Sunday, 20 October 2013

നീ എന്താണ് ആഗ്രഹിക്കുന്നത്?

യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്തു തരണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ എനിക്ക് കാഴ്ച വീണ്ടു കിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തല്‍ക്ഷണം അവനു കാഴ്ച ലഭിച്ചു.( ലൂക്കാ18;42-43)

ദൈവ വിശ്വാസികള്‍ ആയ നാം എല്ലാം പ്രാര്‍ത്ഥിക്കുന്നവര്‍ ആണ്. എങ്കിലും നമ്മുടെ ജീവിതത്തില്‍ കുറവുകള്‍ ഉണ്ടാകുന്നു. പ്രാര്‍ത്ഥനകള്‍ നിറവേറാത്ത ഒരു അനുഭവം. പ്രാര്‍ഥിച്ചിട്ടും ജീവിതത്തില്‍ ദൈവം അനുഗ്രഹങ്ങള്‍ തരാതെ പോകുന്നു. എന്താണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവ സന്നിധിയില്‍ സ്വീകരിക്കപെടാതെ പോകുന്നത്. നിന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവ സന്നിധിയില്‍ സ്വീകരിക്കപെടാത്തതിനുള്ള ഒരു കാരണം, ആഗ്രഹത്തിന്‍റെയും വിശ്വാസത്തിന്റെയും കുറവ് ആണ്.

ഒരിക്കല്‍ ഒരു സഹോദരിയുടെ അമ്മ പറഞ്ഞു. എന്‍റെ മകള്‍ക്ക് വേണ്ടി ഒരു പാട് ആളുകള്‍ പ്രാര്‍ത്ഥിക്കുന്നു. അവളുടെ വിവാഹം തടസ്സ്പെടുകയാണ്. അത് മാറുന്നില്ല. ഞാന്‍ ആ സഹോദരിയോടു ചോദിച്ചു. മകളേ എനിക്ക് രണ്ടു കാര്യങ്ങള്‍ അറിയണം. നിനക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടോ? അവള്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ എനിക്ക് വിവാഹ ജീവിതം ആഗ്രഹം ഇല്ല. കാരണം അത് വലിയ കയ്പേറിയ ഒരു ജീവിതമാണ്. പക്ഷെ വീട്ടുകാരെ ബുധിമുട്ടിക്കാന്‍ എനിക്ക് പറ്റില്ല. രണ്ടാമത് ഞാന്‍ ചോദിച്ചു. നിനക്ക് ദൈവം നിന്‍റെ വിവാഹം നടത്തി തരുമെന്ന ബോധ്യം ഉണ്ടോ? ആ സഹോദരി പറഞ്ഞു. അത് നടക്കുമ്പോള്‍ നടന്നാല്‍ മതി. എനിക്ക് വലിയ കുഴപ്പമൊന്നുമില്ല.

ഒരു പാട് പേര്‍ ചിന്തിക്കുന്നത് ഇങ്ങിനെയാണ്. ഞാന്‍ രോഗിയാണ്‌, എന്നാല്‍ എനിക്ക് സൗഖ്യം പ്രാപിക്കാന്‍ ആഗ്രഹം ഇല്ല. ഞാന്‍ വിവാഹം എന്ന് പ്രാര്‍ത്ഥിക്കുന്നു. മനസില്‍ ഞാന്‍വിവാഹത്തെ ഭയക്കുന്നു. ജോലി എന്ന് പ്രാര്‍ത്ഥിക്കുന്നു. മനസില്‍ ജോലി ചെയ്യാന്‍ താല്പര്യമില്ല. അപ്പോള്‍ എന്‍റെ പ്രാര്‍ത്ഥന വെറും അധര വ്യായാമം മാത്രം ആകുന്നു. ചിലപ്പോള്‍ നിങ്ങള്‍ ചിന്തിച്ചേക്കാം, ഒരു രോഗി സൗഖ്യം ആഗ്രഹിക്കില്ലേ. അറിയുക,ജീവിതത്തില്‍ നിന്ന് ഒളിച്ചോടുവാന്‍ സാത്താന്‍ അവനില്‍ പിടി മുറുക്കിയിരിക്കുന്നു. അവനു യഥാര്‍ത്ഥ ആഗ്രഹം ഇല്ല. രക്ഷ പ്രാപിക്കുവാന്‍ ഒരു മനുഷ്യന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കണം. പ്രസവത്തെ ഭയന്ന് കുഞ്ഞിനായി പ്രാര്‍ത്ഥിച്ചാല്‍ ദൈവം എന്ത് ചെയ്യണം. ദൈവം ചോദിക്കുന്നത് അധരത്തോട് അല്ല. ഹൃദയത്തോട് ആണ്.

ബൈബിളില്‍ ലൂക്കാ സുവിശേഷകന്‍ അന്ധനായ മനുഷ്യന്‍റെ പ്രാര്‍ത്ഥന പറയുന്നുണ്ട്. ഉച്ചത്തില്‍ നിലവിളിക്കുകയാണ്. ദാവിദിന്റെ പുത്രാ എന്നില്‍ കനിയണമേ? അത് കേട്ട് യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്തു തരണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ എനിക്ക് കാഴ്ച വീണ്ടു കിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തല്‍ക്ഷണം അവനു കാഴ്ച ലഭിച്ചു.( ലൂക്കാ18;42-43) നോക്കുക ആ മനുഷ്യന്‍റെ വിശ്വാസവും ആഗ്രഹവും ആണ് അവനെ രക്ഷിക്കുന്നത്.

ഹോസിയാ പ്രവാചകനിലൂടെ കര്‍ത്താവു പറയുന്നു. ഹൃദയം നൊന്തു എന്നെ
വിളിച്ചപേക്ഷിക്കുന്നതിനു പകരം അവര്‍ കിടക്കയില്‍ വീണ് വിലപിക്കുന്നു. ( ഹോസിയ 7:14) നാം പ്രാര്‍ത്ഥിക്കാന്‍ മറന്നു പോയിരിക്കുകയാണ്. നമ്മുടെ പ്രാര്‍ത്ഥനകള്‍ വെറും അധര വ്യായാമങ്ങള്‍ ആയി മാറിയിരിക്കുന്നു. ഹൃദയത്തില്‍ വിശ്വാസം ഇല്ലാതെ, ആഗ്രഹം ഇല്ലാതെയുള്ള പ്രാര്‍ത്ഥനകള്‍. എന്നിട്ട് നാം പറയുന്നു. ദൈവം എന്നെ കൈ വെടിഞ്ഞിരിക്കുന്നു.കിടക്കയില്‍ വീണു കരയുകയും ചെയ്യുന്നു.

നമ്മുക്ക് പ്രാര്‍ത്ഥിക്കുന്നവര്‍ ആകാം. നമ്മുടെ സ്വപ്നങ്ങള്‍ ദൈവ സന്നിധിയില്‍ സമര്‍പ്പിക്കാം. എന്നിട്ട് ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കാം. ദൈവം തരും. ഇന്ന് നീ ചോദിക്കുന്ന നിന്‍റെ സ്വപ്നം നിറവേറും എന്ന് നീ വിശ്വസിക്കുക. എന്നിട്ട് പറയുക. ദൈവമേ നീ എനിക്ക് ഇതു നടത്തി തരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് നിറവേറുന്നതായി ഭാവനയില്‍ കാണുക. നിന്നെ കാണുന്ന ദൈവം നിന്നോട് ചോദിക്കുന്നുണ്ട്. ഞാന്‍ നിനക്ക് വേണ്ടി എന്ത് ചെയ്തു തരണം എന്നാണ് നീ ആഗ്രഹിക്കുന്നത്. അപ്പോള്‍ നിനക്ക് മറുപടി ഉണ്ടാകണം. നിന്‍റെ മറുപടി അവ്യക്തം ആകരുത്. വിശ്വാസം ഇല്ലാത്തതു ആകരുത്. നീ മറുപടി പറയുക. അപ്പോള്‍ നിന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവം സ്വീകരിക്കും.

പ്രാര്‍ത്ഥന

നീ വിശ്വസിച്ചാല്‍ ഒരു മലയോടു മാറി പോകാന്‍ പറഞ്ഞാല്‍ അത് പോലും മാറി പോകും എന്ന് അരുളിച്ചെയ്ത കര്‍ത്താവെ, ഞങ്ങളുടെ ആഗ്രഹങ്ങളെ അങ്ങയുടെ മുന്നിലേക്ക്‌ സമര്‍പ്പിക്കുന്നു. പലപ്പോഴും ഞങ്ങള്‍ക്ക് ഈ ആഗ്രഹങ്ങള്‍ നിറവേറണം എന്ന് സത്യമായ ആഗ്രഹം ഇല്ല. നിന്നിലുള്ള വിശ്വാസവും ഞങ്ങള്‍ക്ക് നഷ്ടപെട്ടു പോകുന്നു. ഈശോയെ, പല അനുഗ്രഹങ്ങളും ഞങ്ങള്‍ തടസ്സപ്പെടുത്തുന്നു. ഞാന്‍ രോഗിയാണ്‌, എന്നാല്‍ എനിക്ക് സൗഖ്യം പ്രാപിക്കാന്‍ ആഗ്രഹം ഇല്ല. ഞാന്‍ വിവാഹം എന്ന് പ്രാര്‍ത്ഥിക്കുന്നു. മനസില്‍ ഞാന്‍ ഭയക്കുന്നു. ജോലി എന്ന് പ്രാര്‍ത്ഥിക്കുന്നു. മനസില്‍ ജോലി ചെയ്യാന്‍ താല്പര്യമില്ല. ഈ അവസ്ഥകളെ അങ്ങ് സ്പര്‍ശിച്ചു ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണം എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍ 

No comments:

Post a Comment