Sunday, 27 October 2013

ചൂണ്ടു പലകകള്‍

"എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല,രക്ഷിക്കാനാണ്.എന്നാല്‍, എന്നെ നിരസിക്കുകയും എന്‍റെ വാക്കുകള്‍ തിരസ്കരിക്കുകയും ചെയ്യുന്നവന് ഒരു വിധി കര്‍ത്താവ്‌ ഉണ്ട്. ഞാന്‍ പറഞ്ഞ വചനം തന്നെ അന്ത്യ ദിനത്തില്‍ അവനെ വിധിക്കും.
( യോഹന്നാന്‍ 12:47-48)"

എന്‍റെ കുട്ടികാലത്ത് ഞങ്ങള്‍ സ്കൂളിലേക്ക് നടന്നു പോകുമായിരുന്നു. പോകും വഴി എന്‍റെ കൂട്ടുകാരുടെ ഒരു പ്രധാന വിനോദം വഴിയരികിലെ ചൂണ്ടു പലകകളില്‍ കല്ലെറിഞ്ഞു കൊള്ളിക്കുക എന്നതായിരുന്നു. ഞാനും അറിവില്ലാത്ത ആ പ്രായത്തില്‍ വഴിയരികിലെ ചൂണ്ടു പലകകളില്‍ കല്ലെറിഞ്ഞിരുന്നു. ഈ ചൂണ്ടു പലകകള്‍ വഴിയാത്രക്കാര്‍ക്ക് വലിയ ഉപകാരം ആണ്. അത് അവരെ ലക്ഷ്യത്തില്‍ എത്തുവാന്‍ സഹായിക്കുന്നു. എന്നാല്‍ ഒരു സത്യമുണ്ട്. ഈ ചൂണ്ടു പലകകള്‍ അല്ല ഒരു വഴിയാത്രക്കാരന്റെ ലക്‌ഷ്യം.

നമ്മുടെ നാട്ടില്‍ വഴിയരികില്‍ കാണുന്ന പല ചൂണ്ടു പലകകളും ചിലപ്പോള്‍ മോശമായ അവസ്ഥയില്‍ ആകാം. എങ്കിലും അത് ധര്‍മ്മം നിറവേറ്റാന്‍ കഴിയുന്നതാണ്. ദേശിയ പാതയില്‍ നിന്ന് എന്‍റെ ഗ്രാമത്തിലേക്ക് തിരിയുന്ന സ്ഥലത്ത് ഞങ്ങള്‍ക്ക് ഒരു ചൂണ്ടു പലക ഉണ്ട്. അതില്‍ നോക്കിയാല്‍ ആകെ കാണുക. ഞങ്ങളുടെ ഗ്രാമത്തിന്‍റെ പേരും ഒരു കൈചൂണ്ടിയും മാത്രമാണ്. ബാക്കി ഭാഗം കാട്ടു വള്ളികള്‍ കയറി മറച്ചിരിക്കുന്നു. എങ്കിലും ഞങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്നവര്‍ക്ക് ആ ചൂണ്ടു പലക വളരെ ഉപകരാപെടുന്ന ഒന്നാണ്.

ആദ്ധ്യത്മിക ജീവിതത്തില്‍, സ്വര്‍ഗത്തിലേക്കുള്ള വഴിത്താരയില്‍ ദൈവം കുറെ ചൂണ്ടു പലകകള്‍ സ്ഥാപിച്ചിരിക്കുന്നു. സ്വര്‍ഗത്തിലേക്കുള്ള വഴി സഭയിലൂടെ ആണെങ്കില്‍ ആ വഴിയിലെ ചൂണ്ടു പലകകള്‍ ആണ് വൈദികരും സന്യസ്തരും, നമ്മെ നല്ല വഴികളിലൂടെ നടക്കാന്‍ ഉപദേശിക്കുന്ന സഭയുടെ അധികാരികളും അടങ്ങുന്ന സമൂഹം. ചിലപ്പോള്‍ എങ്കിലും നമ്മള്‍ ഈ ചൂണ്ടു പലകകളില്‍ കല്ലെറിയാന്‍ പോകുന്നു. ചിലപ്പോള്‍ ആ ചൂണ്ടു പലക കാണിക്കുന്ന വഴി നോക്കാതെ അതിന്‍റെ ഭംഗി നോക്കി, അതിന്‍റെ മോശം അവസ്ഥ നോക്കി പരിഹസിക്കാന്‍ നില്‍ക്കുന്നു. അങ്ങിനെ നില്‍ക്കുമ്പോള്‍ ഓര്‍ക്കുക. നിങ്ങളുടെ ലക്ഷ്യം നഷ്ടപെടുന്നു.

പലപ്പോഴും പലരും ചോദിക്കാറുണ്ട്. ഈ വൈദികന്‍ എന്താണ് ഇങ്ങിനെ പെരുമാറുന്നത്. ആ പള്ളിയില്‍ പഠിപ്പിക്കുന്ന ആളെ എനിക്ക് നന്നായി അറിയാം. അവന്‍ പഠിപ്പിക്കുന്നത്‌ ഞാന്‍ വിശ്വസിക്കണോ? കര്‍ത്താവിന്‍റെ വചനം പഠിപ്പിക്കുന്നവനെ വിധിക്കേണ്ടത് കര്‍ത്താവു ആണ്. ചിലര്‍ ചോദിക്കും. അപ്പോള്‍ കര്‍ത്താവു എന്താണ് വിധിക്കാത്തത്.ബൈബിള്‍ പറയുന്നു."എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല,രക്ഷിക്കാനാണ്.എന്നാല്‍, എന്നെ നിരസിക്കുകയും എന്‍റെ വാക്കുകള്‍ തിരസ്കരിക്കുകയും ചെയ്യുന്നവന് ഒരു വിധി കര്‍ത്താവ്‌ ഉണ്ട്. ഞാന്‍ പറഞ്ഞ വചനം തന്നെ അന്ത്യ ദിനത്തില്‍ അവനെ വിധിക്കും.
( യോഹന്നാന്‍ 12:47-48)" വചനം കേട്ട് അറിഞ്ഞു നടന്നിട്ട് അവന്‍ അത് പാലിക്കുന്നിലെങ്കില്‍ വചനം അവനെ വിധിക്കും.

സഹോദരങ്ങളെ നിങ്ങള്‍ ദയവായി ചൂണ്ടു പലകകള്‍ നോക്കി യാത്ര ചെയ്യുക, എന്നാല്‍ പലക നല്ലതാണോ ചീത്തയാണോ എന്നത് നിങ്ങളുടെ ലക്ഷ്യത്തെ ബാധിക്കരുത്. നിങ്ങള്‍ സ്വര്‍ഗ്ഗം ലക്ഷ്യമാക്കി യാത്ര ചെയ്യുന്നവര്‍ ആണ്. മറക്കാതെ ഇരിക്കുക. ചൂണ്ടു പലകകള്‍ മനുഷ്യനു ഉപകാരമാണ്. അവയില്‍ കല്ലെറിയാതെ ഇരിക്കുക. അതിനെ സ്ഥാപിച്ചവന്‍ പരിപാലിച്ചു കൊള്ളും.

പ്രാര്‍ത്ഥന.

കര്‍ത്താവെ, വൈദികരും സന്യസ്ഥരും, അങ്ങയിലെക്കുള്ള ചൂണ്ടു പലകകള്‍ ആണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. അവരുടെ വ്യക്തി ജീവിതത്തെ പറ്റി ചിന്തിക്കാതെ, അങ്ങയെ ലക്ഷ്യമാക്കി മുന്നേറുവാന്‍ ഉള്ള കൃപാ വരം ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

No comments:

Post a Comment