലഭിച്ചു. നിങ്ങളുടെ ജീവിതത്തില്‍ ഉടനീളം ദൈവം കൂടെ നടക്കും. അതിനു നിങ്ങള്‍ ദൈവത്താല്‍ നയിക്കപെടണം. ദൈവം കൂടെ നടക്കുന്നവര്‍ക്ക് ജീവിതത്തില്‍ കുറവുകള്‍ വന്നാലും ദൈവം ആ കുറവുകളെ നികത്തും. ദൈവത്താല്‍ അനുഗ്രഹിക്കപെടുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെ നിയമങ്ങള്‍ക്കു വില കല്പിക്കണം. നിങ്ങളുടെ ജീവിത യാത്രയില്‍ ദൈവം ഒരു പാട് മന്ന നിങ്ങള്‍ക്ക് ചൊരിയുന്നുണ്ട്. നിങ്ങള്‍ക്ക് ദൈവം തരുന്ന മന്ന നിങ്ങള്‍ തിരിച്ചറിയുക. ദൈവത്തോട് നന്ദി ഉള്ളവര്‍ ആയിരിക്കുക.

പ്രാര്‍ത്ഥന

മരുഭൂമിയില്‍ ഇസ്രയേല്‍ ജനത്തിന് മന്ന നല്‍കി സംരക്ഷിച്ച കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തിലും അങ്ങ് ചൊരിയുന്ന അനേകം അനുഗ്രഹങ്ങളെ ഓര്‍ത്തു ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു. പലപ്പോഴും ഇസ്രേയല്‍ ചെയ്തത് പോലെ ഞങ്ങളും ഇല്ലായ്മകളുടെ സമയത്ത് അങ്ങേക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ. ഞങ്ങളുടെ ജീവിതത്തിലെ പല നേട്ടങ്ങളും അങ്ങയുടെ ദാനം ആണ് എന്ന് തിരിച്ചറിഞ്ഞു ജീവിക്കുവാന്‍ ഉള്ള കൃപാ വരം ഞങ്ങള്‍ക്ക് നല്കണമേ, ആമേന്‍ 

No comments:

Post a Comment