Wednesday, 23 October 2013

നിങ്ങളുടെ കയ്യില്‍ എന്താണ് ഉള്ളത് ?

" ശിഷ്യന്മാര്‍ അവനോടു ചോദിച്ചു: ഈ വിജന സ്ഥലത്ത് ഇവര്‍ക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? അവന്‍ ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? ഏഴ് എന്ന് അവര്‍ മറുപടി പറഞ്ഞു. ( മര്‍ക്കോസ്8:4-5)

ബൈബിളില്‍ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ രണ്ടു സ്ഥലത്ത് കര്‍ത്താവ് അപ്പം വര്‍ദ്ധിപ്പിക്കുന്നതായി പറയുന്നു. ഈ രണ്ടു സ്ഥലത്തും കര്‍ത്താവ് ചോദിക്കുന്നു. നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്. ശിഷ്യന്മാരുടെ കൈകളില്‍ ഉണ്ടായിരുന്ന അപ്പമാണ് യേശു വര്‍ദ്ധിപ്പിച്ചത്. നമ്മുക്ക് അറിയാം. ഏഴു അപ്പം കൊണ്ട് ഒരു ജനാവലിയെ സംതൃപ്തിപെടുത്താന്‍ സാധിക്കില്ല. ഒരു ജനാവലിക്ക് വേണ്ട അപ്പം ശിഷ്യര്‍ കരുതുകയില്ല എന്ന് യേശുവിനു അറിയാം. എങ്കിലും യേശു ചോദിക്കുകയാണ്, നിങ്ങളുടെ കൈവശം ഉള്ളത് എനിക്ക് അറിയണം. അത് ഇവിടെ കൊണ്ട് വരിക. മനുഷ്യന്‍ ദൈവ പദ്ധതികളില്‍ പങ്കു ചേരണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

നമ്മളെല്ലാം ഒരു പാട് പ്രാര്‍ത്ഥിക്കുന്നവര്‍ ആണ്. പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവ് ചോദിക്കുക. നിങ്ങളുടെ കൈവശം എന്താണ് ഉള്ളത് എന്നാണ്? ബൈബിള്‍ പറയുന്നു. ഉള്ളവന് വീണ്ടും നല്കപെടും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടെ എടുക്കപെടും. ഓരോ വ്യക്തിയും അവന്‍റെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ കര്‍ത്താവ് ചോദിക്കുന്നത് നിങ്ങളുടെ കയില്‍ എന്താണ് ഉള്ളത് എന്നാണ്. നിങ്ങളുടെ കയ്യില്‍ ആ ആവശ്യം നിറവേറ്റാന്‍ വേണ്ടി ഉള്ളത് ഉപയോഗ ശൂന്യം ആയ ഒന്നാകാം. കുറവുകള്‍ ഉള്ള ഒന്നാകാം. എന്നാല്‍ കര്‍ത്താവു ആവശ്യപെടുന്നു. അത് അവനു സമര്‍പ്പിക്കുക. കാനയിലെ കല്യാണത്തില്‍ ശൂന്യമായ ഭരണികള്‍ ആണ് ഉണ്ടായത്. കര്‍ത്താവ് പറയുന്നത് ആ ഭരണികളില്‍ വെള്ളം നിറച്ച് തരിക എന്നാണ്. ഭരണി വീഞ്ഞ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണ്. കുടിക്കാന്‍ ഉപയോഗിക്കുന്ന വീഞ്ഞ് ഇല്ലെങ്കില്‍ പിന്നെ മനുഷ്യന്‍ എന്ത് ചെയ്യും വെള്ളം നല്‍കും. അത് ആണ് കാനയില്‍ ഉള്ളത്. കര്‍ത്താവു പറയുന്നു. അത് എനിക്ക് നല്‍കുക.നമ്മുടെ കയ്യില്‍ എന്താണോ ഉള്ളത് അത് സമര്‍പ്പിക്കുക. എന്നതാണ് പ്രധാനം.

ഒരിക്കല്‍ ഗുരു ഒരു ദൂര യാത്ര കഴിഞ്ഞ് ആശ്രമത്തിലേക്ക് മടങ്ങി വരികയായിരുന്നു. ദൂരെ നിന്ന് തന്നെ ആശ്രമത്തിലെ വലിയ പ്രാര്‍ത്ഥന ഗുരു കേട്ടു. ഗുരു ശിഷ്യന്മാരോട് ചോദിച്ചു. എന്താണ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌. പ്രധാന ശിഷ്യന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ആഹാരം നല്‍കണം എന്നാണ് പ്രാര്‍ത്ഥിച്ചത്. ഗുരു ചോദിച്ചു. പത്തായത്തില്‍ നെല്ല് ശേഷിക്കുന്നുണ്ടോ? ശിഷ്യര്‍ പറഞ്ഞു.ഉണ്ട്. ഗുരു തുടര്‍ന്നു, ഉണ്ടെങ്കില്‍ ആ നെല്ല് തമ്പുരാന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക. നല്ല വിളവിനു വേണ്ടി പ്രാര്‍ത്ഥിക്കുക. എന്നിട്ട് ഇതു ഉഴ്വിന്റെയും വിതയുടെയും കാലമാണ്. വിശ്വാസ പൂര്‍വ്വം പ്രാര്‍ത്ഥനാപൂര്‍വ്വം വിതയ്ക്കുക. പിന്നെ എല്ലാം ദൈവ കരങ്ങളില്‍ സമര്‍പ്പിക്കുകദൈവം ആ വിത്ത് മുളപ്പിച്ച് വലിയ ഫലം പുറപ്പെടുവിക്കും.നിന്‍റെ കൈകളില്‍, ദൈവം തന്നത് നീ മറച്ചുവെച്ച് വീണ്ടും അനുഗ്രഹം ചോദിക്കരുത്. നിനക്ക് ദൈവം തന്നതിനെ നീ ദൈവത്തിന് സമര്‍പ്പിച്ചു കൊണ്ട് അനുഗ്രഹം യാചിക്കുക.

പ്രാര്‍ത്ഥന നിറവേറപ്പെടാന്‍ നാം ആഗ്രഹത്തോടെ പ്രാര്‍ത്ഥിക്കണം. പിന്നെ നമ്മള്‍ പ്രാര്‍ത്ഥിക്കുന്ന ആവശ്യവുമായി ബന്ധപെട്ടു നമ്മുടെ കരങ്ങളില്‍ ഉള്ളത് ദൈവത്തിന് സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കണം. നീ ഒരു ഭവനം പണിയാന്‍ ആഗ്രഹിക്കുന്നു എന്ന് കരുതുക. നിന്‍റെ കയില്‍ ആയിരം രൂപയുണ്ടെങ്കില്‍ അത് നീ ദൈവ സന്നിധിയില്‍ സമര്‍പ്പിക്കുക. എന്നിട്ട് പറയുക. എനിക്ക് ഒരു വീട് വേണം. ആയിരം രൂപ എന്റെ കയില്‍ ഉണ്ട്. ബാക്കി എനിക്ക് അറിയില്ല. തീര്‍ച്ചയായും ദൈവം സഹായിക്കും. നിന്‍റെ സമര്‍പ്പണത്തെ സ്വീകരിക്കുന്ന ദൈവം അത് നിന്‍റെ ഭവനത്തിന്റെ അടിസ്ഥാനം ആക്കി മാറ്റും. ദൈവം തന്ന ദാനങ്ങള്‍ മറന്നു നാം എനിക്ക് ഇല്ല എന്ന് പറഞ്ഞു പ്രാര്‍ഥിക്കരുത്. മറിച്ചു നിങ്ങള്‍ക്ക് ഉള്ളതിനെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക. അപ്പോള്‍ നീ അനുഗ്രഹിക്കപെടും.

പ്രാര്‍ത്ഥന.

കാരുണ്യവാനായ കര്‍ത്താവെ, എന്‍റെ ജീവിതത്തില്‍ ഉള്ളത് കുറവുകള്‍ നിറഞ്ഞ, എന്‍റെ ആവശ്യങ്ങള്‍ക്ക് തികയാത്ത വിഭവങ്ങള്‍ ആണ്. എനിക്ക് ഒരു ഭവനം വേണം. വളരെ കുറച്ചേ പണം ആണ് എന്‍റെ സമ്പാദ്യം നീ അതിനെ വര്‍ദ്ധിപ്പിക്കണമേ. ( നിങ്ങളുടെ ആവശ്യംനിറവേറ്റാന്‍ നിങ്ങള്‍ കരുതുന്ന കാര്യം ദൈവത്തിന് സമര്‍പ്പിക്കുക. വര്‍ദ്ധിപ്പിക്കാന്‍ അപേക്ഷിക്കുക ) എന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഞാന്‍ കരുതുന്ന, എന്‍റെ കയ്യിലുള്ള പരിമിതമായ വിഭവങ്ങളെ നിനക്ക് സമര്‍പ്പിക്കുന്നു. എന്‍റെ കയ്യില്‍ ഉള്ളത് നീ ദാനമായി തന്നത് മാത്രമാണ്. ഉള്ളവന് വീണ്ടും നല്കപെടും എന്ന് നീ അരുളി ചെയ്തിട്ടുണ്ടല്ലോ? എനിക്ക് നിന്‍റെ കൃപയാല്‍, എന്‍റെ ആവശ്യം പരിപൂര്‍ണ്ണമായി നിറവേറ്റാന്‍ ഉള്ള സമര്‍ഥി നല്‍കേണമേ ആമേന്‍.

No comments:

Post a Comment