Monday, 28 October 2013

ചിതറുന്ന ആടുകള്‍

നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല;ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലം കൊണ്ട് തിരിച്ചറിയപെടുന്നു.( ലൂക്കാ 6:43)

ഭൂമിയില്‍ ഇതു സഭകളുടെ കാലമാണ്. ആചാര്യന്മാര്‍ പുതിയ തത്വശാസ്ത്രങ്ങളുടെ പേരില്‍ സഭകള്‍ സ്ഥാപിക്കുന്നു. മുഖപുസ്തകത്തിന്റെ ഏടുകളില്‍ ഇന്നലെ ഒരു ആഹ്വാനം കണ്ടു. നാളെ എല്ലാ ക്രിസ്ത്യാനികളും അടുത്തുള്ള ഒരു പെന്തക്കോസ്ത് സഭയില്‍ ആരാധന നടത്തണം. സത്യത്തില്‍ സങ്കടം തോന്നി. കോടി കണക്കിനു വരുന്ന ക്രിസ്തുവിനെ അറിയാത്ത ജനതയോട് അവര്‍ക്ക് ഒന്നും പറയാനില്ല. പക്ഷേ സത്യവിശ്വാസികളെ വഴി തെറ്റിക്കാന്‍ അവര്‍ പരിശ്രമിക്കുന്നു.

ഒരു അമ്മ വല്ലാതെ സങ്കടപെട്ടു. മകന്‍ അപ്പസ്തോലിക സഭ വിട്ടു പോയി. അവന്‍റെ പിതാക്കന്മാരുടെ വിശ്വാസം തള്ളി പറഞ്ഞു ജീവിക്കുന്നു. അമ്മയോട് ഞാന്‍ ചോദിച്ചു. അമ്മേ, അവന്‍ ആദ്യം തള്ളി പറഞ്ഞത് നമ്മുടെ കുടുംബ യോഗ മീറ്റിംഗ്കള്‍ അല്ലേ? പിന്നെ അവന്‍ നമ്മുടെ വികാരി അച്ചനെ തള്ളി പറഞ്ഞില്ലേ ? ഇപ്പോള്‍ അവന്‍ ആരെയാണ് തള്ളി പറയുന്നത്. ആ അമ്മ പറഞ്ഞു. അവന്‍ ഇപ്പോ തള്ളി പറയുന്നത് അവന്‍റെ അപ്പനെയും, അമ്മയെയും, ഭാര്യയെയും ആണ്. ഞങ്ങള്‍ അവന്‍റെ സഭയില്‍ ചേരാത്തതിനാല്‍ ഞങ്ങള്‍ അവന്‍റെ ആരുമല്ല. സഭാ മക്കള്‍ മാത്രമാണ് അവന്‍റെ ബന്ധുക്കള്‍.. , മാതാ പിതാക്കളെ തള്ളി പറയാന്‍ മടിക്കാത്ത വിശ്വാസം

ഒരിക്കല്‍ ഒരു ധ്യാന ഗുരുവിനെ ഞാന്‍ വഴിയില്‍ വച്ച് കണ്ടു. അയ്യാള്‍ പറഞ്ഞു. നീ ഇപ്പോഴും അപ്പസ്തോലിക സഭയില്‍ തന്നെ ആണോ ഞാന്‍ പറഞ്ഞു, ആണ്. താങ്കള്‍ എന്താണ് ചോദിച്ചത്. അയ്യാള്‍ പറഞ്ഞു. ഞാന്‍ ബൈബിള്‍ പഠിച്ചു. ഇപ്പോള്‍ സ്വന്തം സഭ ഉണ്ട്. ചേരുന്നുണ്ട് എങ്കില്‍ അടുത്ത ആഴ്ച വരിക. ബൈബിള്‍ പറയുന്നു. 'നിന്‍റെ ജ്ഞാനവും അറിവും നിന്നെ വഴി തെറ്റിച്ചു. ഞാന്‍, ഞാന്‍ അല്ലാതെ മറ്റാരുമില്ല എന്ന് നീ അഹങ്കരിച്ചു.രക്ഷപെടാന്‍ വയ്യാത്ത നാശം നിനക്ക് സംഭവിക്കും.'( ഏശയ്യ 47:10)

പെന്തക്കോസ്ത് സഭയിലെ ഗുരുക്കന്മാര്‍, പലപ്പോഴും അപ്പസ്തോലിക സഭയെ വിമര്‍ശിക്കുന്നത് കേള്‍ക്കാം. സഭ അധികാരം ഉപയോഗിക്കുന്നു. എന്നാല്‍ പെന്തക്കോസ്ത് സഭകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. വളരും തോറും പിളരുന്ന ചിതറിയ അജഗണം ആണ് അവര്‍..,റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ്‌ ശ്ലീഹ പറയുന്നു. " ഓരോരുത്തനും മേലധികാരികള്‍ക്ക്‌ വിധേയനായിരിക്കട്ടെ. എന്തെന്നാല്‍ , ദൈവത്തില്‍നിന്നല്ലാതെഅധികാരമില്ല.നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്‍നിമിത്തം , അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധികരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കു തന്നെ ശിക്ഷാവിധി വരുത്തി വയ്ക്കും. ( റോമ 13:1-2)

സഹോദരങ്ങളെ നിങ്ങള്‍ വഴി തെറ്റി പോയെങ്കില്‍ ക്രിസ്തു സ്ഥാപിച്ച സഭയില്‍ നിന്നും ഏറെ അകലെയാണ് നിങ്ങളുടെ ജീവിതമെങ്കില്‍ മടങ്ങി വരിക. നിന്നെ സഭയാകുന്ന മാതാവ്‌ കാത്തിരിക്കുന്നു. മാതാപിതാക്കളെ ഉപേഷിച്ച്, കുടുംബ ബന്ധങ്ങള്‍ തകര്‍ത്ത്, ക്രിസ്തുവിന്റെ ഭൗതിക ശരീരമായ സത്യാ സഭയായ അപ്പസ്തോലിക സഭ വിട്ട് നീ പോകരുത്. പോയാല്‍ മകനെ നാശത്തിലേക്ക് പോകുന്ന നിന്നെ മടക്കി വിളിക്കാന്‍ നിന്നെ പ്രസവിച്ച പെറ്റമ്മ ദൈവ തിരുമുന്‍പില്‍ കരയും. ആ വേദന ദൈവം കാണാതിരിക്കുമോ? മാതാ പിതാക്കളുടെ ശാപം നിന്നെ തകര്‍ത്തു കളയും.

നീ പെന്തകൊസ്തു സഭയില്‍ ജനിച്ചവനാണോ? പ്രാര്‍ത്ഥിക്കുക, ദൈവം സത്യം വെളിപെടുത്തും. ബൈബിള്‍ പഠിക്കുക, സഭാ ചരിത്രം പഠിക്കുക. അഞ്ജതയുടെ ഇരുളടഞ്ഞ നാള്‍ വഴികളില്‍ നിന്ന് മാറി നടക്കുക. സത്യം നിന്നെ സ്വതന്ത്രനാക്കും.

പ്രാര്‍ത്ഥന.

നന്മയായുള്ളതു പഠിപ്പിക്കുകയും, പോകേണ്ട വഴിയിലൂടെ ഞങ്ങളെ നയിക്കുകയും ചെയ്യുന്ന കര്‍ത്താവെ, സത്യസഭയില്‍ നിന്നും വഴി തെറ്റി പോയ എല്ലാ മക്കളെയും അങ്ങേ കരങ്ങളില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ചിതറിപോയ അജഗണങ്ങളെ അങ്ങയുടെ ആലയത്തില്‍ ഒരുമിച്ചു കൂട്ടണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

No comments:

Post a Comment