Wednesday, 30 October 2013

സൗന്ദര്യം

"എന്നാല്‍ , കര്‍ത്താവ് സാമുവേലിനോട് കല്പിച്ചു: അവന്‍റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിര്സ്കരിച്ചതാണ്. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യ രൂപത്തില്‍ ശ്രദ്ധിക്കുന്നു. കര്‍ത്താവാകട്ടെ ഹൃദയ ഭാവത്തിലും. 
( 1സാമുവേല്‍ 16:7)"

ഒരിക്കല്‍ വിവാഹ പ്രായം ആയ ഒരു സഹോദരി പറഞ്ഞു. എനിക്ക് ഈ ജീവിതം മടുത്തു. ഞാന്‍ ചോദിച്ചു. എന്ത് പറ്റി? അവള്‍ പറഞ്ഞു. എത്രയോ പേര് എന്നെ പെണ്ണ് കാണാന്‍ വന്നു ആര്‍ക്കും എന്നെ ഇഷ്ടപെട്ടില്ല. എന്‍റെ അമ്മയ്ക്ക് പോലും എന്നോട് ഒരു പരിഹാസം തോന്നി തുടങ്ങിയിരിക്കുന്നു. ദൈവം എന്തിനാണ് എന്നെ ഇങ്ങിനെ സൃഷ്ടിച്ചത്? എന്‍റെ കണ്ണ് നീര്‍ കാണാതെ ദൈവം മറഞ്ഞിരിക്കുന്നത് എന്ത് കൊണ്ടാണ്? 

വിവാഹം ആലോചിക്കുന്ന ഒരു സഹോദരന്‍ പറഞ്ഞു. പെണ്‍കുട്ടി നല്ലതാണ്. നല്ല സ്വഭാവം നല്ല കുടുംബം. അത്യാവശ്യം നല്ല പടിപ്പുമുണ്ട്. എന്നാലും കാണാന്‍ ഒരു ലൂക്കില്ല. ഞാന്‍ എന്തു ചെയ്യണം എന്ന് ആലോചിക്കുകയാണ്. ഞാന്‍ പറഞ്ഞു. സഹോദരാ, എല്ലാം ഉണ്ടെങ്കിലും അവള്‍ നിന്നെ സ്നേഹിക്കുവാന്‍ കഴിയുന്ന ഒരാള്‍ അല്ലെങ്കില്‍ നീ എന്ത് ചെയ്യും? മുഖത്തിന്‍റെ സൗന്ദര്യത്തില്‍ നീ വീഴരുത്. ഹൃദയത്തിന്‍റെ സൗന്ദര്യം തിരിച്ചറിയാന്‍ പഠിക്കണം. അതിനെക്കാള്‍ ഉപരി നീ ദൈവത്തോട് ആലോചന ചോദിക്കണം. ഇവള്‍ എനിക്ക് വേണ്ടി അങ്ങ് തിരഞ്ഞെടുത്ത പെണ്‍കുട്ടി ആണോ? ആണെങ്കില്‍ ദൈവമേ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ ഇവളെ സ്വീകരിക്കുന്നു എന്ന് പറയുക. 

ബൈബിളില്‍ സാമുവേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ ഒരു സംഭവം പറയുന്നുണ്ട്. സാവൂളിന് ദൈവത്തിന്റെ അപ്രീതി ഉണ്ടായി കഴിഞ്ഞപ്പോള്‍ പുതിയ രാജാവിനെ തിരഞ്ഞെടുക്കാന്‍ ദൈവം സാമുവേല്‍ പ്രവാചകനെ നിയോഗിക്കുകയാണ്. ദൈവ നിയോഗ പ്രകാരം സാമുവേല്‍ ജെസ്സെയുടെ കുടുംബത്തില്‍ എത്തി. ജെസ്സെയുടെ പുത്രന്മാരില്‍ യോഗ്യനായ ഏലിയാബിനെ സാമുവേല്‍ ശ്രദ്ധിക്കുകയാണ്. രാജാവിന്‌ പറ്റിയ എല്ലാ ഗുണ ഗണങ്ങളും ഉള്ള മനുഷ്യന്‍. എന്നാല്‍ കര്‍ത്താവു പറയുന്നു. ഞാന്‍ അവനെ തിരഞ്ഞെടുത്തിട്ടില്ല. ജെസ്സെ ഏഴു പുത്രന്മാരെ സാമുവേലിന് മുന്‍പില്‍ കൊണ്ട് വന്നു. എന്നാല്‍ കര്‍ത്താവു പറയുന്നു. ഇവര്‍ ആരുമല്ല. 

സാമുവേല്‍ ചോദിക്കുകയാണ്. ഇനി ആരെങ്കിലും ഉണ്ടോ നിന്‍റെ കുടുംബത്തില്‍ ഇവിടെ വരാത്തത് ? ഈ പിതാവ് പറയുകയാണ്. ഒരാള്‍ കൂടി ഉണ്ട്. ഞാന്‍ ആടിനെ മേയ്ക്കാന്‍ വിട്ടിരിക്കുകയാണ്. ഉടനെ സാമുവേല്‍ പറയുകയാണ്. അവന്‍ വന്നിട്ടേ ഞങ്ങള്‍ ഭക്ഷണം കഴിക്കുക. നോക്കുക ദൈവം തിരഞ്ഞെടുത്തവനെ മനുഷ്യന്‍ അറിഞ്ഞിരുന്നില്ല. നിനക്ക് വേണ്ടി ദൈവം തിരഞ്ഞെടുക്കുന്ന ജീവിത പങ്കാളി ആരെന്നു നിനക്ക് പ്രതീക്ഷിക്കാന്‍ ആകുകയില്ല. 

നിന്‍റെ ജീവിതം ദൈവിക പദ്ധതി ആണ്. ഒരു പക്ഷെ നീ വിവാഹ ആലോചനയായി ചെന്നപ്പോള്‍ നിനക്ക് പ്രതീക്ഷകള്‍ക്ക് നിരക്കാത്ത ഒരു ജീവിത പങ്കാളിയെ ദൈവം നിന്‍റെ ജീവിതത്തിലേക്ക് അയച്ചു കാണും. നിനക്ക് അവളെ അല്ലെങ്കില്‍ അവനെ സ്നേഹിക്കാന്‍ ആകുന്നില്ല എങ്കില്‍ ഓര്‍ക്കുക. നീ ദൈവ ഇഷ്ടം തിരിച്ചറിയുന്നില്ല. നിന്‍റെ സൗന്ദര്യം കുറഞ്ഞു പോയതിനെ ഓര്‍ത്തു നീ ദുഖിക്കുന്നു എങ്കില്‍ നീ അറിയുക. ദൈവം നിന്നെ തിരഞ്ഞെടുത്ത വ്യക്തിയാണ്. നിനക്കായി ഒരു ദൈവ പദ്ധതി ഉണ്ട്. അത് നിറവേറാന്‍ പ്രാര്‍ത്ഥിക്കുക.നിന്‍റെ വിളി തിരിച്ചറിയുക. അത് നിറവേറ്റാന്‍ ഒരുങ്ങുക,പ്രാര്‍ത്ഥിക്കുക. നിന്‍റെ ജീവിതത്തിലേക്ക് ദൈവം സമര്‍ഥിയായി അനുഗ്രഹം ചൊരിയും.

വിക്കനായ മോശയെ തിരഞ്ഞെടുത്ത കര്‍ത്താവ്, ഇടയനായ ദാവിതിനെ ഇസ്രയേല്‍ രാജാവാക്കിയ കര്‍ത്താവ്, മുക്കുവരെ സുവിശേഷകരാക്കി മാറ്റിയ കര്‍ത്താവ് നിന്നെ അറിയുന്നവനാണ്. നിന്‍റെ കുറവുകള്‍ അവന്‍ പരിഹരിക്കും. നിന്‍റെ വേദനകളില്‍ ക്രിസ്തു ആശ്വാസം ചൊരിയും. നീ പ്രാര്‍ത്ഥിക്കുക. ദൈവം നിന്നെ തിരഞ്ഞെടുക്കും. 

പ്രാര്‍ത്ഥന.

കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തിലേക്ക്, അങ്ങ് തിരഞ്ഞെടുത്ത പങ്കാളിയാണ് ഞങ്ങളുടെ കൂടെ ഉള്ളത് എന്ന് തിരിച്ചറിഞ്ഞ് അവരുടെ കുറവുകളെ അംഗീകരിച്ച് ജീവിക്കുവാനുള്ള കൃപാ വരം ഞങ്ങള്‍ക്ക് നല്‍കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

Monday, 28 October 2013

ജീവിതപങ്കാളി ഒരു ദൈവദാനം

"സ്ത്രീയുടെ സൗന്ദര്യത്തില്‍ കുടുങ്ങി പോകരുത്; ധനത്തിന് വേണ്ടി അവളെ മോഹിക്കയുമരുത്."( പ്രഭാഷകന്‍ 25:21)
ഒരു സ്ത്രീയുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് വിവാഹം. എന്‍റെ സുഹ്രത്തിന്റെ വിവാഹം കഴിഞ്ഞു. മധുവിധു നാളുകള്‍ പിന്നിടുമ്പോള്‍ ഒരു ദിവസം ഞാന്‍ അവളെ ഫോണില്‍ വിളിച്ചു. എങ്ങിനെയുണ്ട് പുതിയ ജീവിതം എന്നുള്ള ചോദ്യത്തിനു ഉത്തരമായി അവള്‍ പറഞ്ഞു. എന്‍റെ ഹൃദയത്തില്‍ കയ്പ് നിറഞ്ഞിരിക്കുന്നു. അവള്‍ തുടര്‍ന്നു. നിനക്ക് അറിയുമോ അവന്‍ കെട്ടിയത് എന്‍റെ വിദേശ ജോലിയെ ആണ് ആണ് എന്നെയല്ല. ഒരു തേങ്ങലോടെ അവള്‍ പറഞ്ഞു നിര്‍ത്തി . 

പിന്നീടു ഒരിക്കല്‍ നിയമ ഉപദേശത്തിനു വക്കീലായ സുഹ്രത്തിനെ കാണാന്‍ ചെന്നപ്പോള്‍ അവിടെ വന്ന ഒരു സഹോദരി പറഞ്ഞു. രാത്രി പല പെണ്ണുങ്ങളുടെയും കൂടെ പോയി ഭര്‍ത്താവ് തിരികെ വരും. എന്നിട്ട് അവരുടെ ശരീരം വര്‍ണ്ണിക്കും. ഞാന്‍ ഒരുപാടു സഹിച്ചു. നില വിട്ടപ്പോള്‍ ഞാനും തീരുമാനിച്ചു. ഒരു ദിവസത്തേക്ക് ഞാന്‍ അവനെ തോല്‍പ്പിക്കും. അന്ന് ഞാന്‍ മറ്റൊരു പുരുഷനെ അറിഞ്ഞു. എന്നിട്ട് ഞാന്‍ എന്‍റെ ഭര്‍ത്താവിനോട് ആ കഥ പറഞ്ഞു. അവനെന്നെ ചവിട്ടി പുറത്താക്കി. എങ്കിലും എന്‍റെ മനസില്‍ ഒരു സുഖമുണ്ട്. ഒരു പാട് പ്രാവശ്യം അവന്‍ എന്‍റെ ഹൃദയത്തില്‍ കുത്തിയ വാള്‍ കൊണ്ട് ഒരിക്കല്‍ ഞാന്‍ അവന്‍റെ ശരീരത്തില്‍ ഒന്ന് പോറിയല്ലോ എന്ന സന്തോഷം. അത് പറയുമ്പോള്‍ ആ സഹോദരിയുടെ കണ്ണ് നിറഞ്ഞിരുന്നു. 

വിവാഹം ഒരു ദൈവ വിളിയാണ്. ബൈബിള്‍ പറയുന്നു. "സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നത് പോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്ക് വിധേയരായിരിക്കണം.ഭര്‍ത്താക്കന്മാരെ,ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ തന്നെ തന്നെ സമര്‍പ്പിക്കുകയും ചെയ്തത് പോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം. ( എഫേസൂസ് 5:24-25)" ഒരു വിവാഹ ബന്ധത്തെ പൗലോസ് ശ്ലീഹ താരതമ്യപെടുത്തുന്നത് ക്രിസ്തുവും സഭയും തമ്മില്ലുള്ള ബന്ധത്തോടാണ്. ഭര്‍ത്താവിന്‍റെ ആഗ്രഹങ്ങളെ ഭാര്യ നിഷേധിക്കരുത്. എന്നാല്‍ ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് സ്വയം സമര്‍പ്പിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു.

വിവാഹ ജീവിതത്തെ പറ്റി പൗലോസ് ശ്ലീഹ പറയുന്നത് ഇതു ഒരു വലിയ രഹസ്യമാണ് എന്നാണ്. വിശുദ്ധിയുടെ പരികര്‍മ്മം നടക്കേണ്ട വേദിയാണ് വിവാഹ ജീവിതം. ഹൃദയങ്ങള്‍ ഒന്നാകേണ്ട വേദി.എന്നാല്‍ അവിടെ വാളുകള്‍ ഉപയോഗിച്ച് ഹൃദയങ്ങളെ മുറിക്കരുത്. എനിക്ക് അറിയാം ഞാന്‍ പറഞ്ഞ ആ സഹോദരിമാരുടെ ഹൃദയത്തില്‍ നിന്ന് ഇപ്പോഴും രക്തം പൊടിയുന്നുണ്ട്. സ്വപ്നങ്ങള്‍ തകര്‍ന്നു പോയ ജീവിതം. അവരുടെ രക്തം ദൈവ തിരുമുന്‍പില്‍ അവരുടെ ഭര്‍ത്താവിനെതിരെ നിലവിളിക്കും എന്നതില്‍ എനിക്ക് സംശയമില്ല. അത് ആ മനുഷ്യരുടെ മേല്‍ ശാപമായി വന്നു വീഴും.

പ്രിയമുള്ളവരേ, നിങ്ങള്‍ ഒന്ന് മറക്കാതെ ഇരിക്കുക. ദൈവം സ്ഥാപിച്ച കുദാശ ആണ് വിവാഹം. നിങ്ങളുടെ ഭാര്യ സൗന്ദര്യം കുറഞ്ഞ പെണ്‍കുട്ടി ആയിരിക്കാം. അവള്‍ക്കു നിങ്ങള്‍ പ്രതീക്ഷിച്ച പലതും ഇല്ലായിരിക്കാം. അവളുടെ ധന സമ്പാധന ശേഷി കുറവായിരിക്കാം. പക്ഷെ മറക്കാതെ ഇരിക്കുക. ദൈവം ആണ് നിങ്ങളെ യോജിപ്പിച്ചത്. ദൈവം നിനക്ക് തന്ന ദാനത്തെ നീ തള്ളി പറയരുത്. വേദനിപ്പിക്കരുത്. ഒരു പക്ഷെ നീ ആഗ്രഹിച്ച പങ്കാളിയെ തരാതെ ദൈവം നിനക്ക് അര്‍ഹിക്കുന്ന പങ്കാളിയെ തന്നിട്ടുണ്ടാകാം. അവളുടെ കണ്ണ് നീര്‍ ഇനി ഈ ഭൂമിയില്‍ വീഴരുത്‌. അത് നിനക്കും നിന്‍റെ കുടുംബത്തിനും നന്മയായി ഭവിക്കില്ല. ദൈവം നിന്നോട് ചേര്‍ത്ത് വച്ച ശരീരത്തെ നിന്‍റെ ശരീരം പോലെ നീ പരിപാലിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കും.

പ്രാര്‍ത്ഥന.

കാരുണ്യവനായ ദൈവമേ, വിവാഹമെന്ന കുദാശ വഴി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന ജീവിത പങ്കാളിയെ ഞാന്‍ അങ്ങേ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. എന്‍റെ പങ്കാളിയെ അനുഗ്രഹിക്കണമേ. അവരുടെ ശരീരത്തെ എന്‍റെ ശരീരമായി കണ്ടു സ്നേഹിക്കുവാന്‍ ഉള്ള കൃപാ വരം എനിക്ക് നല്കണമേ ആമേന്‍.

പ്രണയം

"അവള്‍ അവശേഷിപ്പിക്കുന്നത് ശാപഗ്രസ്തമായ ഓര്‍മ്മയാണ്; അവളുടെ അപകീര്‍ത്തി മായുകയില്ല.( പ്രഭാഷകന്‍ 23:26)" 

പ്രണയം നല്ലതാണ്. എന്നാല്‍ മാതാ പിതാക്കളുടെ അനുഗ്രഹവും ആശീര്‍വാദവും ഇല്ലാത്ത പ്രണയങ്ങള്‍, പരാജയത്തിലേക്കും നാശത്തിലേക്കും നയിക്കും. വിവാഹത്തിന്‍റെ പവിത്രമായ നിമിഷങ്ങള്‍ കഴിയുന്ന വരെ ഒരിക്കലും നമ്മള്‍ മറ്റൊരാളുടെ ആകരുത്. വിവാഹത്തിനു മുന്‍പ് നടക്കുന്ന ശരീരത്തിന്‍റെ ഉത്സവങ്ങള്‍ ദൈവം ആഗ്രഹിക്കുന്നില്ല. അത് ശാപം വിളിച്ചു വരുത്തും.നമ്മള്‍ ചതിക്കപെടും. എന്‍റെ ഓര്‍മ്മകളില്‍ ഒരു നൊമ്പരമായി എന്നും അവശേഷിക്കുന്ന ഒരുപേരാണ് മേരി. പ്രണയത്തിന്റെ നിറചാര്‍ത്തുകള്‍ അലകടല്‍ ആക്കിയ മേരി ഇന്നു ഈ ഭൂമിയില്‍ ഇല്ല. വിവാഹം എന്ന കുദാശ പവിത്രമാണ്. മാതാ പിതാക്കളുടെ കണ്ണ് നീര്‍ ഭൂമിയില്‍ വീഴ്ത്തി നീ ജീവിക്കരുത്.

മേരിയെ തോമസ്‌ കൊന്നതാണ്. അവള്‍ അവനെ ഒരുപാടു സ്നേഹിച്ചു. ഒരു മഴ പോലെ സുന്ദരമായിരുന്നു അവരുടെ പ്രണയം. ജാലക പാളിയിലൂടെ അവള്‍ അവനെ മാത്രം കണ്ടു. ചാറ്റല്‍ മഴയത്ത് സ്നേഹാഗ്നിയായി അവള്‍ അവനിലേക്ക്‌ പറന്നിറങ്ങി എന്നിട്ടും അവന്‍ അവളെ കൊന്നു.തോമസ്‌ കടലായിരുന്നു. സ്നേഹത്തിന്‍റെ കടല്‍, അവന്‍ മേരി യെ മാത്രമല്ല സ്നേഹിച്ചത്.അവളുടെ കൂട്ടുകാരി, എല്‍സി അവളെയും തോമസ്‌ സ്നേഹിച്ചു. മേരി ഒന്നും അറിഞ്ഞില്ല.മഴ പെയ്തു തണുത്ത ഒരു രാത്രിയില്‍ ഒന്നും അറിയാതെ മേരി തോമസിനോട് പറഞ്ഞു. നമുക്ക് ഇവിടം വിട്ട്‌ പോകാം.എന്‍റെ മാതാപിതാക്കള്‍ ഈ വിവാഹത്തിനു സമ്മതിക്കില്ല. എല്ലാം ഉപേഷിച്ച് ഞാന്‍ വരാം. എന്‍റെ പ്രിയ തോമസ്‌, നിങ്ങളെ ദൈവത്തെക്കാള്‍ എനിക്ക് വിശ്വാസം ആണ്. പൂത്തുലയുന്ന പ്രണയം അന്ധമാകുന്നു.

തോമസും മേരിയും നാട് വിട്ടുപോന്നു. മേരിയുടെ മാതാപിതാക്കളുടെ കണ്ണുകള്‍ തോരാതെ പെയ്തു. മഴ പിന്നെയും പെയ്തു തോമസും മേരിയും ഒരു നദിയായി. ഒന്നായി ഒഴുകിയ നദിയില്‍ പുതിയ ജീവന്റെ തുടിപ്പുകള്‍., സന്തോഷം കൊണ്ട് മേരി പ്രിയ സുഹ്രത്ത് എല്‍സിയെ വിളിച്ചു. ഞെട്ടിക്കുന്ന ആ സത്യം മേരി അറിഞ്ഞു. എല്‍സിയും ഗര്‍ഭണി ആണ്. .
മേരി തളര്‍ന്നില്ല. ചതിയുടെ കഥകള്‍ പറഞ്ഞു കരഞ്ഞില്ല . അവളിലെ അമ്മ ഉണര്‍ന്നു. പൊട്ടി കരയുന്ന എല്‍സിയെ അവള്‍ ആശ്വസിപിച്ചു. .അവള്‍ എല്‍സിയെ വീട്ടിലേക്ക്‌ കൂട്ടി കൊണ്ട് വന്നു. അങ്ങിനെ മേരി, എല്‍സി, തോമസ്‌ പിന്നെ രണ്ടു പേര്‍ക്കും തോമസ്‌ കൊടുത്ത ജീവനുകള്‍., വീണ്ടും പുഴ കടലായി.

ആ സന്തോഷം അധികം നീണ്ടില്ല. തോമസ്‌ കടലാണ്. എത്ര പുഴകള്‍ വന്നാലും കടല്‍ സ്വീകരിക്കും. അയ്യാള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി. പകലിനെ മറച്ചുവെച്ച് രാത്രി കടന്നു വന്നു. ഒരു ദുര്‍ബല നിമിഷത്തില്‍ഏതോ ഒരു അശുഭ ചിന്തയില്‍ മേരി മണ്ണെണ്ണ ഒഴിച്ചു സ്വയം തീ കൊളുത്തി. വിശുദ്ധിയുടെ ബലിപീടത്തില്‍ അശുദ്ധിയുടെ കഴുകന്‍ പറന്നിറങ്ങി.

മനുഷ്യന്റെ തീരുമാനത്തിന് മുന്നില്‍ ദൈവം നിശ്ബധ്നായി. മേരി മരിച്ചില്ല. കര്‍ക്കിടക മഴ തകര്‍ത്തു പെയ്ത ഒരു രാവില്‍ മേരി തോമസിനോട് പറഞ്ഞു, എന്നെ നിങ്ങള്‍ ചതിച്ചു. എങ്കിലും, എന്റെ കുഞ്ഞു അവളെ നിങ്ങള്‍ വളര്‍ത്തണം, അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകി. അന്ന് രാത്രി കാവല്‍ മാലാഖമാര്‍ ഒരു നിമിഷം കണ്ണടച്ചപ്പോള്‍ മേരി ഈ ലോകം വിട്ട്‌ യാത്രയായി.

മേരിയുടെ ശവം ഏറ്റുവാങ്ങി കൊണ്ട് വരാന്‍പോയ നാട്ടുകാര്‍ തോമസിനോട് പറഞ്ഞു, നാട്ടില്‍ കാല് കുത്തിയാല്‍ നിന്നെ ഞങ്ങള്‍ കൊന്നു കളയും. മേരിയുടെ ശരീരവും ഒരു മാലാഖ കുഞ്ഞുമായി അവര്‍ നാട്ടില്‍ വന്നു. തകര്‍ന്നു പോയ ആ മാതാപിതാക്കളുടെ ദുഖം അണപൊട്ടി ഒഴുകി.അന്ന് മഴ വല്ലാതെ തകര്‍ത്തു പെയ്തു. തന്റെ കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ക്കാന്‍ വെമ്പുന്ന അമ്മയെ പോലെ വെള്ളത്തുള്ളികള്‍ മരണപന്തിലിലെക് ഒലിച്ചു വന്നു. അമ്മയുടെ ചൂട് തേടുന്ന ആ മാലഖ കുഞ്ഞു ഉറക്കെ കരയുന്നുണ്ടായിരുന്നു.

മഴ പതിയെ കുറഞ്ഞു. പിന്നെ അത് പൂര്‍ണമായി നിലച്ചു. പ്രക്രതി അമ്മയല്ലേ. തന്റെ മകളുടെ വിയോഗത്തില്‍ അത് പൊട്ടികരഞ്ഞു.ശവം അടക്കല്‍ കഴിഞ്ഞ് അന്ത്യചുംബനം കൊടുത്ത്,അമ്മയുടെ കുഴി മാടത്തില്‍ നിന്ന് ആ മാലാഖ കുഞ്ഞു പുറത്തേക്കു ഇറങ്ങുമ്പോള്‍ ഒന്നും അറിയാതെ എന്തോ നോക്കി അവള്‍ ചിരിച്ചു. ചാറ്റല്‍ മഴയുടെ നനവ് മുഖത്ത് തട്ടിയപ്പോള്‍ അമ്മിഞ്ഞ്ക് വേണ്ടിയെന്നപോലെ അവള്‍ നാവ് നീട്ടി. ഒരു പക്ഷെ മേരി ആ മഴയായി പെയ്താതകം.തന്റെ കുഞ്ഞിനെ അവസാനമായി ഒന്ന് പുല്‍കുവാന്‍ ഒരു അമ്മയുടെ ഹൃദയം വെമ്പുകയില്ലേ? ആ ദ്രശ്യം കണ്ട മനുഷ്യരുടെ കണ്ണുകളിലും ഒരു തുള്ളി കണ്ണ് നീര്‍ നിറഞ്ഞു.

അന്ന് ഹൃദയം തകര്‍ന്നു വിലപിക്കുന്ന മേരിയുടെ അപ്പനെയും, അമ്മയെയും കണ്ടപ്പോള്‍ ഞാന്‍ അറിയാതെ ഓര്‍ത്തു പോയി. തോമസേ, നീ ജനിപ്പിച്ചതും ഒരു പെണ്‍ കുഞ്ഞയിപോയ്യല്ലോ . നാളെ ഒരു നാള്‍ നീയും ഇതു പോലെ കരയേണ്ടി വന്നാല്‍ ................................. ഇതു വായിക്കുന്ന ആരും ഇനിയും ചതിക്കപെടരുത്. വിവാഹത്തിന്‍റെ പവിത്ര നിമിഷങ്ങള്‍ക്ക് മുന്‍പ് ആഘോഷങ്ങളുടെ രാവുകള്‍ ഉണ്ടാകാതിരിക്കട്ടെ. ദൈവം യോജിപ്പിക്കാത്തത് മനുഷ്യന്‍ ചെര്‍ക്കാതിരിക്കട്ടെ. ദൈവം നിങ്ങളെ രക്ഷിക്കും.

പ്രാര്‍ത്ഥന.

കാരുണ്യവാനായ കര്‍ത്താവെ, വിവാഹമെന്ന കുദാശ പവിത്രമാണ് എന്ന് അറിയാതെ, വിവാഹിതര്‍ ആകാതെ ഒരുമിച്ചു ജീവിക്കുന്ന എല്ലാ മക്കളെയും അങ്ങേ കരങ്ങളിലേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അവര്‍ക്ക് മാനസാന്ദര അനുഭവം നല്കണമേ. വിവാഹമെന്ന കുദാശയുടെ പവിത്രത അറിയാതെ, തെറ്റായ ജീവിതം നയിക്കുന്നവരെയും അങ്ങ് സ്പര്‍ശിക്കണമേ, ആമേന്‍

ചിതറുന്ന ആടുകള്‍

നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല;ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലം കൊണ്ട് തിരിച്ചറിയപെടുന്നു.( ലൂക്കാ 6:43)

ഭൂമിയില്‍ ഇതു സഭകളുടെ കാലമാണ്. ആചാര്യന്മാര്‍ പുതിയ തത്വശാസ്ത്രങ്ങളുടെ പേരില്‍ സഭകള്‍ സ്ഥാപിക്കുന്നു. മുഖപുസ്തകത്തിന്റെ ഏടുകളില്‍ ഇന്നലെ ഒരു ആഹ്വാനം കണ്ടു. നാളെ എല്ലാ ക്രിസ്ത്യാനികളും അടുത്തുള്ള ഒരു പെന്തക്കോസ്ത് സഭയില്‍ ആരാധന നടത്തണം. സത്യത്തില്‍ സങ്കടം തോന്നി. കോടി കണക്കിനു വരുന്ന ക്രിസ്തുവിനെ അറിയാത്ത ജനതയോട് അവര്‍ക്ക് ഒന്നും പറയാനില്ല. പക്ഷേ സത്യവിശ്വാസികളെ വഴി തെറ്റിക്കാന്‍ അവര്‍ പരിശ്രമിക്കുന്നു.

ഒരു അമ്മ വല്ലാതെ സങ്കടപെട്ടു. മകന്‍ അപ്പസ്തോലിക സഭ വിട്ടു പോയി. അവന്‍റെ പിതാക്കന്മാരുടെ വിശ്വാസം തള്ളി പറഞ്ഞു ജീവിക്കുന്നു. അമ്മയോട് ഞാന്‍ ചോദിച്ചു. അമ്മേ, അവന്‍ ആദ്യം തള്ളി പറഞ്ഞത് നമ്മുടെ കുടുംബ യോഗ മീറ്റിംഗ്കള്‍ അല്ലേ? പിന്നെ അവന്‍ നമ്മുടെ വികാരി അച്ചനെ തള്ളി പറഞ്ഞില്ലേ ? ഇപ്പോള്‍ അവന്‍ ആരെയാണ് തള്ളി പറയുന്നത്. ആ അമ്മ പറഞ്ഞു. അവന്‍ ഇപ്പോ തള്ളി പറയുന്നത് അവന്‍റെ അപ്പനെയും, അമ്മയെയും, ഭാര്യയെയും ആണ്. ഞങ്ങള്‍ അവന്‍റെ സഭയില്‍ ചേരാത്തതിനാല്‍ ഞങ്ങള്‍ അവന്‍റെ ആരുമല്ല. സഭാ മക്കള്‍ മാത്രമാണ് അവന്‍റെ ബന്ധുക്കള്‍.. , മാതാ പിതാക്കളെ തള്ളി പറയാന്‍ മടിക്കാത്ത വിശ്വാസം

ഒരിക്കല്‍ ഒരു ധ്യാന ഗുരുവിനെ ഞാന്‍ വഴിയില്‍ വച്ച് കണ്ടു. അയ്യാള്‍ പറഞ്ഞു. നീ ഇപ്പോഴും അപ്പസ്തോലിക സഭയില്‍ തന്നെ ആണോ ഞാന്‍ പറഞ്ഞു, ആണ്. താങ്കള്‍ എന്താണ് ചോദിച്ചത്. അയ്യാള്‍ പറഞ്ഞു. ഞാന്‍ ബൈബിള്‍ പഠിച്ചു. ഇപ്പോള്‍ സ്വന്തം സഭ ഉണ്ട്. ചേരുന്നുണ്ട് എങ്കില്‍ അടുത്ത ആഴ്ച വരിക. ബൈബിള്‍ പറയുന്നു. 'നിന്‍റെ ജ്ഞാനവും അറിവും നിന്നെ വഴി തെറ്റിച്ചു. ഞാന്‍, ഞാന്‍ അല്ലാതെ മറ്റാരുമില്ല എന്ന് നീ അഹങ്കരിച്ചു.രക്ഷപെടാന്‍ വയ്യാത്ത നാശം നിനക്ക് സംഭവിക്കും.'( ഏശയ്യ 47:10)

പെന്തക്കോസ്ത് സഭയിലെ ഗുരുക്കന്മാര്‍, പലപ്പോഴും അപ്പസ്തോലിക സഭയെ വിമര്‍ശിക്കുന്നത് കേള്‍ക്കാം. സഭ അധികാരം ഉപയോഗിക്കുന്നു. എന്നാല്‍ പെന്തക്കോസ്ത് സഭകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. വളരും തോറും പിളരുന്ന ചിതറിയ അജഗണം ആണ് അവര്‍..,റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ്‌ ശ്ലീഹ പറയുന്നു. " ഓരോരുത്തനും മേലധികാരികള്‍ക്ക്‌ വിധേയനായിരിക്കട്ടെ. എന്തെന്നാല്‍ , ദൈവത്തില്‍നിന്നല്ലാതെഅധികാരമില്ല.നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്‍നിമിത്തം , അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധികരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കു തന്നെ ശിക്ഷാവിധി വരുത്തി വയ്ക്കും. ( റോമ 13:1-2)

സഹോദരങ്ങളെ നിങ്ങള്‍ വഴി തെറ്റി പോയെങ്കില്‍ ക്രിസ്തു സ്ഥാപിച്ച സഭയില്‍ നിന്നും ഏറെ അകലെയാണ് നിങ്ങളുടെ ജീവിതമെങ്കില്‍ മടങ്ങി വരിക. നിന്നെ സഭയാകുന്ന മാതാവ്‌ കാത്തിരിക്കുന്നു. മാതാപിതാക്കളെ ഉപേഷിച്ച്, കുടുംബ ബന്ധങ്ങള്‍ തകര്‍ത്ത്, ക്രിസ്തുവിന്റെ ഭൗതിക ശരീരമായ സത്യാ സഭയായ അപ്പസ്തോലിക സഭ വിട്ട് നീ പോകരുത്. പോയാല്‍ മകനെ നാശത്തിലേക്ക് പോകുന്ന നിന്നെ മടക്കി വിളിക്കാന്‍ നിന്നെ പ്രസവിച്ച പെറ്റമ്മ ദൈവ തിരുമുന്‍പില്‍ കരയും. ആ വേദന ദൈവം കാണാതിരിക്കുമോ? മാതാ പിതാക്കളുടെ ശാപം നിന്നെ തകര്‍ത്തു കളയും.

നീ പെന്തകൊസ്തു സഭയില്‍ ജനിച്ചവനാണോ? പ്രാര്‍ത്ഥിക്കുക, ദൈവം സത്യം വെളിപെടുത്തും. ബൈബിള്‍ പഠിക്കുക, സഭാ ചരിത്രം പഠിക്കുക. അഞ്ജതയുടെ ഇരുളടഞ്ഞ നാള്‍ വഴികളില്‍ നിന്ന് മാറി നടക്കുക. സത്യം നിന്നെ സ്വതന്ത്രനാക്കും.

പ്രാര്‍ത്ഥന.

നന്മയായുള്ളതു പഠിപ്പിക്കുകയും, പോകേണ്ട വഴിയിലൂടെ ഞങ്ങളെ നയിക്കുകയും ചെയ്യുന്ന കര്‍ത്താവെ, സത്യസഭയില്‍ നിന്നും വഴി തെറ്റി പോയ എല്ലാ മക്കളെയും അങ്ങേ കരങ്ങളില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ചിതറിപോയ അജഗണങ്ങളെ അങ്ങയുടെ ആലയത്തില്‍ ഒരുമിച്ചു കൂട്ടണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

Sunday, 27 October 2013

ചൂണ്ടു പലകകള്‍

"എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല,രക്ഷിക്കാനാണ്.എന്നാല്‍, എന്നെ നിരസിക്കുകയും എന്‍റെ വാക്കുകള്‍ തിരസ്കരിക്കുകയും ചെയ്യുന്നവന് ഒരു വിധി കര്‍ത്താവ്‌ ഉണ്ട്. ഞാന്‍ പറഞ്ഞ വചനം തന്നെ അന്ത്യ ദിനത്തില്‍ അവനെ വിധിക്കും.
( യോഹന്നാന്‍ 12:47-48)"

എന്‍റെ കുട്ടികാലത്ത് ഞങ്ങള്‍ സ്കൂളിലേക്ക് നടന്നു പോകുമായിരുന്നു. പോകും വഴി എന്‍റെ കൂട്ടുകാരുടെ ഒരു പ്രധാന വിനോദം വഴിയരികിലെ ചൂണ്ടു പലകകളില്‍ കല്ലെറിഞ്ഞു കൊള്ളിക്കുക എന്നതായിരുന്നു. ഞാനും അറിവില്ലാത്ത ആ പ്രായത്തില്‍ വഴിയരികിലെ ചൂണ്ടു പലകകളില്‍ കല്ലെറിഞ്ഞിരുന്നു. ഈ ചൂണ്ടു പലകകള്‍ വഴിയാത്രക്കാര്‍ക്ക് വലിയ ഉപകാരം ആണ്. അത് അവരെ ലക്ഷ്യത്തില്‍ എത്തുവാന്‍ സഹായിക്കുന്നു. എന്നാല്‍ ഒരു സത്യമുണ്ട്. ഈ ചൂണ്ടു പലകകള്‍ അല്ല ഒരു വഴിയാത്രക്കാരന്റെ ലക്‌ഷ്യം.

നമ്മുടെ നാട്ടില്‍ വഴിയരികില്‍ കാണുന്ന പല ചൂണ്ടു പലകകളും ചിലപ്പോള്‍ മോശമായ അവസ്ഥയില്‍ ആകാം. എങ്കിലും അത് ധര്‍മ്മം നിറവേറ്റാന്‍ കഴിയുന്നതാണ്. ദേശിയ പാതയില്‍ നിന്ന് എന്‍റെ ഗ്രാമത്തിലേക്ക് തിരിയുന്ന സ്ഥലത്ത് ഞങ്ങള്‍ക്ക് ഒരു ചൂണ്ടു പലക ഉണ്ട്. അതില്‍ നോക്കിയാല്‍ ആകെ കാണുക. ഞങ്ങളുടെ ഗ്രാമത്തിന്‍റെ പേരും ഒരു കൈചൂണ്ടിയും മാത്രമാണ്. ബാക്കി ഭാഗം കാട്ടു വള്ളികള്‍ കയറി മറച്ചിരിക്കുന്നു. എങ്കിലും ഞങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്നവര്‍ക്ക് ആ ചൂണ്ടു പലക വളരെ ഉപകരാപെടുന്ന ഒന്നാണ്.

ആദ്ധ്യത്മിക ജീവിതത്തില്‍, സ്വര്‍ഗത്തിലേക്കുള്ള വഴിത്താരയില്‍ ദൈവം കുറെ ചൂണ്ടു പലകകള്‍ സ്ഥാപിച്ചിരിക്കുന്നു. സ്വര്‍ഗത്തിലേക്കുള്ള വഴി സഭയിലൂടെ ആണെങ്കില്‍ ആ വഴിയിലെ ചൂണ്ടു പലകകള്‍ ആണ് വൈദികരും സന്യസ്തരും, നമ്മെ നല്ല വഴികളിലൂടെ നടക്കാന്‍ ഉപദേശിക്കുന്ന സഭയുടെ അധികാരികളും അടങ്ങുന്ന സമൂഹം. ചിലപ്പോള്‍ എങ്കിലും നമ്മള്‍ ഈ ചൂണ്ടു പലകകളില്‍ കല്ലെറിയാന്‍ പോകുന്നു. ചിലപ്പോള്‍ ആ ചൂണ്ടു പലക കാണിക്കുന്ന വഴി നോക്കാതെ അതിന്‍റെ ഭംഗി നോക്കി, അതിന്‍റെ മോശം അവസ്ഥ നോക്കി പരിഹസിക്കാന്‍ നില്‍ക്കുന്നു. അങ്ങിനെ നില്‍ക്കുമ്പോള്‍ ഓര്‍ക്കുക. നിങ്ങളുടെ ലക്ഷ്യം നഷ്ടപെടുന്നു.

പലപ്പോഴും പലരും ചോദിക്കാറുണ്ട്. ഈ വൈദികന്‍ എന്താണ് ഇങ്ങിനെ പെരുമാറുന്നത്. ആ പള്ളിയില്‍ പഠിപ്പിക്കുന്ന ആളെ എനിക്ക് നന്നായി അറിയാം. അവന്‍ പഠിപ്പിക്കുന്നത്‌ ഞാന്‍ വിശ്വസിക്കണോ? കര്‍ത്താവിന്‍റെ വചനം പഠിപ്പിക്കുന്നവനെ വിധിക്കേണ്ടത് കര്‍ത്താവു ആണ്. ചിലര്‍ ചോദിക്കും. അപ്പോള്‍ കര്‍ത്താവു എന്താണ് വിധിക്കാത്തത്.ബൈബിള്‍ പറയുന്നു."എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല,രക്ഷിക്കാനാണ്.എന്നാല്‍, എന്നെ നിരസിക്കുകയും എന്‍റെ വാക്കുകള്‍ തിരസ്കരിക്കുകയും ചെയ്യുന്നവന് ഒരു വിധി കര്‍ത്താവ്‌ ഉണ്ട്. ഞാന്‍ പറഞ്ഞ വചനം തന്നെ അന്ത്യ ദിനത്തില്‍ അവനെ വിധിക്കും.
( യോഹന്നാന്‍ 12:47-48)" വചനം കേട്ട് അറിഞ്ഞു നടന്നിട്ട് അവന്‍ അത് പാലിക്കുന്നിലെങ്കില്‍ വചനം അവനെ വിധിക്കും.

സഹോദരങ്ങളെ നിങ്ങള്‍ ദയവായി ചൂണ്ടു പലകകള്‍ നോക്കി യാത്ര ചെയ്യുക, എന്നാല്‍ പലക നല്ലതാണോ ചീത്തയാണോ എന്നത് നിങ്ങളുടെ ലക്ഷ്യത്തെ ബാധിക്കരുത്. നിങ്ങള്‍ സ്വര്‍ഗ്ഗം ലക്ഷ്യമാക്കി യാത്ര ചെയ്യുന്നവര്‍ ആണ്. മറക്കാതെ ഇരിക്കുക. ചൂണ്ടു പലകകള്‍ മനുഷ്യനു ഉപകാരമാണ്. അവയില്‍ കല്ലെറിയാതെ ഇരിക്കുക. അതിനെ സ്ഥാപിച്ചവന്‍ പരിപാലിച്ചു കൊള്ളും.

പ്രാര്‍ത്ഥന.

കര്‍ത്താവെ, വൈദികരും സന്യസ്ഥരും, അങ്ങയിലെക്കുള്ള ചൂണ്ടു പലകകള്‍ ആണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. അവരുടെ വ്യക്തി ജീവിതത്തെ പറ്റി ചിന്തിക്കാതെ, അങ്ങയെ ലക്ഷ്യമാക്കി മുന്നേറുവാന്‍ ഉള്ള കൃപാ വരം ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

Saturday, 26 October 2013

കര്‍ത്താവിന്‍റെ കഴുതകള്‍

"കര്‍ത്താവിന് ഇതിനെകൊണ്ട് ആവശ്യമുണ്ട് എന്ന് അവര്‍ പറഞ്ഞു. അവര്‍ അതിനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ട് വന്നു. തങ്ങളുടെ വസ്ത്രങ്ങള്‍ കഴുതകുട്ടിയുടെ പുറത്തു വിരിച്ച് അവര്‍ യേശുവിനെ ഇരുത്തി. (ലൂക്കാ 19: 35)"

ലോകത്തില്‍ ഏറ്റവും പരിഹസിക്കപെടുന്ന ഒരു മൃഗം ആണ്കഴുത. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍, പഠിക്കാത്ത കുട്ടികളെ നോക്കി അദ്ധ്യാപകര്‍ പറയുമായിരുന്നു, അവന്‍ ഒരു കഴുതയാണ്‌.., എന്നാല്‍ രക്ഷാകര ചരിത്രത്തില്‍ കര്‍ത്താവ് ഈ മൃഗത്തിന് വലിയ പ്രാധാന്യം കൊടുത്തു. ക്രിസ്തു രാജകീയ പ്രവേശം നടത്താന്‍ തിരഞ്ഞെടുത്ത മൃഗം കഴുത ആയിരുന്നു. പണിക്കാര്‍ തള്ളി കളഞ്ഞ കല്ല്‌ മൂല കല്ല്‌ ആയി തീര്‍ന്നു.

എല്ലാ ദേവാലയങ്ങളിലും, മിക്കവാറും നമ്മള്‍ ഒരു മനുഷ്യനെ കാണാറുണ്ട്. എല്ലാ ആഘോഷ പരിപാടികള്‍ക്കും, കുട്ടികളുടെ കൂടെ ഏറ്റവും മുന്നില്‍ കുരിശുമായി നില്‍ക്കാറുള്ള ആ മനുഷ്യന്‍തന്നെ , ഇടവകക്കാര്‍ വലിയ ബഹുമാനം കൊടുക്കാതെ ഒരു തരം കളിയാക്കല്‍ നടത്തി കുരിശു പിടിക്കാന്‍ വിടുന്ന ഒരു മനുഷ്യന്‍.., ഞങ്ങളുടെ ഇടവകയില്‍ അങ്ങിനെ ഒരാള്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരിക്കല്‍ ചോദിച്ചു. നിങ്ങള്‍ എന്തിനാണ്, ഈ കുട്ടികളുടെ കൂടെ ഇവിടെ നില്‍ക്കുന്നത്. അയാള്‍ മറുപടിയായി പറഞ്ഞു. ഞാന്‍ കര്‍ത്താവിന്‍റെ കഴുതയാണ്‌.അയാള്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി. കാരണം ദൈവ അവബോധത്തിന്റെ ഉന്നത തലങ്ങളില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ആണ് ഞാന്‍ കര്‍ത്താവിന്‍റെ കഴുത ആണ് എന്ന് സ്വയം വിശേഷിപ്പിക്കാന്‍ കഴിയുക.

ഇന്ന് നാം ഓര്‍ക്കണം. നാം ആരാണ്. കര്‍ത്താവിന്‍റെ കഴുതയല്ലേ? ക്രിസ്തു കൂടെയുള്ളതിനാല്‍ നിനക്ക് മഹ്വതം കിട്ടിയേക്കാം. എന്നാല്‍ അത് ക്രിസ്തു നിന്‍റെ ജീവിതത്തില്‍ ഉള്ളതിനാല്‍ ആണ്. അത് കണ്ടു അഹങ്കരിക്കരുത്. അഹങ്കരിച്ചാല്‍ ക്രിസ്തു നിന്റെ ജീവിതത്തില്‍ നിന്ന് ഇറങ്ങി പോകും. നിന്‍റെ മുന്‍പില്‍ ആളുകള്‍ വസ്ത്രം വിരിച്ച്, ബഹുമാനിച്ച് നില്‍ക്കുന്നത് നിന്നെ കണ്ടിട്ട് അല്ല. മറിച്ചു നിന്നിലെ ക്രിസ്തുവിനെ കാണുമ്പോള്‍ ആണ്. ക്രിസ്തു നഷ്ടപെട്ടാല്‍ നീ വെറും കഴുത മാത്രമാണ്. അടിയും തൊഴിയും കൊണ്ട് ജീവിക്കേണ്ട വെറും അടിമ.

ഇന്ന് നാം ഓര്‍ക്കണം, മറ്റുള്ളവര്‍ നമ്മെ ബഹുമാനിക്കുന്നു, എങ്കില്‍ നിന്നെ അല്ല അവര്‍ ബഹുമാനിക്കുന്നത്‌. ക്രിസ്തുവിനെ ആണ്. ക്രിസ്തുവിനെ ചുമക്കുന്ന നീ വെറും കഴുത ആണ് എന്ന സത്യം മറന്നു അഹങ്കരിക്കരുത്. നീ സ്വന്തം കഴിവില്‍ അഹങ്കരിക്കുന്നവന്‍ ആണ് എങ്കില്‍ ഓര്‍ക്കുക കര്‍ത്താവ് തിരഞ്ഞെടുക്കുക കഴുതകളെ ആണ്. കര്‍ത്താവിന്‍റെ ഒരു കഴുതയായി മാറുവാന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

പ്രാര്‍ത്ഥന 

വിനയത്തിന്റെ ഉന്നതിയില്‍, കഴുതയുടെ പുറത്ത് കയറി ജറുസലെമേലിക്ക് രാജകീയ പ്രവേശം നടത്തിയ കര്‍ത്താവെ, ജിവിതത്തില്‍ അനുഗ്രഹങ്ങള്‍ ഉണ്ടാകുമ്പോള്‍ അഹങ്കരിക്കാതെ, കര്‍ത്താവിന്‍റെ കഴുതയാണ് ഞാന്‍ എന്ന് തിരിച്ചറിഞ്ഞ് ജീവിക്കുവാനുള്ള കൃപാ വരം ഞങ്ങള്‍ക്ക് നല്‍കണമേ, ആമേന്‍..

പൗരോഹിത്യ സമര്‍പ്പണം


"അബ്രഹാം, അവിടുന്ന് വിളിച്ചു.ഇതാ ഞാന്‍ അവന്‍ വിളികേട്ടു. നീ സ്നേഹിക്കുന്ന നിന്‍റെ ഏക മകന്‍ ഇസഹാക്കിനെയും കൂട്ടികൊണ്ട് മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാന്‍ കാണിച്ചു തരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹന ബലിയായി അര്‍പ്പിക്കണം. ( ഉത്പത്തി 22:2)"

ഇന്നലെ രാത്രി ഉറക്കം വരാതെ കിടന്നപ്പോള്‍ ഒരു സുഹ്രത്ത് സംസാരിക്കാന്‍ വിളിച്ചു. നീണ്ട പത്തു വര്‍ഷകാലം അതിരൂപതയിലെ ഒരു ജോലിക്കാരി ആയിരുന്ന അവര്‍ നമ്മുടെവൈദികരുടെ വ്യക്തി ജീവിതത്തില്‍ സംഭവിക്കുന്ന തകര്ച്ചകളെ പറ്റി സങ്കടപെട്ടു. അവര്‍ പറഞ്ഞു. നമ്മുക്ക് രണ്ടു തരം വൈദികര്‍ ഉണ്ട്. കുറെ പേര്‍ വിശുദ്ധര്‍ ആയ വൈദികര്‍ ആണ്. കുറെ പേര്‍ എങ്കിലും വൈദിക പട്ടം ഒരു അലങ്കാരമായി മാത്രം കൊണ്ട് നടക്കുന്നു. അവരുടെ സഭയെ പറ്റിയുള്ള ഉത്കണ്ട നിറഞ്ഞ വേദന നിറഞ്ഞ ആ സംഭാഷണം കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു. നിങ്ങള്‍ ഒരു അമ്മയല്ലേ, നിങ്ങളുടെ മകനെ ഒരു വൈദികന്‍ ആകാന്‍ അയയ്ക്കുവാന്‍ സാധിക്കുമോ?

കുറച്ചു നേരത്തെ നിശബ്ധതയ്ക്ക് ശേഷം അവര്‍ മറുപടി പറഞ്ഞു. എനിക്ക് തോന്നുന്നു അവനു അതില്‍ താല്പര്യം ഇല്ല. ഞാന്‍ വീണ്ടും ചോദിച്ചു, ഒരു അമ്മ എന്നുള്ള നിലയില്‍ മകനെ വിശുദ്ധനായ ഒരു വൈദികന്‍ ആയി കാണുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഉടനെ അവര്‍ പറഞ്ഞു. വൈദികന്‍ ആയിരിക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. അത് വളരെ ബുദ്ധിമുട്ടേറിയ, വെല്ലു വിളികള്‍ നിറഞ്ഞ ഒരു അവസ്ഥയാണ്. ഞാന്‍ എന്ത് കൊണ്ടോ അതിനെ പറ്റി ഒരിക്കലും എന്‍റെ മകനോട്‌ സംസാരിച്ചിട്ടില്ല.

നമ്മള്‍ എല്ലാവരും സഭയില്‍ വിശുദ്ധരായ വൈദികരും സന്യസ്ഥരും കുറഞ്ഞു പോകുന്നു എന്ന് സങ്കടപ്പെടുന്നു. ഒരു പാട് മനുഷ്യര്‍ വൈദികര്‍ക്ക് വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ കര്‍ത്താവിന്‍റെ ദാനമായ നമ്മുടെ ഉദര ഫലത്തില്‍ നിന്നും ഒരു സമര്‍പ്പിതന്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? അതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോ? എനിക്ക് അറിയാം കൂടുതല്‍ പേരുടെയും മറുപടി ഇല്ല എന്ന് തന്നെ ആണ്. നിങ്ങളുടെ മക്കളെ നിങ്ങള്‍ ഒരു സമര്‍പ്പിതന്‍ ആക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ആ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്‌. പിന്നെ എങ്ങിനെ സഭയില്‍ വിശുദ്ധരായ വൈദികര്‍ ഉണ്ടാകും.

സഭയിലെ വൈദികരെ വിമര്‍ശിക്കുന്ന പലരും ഒരിക്കലും വൈദികര്‍ ആകാന്‍ യോഗ്യര്‍ അല്ലാത്തവര്‍ ആണ് എന്ന് സ്വയം തിരിച്ചറിഞ്ഞ് വൈദിക പഠനം ഉപേഷിച്ചവര്‍ ആണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ പുറകോട്ടു നടക്കുന്ന അമ്മ ഞണ്ട്, തന്‍റെ മക്കളെ മുന്‍പോട്ടു നടക്കാന്‍ പഠിപ്പിക്കുന്ന പോലെ ഉള്ള വിമര്‍ശനങ്ങള്‍. വൈദികരെ വിമര്‍ശിക്കുന്ന നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നെഞ്ചില്‍ കൈവച്ച് പറയാമോ? ഒരു വൈദികനെ വിമര്‍ശിക്കാന്‍ വേണ്ട യോഗ്യതയും വിശുദ്ധിയും നിങ്ങള്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. എനിക്കറിയാം സാധിക്കില്ല. അങ്ങിനെ യോഗ്യത ഉള്ള ഒരു വിശുദ്ധന്‍ ഉണ്ടായിരുന്നു. വിശുദ്ധ ഫ്രാന്‍സിസ് അസിസ്സി. വിശുദ്ധന്‍ വൈദികന്‍ ആകാതെ വിശുദ്ധന്‍ ആയി ജീവിച്ച ആളാണ്.

ബൈബിളില്‍ അബ്രഹത്തോട്‌ ദൈവം ആവശ്യപെടുന്നത് നിന്‍റെ ജീവിതത്തിലും ദൈവം ആവശ്യപ്പെടുന്നുണ്ട്. നിന്‍റെ മക്കളില്‍ ഒരുവനെ എനിക്ക് സമര്‍പ്പിക്കാന്‍ നീ തയ്യാറാണോ? ഒരു പക്ഷെ അവന്‍ നിന്‍റെ ഏക ജാതന്‍ ആയിരിക്കാം നീ എനിക്ക് സമര്‍പ്പിക്കാന്‍ തയ്യാറാണോ? ആണെങ്കില്‍ ഞാന്‍ പറയുന്ന സ്ഥലത്തേക്ക് നീ അവനെ കൂട്ടി കൊണ്ട് വരിക. എനിക്ക് ആവശ്യം ഉണ്ടെങ്കില്‍ ഞാന്‍ അവനെ വിളിച്ചു കൊള്ളാം. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ആ കുഞ്ഞിനെ കര്‍ത്താവിന്‍റെ സമര്‍പ്പിതന്‍ ആക്കാന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുക. 1സാമുവേല്‍ ഒന്നാം അദ്ധ്യായം വായിക്കുമ്പോള്‍ പ്രവാചകനെ അമ്മ ഹന്ന എങ്ങിനെ ദേവാലയത്തില്‍ സമര്‍പ്പിച്ചു എന്ന് ബൈബിള്‍ പറയുന്നു. നമുക്കും നമ്മുടെ കുഞ്ഞുങ്ങളെ ദേവാലയത്തില്‍ സമര്‍പ്പിക്കാം. ദൈവത്തിന് സമര്‍പ്പിക്കാം ദൈവം തീരുമാനിക്കട്ടെ. ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സമുവേലിനെ വിളിച്ച പോലെ നിങ്ങളുടെ മകനെയും വിളിച്ചു കൊള്ളും. എന്നാല്‍ നിങ്ങളുടെ മക്കളെ ദൈവം വിളിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കണം. അതിനായി പ്രാര്‍ത്ഥിക്കണം.
പ്രാര്‍ത്ഥന.
കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തിലേക്ക് അങ്ങ് അയച്ച മക്കളെ അങ്ങയുടെ കരങ്ങളില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അവരില്‍ നിന്ന് വൈദികരും സമര്‍പ്പിതരും ഉണ്ടാകുവാന്‍ ഞാങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കണമേ ആമേന്‍.

Wednesday, 23 October 2013

നിങ്ങളുടെ കയ്യില്‍ എന്താണ് ഉള്ളത് ?

" ശിഷ്യന്മാര്‍ അവനോടു ചോദിച്ചു: ഈ വിജന സ്ഥലത്ത് ഇവര്‍ക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? അവന്‍ ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? ഏഴ് എന്ന് അവര്‍ മറുപടി പറഞ്ഞു. ( മര്‍ക്കോസ്8:4-5)

ബൈബിളില്‍ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ രണ്ടു സ്ഥലത്ത് കര്‍ത്താവ് അപ്പം വര്‍ദ്ധിപ്പിക്കുന്നതായി പറയുന്നു. ഈ രണ്ടു സ്ഥലത്തും കര്‍ത്താവ് ചോദിക്കുന്നു. നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്. ശിഷ്യന്മാരുടെ കൈകളില്‍ ഉണ്ടായിരുന്ന അപ്പമാണ് യേശു വര്‍ദ്ധിപ്പിച്ചത്. നമ്മുക്ക് അറിയാം. ഏഴു അപ്പം കൊണ്ട് ഒരു ജനാവലിയെ സംതൃപ്തിപെടുത്താന്‍ സാധിക്കില്ല. ഒരു ജനാവലിക്ക് വേണ്ട അപ്പം ശിഷ്യര്‍ കരുതുകയില്ല എന്ന് യേശുവിനു അറിയാം. എങ്കിലും യേശു ചോദിക്കുകയാണ്, നിങ്ങളുടെ കൈവശം ഉള്ളത് എനിക്ക് അറിയണം. അത് ഇവിടെ കൊണ്ട് വരിക. മനുഷ്യന്‍ ദൈവ പദ്ധതികളില്‍ പങ്കു ചേരണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

നമ്മളെല്ലാം ഒരു പാട് പ്രാര്‍ത്ഥിക്കുന്നവര്‍ ആണ്. പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവ് ചോദിക്കുക. നിങ്ങളുടെ കൈവശം എന്താണ് ഉള്ളത് എന്നാണ്? ബൈബിള്‍ പറയുന്നു. ഉള്ളവന് വീണ്ടും നല്കപെടും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടെ എടുക്കപെടും. ഓരോ വ്യക്തിയും അവന്‍റെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ കര്‍ത്താവ് ചോദിക്കുന്നത് നിങ്ങളുടെ കയില്‍ എന്താണ് ഉള്ളത് എന്നാണ്. നിങ്ങളുടെ കയ്യില്‍ ആ ആവശ്യം നിറവേറ്റാന്‍ വേണ്ടി ഉള്ളത് ഉപയോഗ ശൂന്യം ആയ ഒന്നാകാം. കുറവുകള്‍ ഉള്ള ഒന്നാകാം. എന്നാല്‍ കര്‍ത്താവു ആവശ്യപെടുന്നു. അത് അവനു സമര്‍പ്പിക്കുക. കാനയിലെ കല്യാണത്തില്‍ ശൂന്യമായ ഭരണികള്‍ ആണ് ഉണ്ടായത്. കര്‍ത്താവ് പറയുന്നത് ആ ഭരണികളില്‍ വെള്ളം നിറച്ച് തരിക എന്നാണ്. ഭരണി വീഞ്ഞ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണ്. കുടിക്കാന്‍ ഉപയോഗിക്കുന്ന വീഞ്ഞ് ഇല്ലെങ്കില്‍ പിന്നെ മനുഷ്യന്‍ എന്ത് ചെയ്യും വെള്ളം നല്‍കും. അത് ആണ് കാനയില്‍ ഉള്ളത്. കര്‍ത്താവു പറയുന്നു. അത് എനിക്ക് നല്‍കുക.നമ്മുടെ കയ്യില്‍ എന്താണോ ഉള്ളത് അത് സമര്‍പ്പിക്കുക. എന്നതാണ് പ്രധാനം.

ഒരിക്കല്‍ ഗുരു ഒരു ദൂര യാത്ര കഴിഞ്ഞ് ആശ്രമത്തിലേക്ക് മടങ്ങി വരികയായിരുന്നു. ദൂരെ നിന്ന് തന്നെ ആശ്രമത്തിലെ വലിയ പ്രാര്‍ത്ഥന ഗുരു കേട്ടു. ഗുരു ശിഷ്യന്മാരോട് ചോദിച്ചു. എന്താണ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌. പ്രധാന ശിഷ്യന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ആഹാരം നല്‍കണം എന്നാണ് പ്രാര്‍ത്ഥിച്ചത്. ഗുരു ചോദിച്ചു. പത്തായത്തില്‍ നെല്ല് ശേഷിക്കുന്നുണ്ടോ? ശിഷ്യര്‍ പറഞ്ഞു.ഉണ്ട്. ഗുരു തുടര്‍ന്നു, ഉണ്ടെങ്കില്‍ ആ നെല്ല് തമ്പുരാന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക. നല്ല വിളവിനു വേണ്ടി പ്രാര്‍ത്ഥിക്കുക. എന്നിട്ട് ഇതു ഉഴ്വിന്റെയും വിതയുടെയും കാലമാണ്. വിശ്വാസ പൂര്‍വ്വം പ്രാര്‍ത്ഥനാപൂര്‍വ്വം വിതയ്ക്കുക. പിന്നെ എല്ലാം ദൈവ കരങ്ങളില്‍ സമര്‍പ്പിക്കുകദൈവം ആ വിത്ത് മുളപ്പിച്ച് വലിയ ഫലം പുറപ്പെടുവിക്കും.നിന്‍റെ കൈകളില്‍, ദൈവം തന്നത് നീ മറച്ചുവെച്ച് വീണ്ടും അനുഗ്രഹം ചോദിക്കരുത്. നിനക്ക് ദൈവം തന്നതിനെ നീ ദൈവത്തിന് സമര്‍പ്പിച്ചു കൊണ്ട് അനുഗ്രഹം യാചിക്കുക.

പ്രാര്‍ത്ഥന നിറവേറപ്പെടാന്‍ നാം ആഗ്രഹത്തോടെ പ്രാര്‍ത്ഥിക്കണം. പിന്നെ നമ്മള്‍ പ്രാര്‍ത്ഥിക്കുന്ന ആവശ്യവുമായി ബന്ധപെട്ടു നമ്മുടെ കരങ്ങളില്‍ ഉള്ളത് ദൈവത്തിന് സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കണം. നീ ഒരു ഭവനം പണിയാന്‍ ആഗ്രഹിക്കുന്നു എന്ന് കരുതുക. നിന്‍റെ കയില്‍ ആയിരം രൂപയുണ്ടെങ്കില്‍ അത് നീ ദൈവ സന്നിധിയില്‍ സമര്‍പ്പിക്കുക. എന്നിട്ട് പറയുക. എനിക്ക് ഒരു വീട് വേണം. ആയിരം രൂപ എന്റെ കയില്‍ ഉണ്ട്. ബാക്കി എനിക്ക് അറിയില്ല. തീര്‍ച്ചയായും ദൈവം സഹായിക്കും. നിന്‍റെ സമര്‍പ്പണത്തെ സ്വീകരിക്കുന്ന ദൈവം അത് നിന്‍റെ ഭവനത്തിന്റെ അടിസ്ഥാനം ആക്കി മാറ്റും. ദൈവം തന്ന ദാനങ്ങള്‍ മറന്നു നാം എനിക്ക് ഇല്ല എന്ന് പറഞ്ഞു പ്രാര്‍ഥിക്കരുത്. മറിച്ചു നിങ്ങള്‍ക്ക് ഉള്ളതിനെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക. അപ്പോള്‍ നീ അനുഗ്രഹിക്കപെടും.

പ്രാര്‍ത്ഥന.

കാരുണ്യവാനായ കര്‍ത്താവെ, എന്‍റെ ജീവിതത്തില്‍ ഉള്ളത് കുറവുകള്‍ നിറഞ്ഞ, എന്‍റെ ആവശ്യങ്ങള്‍ക്ക് തികയാത്ത വിഭവങ്ങള്‍ ആണ്. എനിക്ക് ഒരു ഭവനം വേണം. വളരെ കുറച്ചേ പണം ആണ് എന്‍റെ സമ്പാദ്യം നീ അതിനെ വര്‍ദ്ധിപ്പിക്കണമേ. ( നിങ്ങളുടെ ആവശ്യംനിറവേറ്റാന്‍ നിങ്ങള്‍ കരുതുന്ന കാര്യം ദൈവത്തിന് സമര്‍പ്പിക്കുക. വര്‍ദ്ധിപ്പിക്കാന്‍ അപേക്ഷിക്കുക ) എന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഞാന്‍ കരുതുന്ന, എന്‍റെ കയ്യിലുള്ള പരിമിതമായ വിഭവങ്ങളെ നിനക്ക് സമര്‍പ്പിക്കുന്നു. എന്‍റെ കയ്യില്‍ ഉള്ളത് നീ ദാനമായി തന്നത് മാത്രമാണ്. ഉള്ളവന് വീണ്ടും നല്കപെടും എന്ന് നീ അരുളി ചെയ്തിട്ടുണ്ടല്ലോ? എനിക്ക് നിന്‍റെ കൃപയാല്‍, എന്‍റെ ആവശ്യം പരിപൂര്‍ണ്ണമായി നിറവേറ്റാന്‍ ഉള്ള സമര്‍ഥി നല്‍കേണമേ ആമേന്‍.

Tuesday, 22 October 2013

മന്ന

കര്‍ത്താവു മോശയോട് അരുള്‍ ചെയ്തു: ഇസ്രയേല്‍ക്കാരുടെ പരാതി ഞാന്‍ കേട്ടു. അവരോടു പറയുക: സായം കാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും; പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും. കര്‍ത്താവായ ഞാനാണു നിങ്ങളുടെ ദൈവമെന്നു അപ്പോള്‍ നിങ്ങള്‍ മനസിലാക്കും. ( പുറപ്പാട്: 16:12)

ഇസ്രയേല്‍ ജനതയെ ഈജിപ്തില്‍ നിന്നും കര്‍ത്താവ് പുറത്തേക്ക് കൊണ്ട് വന്നു. അവരുടെ ജീവിതത്തില്‍ ദൈവം ഇടപെടുമ്പോള്‍, നയിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ഭക്ഷണം ഇല്ലാത്ത അവസ്ഥ വരികയാണ്‌. ഭക്ഷണം ഇല്ലാത്ത അവസ്ഥയില്‍ ഇസ്രേയല്‍ മോശയ്ക്കും അഹറോനും എതിരെ ആവലാതി പെടുകയാണ്. എത്ര സുഖമായി ഞങ്ങള്‍ കഴിഞ്ഞിരുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ കൂടെ പോകാന്‍ ഞങ്ങളെ മരു ഭൂമിയില്‍ കൊണ്ട് വന്നു. ഇവിടെ ഭക്ഷണമില്ല.

നമ്മുടെ ജീവിതത്തിലും ഈ ഒരു അനുഭവം ഉണ്ടാകും. ദൈവ അനുഭവത്തിലൂടെ നടക്കുമ്പോഴും ഇല്ലായ്മകളുടെ ഒരു അനുഭവം. നമ്മളും ദൈവത്തോട് പരാതി പറയാറുണ്ട്. എന്നാല്‍ ഈ ഒരു അനുഭവത്തിലൂടെ കടന്നു പോകുന്ന ഇസ്രേയല്‍ ജനത്തെ പറ്റി മോശയോട് ദൈവം പറയുന്നത് ഇതാണ്. "കര്‍ത്താവു മോശയോട് പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ( പുറപ്പാട് 16:4) അത് പറഞ്ഞിട്ടു കര്‍ത്താവു പറയുകയാണ്. നിങ്ങള്‍ എന്നെ അനുസരിക്കണം.നിങ്ങള്‍ എന്‍റെ നിയമം അനുസരിച്ച് നടക്കുമോ ഇല്ലയോ എന്ന് ഞാന്‍ പരീക്ഷിക്കും. പുറപ്പാടിന്റെ പുസ്തകം പതിനാറാം അധ്യായം വായിക്കുമ്പോള്‍ കര്‍ത്താവു തന്‍റെ വഴിയിലൂടെ നടക്കുന്നവരെ എങ്ങിനെ സംരക്ഷിക്കുന്നു എന്ന് നമുക്ക് മനസിലാക്കാം.

ദൈവം തന്‍റെ വഴിയിലൂടെ നടക്കുന്നവരെ കണ്ണിലെ കൃഷ്ണ മണി പോലെ സംരക്ഷിക്കുന്നു. നിനക്ക് ഒന്നിന്‍റെയും കുറവ് വരാതെ ദൈവം നിന്നെ കാക്കുന്നു. പലപ്പോഴും ചെറിയ അനുഭവങ്ങളിലൂടെ നമുക്ക് ദൈവം കൂടെ നടക്കുന്ന അനുഭവം തരുന്നുണ്ട്. നമ്മള്‍ അത് തിരിച്ചറിയാറില്ല. കാരണം എന്നും മന്ന കിട്ടി കൊണ്ടിരുന്നപ്പോള്‍ പലപ്പോഴും ഇസ്രേയല്‍ ക്കാരും ചിന്തിച്ചിട്ടുണ്ടാകും ഈ മന്ന അവര്‍ക്ക് അവകാശപെട്ട ഒന്നാണ്, ഇതില്‍ അത്ഭുതം ഇല്ല.

പ്രാര്‍ത്ഥനയുടെ നിമിഷങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്. അത്ഭുതങ്ങളെ തിരിച്ചറിയുന്നവരാകുക. .ഇന്ന് അനേകം പേര്‍ ഭക്ഷണം കിട്ടാതെ മരിക്കുന്ന ഈ ലോകത്ത് നിനക്ക് ഭക്ഷണം ഉണ്ട്. ഒരു പാട് പേര്‍ ഇന്ന് പുലര്‍ച്ചെ മരിച്ചു പോയിരിക്കുന്നു. എന്നാല്‍ നീ ജീവിക്കുന്നു. ഒരു പാട് ആളുകള്‍ക്ക് വായിക്കുവാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ നീ ഇത് വായിക്കുന്നു . എല്ലാം ദൈവത്തിന്‍റെ അനുഗ്രഹം ആണ് മറക്കരുത്. ദൈവം ഇടപെട്ട അത്ഭുതങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നടക്കുമ്പോള്‍ നാം ചിന്തിക്കാറില്ലേ, ഇത് എന്‍റെ ഭാഗ്യം അല്ലെ ? അല്ലെങ്കില്‍ ഏതോ മനുഷ്യന്‍റെ കരുണ അല്ലേ? പക്ഷെ നാം ദൈവ അനുഭവം തിരിച്ചറിയണം. ദൈവത്തിന്‍റെ സംരക്ഷണം തിരിച്ചറിയണം.

പാവപെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഭക്ഷണം നല്‍കുന്ന ഒരു സഹോദരനെ എനിക്ക് അറിയാം. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ചിലപ്പോള്‍ അരി തീര്‍ന്നു പോകും. ഭക്ഷണ വിതരണം മുടങ്ങുമല്ലോ എന്ന് ഓര്‍ത്തു ഞാന്‍ സങ്കടപെടും. ദൈവമേ നീ പറഞ്ഞിട്ട്‌ ആണല്ലോ ഞാന്‍ ഇത് തുടങ്ങിയത്, എന്നിട്ടും നീ എന്നെ കൈ വിട്ടത് എന്ത് കൊണ്ട് എന്ന് ഞാന്‍ സങ്കടപെട്ട് ദൈവത്തിന്‍റെ മുന്‍പില്‍ കരയും. ദൈവം അനുഗ്രഹിച്ച് ഇന്നുവരെ ഭക്ഷണ വിതരണം മുടങ്ങിയിട്ടില്ല. കര്‍ത്താവ് എന്നെ സംരക്ഷിക്കുന്നു. കൈ പിടിച്ചു നടത്തുന്നു. ദൈവം കൈ പിടിച്ചു നടത്തുന്ന അനുഭവം നിങ്ങള്‍ക്കും ഉണ്ടാകും. നിങ്ങള്‍ തിരിച്ചറിയാതെ പോകരുത്.

ഓര്‍ക്കുക, മന്ന ഇസ്രയേലിന് യാത്രയില്‍ ഉടനീളം ലഭിച്ചു. നിങ്ങളുടെ ജീവിതത്തില്‍ ഉടനീളം ദൈവം കൂടെ നടക്കും. അതിനു നിങ്ങള്‍ ദൈവത്താല്‍ നയിക്കപെടണം. ദൈവം കൂടെ നടക്കുന്നവര്‍ക്ക് ജീവിതത്തില്‍ കുറവുകള്‍ വന്നാലും ദൈവം ആ കുറവുകളെ നികത്തും. ദൈവത്താല്‍ അനുഗ്രഹിക്കപെടുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെ നിയമങ്ങള്‍ക്കു വില കല്പിക്കണം. നിങ്ങളുടെ ജീവിത യാത്രയില്‍ ദൈവം ഒരു പാട് മന്ന നിങ്ങള്‍ക്ക് ചൊരിയുന്നുണ്ട്. നിങ്ങള്‍ക്ക് ദൈവം തരുന്ന മന്ന നിങ്ങള്‍ തിരിച്ചറിയുക. ദൈവത്തോട് നന്ദി ഉള്ളവര്‍ ആയിരിക്കുക.

പ്രാര്‍ത്ഥന

മരുഭൂമിയില്‍ ഇസ്രയേല്‍ ജനത്തിന് മന്ന നല്‍കി സംരക്ഷിച്ച കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തിലും അങ്ങ് ചൊരിയുന്ന അനേകം അനുഗ്രഹങ്ങളെ ഓര്‍ത്തു ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു. പലപ്പോഴും ഇസ്രേയല്‍ ചെയ്തത് പോലെ ഞങ്ങളും ഇല്ലായ്മകളുടെ സമയത്ത് അങ്ങേക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ. ഞങ്ങളുടെ ജീവിതത്തിലെ പല നേട്ടങ്ങളും അങ്ങയുടെ ദാനം ആണ് എന്ന് തിരിച്ചറിഞ്ഞു ജീവിക്കുവാന്‍ ഉള്ള കൃപാ വരം ഞങ്ങള്‍ക്ക് നല്കണമേ, ആമേന്‍ 

Monday, 21 October 2013

ദശാംശം

" ഏലിയാ വഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീര്‍ന്നു പോയില്ല,ഭരണിയിലെ എണ്ണ വറ്റിയുമില്ല"(1രാജാക്കന്മാര്‍ 17:16)

ഏലിയ പ്രവാചകന്‍ പ്രവാസ ജീവിതം നയിച്ച പ്രവാചകനാണ്. ഒരു പാടുകാലം ഒളിച്ചു താമസിക്കുകയും, നാട് വിട്ടു പോവുകയും ചെയ്യേണ്ടി വന്ന ഒരു പ്രവാചകന്‍. പലപ്പോഴും ഈ പ്രവാസത്തിന്റെ കാലഘട്ടത്തില്‍ ഭക്ഷണത്തിനു വേണ്ടി ഏലിയ ദൈവത്തില്‍ ആശ്രിയിക്കുന്നുണ്ട്‌. ആരുമില്ലാതെ പ്രവാസത്തില്‍ കഴിയുന്നഏലിയയെ സഹായിക്കാന്‍ ദൈവം കാക്കകളെ നിയോഗിക്കുന്നു. അവ പ്രവാചകന് ഭക്ഷണം നല്‍കുന്നു. പിന്നെ ദൈവം വരുത്തിയ വരള്‍ച്ചയുടെ സമയത്ത് എലിയക്ക് ഭക്ഷണം വേണം. ദൈവം ഒരു വിധവയെ ചുമതലപെടുത്തി.ആ വിധവ ആദ്യം പറയുന്നത് ഇതാണ്. എന്‍റെ കയ്യില്‍ ഒന്നും ഇല്ല. എനിക്കും മകനും വിശപ്പടക്കി മരിക്കാന്‍ ഉള്ള മാവ് മാത്രം അവശേഷിക്കുന്നു. ഏലിയ പറയുകയാണ്. നിന്‍റെ കയ്യില്‍ ഉള്ളതില്‍ നിന്ന് ആദ്യത്തെ പങ്കു എനിക്ക് വേണം. അവള്‍ അത് നല്‍കി. അവള്‍ ഏലിയക്ക് ഭക്ഷണം കൊടുത്തപ്പോള്‍ അവളുടെ കലത്തിലെ മാവ് തീരുന്നുമില്ല. എണ്ണ വറ്റുന്നുമില്ല.

ഏലിയ പ്രവാചകന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്‌ രണ്ടു കാര്യങ്ങള്‍ ആണ്. ഒന്ന്, ദൈവം അവനില്‍ ആശ്രയിക്കുന്നവരെ സംരക്ഷിക്കുന്നു. രണ്ട്, എത്ര ഇല്ലായ്മയില്‍ നിന്നും ദൈവ വേലയ്ക്കു നീ പണം ചിലവഴിച്ചാല്‍, ക്രിസ്തുവില്‍ നിന്‍റെ സഹോദരരെ നീ സഹായിച്ചാല്‍ നിന്‍റെ കലത്തിലെ മാവു തീരില്ല. പ്രിയമുള്ളവരേ നിങ്ങള്‍ ദശാംശം നല്‍കുമ്പോള്‍ സംഭവിക്കുന്നത്‌ ഇതാണ്. നിങ്ങളുടെ ജീവിതത്തില്‍ ദൈവം അനുഗ്രഹം ചൊരിയും. എത്ര തീര്‍ന്നെന്നു നിങ്ങള്‍ കരുതുന്ന മാവും തീര്‍ന്നു പോകുകയില്ല. അത് വര്‍ദ്ധിക്കും.

ഒരു വികാരിയച്ചന്‍ സങ്കടത്തോടെ പങ്കു വച്ചു. ഇടവകയില്‍ പിരിവു ചോദിച്ചാല്‍ ആദ്യം പറയുക. അച്ചനു ഒരു കിലോ അരിയുടെ വില അറിയുമോ എന്നാണ്? അച്ചന്‍ സങ്കടപെട്ടു. എന്ത് കൊണ്ടാണ് ആളുകള്‍ എന്നെ പരിഹസിക്കുന്നത്. എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ നിങ്ങളുടെ വൈദികരെ ഇങ്ങിനെ പരിഹസിച്ചാല്‍ അവര്‍ ദൈവ തിരുമുന്‍പില്‍ കരയും. ആ കരച്ചിലില്‍ ഒരു ചോദ്യം ഉണ്ടാകും? നീ എനിക്ക് തരാമെന്ന് പറഞ്ഞ ആഹാരം എവിടെയാണു്? ദൈവം നിങ്ങളുടെ കലങ്ങളില്‍ പിന്നെ സമര്‍ഥി ചൊരിയില്ല. ദൈവ വേലക്ക് ഇറങ്ങി തിരിച്ചവരെ നിങ്ങള്‍ സംരക്ഷിച്ചാല്‍ ദൈവം നിങ്ങളെ സംരക്ഷിക്കും.സഭയ്ക്കും, ദേവാലയത്തിനും അര്‍ഹമായത് നിങ്ങള്‍ നല്‍കുമ്പോള്‍ദൈവം നിങ്ങളെ അനുഗ്രഹിക്കും , നിങ്ങളുടെ ജീവിതം ഒരു അനുഗ്രഹമായി മാറും.

ഭൂമിയില്‍ വിശന്നു കരയുന്ന അനേകം മക്കളുണ്ട്. ഒരുപക്ഷേ, ദൈവം നിങ്ങള്‍ക്ക് ഒരു നിയോഗം തന്നിട്ടുണ്ടാകാം. നിങ്ങള്‍ ദൈവ നിയോഗങ്ങളെ മറക്കരുത്. നിങ്ങളുടെ സമ്പത്ത് അത് എത്ര ചെറുതാണെങ്കിലും ദൈവ നിയോഗം നിറവേറ്റാന്‍ ഉപയോഗിച്ചാല്‍ അത് ഒരിക്കലും ക്ഷയിച്ചു പോകില്ല. ഒരു പാട് നല്ല മനുഷ്യര്‍ ഈ ഭൂമിയില്‍ ഉണ്ട്. ഒരിക്കല്‍ ആകാശ പറവകളെ സംരക്ഷിക്കുന്ന ഒരു സഹോദരന്‍ പറഞ്ഞു. എന്നും എല്ലാം തീര്‍ന്നു പോയെന്ന് കരുതാറുണ്ട്‌. എന്നാല്‍ ഒരിക്കലും ഒന്നും തീരാന്‍ ദൈവം അനുവദിച്ചിട്ടില്ല. ദൈവത്തിന് സ്തുതിയായിരിക്കട്ടെ.

നിങ്ങളുടെ ദശാംശം അര്‍ഹതയുള്ള അനേകം ദൈവമക്കള്‍ ഭൂമിയില്‍ ഉണ്ട്. ചിലപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത് ഇന്ന് അത്താഴത്തിനു വകയില്ലാത്ത ഞാന്‍ എങ്ങിനെ ഒരാളെ സഹായിക്കും എന്നതാകാം. നിങ്ങള്‍ സഹായിക്കുമ്പോള്‍ നിങ്ങളുടെ സമ്പത്ത് കലവറ ഇല്ലാതെ വര്‍ദ്ധിക്കുന്നു. എന്ന സത്യം നിങ്ങള്‍ അറിയുക. അത് നിങ്ങളുടെ തലമുറകളെ അനുഗ്രഹത്താല്‍ നിറയ്ക്കും.

പ്രാര്‍ത്ഥന
കാരുണ്യവാനായ കര്‍ത്താവെ, സഭയ്ക്കും സഭയിലെ ശുശ്രുഷ്കര്‍ക്കും അര്‍ഹമായത് നല്‍കുവാനും, അങ്ങയുടെ കരുണ അര്‍ഹിക്കുന്ന സഹോദരങ്ങള്‍ക്ക് ഒരു താങ്ങായി മാറുവാനും ഞങ്ങള്‍ക്ക് കഴിയട്ടെ. അപ്പോള്‍ ഏലിയ പ്രവാചകനിലൂടെ അങ്ങ് അരുളി ചെയ്തത് പോലെ ഞങ്ങളുടെ ജീവിതത്തിലും അനുഗ്രഹങ്ങള്‍ തീര്‍ന്നു പോകാതിരിക്കുമല്ലോ, അതിനുള്ള കൃപാ വരത്തിനായി അങ്ങയോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

Sunday, 20 October 2013

വിവാഹം ഒരു ദൈവവിളി

"സിയോന്‍പുത്രി, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവും പകലും മഹാ പ്രവാഹം പോലെ കണ്ണുനീര്‍ ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകള്‍ക്ക് വിശ്രമം നല്കരുത്. (വിലാപങ്ങള്‍ 2:18)"

"ദൈവത്തിന്റെ മഹത്വം അവര്‍ണനീയമാണ്. എനിക്ക് വിവാഹ മോചനം ലഭിച്ചിരിക്കുന്നു.നിങ്ങള്‍ക്ക് അറിയാവുന്ന പോലെ കഴിഞ്ഞ 10 വര്‍ഷത്തെ ദുരിതത്തില്‍ നിന്ന് ഞാന്‍ മുക്തി നേടിയിരിക്കുന്നു." എന്റെ ഒരു സുഹ്രത്ത് എനിക്ക് ഫേസ് ബുക്കില്‍ തന്ന സന്ദേശമാണ്.ജീവിതം ആഘോഷങ്ങള്‍ ആകുമ്പോള്‍ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകുന്നു.എനിക്ക് അവരെ രണ്ടു പേരെയും നന്നായി അറിയാം. വെറും ഈഗോ മാത്രമാണ് ആ ദാമ്പത്യം തകര്‍ത്തത്.ഈ സന്ദേശം എന്റെ ഓര്‍മകളെ റോസില്‍ കൊണ്ടെത്തിച്ചു. ദാമ്പത്യം എന്താണ് എന്ന് അറിഞ്ഞ പെണ്‍കുട്ടി. 

റോസിനെ ഞാന്‍ പരിചയപെടുന്നത് അവള്‍ക് കല്യാണം ആലോചിക്കുന്ന സമയത്താണ്. സുന്ദരി. നല്ല സ്വഭാവം. ആരോടും നന്നായി പെരുമാറുന്ന നല്ല ഒരു പെണ്‍കുട്ടി. എനിക്ക് അവള്‍ ഒരു നല്ല സുഹ്രത്തായി. ഒരു ദിവസം അവള്‍ എന്നെ വിളിച്ചു. അവളുടെ കല്യാണം ഉറപ്പിച്ചിരിക്കുന്നു. എനിക്ക് അറിയാവുന്ന ഒരു പയ്യന്‍... നല്ല സ്വഭാവം. നല്ല ജോലി. എല്ലാം ഉണ്ട്.നല്ലൊരു തുക സ്ത്രീധനം നല്‍കി അവളെ വീട്ടുകാര്‍ കെട്ടിച്ചു.
കല്യാണം കഴിഞ്ഞു 6മാസം പിന്നിട്ടു. റോസ് ഗര്‍ഭിണി ആയി.സഹന ജീവിതത്തില്‍, കുരിശെടുക്കാന്‍ അവളെ തയ്യാറക്കാന്‍ എന്നപോലെ ആ ഗര്‍ഭം അലസി പോയി. 


റോസിന്റെ കഷ്ടപാടുകള്‍ തീര്‍ന്നില്ല.ഭര്‍ത്താവിന്റെ വായില്‍ ഒരു പുണ്ണ് പോലെ കണ്ടപ്പോള്‍, വിവാഹ ജീവിതത്തിന്‍റെ ആറാം മാസം അവള്‍ ഭര്‍ത്താവിനെ കൊണ്ട് ആശുപത്രിയിലെത്തി.ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും തല്ലി കെടുത്തി ഡോക്ടര്‍ അവളോട് പറഞ്ഞു. അത് കാന്‍സര്‍ ആണ് . റോസ് കരഞ്ഞില്ല. അഴിഞ്ഞുലഞ്ഞ മുടിയുമായി ഭക്ഷണം കഴിക്കാതെ ഇരുന്നില്ല. ദൈവത്തെ ശപിച്ചില്ല. വിവാഹത്തിന്‍റെ ആ പുണ്യ ദിനത്തില്‍ അവര്‍ എടുത്ത പ്രതിഞ്ഞ അവള്‍ പാലിക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിന്‍റെ വേദനകളില്‍ അവള്‍ താങ്ങായി മാറി . രോഗം ഭേദം ആയി. തന്നെ സ്നേഹിക്കുന്നവരെ ജീവിതത്തിന്റെ പീഡാനുഭവങ്ങളിലൂടെ കടത്തി വിട്ട് ദൈവം ശുദ്ധീകരിക്കുന്നു. എല്ലാ പ്രതീക്ഷ്കള്കും വിപരീതമയി രോഗം തിരിച്ചു വന്നു.ആയിരം പൂവുകള്‍ക് ഇടയില്‍ നിന്നു റോസ് തിരഞ്ഞെടുത്ത പൂവ് വാടാന്‍ തുടങ്ങി , പക്ഷെ അവള്‍ മറ്റൊന്നിനായി തിരഞ്ഞില്ല. വാടാന്‍ തുടങ്ങിയ ആ പൂവുമായി അവള്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അണഞ്ഞു.

4 വര്‍ഷം റോസ് അവന്റെ കൂടെ നിന്നു. അവളെ സ്നേഹിച്ച എല്ലാരും പറഞ്ഞു. നീ അവനെ ഉപേഷിക്കുക. യുവതിയായ അവള്‍ക്കു ജീവിതം മുന്നില്‍ ഉണ്ടായിരുന്നു.എന്നാല്‍ അവള്‍ ചെയ്തില്ല. അവള്‍ അപ്പോഴും പറഞ്ഞു. ദൈവം തന്നവനെ ദൈവം എടുക്കും വരെ ഞാന്‍ അവന്റെകൂടെ ഉണ്ടാകും. ദാമ്പത്യം എന്താണ് എന്ന് റോസ് അറിഞ്ഞിരുന്നു. ദൈവം എന്ത് ആഗ്രഹിക്കുന്നു എന്ന് അവള്‍ മനസിലാക്കി . ഭര്‍ത്താവിന്റെ ജീവിത ബലിയില്‍ കൂടെ നില്ക്കാന്‍ അവള്‍ തയാറായി.

ഒരിക്കല്‍ ഞാന്‍ ഈ ദമ്പതികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അവളുടെ ഭര്‍ത്താവു എന്നോട് പറഞ്ഞു. എന്റെ കാവല്‍ മാലാഖ ആണ് ഇവള്‍ , എന്റെ ജീവന്റെ കാവല്‍ക്കാരി. അവന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഒരു ഭര്‍ത്താവ് ഭാര്യക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരം അവള്‍ക്ക് ലഭിച്ചു. ദൈവം എന്ത് ചെയ്യുന്നു എന്ന് മനുഷ്യന്‍ എങ്ങിനെയാണ്‌ അറിയുക. ദൈവം അവനെ തിരിച്ചു വിളിച്ചു.റോസ് തകര്‍ന്നില്ല. കുറച്ചു നാളുകള്‍ കഴിഞ്ഞു ഞാന്‍ അവളെ വിളിക്കുമ്പോള്‍ മരണത്തിന്റെ 7ദിവസങ്ങള്‍ പിന്നിട്ടിരുന്നു. അവള്‍ പറഞ്ഞു. "ദൈവം 27 കൊല്ലം എനിക്ക് സന്ത്ഷം അനുവദിച്ചു. 4 കൊല്ലങ്ങള്‍ എന്നെ അവന്‍ അവന്‍റെ മാലാഖ ആക്കി". സഹനങ്ങളുടെ നിമിഷത്തില്‍ മനുഷ്യര്‍ പലപ്പോഴും മാലാഖമാര്‍ ആകാറുണ്ട്. അല്ലെങ്കില്‍ ക്രിസ്തുവിന്റെ പീഡകള്‍ അനുഭവിക്കുന്ന പ്രിയ ശിഷ്യര്‍ ആകാറുണ്ട്. സ്വര്‍ഗത്തിലേക്ക് ഉള്ള ഒരു പുണ്യമാണ് സഹന ജീവിതം എന്ന് വിശുദ്ധര്‍ പഠിപ്പിക്കുന്നു. നമ്മുടെ സഹനങ്ങള്‍ അനുഗ്രഹദായകമാണ്

റോസ് മാലാഖ ആയി മാറിയിരിക്കുന്നു, അതെ അവള്‍ ദൈവത്തിന്റെ മാലാഖ ആണ്. വേദനയുടെ നിമിഷങ്ങളില്‍ അവള്‍ തുണയായി. കല്യാണ ദിവസം മുതല്‍ മരണം വരെ ഒരിക്കലും പിരിയാതെ അവള്‍ അവനെ സ്നേഹിച്ചു. ബൈബിളില്‍ തൊട്ട് ദൈവ സന്നിധിയില്‍ ചെയ്ത പ്രതിഞ്ഞ അവള്‍ ലംഗിച്ചില്ല. സഹനത്തിന്റെ നിമിഷങ്ങളില്‍ ഭര്‍ത്താവിനു അവള്‍ തുണയായി. അകാലത്തില്‍ ഭൂമിയില്‍ നിന്നു വേര്‍പെട്ടെങ്കിലും ആ മനുഷ്യന്‍ ഭാഗ്യവാനാണെന്ന് ഞാന്‍ കരുതുന്നു. കാരണം അവനെ ഓര്‍ത്തു ദൈവം ഒരു മാലാഖയെ അയച്ചു. നമ്മളും ആരുടെ എങ്കിലുമൊക്കെ ജീവിതത്തിലെ മാലാഖമാര്‍ ആകണം. അപ്പോള്‍ ദൈവം നമ്മെ അനുഗ്രഹിക്കും.സങ്കടങ്ങളുടെ ഗത്സെമ്നിയില്‍ ആരും ഒറ്റയ്ക്ക് ആകാതിരിക്കട്ടെ. 

ഇന്നു ഇത് വായിക്കുന്ന സഹോദരി നീ ഓര്‍ക്കുക. ഭര്‍ത്താവിന്‍റെ ജീവിതത്തിലേക്ക് ദൈവം അയക്കുന്ന മാലാഖ ആണ് ഭാര്യ. ഇത് വായിക്കുന്ന സഹോദരാ ഓര്‍ക്കുക, ഭാര്യയുടെ ജീവിതത്തിലേക്ക് അയക്കപെടുന്ന മാലാഖയാണ് ഭര്‍ത്താവ്. നമ്മള്‍ കരുതുന്നു. സ്വര്‍ഗ്ഗത്തിലെ ഒരു മാലാഖ വഴി തെറ്റിയതാണ് ചെകുത്താന്‍..... ...., ചോദ്യം നിങ്ങളോടാണ്, നിങ്ങള്‍ ആരാണ്? നിങ്ങളുടെ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ നിങ്ങളെ എങ്ങിനെയാണ്‌ കാണുന്നത്? ദൈവ സന്നിധിയില്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ചിന്തിക്കുക. 

(ഇതൊരു കഥയല്ല. ഇത് വായിക്കുമ്പോള്‍ ഒരു നിമിഷം മരിച്ചു പോയ ആ മകന് വേണ്ടിയും ജീവിച്ചിരിക്കുന്ന ആ മകള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്.)

പ്രാര്‍ത്ഥന.

കുരിശില്‍ പീഡകള്‍ സഹിച്ച് മരിച്ച കര്‍ത്താവെ, ദാമ്പത്യത്തില്‍ പലതരത്തില്‍ സഹനങ്ങളില്‍ ആയിരിക്കുന്ന എല്ലാ മനുഷ്യരെയും ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അവര്‍ക്ക് അങ്ങ് താങ്ങാകണം, ഒരു മനുഷ്യന്‍റെ ജീവിതത്തിലേക്ക് അയക്കപെട്ട മാലാഖയാണ് താനെന്ന് തിരിച്ചറിഞ്ഞ് സ്നേഹപൂര്‍വ്വം ആ സഹന അനുഭവങ്ങളിലൂടെ കടന്നു പോകുവാനുള്ള കൃപ അവര്‍ക്ക് നല്‍കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍

നീ എന്താണ് ആഗ്രഹിക്കുന്നത്?

യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്തു തരണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ എനിക്ക് കാഴ്ച വീണ്ടു കിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തല്‍ക്ഷണം അവനു കാഴ്ച ലഭിച്ചു.( ലൂക്കാ18;42-43)

ദൈവ വിശ്വാസികള്‍ ആയ നാം എല്ലാം പ്രാര്‍ത്ഥിക്കുന്നവര്‍ ആണ്. എങ്കിലും നമ്മുടെ ജീവിതത്തില്‍ കുറവുകള്‍ ഉണ്ടാകുന്നു. പ്രാര്‍ത്ഥനകള്‍ നിറവേറാത്ത ഒരു അനുഭവം. പ്രാര്‍ഥിച്ചിട്ടും ജീവിതത്തില്‍ ദൈവം അനുഗ്രഹങ്ങള്‍ തരാതെ പോകുന്നു. എന്താണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവ സന്നിധിയില്‍ സ്വീകരിക്കപെടാതെ പോകുന്നത്. നിന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവ സന്നിധിയില്‍ സ്വീകരിക്കപെടാത്തതിനുള്ള ഒരു കാരണം, ആഗ്രഹത്തിന്‍റെയും വിശ്വാസത്തിന്റെയും കുറവ് ആണ്.

ഒരിക്കല്‍ ഒരു സഹോദരിയുടെ അമ്മ പറഞ്ഞു. എന്‍റെ മകള്‍ക്ക് വേണ്ടി ഒരു പാട് ആളുകള്‍ പ്രാര്‍ത്ഥിക്കുന്നു. അവളുടെ വിവാഹം തടസ്സ്പെടുകയാണ്. അത് മാറുന്നില്ല. ഞാന്‍ ആ സഹോദരിയോടു ചോദിച്ചു. മകളേ എനിക്ക് രണ്ടു കാര്യങ്ങള്‍ അറിയണം. നിനക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടോ? അവള്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ എനിക്ക് വിവാഹ ജീവിതം ആഗ്രഹം ഇല്ല. കാരണം അത് വലിയ കയ്പേറിയ ഒരു ജീവിതമാണ്. പക്ഷെ വീട്ടുകാരെ ബുധിമുട്ടിക്കാന്‍ എനിക്ക് പറ്റില്ല. രണ്ടാമത് ഞാന്‍ ചോദിച്ചു. നിനക്ക് ദൈവം നിന്‍റെ വിവാഹം നടത്തി തരുമെന്ന ബോധ്യം ഉണ്ടോ? ആ സഹോദരി പറഞ്ഞു. അത് നടക്കുമ്പോള്‍ നടന്നാല്‍ മതി. എനിക്ക് വലിയ കുഴപ്പമൊന്നുമില്ല.

ഒരു പാട് പേര്‍ ചിന്തിക്കുന്നത് ഇങ്ങിനെയാണ്. ഞാന്‍ രോഗിയാണ്‌, എന്നാല്‍ എനിക്ക് സൗഖ്യം പ്രാപിക്കാന്‍ ആഗ്രഹം ഇല്ല. ഞാന്‍ വിവാഹം എന്ന് പ്രാര്‍ത്ഥിക്കുന്നു. മനസില്‍ ഞാന്‍വിവാഹത്തെ ഭയക്കുന്നു. ജോലി എന്ന് പ്രാര്‍ത്ഥിക്കുന്നു. മനസില്‍ ജോലി ചെയ്യാന്‍ താല്പര്യമില്ല. അപ്പോള്‍ എന്‍റെ പ്രാര്‍ത്ഥന വെറും അധര വ്യായാമം മാത്രം ആകുന്നു. ചിലപ്പോള്‍ നിങ്ങള്‍ ചിന്തിച്ചേക്കാം, ഒരു രോഗി സൗഖ്യം ആഗ്രഹിക്കില്ലേ. അറിയുക,ജീവിതത്തില്‍ നിന്ന് ഒളിച്ചോടുവാന്‍ സാത്താന്‍ അവനില്‍ പിടി മുറുക്കിയിരിക്കുന്നു. അവനു യഥാര്‍ത്ഥ ആഗ്രഹം ഇല്ല. രക്ഷ പ്രാപിക്കുവാന്‍ ഒരു മനുഷ്യന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കണം. പ്രസവത്തെ ഭയന്ന് കുഞ്ഞിനായി പ്രാര്‍ത്ഥിച്ചാല്‍ ദൈവം എന്ത് ചെയ്യണം. ദൈവം ചോദിക്കുന്നത് അധരത്തോട് അല്ല. ഹൃദയത്തോട് ആണ്.

ബൈബിളില്‍ ലൂക്കാ സുവിശേഷകന്‍ അന്ധനായ മനുഷ്യന്‍റെ പ്രാര്‍ത്ഥന പറയുന്നുണ്ട്. ഉച്ചത്തില്‍ നിലവിളിക്കുകയാണ്. ദാവിദിന്റെ പുത്രാ എന്നില്‍ കനിയണമേ? അത് കേട്ട് യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്തു തരണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ എനിക്ക് കാഴ്ച വീണ്ടു കിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തല്‍ക്ഷണം അവനു കാഴ്ച ലഭിച്ചു.( ലൂക്കാ18;42-43) നോക്കുക ആ മനുഷ്യന്‍റെ വിശ്വാസവും ആഗ്രഹവും ആണ് അവനെ രക്ഷിക്കുന്നത്.

ഹോസിയാ പ്രവാചകനിലൂടെ കര്‍ത്താവു പറയുന്നു. ഹൃദയം നൊന്തു എന്നെ
വിളിച്ചപേക്ഷിക്കുന്നതിനു പകരം അവര്‍ കിടക്കയില്‍ വീണ് വിലപിക്കുന്നു. ( ഹോസിയ 7:14) നാം പ്രാര്‍ത്ഥിക്കാന്‍ മറന്നു പോയിരിക്കുകയാണ്. നമ്മുടെ പ്രാര്‍ത്ഥനകള്‍ വെറും അധര വ്യായാമങ്ങള്‍ ആയി മാറിയിരിക്കുന്നു. ഹൃദയത്തില്‍ വിശ്വാസം ഇല്ലാതെ, ആഗ്രഹം ഇല്ലാതെയുള്ള പ്രാര്‍ത്ഥനകള്‍. എന്നിട്ട് നാം പറയുന്നു. ദൈവം എന്നെ കൈ വെടിഞ്ഞിരിക്കുന്നു.കിടക്കയില്‍ വീണു കരയുകയും ചെയ്യുന്നു.

നമ്മുക്ക് പ്രാര്‍ത്ഥിക്കുന്നവര്‍ ആകാം. നമ്മുടെ സ്വപ്നങ്ങള്‍ ദൈവ സന്നിധിയില്‍ സമര്‍പ്പിക്കാം. എന്നിട്ട് ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കാം. ദൈവം തരും. ഇന്ന് നീ ചോദിക്കുന്ന നിന്‍റെ സ്വപ്നം നിറവേറും എന്ന് നീ വിശ്വസിക്കുക. എന്നിട്ട് പറയുക. ദൈവമേ നീ എനിക്ക് ഇതു നടത്തി തരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് നിറവേറുന്നതായി ഭാവനയില്‍ കാണുക. നിന്നെ കാണുന്ന ദൈവം നിന്നോട് ചോദിക്കുന്നുണ്ട്. ഞാന്‍ നിനക്ക് വേണ്ടി എന്ത് ചെയ്തു തരണം എന്നാണ് നീ ആഗ്രഹിക്കുന്നത്. അപ്പോള്‍ നിനക്ക് മറുപടി ഉണ്ടാകണം. നിന്‍റെ മറുപടി അവ്യക്തം ആകരുത്. വിശ്വാസം ഇല്ലാത്തതു ആകരുത്. നീ മറുപടി പറയുക. അപ്പോള്‍ നിന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവം സ്വീകരിക്കും.

പ്രാര്‍ത്ഥന

നീ വിശ്വസിച്ചാല്‍ ഒരു മലയോടു മാറി പോകാന്‍ പറഞ്ഞാല്‍ അത് പോലും മാറി പോകും എന്ന് അരുളിച്ചെയ്ത കര്‍ത്താവെ, ഞങ്ങളുടെ ആഗ്രഹങ്ങളെ അങ്ങയുടെ മുന്നിലേക്ക്‌ സമര്‍പ്പിക്കുന്നു. പലപ്പോഴും ഞങ്ങള്‍ക്ക് ഈ ആഗ്രഹങ്ങള്‍ നിറവേറണം എന്ന് സത്യമായ ആഗ്രഹം ഇല്ല. നിന്നിലുള്ള വിശ്വാസവും ഞങ്ങള്‍ക്ക് നഷ്ടപെട്ടു പോകുന്നു. ഈശോയെ, പല അനുഗ്രഹങ്ങളും ഞങ്ങള്‍ തടസ്സപ്പെടുത്തുന്നു. ഞാന്‍ രോഗിയാണ്‌, എന്നാല്‍ എനിക്ക് സൗഖ്യം പ്രാപിക്കാന്‍ ആഗ്രഹം ഇല്ല. ഞാന്‍ വിവാഹം എന്ന് പ്രാര്‍ത്ഥിക്കുന്നു. മനസില്‍ ഞാന്‍ ഭയക്കുന്നു. ജോലി എന്ന് പ്രാര്‍ത്ഥിക്കുന്നു. മനസില്‍ ജോലി ചെയ്യാന്‍ താല്പര്യമില്ല. ഈ അവസ്ഥകളെ അങ്ങ് സ്പര്‍ശിച്ചു ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണം എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍ 

Saturday, 19 October 2013

രക്ഷയുടെ അടയാളങ്ങള്‍

സ്വര്‍ണ്ണമെങ്ങിനെ മങ്ങിപ്പോയി? തങ്കത്തിന് എങ്ങിനെ മാറ്റം വന്നു? വിശുദ്ധമന്ദിരത്തിന്റെ കല്ലുകള്‍ വഴിക്കവല്യ്ക്കല്‍ ചിതറിക്കിടക്കുന്നു.
( വിലാപങ്ങള്‍ 4:1)

കരിസ്മാറ്റിക് പ്രസ്ഥാനം കേരള കത്തോലിക്കാ സഭയില്‍ വിപ്ലവകരമായ മാറ്റം ആണ് സ്ര്ഷിടിച്ചത്‌. അല്മായര്‍ വചനം പഠിക്കാന്‍ തുടങ്ങി. ഒരുപാട് ഇടവകകളില്‍ പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍ നിലവില്‍ വന്നു. പ്രാര്‍ത്ഥനാ രംഗത്ത്‌ അനേകം മനുഷ്യര്‍ ഉയര്‍ന്നു വന്നു. ദൈവം സമര്‍ത്ഥമായി വരദാനങ്ങള്‍ ചൊരിയാന്‍ തുടങ്ങി. നാടെങ്ങും പ്രാര്‍ത്ഥനാ ഗ്രൂപുകളും വചന ശു ശ്രുഷ്കളും രൂപം പ്രാപിച്ചു. 

ഫേസ്ബുക്ക് വളരെ മനോഹരമായി ഫെയ്ത്ത് ബുക്ക് ആക്കി സുവിശേഷ വേല ചെയ്യാന്‍ അനേകം സഹോദരങ്ങള്‍ മുന്നിട്ടു ഇറങ്ങി. എന്നാല്‍ നന്മ എവിടെയുണ്ടോ അവിടെ തിന്മയും കടന്നു വന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു സഹോദരി ചോദിക്കുകയുണ്ടായി. "നിങ്ങള്‍ കുരിശിന്‍റെ പുറകില്‍ അനാശാസ്യം നടത്തുന്നവര്‍ ആണോ?" ആദ്യം ഞങ്ങള്‍ ചിരിച്ചു തള്ളിയെങ്കിലും പിന്നീട് ഞങ്ങള്‍ അറിഞ്ഞു ആ ചോദ്യം വലിയ ഒരു ധ്യാന വിഷയമാണ്‌.

കേരളത്തിലെ പ്രശസ്തമായ ഒരു അല്മായ വിശ്വാസ പ്രസ്ഥാനത്തിന്‍റെ വക്താക്കള്‍ ഒരു സംഭവം പങ്കു വച്ചു. അവര്‍ നല്ല രീതിയില്‍ ഒരു ബ്ലോഗ്‌ നടത്താന്‍ തുടങ്ങി. അനേകം മക്കള്‍ അനുഗ്രഹിക്കപെട്ടു. ഒരു ദിവസം ബ്ലോഗില്‍ വളരെ മോശം ഒരു വീഡിയോ. നോക്കിയപ്പോള്‍ ഈ ഗ്രൂപ്പിലെ അംഗമായ ഒരു സഹോദരി തുണി ഇല്ലാതെ നില്‍ക്കുന്നു. അവസാനം കാര്യം മനസിലായി. ഓണ്‍ ലൈന്‍ സുവിശേഷ വേലയില്‍ പങ്കു ചേരുന്ന സഹോദരന്‍ ഉത്തമഗീതം വായിച്ചപോള്‍ സഹോദരി ആനന്ദ നൃത്തം ചവിട്ടിയത് സഹോദരന്‍ പോസ്റ്റ്‌ ചെയ്തത് ആണ്.

കുരിശിന്‍റെ പുറകില്‍ അനാശാസ്യം നടക്കുമോ? കര്‍ത്താവിന്റെ ഇടതു ഭാഗത്തെ കുരിശില്‍ കിടന്നത് ഒരു കള്ളന്‍ ആയിരുന്നു. .ക്രിസ്തു കൂടെ ഉണ്ടായിട്ടു പോലും കുരിശു അവനു രക്ഷക്ക് ഹേതു ആയില്ല. ആയതിനാല്‍ നിങ്ങള്‍ അംഗമായിരിക്കുന്ന ഓണ്‍ ലൈന്‍ ഗ്രൂപുകളിലെ സുവിശേഷ പ്രഘോഷകരെ നിങ്ങള്‍ അന്ധമായി വിശ്വസിക്കരുത്. നമ്മുടെ നാട്ടിലൊക്കെ " ജീസസ്സ്' ബസ്‌ ഉണ്ട്. അതിലെ കിളിയുടെ പൂരപാട്ട്‌ കേട്ടാല്‍ ആ ബസിനു നല്ല പേര് സാത്താന്‍ എന്ന് ഇടുന്നതാണ് എന്ന് തോന്നി പോകാറില്ലേ? അത് പോലെ തന്നെ ആണ് പല ഗ്രൂപുകളും പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ വിശ്വാസം നല്ലതാണ്. വിശ്വാസ പ്രഘോഷണം അത്യവശ്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് അറിയാത്ത ആളുകളുമായി വ്യക്തി പരമായ കാര്യങ്ങള്‍ പങ്കു വയ്ക്കാതെ ഇരിക്കുക.

നിങ്ങള്‍ പ്രൊഫൈലില്‍ ക്രിസ്തുവിനെ ഇട്ടിട്ടുണ്ടെങ്കില്‍ ഒരു ബൈബിള്‍ ഗ്രൂപ്പ്‌ ചെയ്യുന്നുവെങ്കില്‍ ഓര്‍ക്കുക. ആ ഗ്രൂപ്പില്‍ വരുന്നവര്‍ ക്രിസ്തുവിനെ കാണണം. അത് ഞാന്‍ പറഞ്ഞ ജീസസ് ബസിലെ ഡ്രൈവര്‍ വണ്ടി ഓടിക്കുമ്പോള്‍ യാത്രക്കാര്‍ ഭയന്നു ക്രിസ്തുവിനെ കാണുന്നത് പോലെയല്ല, നിങ്ങളുടെ വാക്കുകളില്‍ ക്രിസ്തു സ്നേഹം ഉണ്ടാകണം. അവിടെ വ്യക്തി ഇല്ല. അനാശാസ്യം ഇല്ല. കുരിശിനു പുറകില്‍ അനാശാസ്യം നടക്കുമ്പോള്‍ ക്രിസ്തു നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നത്‌ ഇതാണ്. 'പിതാവേ ഇവര്‍ ചെയ്യുന്നത് എന്താണ് എന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ.' .

നിങ്ങള്‍ ഓര്‍ക്കുക, ഓരോ ഗ്രൂപിന്റെയും ലക്‌ഷ്യം വ്യത്യസ്തം ആണ്. പെന്ത്കൊസ്തുകാര്‍ കത്തോലിക്കാ സഭയുടെ പേരില്‍ വരുന്നു. എന്നാല്‍ കുഞ്ഞാടുകള്‍ എല്ലായിടത്തും തല വയ്ക്കുന്നു. ബൈബിള്‍ പറയുന്നു. നിങ്ങള്‍ സര്‍പ്പത്തെ പോലെ വിവേകികളും പ്രാവിനെ പോലെ നിഷ്കളങ്കരും ആയിരിക്കുക. ഫലത്തില്‍ നിന്ന് വൃക്ഷത്തെ അറിയാന്‍ ശ്രമിക്കുക. ചതിക്കപെടരുത്. മനുഷ്യന്‍ നിഷ്കളങ്കനാണ്. അവന്‍ ഒരുപക്ഷെ ആഗ്രഹിക്കുന്ന നന്മയല്ല ചെയ്യുക ഒരു പക്ഷെ ആഗ്രഹിക്കാത്ത തിന്മ ആകാം. ആയതിനാല്‍ നിങ്ങള്‍ ജാഗരൂകര്‍ ആയിരിക്കുക. സാത്താന്‍ ഏതു രൂപത്തില്‍ വരുമെന്ന് നിങ്ങള്‍ക്കോ എനിക്കോ അറിഞ്ഞു കൂടല്ലോ? അനാവശ്യ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയേക്കാം.

പ്രാര്‍ത്ഥന.

നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കുക എന്ന് അരുളിച്ചെയ്ത യേശു നാഥാ സൈബര്‍ ലോകത്ത് സുവിശേഷ വേല്യ്ക്കായി തിരഞ്ഞെടുക്കപെട്ടിരിക്കുന്ന അങ്ങയുടെ ദാസന്മാരെ ഞങ്ങള്‍ അങ്ങേ കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു. അവരുടെ വാക്കുകളേയും, പ്രവര്‍ത്തികളെയും അങ്ങ് നിയന്ത്രിക്കണമേ. അവരുടെ നാവുകളിലൂടെ നീ ആഗ്രഹിക്കുന്ന സന്ദേശങ്ങള്‍ മാത്രം ഞങ്ങള്‍ക്ക് ലഭിക്കട്ടെ. അവരുടെ അന്തരംഗങ്ങളെ നീ വിശുദ്ധീകരിക്കണമേ ആമേന്‍