Sunday, 20 October 2013

വിവാഹം ഒരു ദൈവവിളി

"സിയോന്‍പുത്രി, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവും പകലും മഹാ പ്രവാഹം പോലെ കണ്ണുനീര്‍ ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകള്‍ക്ക് വിശ്രമം നല്കരുത്. (വിലാപങ്ങള്‍ 2:18)"

"ദൈവത്തിന്റെ മഹത്വം അവര്‍ണനീയമാണ്. എനിക്ക് വിവാഹ മോചനം ലഭിച്ചിരിക്കുന്നു.നിങ്ങള്‍ക്ക് അറിയാവുന്ന പോലെ കഴിഞ്ഞ 10 വര്‍ഷത്തെ ദുരിതത്തില്‍ നിന്ന് ഞാന്‍ മുക്തി നേടിയിരിക്കുന്നു." എന്റെ ഒരു സുഹ്രത്ത് എനിക്ക് ഫേസ് ബുക്കില്‍ തന്ന സന്ദേശമാണ്.ജീവിതം ആഘോഷങ്ങള്‍ ആകുമ്പോള്‍ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകുന്നു.എനിക്ക് അവരെ രണ്ടു പേരെയും നന്നായി അറിയാം. വെറും ഈഗോ മാത്രമാണ് ആ ദാമ്പത്യം തകര്‍ത്തത്.ഈ സന്ദേശം എന്റെ ഓര്‍മകളെ റോസില്‍ കൊണ്ടെത്തിച്ചു. ദാമ്പത്യം എന്താണ് എന്ന് അറിഞ്ഞ പെണ്‍കുട്ടി. 

റോസിനെ ഞാന്‍ പരിചയപെടുന്നത് അവള്‍ക് കല്യാണം ആലോചിക്കുന്ന സമയത്താണ്. സുന്ദരി. നല്ല സ്വഭാവം. ആരോടും നന്നായി പെരുമാറുന്ന നല്ല ഒരു പെണ്‍കുട്ടി. എനിക്ക് അവള്‍ ഒരു നല്ല സുഹ്രത്തായി. ഒരു ദിവസം അവള്‍ എന്നെ വിളിച്ചു. അവളുടെ കല്യാണം ഉറപ്പിച്ചിരിക്കുന്നു. എനിക്ക് അറിയാവുന്ന ഒരു പയ്യന്‍... നല്ല സ്വഭാവം. നല്ല ജോലി. എല്ലാം ഉണ്ട്.നല്ലൊരു തുക സ്ത്രീധനം നല്‍കി അവളെ വീട്ടുകാര്‍ കെട്ടിച്ചു.
കല്യാണം കഴിഞ്ഞു 6മാസം പിന്നിട്ടു. റോസ് ഗര്‍ഭിണി ആയി.സഹന ജീവിതത്തില്‍, കുരിശെടുക്കാന്‍ അവളെ തയ്യാറക്കാന്‍ എന്നപോലെ ആ ഗര്‍ഭം അലസി പോയി. 


റോസിന്റെ കഷ്ടപാടുകള്‍ തീര്‍ന്നില്ല.ഭര്‍ത്താവിന്റെ വായില്‍ ഒരു പുണ്ണ് പോലെ കണ്ടപ്പോള്‍, വിവാഹ ജീവിതത്തിന്‍റെ ആറാം മാസം അവള്‍ ഭര്‍ത്താവിനെ കൊണ്ട് ആശുപത്രിയിലെത്തി.ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും തല്ലി കെടുത്തി ഡോക്ടര്‍ അവളോട് പറഞ്ഞു. അത് കാന്‍സര്‍ ആണ് . റോസ് കരഞ്ഞില്ല. അഴിഞ്ഞുലഞ്ഞ മുടിയുമായി ഭക്ഷണം കഴിക്കാതെ ഇരുന്നില്ല. ദൈവത്തെ ശപിച്ചില്ല. വിവാഹത്തിന്‍റെ ആ പുണ്യ ദിനത്തില്‍ അവര്‍ എടുത്ത പ്രതിഞ്ഞ അവള്‍ പാലിക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിന്‍റെ വേദനകളില്‍ അവള്‍ താങ്ങായി മാറി . രോഗം ഭേദം ആയി. തന്നെ സ്നേഹിക്കുന്നവരെ ജീവിതത്തിന്റെ പീഡാനുഭവങ്ങളിലൂടെ കടത്തി വിട്ട് ദൈവം ശുദ്ധീകരിക്കുന്നു. എല്ലാ പ്രതീക്ഷ്കള്കും വിപരീതമയി രോഗം തിരിച്ചു വന്നു.ആയിരം പൂവുകള്‍ക് ഇടയില്‍ നിന്നു റോസ് തിരഞ്ഞെടുത്ത പൂവ് വാടാന്‍ തുടങ്ങി , പക്ഷെ അവള്‍ മറ്റൊന്നിനായി തിരഞ്ഞില്ല. വാടാന്‍ തുടങ്ങിയ ആ പൂവുമായി അവള്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അണഞ്ഞു.

4 വര്‍ഷം റോസ് അവന്റെ കൂടെ നിന്നു. അവളെ സ്നേഹിച്ച എല്ലാരും പറഞ്ഞു. നീ അവനെ ഉപേഷിക്കുക. യുവതിയായ അവള്‍ക്കു ജീവിതം മുന്നില്‍ ഉണ്ടായിരുന്നു.എന്നാല്‍ അവള്‍ ചെയ്തില്ല. അവള്‍ അപ്പോഴും പറഞ്ഞു. ദൈവം തന്നവനെ ദൈവം എടുക്കും വരെ ഞാന്‍ അവന്റെകൂടെ ഉണ്ടാകും. ദാമ്പത്യം എന്താണ് എന്ന് റോസ് അറിഞ്ഞിരുന്നു. ദൈവം എന്ത് ആഗ്രഹിക്കുന്നു എന്ന് അവള്‍ മനസിലാക്കി . ഭര്‍ത്താവിന്റെ ജീവിത ബലിയില്‍ കൂടെ നില്ക്കാന്‍ അവള്‍ തയാറായി.

ഒരിക്കല്‍ ഞാന്‍ ഈ ദമ്പതികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അവളുടെ ഭര്‍ത്താവു എന്നോട് പറഞ്ഞു. എന്റെ കാവല്‍ മാലാഖ ആണ് ഇവള്‍ , എന്റെ ജീവന്റെ കാവല്‍ക്കാരി. അവന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഒരു ഭര്‍ത്താവ് ഭാര്യക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരം അവള്‍ക്ക് ലഭിച്ചു. ദൈവം എന്ത് ചെയ്യുന്നു എന്ന് മനുഷ്യന്‍ എങ്ങിനെയാണ്‌ അറിയുക. ദൈവം അവനെ തിരിച്ചു വിളിച്ചു.റോസ് തകര്‍ന്നില്ല. കുറച്ചു നാളുകള്‍ കഴിഞ്ഞു ഞാന്‍ അവളെ വിളിക്കുമ്പോള്‍ മരണത്തിന്റെ 7ദിവസങ്ങള്‍ പിന്നിട്ടിരുന്നു. അവള്‍ പറഞ്ഞു. "ദൈവം 27 കൊല്ലം എനിക്ക് സന്ത്ഷം അനുവദിച്ചു. 4 കൊല്ലങ്ങള്‍ എന്നെ അവന്‍ അവന്‍റെ മാലാഖ ആക്കി". സഹനങ്ങളുടെ നിമിഷത്തില്‍ മനുഷ്യര്‍ പലപ്പോഴും മാലാഖമാര്‍ ആകാറുണ്ട്. അല്ലെങ്കില്‍ ക്രിസ്തുവിന്റെ പീഡകള്‍ അനുഭവിക്കുന്ന പ്രിയ ശിഷ്യര്‍ ആകാറുണ്ട്. സ്വര്‍ഗത്തിലേക്ക് ഉള്ള ഒരു പുണ്യമാണ് സഹന ജീവിതം എന്ന് വിശുദ്ധര്‍ പഠിപ്പിക്കുന്നു. നമ്മുടെ സഹനങ്ങള്‍ അനുഗ്രഹദായകമാണ്

റോസ് മാലാഖ ആയി മാറിയിരിക്കുന്നു, അതെ അവള്‍ ദൈവത്തിന്റെ മാലാഖ ആണ്. വേദനയുടെ നിമിഷങ്ങളില്‍ അവള്‍ തുണയായി. കല്യാണ ദിവസം മുതല്‍ മരണം വരെ ഒരിക്കലും പിരിയാതെ അവള്‍ അവനെ സ്നേഹിച്ചു. ബൈബിളില്‍ തൊട്ട് ദൈവ സന്നിധിയില്‍ ചെയ്ത പ്രതിഞ്ഞ അവള്‍ ലംഗിച്ചില്ല. സഹനത്തിന്റെ നിമിഷങ്ങളില്‍ ഭര്‍ത്താവിനു അവള്‍ തുണയായി. അകാലത്തില്‍ ഭൂമിയില്‍ നിന്നു വേര്‍പെട്ടെങ്കിലും ആ മനുഷ്യന്‍ ഭാഗ്യവാനാണെന്ന് ഞാന്‍ കരുതുന്നു. കാരണം അവനെ ഓര്‍ത്തു ദൈവം ഒരു മാലാഖയെ അയച്ചു. നമ്മളും ആരുടെ എങ്കിലുമൊക്കെ ജീവിതത്തിലെ മാലാഖമാര്‍ ആകണം. അപ്പോള്‍ ദൈവം നമ്മെ അനുഗ്രഹിക്കും.സങ്കടങ്ങളുടെ ഗത്സെമ്നിയില്‍ ആരും ഒറ്റയ്ക്ക് ആകാതിരിക്കട്ടെ. 

ഇന്നു ഇത് വായിക്കുന്ന സഹോദരി നീ ഓര്‍ക്കുക. ഭര്‍ത്താവിന്‍റെ ജീവിതത്തിലേക്ക് ദൈവം അയക്കുന്ന മാലാഖ ആണ് ഭാര്യ. ഇത് വായിക്കുന്ന സഹോദരാ ഓര്‍ക്കുക, ഭാര്യയുടെ ജീവിതത്തിലേക്ക് അയക്കപെടുന്ന മാലാഖയാണ് ഭര്‍ത്താവ്. നമ്മള്‍ കരുതുന്നു. സ്വര്‍ഗ്ഗത്തിലെ ഒരു മാലാഖ വഴി തെറ്റിയതാണ് ചെകുത്താന്‍..... ...., ചോദ്യം നിങ്ങളോടാണ്, നിങ്ങള്‍ ആരാണ്? നിങ്ങളുടെ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ നിങ്ങളെ എങ്ങിനെയാണ്‌ കാണുന്നത്? ദൈവ സന്നിധിയില്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ചിന്തിക്കുക. 

(ഇതൊരു കഥയല്ല. ഇത് വായിക്കുമ്പോള്‍ ഒരു നിമിഷം മരിച്ചു പോയ ആ മകന് വേണ്ടിയും ജീവിച്ചിരിക്കുന്ന ആ മകള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്.)

പ്രാര്‍ത്ഥന.

കുരിശില്‍ പീഡകള്‍ സഹിച്ച് മരിച്ച കര്‍ത്താവെ, ദാമ്പത്യത്തില്‍ പലതരത്തില്‍ സഹനങ്ങളില്‍ ആയിരിക്കുന്ന എല്ലാ മനുഷ്യരെയും ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അവര്‍ക്ക് അങ്ങ് താങ്ങാകണം, ഒരു മനുഷ്യന്‍റെ ജീവിതത്തിലേക്ക് അയക്കപെട്ട മാലാഖയാണ് താനെന്ന് തിരിച്ചറിഞ്ഞ് സ്നേഹപൂര്‍വ്വം ആ സഹന അനുഭവങ്ങളിലൂടെ കടന്നു പോകുവാനുള്ള കൃപ അവര്‍ക്ക് നല്‍കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

No comments:

Post a Comment