Tuesday, 25 March 2014

ദൈവത്തെ കാണാന്‍

"സ്വര്‍ഗ്ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല." ( സങ്കീര്‍ത്തനങ്ങള്‍ 73:25)

ഗുരുവും ശിഷ്യനും യാത്ര ചെയ്യുകയായിരുന്നു. ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു. അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ? ഗുരു പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. അവിടുത്തെ കരുതല്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ശിഷ്യന്‍ ഒന്നും മിണ്ടിയില്ല. എങ്കിലും അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവന്‍ ദുഖിതനായി കാണപെട്ടു. പിന്നെയും അവന്‍ ചോദിച്ചു. ഗുരോ, എന്ത് കൊണ്ടാണ് എനിക്ക് ദൈവത്തെ കാണുവാന്‍ സാധികാത്തത്. എത്രയോ വര്‍ഷങ്ങളായി ഞാന്‍ അങ്ങയെ അനുഗമിക്കുന്നു. എനിക്ക് ദൈവത്തെ കാണുവാന്‍ സധിച്ചിട്ടില്ലല്ലോ.

ഗുരു പറഞ്ഞു. മകനേ, ദൈവം അരൂപിയാണ്. അവിടുന്ന് നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിക്കുന്നു. നിന്‍റെ അകകണ്ണ്‍ തുറക്കുക നിനക്ക് ഇന്ന് ദൈവത്തെ കാണുവാന്‍ സാധിക്കും. അവര്‍ യാത്ര തുടര്‍ന്നു. വേനല്‍ കാലമായതിനാല്‍, ചൂട് കൂടി വന്നു. ഗുരുവും ശിഷ്യനും ദാഹിച്ചു വലഞ്ഞു. അവസാനം അവര്‍ ഒരു കിണറ്റിന്‍ കരയിലെത്തി. അവിടെ ഒരു സ്ത്രീ വെള്ളം കോരുന്നുണ്ടായിരുന്നു. ഗുരു ചോദിച്ചു. ഞങ്ങള്‍ക്ക് കുറച്ചു വെള്ളം തരുമോ? ആ സഹോദരി അവര്‍ക്ക് വെള്ളം നല്‍കി. യാത്ര തുടര്‍ന്നു. വൈകുന്നേരം വിശ്രമിക്കുമ്പോള്‍ ഗുരു ചോദിച്ചു. മകനെ നീ ദൈവത്തെ കണ്ടുവോ?

ശിഷ്യന്‍ വേദനയോടെ പറഞ്ഞു. അങ്ങ് എന്‍റെ കൂടെ ഉണ്ടായിരുന്നല്ലോ. ഞാന്‍ ദൈവത്തെ കണ്ടില്ല. എന്‍റെ മുന്നില്‍ പ്രത്യക്ഷപെടാതെ അവന്‍ മറഞ്ഞിരിക്കുന്നു. ഗുരു പുഞ്ചിരിയോടെ പറഞ്ഞു. നിനക്ക് ദാഹിച്ചപ്പോള്‍ വെള്ളം തരാന്‍ കിണറിന്റെ കരയില്‍ തന്‍റെ അഗാധമായ കരുണയുമായി കാത്തു നിന്ന ആ സ്ത്രീയെ നീ കണ്ടുവോ? അവരുടെ കണ്ണുകളില്‍ ഞാന്‍ ദൈവത്തെ കണ്ടു. എന്ത് കൊണ്ടാണ് നീ അവരുടെ കണ്ണുകളില്‍ ദൈവത്തെ കാണാതെ പോയത്. നാം എല്ലാം സങ്കടപെടാറുണ്ട്. ദൈവം മറഞ്ഞിരിക്കുന്നു. എന്നാല്‍ നിന്‍റെ വഴികളില്‍ നിന്നെ താങ്ങുന്ന ദൈവത്തെ കാണുവാന്‍ നിനക്ക് കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്?

ഇസ്രയേല്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ദൈവം പകല്‍ മേഘരൂപത്തിലും, രാത്രി ദീപ സ്തംഭം യും ആണ് അവരെ നയിച്ചത്. നോക്കുക, തന്‍റെ ജനത്തെ നയിക്കുവാന്‍ ദൈവം അവരുടെ ആവശ്യങ്ങള്‍ നിറവേറുന്ന വിധത്തില്‍ എഴുന്നുള്ളി വരുന്നു. ഇന്ന് ഒരു ദിവസം ഞാന്‍ ദൈവത്തെ കണ്ടു മുട്ടിയോ എന്ന് നാം ഓരോരുത്തരും ചിന്തിക്കണം. നാം ദൈവത്തെ കണ്ടു മുട്ടിയില്ല എങ്കില്‍ നമ്മെ കണ്ട ആരെങ്കിലും ദൈവത്തെ കണ്ടുവോ എന്ന് കൂടി നാം ചിന്തിക്കണം. നിന്‍റെ ഉള്ളില്‍ ക്രിസ്തു ഉണ്ടെങ്കില്‍ ആ ക്രിസ്തുവിനെ മറ്റുള്ളവര്‍ കാണണം. അപ്പോഴാണ് ക്രിസ്ത്യാനി യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനോട് കൂടെ ജീവിക്കുക.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങളെ കാണുന്നവര്‍ക്ക് ദൈവത്തെ കാണുവാന്‍ കഴിയുന്ന വിധത്തില്‍ ഞങ്ങളുടെ ജീവിതങ്ങളെ അങ്ങ് രൂപാന്തരപെടുതേണമേ. ഞങ്ങളെ എന്നും ദൈവത്തെ കാണുന്നവരായിതീരുവാന്‍ അനുഗ്രഹിക്കണമേ,ആമേന്‍
photo: Kamrudheen

Saturday, 15 March 2014

പരിശീലനം നല്‍കുന്ന ദൈവം

അതാ, എന്‍റെ പ്രിയന്‍റെ സ്വരം!അതാ മല മുകളിലൂടെ കുതിച്ചു ചാടിയും കുന്നുകളില്‍ തുള്ളി ചാടിയും അവന്‍ വരുന്നു. ( ഉത്തമ ഗീതം 2:8)

മനസ് ശൂന്യമാകുന്ന ചില നിമിഷങ്ങളുണ്ട്‌. വേദനയുടെ ഒരു നിമിഷത്തില്‍ ദൈവം എന്നെ ഉപേക്ഷിച്ചുവോ എന്ന് നാം ചിന്തിച്ചു പോകുന്ന നിമിഷങ്ങള്‍. എന്നാല്‍ ദൈവം തന്‍റെ തിരഞ്ഞെടുക്കപെട്ടവരെ തന്നോട് ചേര്‍ത്ത് പിടിക്കുന്നു. അവരെ വഴി നടത്തുന്നു. നാം എല്ലാം പ്രാര്‍ത്ഥിക്കുന്നത് നന്മ വരുത്തണം എന്ന് മാത്രമാണ്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ദൈവം എത്രയോ നന്മകള്‍ ചൊരിഞ്ഞു. പലപ്പോഴും അത് തിരിച്ചറിയാതെ ജീവിതത്തിലെ ഒരു സഹനത്തിന്റെ നിമിഷത്തില്‍ നാം ദൈവ പരിപാലനയെ നിഷേധിക്കുന്നു.

ഒരിക്കല്‍ ഒരു അമ്മ കിളി കുഞ്ഞിനെ പറക്കാന്‍ പഠിപ്പിക്കുകയായിരുന്നു. അമ്മ കുഞ്ഞിനെ പുറത്തു കയറ്റി ആകാശത്തേക്ക് പോയി. എന്നിട്ട് അതിനെ ചിറകു കുടഞ്ഞെറിഞ്ഞു. കുഞ്ഞു മരണം മുന്‍പില്‍ കണ്ടു കുഴഞ്ഞ ചിറകുമായി താഴേക്ക്‌ പതിക്കുമ്പോള്‍ അമ്മ കുഞ്ഞിനെ താങ്ങി എടുത്തു. പിന്നെയും പറന്നു. അന്ന് കൂട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞു അമ്മയോട് പറഞ്ഞു. ഈ ഭൂമിയില്‍ എനിക്ക് ഇനി നിങ്ങളെ കാണണ്ട. ഞാന്‍ വെറുക്കുന്നു. നിങ്ങള്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചു. അപ്പോള്‍ ഈ അമ്മ പറഞ്ഞു. കുഞ്ഞേ, നീ ഒരിക്കലും മരിക്കാതെ ഇരിക്കാന്‍ ഞാന്‍ നിന്നെ ജീവിക്കാന്‍ പഠിപ്പിക്കുക ആയിരുന്നു.

നമ്മുടെ ജീവിതങ്ങളും ദൈവം ചിലപ്പോള്‍ ഒന്ന് കുലുക്കും. താഴെ വീഴാതെ അവിടുന്ന് നമ്മെ കാത്തു കൊള്ളും. നമ്മള്‍ സുരക്ഷിതര്‍ ആണ് എന്ന് കരുതുന്ന ചില്ലകള്‍ നമ്മുക്ക് ഒരിക്കലും നന്മയായി ഭവിക്കില്ല എന്ന് ദൈവത്തിന് അറിയാം. അത് കൊണ്ടാണ്, നമ്മുടെ ജീവിതത്തില്‍ പ്രതി സന്ധികള്‍ കടന്നു വരുന്നത്. നിനക്ക് താങ്ങാന്‍ ആകാത്ത പ്രതി ബന്ധങ്ങളിലൂടെ അവിടുന്ന് നിന്നെ നയിക്കുന്നില്ല. ഒരു പക്ഷി തന്‍റെ കുഞ്ഞിനെ കരുതുന്ന സ്നേഹത്തോടെ അവിടുന്ന് നമ്മെ താങ്ങി എടുക്കും.

ജീവിതത്തില്‍ പ്രതി സന്ധികള്‍ ഉണ്ടാകുമ്പോള്‍ നാം എന്താണ് ചെയ്യുക. നമ്മള്‍ പരാതി പറയുന്നു. ദൈവം എന്നെ ഉപേക്ഷിച്ചിരിക്കുന്നു. അവിടുന്ന് എന്നെ നയിക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ ദൈവം നമ്മെ കൂടുതല്‍ നന്മകള്‍ നേടുവാന്‍ പരിശീലിപ്പിക്കുന്നു എന്ന സത്യം നാം മറന്നു പോകുന്നു. ബൈബിളില്‍ കര്‍ത്താവു പറയുന്നു. എനിക്ക് നിന്നെ കുറിച്ച് ഒരു പദ്ധതി ഉണ്ട്. അത് നിന്‍റെ നാശത്തിനുള്ളതല്ല. മറിച്ചു ക്ഷേമത്തിനും നന്മയ്ക്കും ഉള്ള പദ്ധതി ആണ്. ദൈവം നമ്മെ കരുതുന്നു എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ നമ്മുക്ക് നന്മ ഉണ്ടാകും. നാം ദൈവത്തിങ്കലേക്കു കൂടുതല്‍ അടുക്കും.

പ്രാര്‍ത്ഥന

നന്മ സ്വരൂപനായ ദൈവമേ നിന്നില്‍ ആശ്രയിച്ച്, നിന്‍റെ പദ്ധതികളില്‍ വിശ്വസിച്ച് ജീവിക്കുവാനുള്ള കൃപാ വരം നീ എനിക്ക് എകണം എന്ന് അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു. ആമേന്‍


Tuesday, 11 March 2014

ഭയം

"തിന്മ ഭീരുത്വം നിറഞ്ഞതാണ്‌.അതു തന്നെ തന്നെ ശിക്ഷിക്കുന്നു.മനസ്‌സാക്ഷിയുടെ സമ്മര്‍ദ്ദത്തില്‍ അതു പ്രതി ബന്ധങ്ങളെ പര്‍വതീകരിക്കുന്നു. ആലോചനാ ശീലത്തില്‍ നിന്നു വരുന്ന സഹായത്തെ ഭയം എപ്പോഴും തിരസ്കരിക്കുന്നു. "( ജ്ഞാനം 17:11-12)

മനുഷ്യ ജീവിതത്തിലെ ഒരു വലിയ ശാപം ആണ് ഭയം. ബൈബിളില്‍ ഒരുപാടു പ്രാവശ്യം ആവര്‍ത്തിച്ചു പറയുന്ന ഒരു സന്ദേശം ആണ് ഭയപെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്. ഭയം ഭൂമിയിലേക്ക്‌ കടന്നു വരുന്നത് ആദിമ മാതാ പിതാക്കള്‍ പാപം ചെയ്തതിനു ശേഷമാണ്. ആദവും ഹവ്വയും ദൈവം വിലക്കിയ പഴം കഴിച്ചതിനു ശേഷം, ദൈവം വരുമ്പോള്‍ ഭയന്നു ഒളിച്ചിരിക്കുകയാണ്.
ഭൂമിയില്‍ ദൈവം തന്ന നന്മകളെ ഇല്ലാതാക്കാന്‍ സാത്താന്‍ ഭയം എന്ന തിന്മയെ കൊണ്ട് വന്നു. എന്നാല്‍ നാം ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍ ദൈവം നമ്മുടെ ഭയത്തെ നീക്കി കളയുന്നു.

ഒരിക്കല്‍  കൗമാര പ്രായത്തിലുള്ള ഒരു ആണ്‍ കുട്ടിയെ അവന്‍റെ അപ്പന്‍ എന്‍റെ അരികില്‍ കൊണ്ട് വന്നു. സംസാരത്തിനിടയില്‍ ഈ അപ്പന്‍ പറഞ്ഞു. മകന്‍ സ്കൂളില്‍ പോകുന്നില്ല. അവനു എന്തോ ഭയം സംഭവിച്ചിരിക്കുന്നു. ഞാന്‍ ഈ കുഞ്ഞിനേയും അപ്പനെയും മാറ്റി ഇരുത്തി സംസാരിച്ചു.അപ്പനോട് ഞാന്‍ ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പാപ്കരമായ എന്തെങ്കിലും നിങ്ങളുടെ ഭവനത്തില്‍ സംഭവിച്ചോ? ഉടനെ ഈ അപ്പന്‍ പറഞ്ഞു. എന്‍റെ മകന്‍റെ കമ്പ്യൂട്ടറില്‍ ചില കാണാന്‍ ആകാത്ത കാഴ്ചകള്‍ ഞാന്‍ കണ്ടു. അവനെ ഞാന്‍ ശാസിച്ചു,ശിക്ഷിച്ചില്ല. ഈ മകന്‍ പറഞ്ഞു. എനിക്ക് പേടിയാണ്. എനിക്ക് എന്‍റെ അമ്മയെയും പെങ്ങളെയും ഒരുപാടു ഇഷ്ടമാണ്. എന്‍റെ അപ്പന്‍ ആരോടെങ്കിലും പറഞ്ഞാല്‍ ഞാന്‍ ജീവിക്കില്ല. എന്‍റെ തല പെരുക്കുന്നു. ഭയം ആ മകനെ വേട്ടയാടുകയാണ്.

മനുഷ്യ ജീവിതത്തിലെ ഒരു വലിയ ബന്ധന അവസ്ഥയാണ് ഭയം. ക്രിസ്തുവിലുള്ള വിശ്വാസം നഷ്ടപ്പെട്ട് പാപത്തിന്റെ അടിത്തട്ടില്‍  ബന്ധിതര്‍ ആകുമ്പോള്‍ നാം ഭയത്തിന്റെ പിടിയില്‍ അകപെടുന്നു. ഭയത്തെ പറ്റി ബൈബിള്‍ പറയുന്നത് ഇതാണ്. "സഹായം ലഭിക്കുമെന്നുള്ള ആന്തരികമായ പ്രതീക്ഷ എത്ര ദുര്‍ബലമാണോ അത്രത്തോളം പീഡനത്തിന്റെ കാരണത്തെ കുറിച്ചുള്ള അഞ്ജതയെ ഭയം ഇഷ്ടപെടുന്നു."(ജ്ഞാനം 17:13) ദൈവം ആണ് നമ്മുടെ സഹായകന്‍ എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകുമ്പോള്‍ ഭയം നമ്മെ വിട്ടു പോകുന്നു. എന്നാല്‍ ദൈവത്തിലുള്ള പ്രതീക്ഷ നഷ്ടപെടുമ്പോള്‍ നാം ഭയത്തിന്റെ പിടിയില്‍ അകപെടുന്നു.

ബൈബിളില്‍ ഒരു സംഭവം പറയുന്നു.ക്രിസ്തുവും ശിക്ഷ്യന്മാരും കടലിലൂടെ യാത്ര ചെയ്യുകയാണ്. വലിയ കൊടുങ്കാറ്റു ഉണ്ടായി. ഉടനെ ശിഷ്യന്മാര്‍ പറയുന്നു. കര്‍ത്താവേ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. അപ്പോള്‍  യേശു പറയുന്ന വചനം ഇതാണ്. " അവന്‍ പറഞ്ഞു. അല്പവിശ്വാസികളെ, നിങ്ങളെന്തിനു ഭയപെടുന്നു? അവന്‍ എഴുന്നേറ്റു കടലിനെയും കാറ്റിനെയും ശാസിച്ചു. വലിയ ശാന്തതയുണ്ടായി. ( മത്തായി 8:26) ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ ക്രിസ്ത്യാനി ഭയം എന്ന വികാരത്തിന് അടിമപെടുവാന്‍ പാടില്ല. അവനെ നയിക്കുന്ന വിശ്വാസം ക്രിസ്തു അവന്‍റെ കൂടെ ഉണ്ട് എന്നുള്ളത് ആകണം.

സങ്കീര്‍ത്തകന്‍ പറയുന്നു. നിന്‍റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ മരിച്ചു വീണേക്കാം;നിന്‍റെ വലതു വശത്തു പതിനായിരങ്ങളും; എങ്കിലും നിനക്ക് ഒരു അനര്‍ത്ഥവും സംഭവിക്കില്ല.ദുഷ്ടരുടെ പ്രതിഫലം നിന്‍റെ കണ്ണുകള്‍ കൊണ്ട് തന്നെ നീ കാണും. നീ കര്‍ത്താവില്‍ ആശ്രയിച്ചു.അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു. നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല. ഒരനര്‍ത്ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല. നിന്‍റെ വഴികളില്‍ നിന്നെ കാത്തു പാലിക്കാന്‍ അവിടുന്ന് തന്‍റെ ദൂതന്മാരോട് കല്പിക്കും. നിന്‍റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചു കൊള്ളും.( സങ്കീര്‍ത്തനങ്ങള്‍ 91:7-12) നമ്മുക്ക് ദൈവ വിശ്വാസികളായി മാറാം. പ്രാര്‍ത്ഥിക്കുന്നവര്‍ ആകാം. ദൈവം നമ്മെ സംരക്ഷിക്കും.

പ്രാര്‍ത്ഥന

ഭയപെടെണ്ട ഞാന്‍ നിന്നെ സംരക്ഷിക്കുന്ന കര്‍ത്താവാണ് എന്ന് അരുളി ചെയ്ത ദൈവമേ, ജന്മ പാപങ്ങള്‍ മൂലവും കര്‍മ്മ പാപങ്ങള്‍ മൂലവും ഭയം എന്ന ബന്ധനം ഞങ്ങളിലേക്ക്  കടന്നു വന്നിരിക്കുന്നു. സാത്താന്റെ ബന്ധനം മൂലം ആലോചനാ ശീലത്തില്‍ നിന്നും വരുന്ന ദൈവിക സഹായത്തെ നിഷേധിച്ച് ഞങ്ങള്‍  ഭയത്തിനു അടിമയായി മാറുന്നു. ദൈവമേ അങ്ങയുടെ പുത്രന്‍ കുരിശില്‍ ചിന്തിയ തിരുരകതത്തിന്റെ ശക്തിയാല്‍, ഞങ്ങളും    ഭയത്തില്‍ നിന്നും മോചിതരായി , പ്രത്യാശയില്‍ ക്രിസ്തുവിനോടൊപ്പം ഉയിര്‍ത്തു ജീവിക്കുന്നുവരാകുവാന്‍ ഞങ്ങളുടെ ബന്ധനങ്ങള്‍ അങ്ങു തകര്‍ക്കണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ, ആമേന്‍ .
photo courtesy: Jijo Thomas

Sunday, 9 March 2014

ശകുനം

"നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്. ഞാനാണ്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവ്. ( ലേവ്യര്‍ 19:31)"

ദൈവ വേലയില്‍ സജീവനായ ഒരു മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു. "സഹോദരാ എന്തുകൊണ്ടാണ് എന്ന് അറിയില്ല , വിവാഹം നടക്കുന്നില്ല. കാര്യങ്ങള്‍ ഒന്നും കുഴപ്പമില്ല പക്ഷേ എവിടെയോ ഒരു തടസ്സം. പ്രാര്‍ത്ഥിക്കണം." ഒരുപാടു വട്ടം ഈ ആവശ്യം കേട്ടപ്പോള്‍ വെറുതെ ചോദിച്ചു. ശകുനം നോക്കാറുണ്ടോ? ഉടനെ ഈ മനുഷ്യന്‍ പറഞ്ഞു. ഇല്ല ഞാന്‍ ഒരിക്കലും ശകുനം നോക്കിയിട്ടില്ല. സംഖ്യ ജ്യോതിഷം നോക്കിയിട്ടുണ്ടോ. ആ സഹോദരന്‍ ഒരു നിമിഷം സംശയിച്ചു. എന്നിട്ട് പറഞ്ഞു. എനിക്ക് വിശ്വാസം ഒന്നുമില്ല. എങ്കിലും എനിക്ക് ഒരു സുഹ്രത്ത് ഉണ്ട്. അവര്‍ എനിക്ക് വരുന്ന വിവാഹ ആലോചനകള്‍ എനിക്ക് ചേരുമോ എന്ന് നോക്കാറുണ്ട്.എനിക്ക് അതില്‍ വിശ്വാസമില്ല. പക്ഷെ ആ സ്നേഹ ബന്ധത്തെ ഞാന്‍ വിലമതിക്കുന്നു. സുന്ദരമായ കള്ളങ്ങള്‍.

ദൈവ അനുഭവത്തിന്‍റെ ആഴങ്ങളില്‍ നില്‍ക്കുന്ന മനുഷ്യന്‍റെ ജീവിതത്തില്‍ പോലും സാത്താന്‍ ശകുനം നോക്കല്‍ വഴി ബന്ധനം കൊണ്ട് വരുന്നു. അവരുടെ ജീവിതം ബന്ധനത്തില്‍ പെട്ട് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഒരിക്കല്‍ ഒരു സഹോദരി പങ്കു വച്ചു. ഞാന്‍ ചില മന്ത്രങ്ങള്‍ ചൊല്ലാറുണ്ട്. ചൊല്ലുമ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ സ്ഥാനത്ത് ക്രിസ്തുവിനെ ഓര്‍ത്താണ് ചെല്ലുന്നത്. എത്രയോ അബദ്ധമായ ഒരു ധാരണ ആണ്. ബൈബിള്‍ നമ്മോടു ചോദിക്കുന്നു. എത്ര നാള്‍ നിങ്ങള്‍ രണ്ടു വള്ളത്തില്‍ കാല്‍ വയ്ക്കും. ക്രിസ്തുവിനെയും, സാത്തനെയും ഒരേ മന്ത്രങ്ങളാല്‍ പ്രീണിപ്പിക്കുന്നതെങ്ങിനെ? .ബൈബിള്‍ പറയുന്നു. ഏതെങ്കിലും ജനത തങ്ങളുടെ ദേവന്മാരെ മാറിയിട്ടുണ്ടോ? അവ വ്യജ ദേവന്മാരായാല്‍ തന്നെ? എന്നാല്‍ എന്‍റെ ജനം വ്യര്‍ത്ഥതയ്ക്ക് വേണ്ടി തങ്ങളുടെ മഹ്വത്വം കൈ വെടിഞ്ഞിരിക്കുന്നു.( ജെറമിയ 2:11)

"എന്‍റെ ചെറുപ്പത്തില്‍ വര്‍ഷ ആരംഭത്തില്‍ കലണ്ടര്‍ നോക്കി ഞാന്‍ ജാതകം നോക്കും. പിന്നെ കാലം മാറിയപ്പോള്‍ മൊബൈലില്‍ എന്നും ദിന ഫലം നോക്കാന്‍ തുടങ്ങി. നോക്കും എന്നതല്ലാതെ എനിക്ക് വിശ്വാസം ഇല്ല."ഇങ്ങിനെ പറയുന്ന അനേകം ക്രിസ്ത്യാനികളെ ഞാന്‍ കാണാറുണ്ട്. ദൈവം ചോദിക്കുന്നു. ഞാന്‍ മലിനയല്ല, ബാലിന്റെ പുറകെ പോയിട്ടില്ല എന്നു പറയാന്‍ നിനക്ക് എങ്ങിനെ സാധിക്കും? താഴ്‌വരയില്‍ പതിഞ്ഞ നിന്‍റെ കാല്പാടുകള്‍ കാണുക; ചെയ്ത കുറ്റം സമ്മതിക്കുക. ഉന്മത്തയായി പാഞ്ഞു നടന്ന പെണ്ണോട്ടകമായിരുന്നു നീ ( ജെറമിയ 2:23)

ക്രിസ്ത്യാനി ഓടുകയാണ്. അവനു ക്രിസ്തുവില്‍ വിശ്വാസം നഷ്ടപെട്ടുപോയി. സകലതും നന്മക്കായി പരിണമിപ്പിക്കുന്ന ക്രിസ്തുവിന്റെ സമയത്തിനായി കാത്തിരിക്കാന്‍ സമയമില്ല. ശകുനവും, ആള്‍ ദൈവങ്ങളും അശുദ്ധമാക്കിയ ആത്മാവുമായി അവന്‍ പ്രാര്‍ത്ഥിക്കുകയാണ്. എന്നിട്ട് സങ്കടപെട്ടു പറയുന്നു. ക്രിസ്തു എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. അവന്‍ എന്നില്‍ നിന്നും മുഖം മറച്ചിരിക്കുന്നു. എന്നാല്‍ ദൈവം പറയുന്നു. നിന്‍റെ അകൃത്യങ്ങള്‍ എന്‍റെ മുന്‍പിലുണ്ട്. എന്‍റെ നിസ്സിമമായ കരുണയെ നിന്‍റെ പാപങ്ങള്‍ എന്നില്‍ നിന്നും മറയ്ക്കുന്നു. ഹോസിയാ പ്രവാചകനിലൂടെ അവിടുന്ന് പറയുന്നു. ഇസ്രയേല്‍, നിന്‍റെ ദൈവമായ കര്‍ത്താവിങ്കലേക്ക് തിരിച്ചു വരുക. നിന്‍റെ അകൃത്യങ്ങള്‍ മൂലമാണ് നിനക്കു കാലിടറിയത്.

നാം അശുദ്ധമായ കാര്യങ്ങള്‍ ചെയ്തു ദൈവത്തില്‍ നിന്ന് അകന്നു പോയെങ്കില്‍ നമുക്ക് തിരിക വരാം. ധൂര്‍ത്ത പുത്രന്‍ പിതാവിന്‍റെ സന്നിധിയില്‍ കരഞ്ഞ പോലെ നമ്മുക്ക് ദൈവ പിതാവിനോട് പറയാം. പിതാവേ അങ്ങയുടെ മകന്‍ എന്ന് വിളിക്കപെടാനുള്ള യോഗ്യത ഞാന്‍ നഷ്ടപെടുത്തി. നാം തിരികെ വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ബൈബിള്‍ പറയുന്നു. ദൈവം അരുളി ചെയ്യുന്നു. " ഞാന്‍ അവരുടെ അവിശ്വസ്ഥതയുടെ മുറിവ് ഉണക്കും. ഞാന്‍ അവരുടെ മേല്‍ സ്നേഹം ചൊരിയും. കാരണം, അവരോടുള്ള എന്‍റെ കോപം അകന്നിരിക്കുന്നു. ഇസ്രായേലിനു ഞാന്‍ തുഷാര ബിന്ദു പോലെയായിരിക്കും. ലില്ലി പോലെ അവന്‍ പുഷ്പിക്കും. ഇലവുപോലെ അവന്‍ വേരുറപ്പിക്കും. ( ഹോസിയ 14:4-5)

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, അറിഞ്ഞും അല്ലാതെയും, ജാതക ഫലങ്ങളും, ക്ഷുദ്ര ക്രിയകളിലും വിശ്വസിച്ച് ഞങ്ങള്‍ സ്വയം അശുദ്ധരായി തീര്‍ന്നതിനെ ഓര്‍ത്തു ഞങ്ങള്‍ അങ്ങയുടെ സന്നിധിയില്‍ മാപ്പ് അപേക്ഷിക്കുന്നു. ഓ ദിവ്യ നാഥാ, ഞങ്ങളുടെ ജീവിതത്തില്‍ ഇതു മൂലം വന്നിട്ടുള്ള തകര്‍ച്ചകള്‍ അങ്ങ് കാണേണമേ, അങ്ങയുടെ അരികിലേക്ക് തിരികെ വരുന്ന ഞങ്ങളെ കൃപയായി സ്വീകരിക്കണമേ ആമേന്‍.
Photo Courtesy: Jeethu Mathai.

Friday, 7 March 2014

ഇടം നഷ്ടപ്പെട്ടവര്‍

"അവന്‍ അതിനു റഹോബോത്ത്‌ എന്നു പേരിട്ടു. കാരണം, അവന്‍ പറഞ്ഞു: കര്‍ത്താവു ഞങ്ങള്‍ക്ക് ഇടം തന്നിരിക്കുന്നു. ഭൂമിയില്‍ ഞങ്ങള്‍ സമ്രധിയുള്ളവരാകും. ( ഉത്പത്തി 26:22)"

കോളേജ് ജീവിതത്തിലെ അവസാന ദിവസം ഗുരുനാഥന്‍ പറഞ്ഞു. നിങ്ങള്‍ "തന്‍റെടം"ഉള്ളവരാകണം. ജീവിതത്തില്‍ പലപ്പോഴും നാം കേട്ടിട്ടുണ്ട്. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ തന്‍റെടം ഉള്ളവര്‍ ആകണം. എന്താണ് തന്‍റെടം. തന്‍റെടം എന്നാല്‍ തന്‍റെ ഇടമാണ്. ഭൂമിയില്‍ തന്‍റെ ഇടം നഷ്ടപെട്ട അനേകം മനുഷ്യര്‍ ഉണ്ട്. ജീവിക്കുവാനുള്ള തന്‍റെടം നഷ്ടപെട്ടപ്പോള്‍ ഒരു മുഴം കയറില്‍ യാത്രയായ മകളെ നോക്കി അമ്മ കരയുന്നത്. നിനക്ക് തന്‍റെടം ഇല്ലാതെ ആയി പോയല്ലോ എന്നാണ്. എത്രയോ രാത്രികളില്‍ ഇടം നഷ്ടപെട്ട മനുഷ്യന്‍റെ വേദന നമ്മെ അലട്ടിയിട്ടുണ്ട്.

പഴയ നിയമത്തില്‍ യാക്കോബ് കുഴിച്ച കിണറിനെ പറ്റി തര്‍ക്കം ഇല്ലാതെ ആയപ്പോള്‍ അവന്‍ പറയുന്ന വചനമാണ് കര്‍ത്താവു ഞങ്ങള്‍ക്ക് ഇടം തന്നിരിക്കുന്നു. ഭൂമിയില്‍ ഞങ്ങള്‍ സമ്രധിയുള്ളവരാകും. ഭൂമിയില്‍ ഇടം ഇല്ലാതെ പോകുന്ന അനേകം മനുഷ്യരുണ്ട്‌. ചിലപ്പോള്‍ ഒക്കെ തേങ്ങുന്ന മനസോടെ അവര്‍ ഇടം തിരയും. പുതിയ നിയമത്തില്‍ അങ്ങിനെ ഒരു മനുഷ്യനെ പറ്റി പറയുന്നുണ്ട്. സക്കേവൂസ് ഭൂമിയില്‍ ഇടം ഇല്ലാത്തവന്‍ ആയിരുന്നു. മരച്ചില്ലകളില്‍ ഒളിച്ചിരുന്ന് ക്രിസ്തുവിനെ കാണാന്‍ അവന്‍ ആഗ്രഹിച്ചു.

ജീവിതത്തിലെ പ്രതി സന്ധികളില്‍ തന്‍റെടം നഷ്ടപെട്ടു നാം എല്ലാം നില്‍ക്കാറുണ്ട്. എങ്ങോട്ട് പോകണം എന്ന് അറിയാതെ ഇനി എന്ത് ചെയ്യും എന്ന് അറിയാത്ത നിമിഷങ്ങള്‍ . ഭൂമിയില്‍ ഇടം ഇല്ലാതെ ആയി പോകുമ്പോള്‍ നാം നിരാശ ബാധിച്ചവരാകുന്നു. എന്നാല്‍ ദൈവ വചനം പറയുന്നു. നിന്‍റെ ഇടം നഷ്ടപെടുമ്പോള്‍ നീ പരിഭ്രമിക്കണ്ട. ക്രിസ്തു നിന്നെ താങ്ങുന്നു. ഇടം നഷ്ടപെട്ടവര്‍ക്ക് ഇടം തരുന്ന സ്നേഹമാണ് ക്രിസ്തു. ഭൂമിയില്‍ നിനക്ക് കട ബാധ്യതകള്‍ വരുമ്പോള്‍, ജോലി ഇല്ലാതെ ആകുമ്പോള്‍ നീ പ്രാര്‍ത്ഥിക്കുക. ദൈവമേ എനിക്ക് ഈ ഭൂമിയില്‍ ഇടം തരേണമേ.

ക്രിസ്ത്യാനിക്ക് ഒരു വലിയ ചുമതലയുണ്ട്. അത് തന്‍റെ ഇടം നഷ്ടപെട്ടവര്‍ക്ക് ശക്തി പകരുക എന്നതാണ് . ദൈവം നിന്നില്‍ നിന്നും ആഗ്രഹിക്കുന്ന വലിയൊരു ദൗത്യം അതാണ്. നല്ല സമരിയക്കാരന്റെ ഉപമയില്‍ കര്‍ത്താവു ഇടം നഷ്ട്പെട്ടവനോട് എന്ത് ചെയ്യണമെന്നു പറഞ്ഞു വയ്ക്കുന്നു. ഇടം നഷ്ട്പെട്ടവര്‍ക്ക് നല്ല അയല്‍ക്കാരനകുവാന്‍ ക്രിസ്തു നമ്മോട് ആഹ്വാനം ചെയ്യുന്നു. ഇടം നഷ്ടപെട്ടവരെ കാണുമ്പോള്‍ മുഖം തിരിച്ചു നടന്നാല്‍ നാളെ നീ ദൈവ തിരുമുന്‍പില്‍ മറുപടി നല്‍കേണ്ടി വരും എന്ന് മറക്കാതെ ഇരിക്കുക.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങള്‍ ഈ ഭൂമിയില്‍, ഇടം നഷ്ടപെട്ടവരായി മാറുമ്പോള്‍ ഞങ്ങള്‍ക്ക് ഇടം തന്നു അനുഗ്രഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍ 

Thursday, 6 March 2014

രക്ഷാകരമായ സഹനം ദൈവിക മഹത്വത്തിലേക്കുള്ള പാത





"യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു. ( ലൂക്കാ 23:46)"

"സഹോദരാ, ദൈവം മരിച്ചിരിക്കുന്നു. ഒരുപാടു കാലം പ്രാര്‍ത്ഥിച്ച്, വിശ്വസിച്ച്, പ്രഘോഷിച്ച ക്രിസ്തു മരിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ എന്‍റെ ജീവിതത്തില്‍ ഇത് സംഭവിക്കുമായിരുന്നു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇനി ഞാന്‍ പ്രാര്‍ത്ഥിക്കുകയില്ല. ക്രിസ്തു മരിച്ചിരിക്കുന്നു. അല്ലെങ്കില്‍ മനുഷ്യന്‍റെ ദുഖങ്ങള്‍ കാണാത്ത വിധത്തില്‍ അന്ധനായ ഒരു ദൈവമാണ് നമ്മുടെ ദൈവം." തന്‍റെ മകന്‍ രോഗകിടക്കയില്‍ വേദന കൊണ്ട് പുളയുമ്പോള്‍ സങ്കടം സഹിക്കാനാവാതെ ആ അമ്മ പൊട്ടി തെറിച്ചു.

ലോകത്തെ വീണ്ടെടുക്കുവാന്‍ ക്രിസ്തു കുരിശില്‍ മരിച്ചു. മനുഷ്യനായി അവതരിച്ച്, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്, ലോക പാപങ്ങള്‍ക്ക്‌ പരിഹാരമായി അവന്‍ കുരിശില്‍ ഒരു ബലി ആയി തീര്‍ന്നു. വേദനയുടെ പാരമ്യത്തില്‍ ഉച്ചത്തില്‍ ക്രിസ്തു നിലവിളിക്കുകയാണ്. പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ക്രിസ്തു നിലവിളിച്ചു കൊണ്ടാണ് ജീവന്‍ വെടിയുന്നത്. എന്നാല്‍ അപ്പോഴും ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിക്കുന്നു. ജീവിതത്തില്‍ തിക്താനുഭവങ്ങള്‍ നേരിടുമ്പോള്‍ നാം എന്താണ് ചെയ്യുക. ദൈവ പദ്ധതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങും. എന്നാല്‍ ക്രിസ്തു നമ്മുക്ക് നല്‍കുന്ന മാത്രക വിനയപൂര്‍വ്വം ദൈവ പദ്ധതിയെ സ്വീകരിക്കുക എന്നതാണ്. ഗദ്സെമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തു പറയുന്നത്, എന്‍റെ ഹിതമല്ല നിന്‍റെ ഹിതം നിറവേറണം എന്നാണ്.

പഴയ നിയമത്തില്‍ ദാവിദ് രാജാവിന്‍റെ ജീവിതത്തിലെ ഒരു സംഭവം പറയുന്നുണ്ട്. ബെത്ഷബായുമായി പാപം ചെയ്ത രാജാവിന്‌ ആ ബന്ധത്തില്‍ പിറന്ന മകന്‍ നഷ്ടപെടും എന്ന് അറിഞ്ഞ് തമ്പുരാന്‍റെ കാരുണ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. എന്നാല്‍ മകന്‍ മരിക്കുന്നു, മരണം ഉണ്ടാകും വരെ പ്രാര്‍ത്ഥനയുടെ നെറുകയില്‍ നിന്ന് മകന് വേണ്ടി പ്രാര്‍ത്ഥിച്ച ദാവിദ് കുഞ്ഞു മരിച്ചു എന്ന് അറിയുമ്പോള്‍ ദൈവവും ആയി കലഹിക്കുന്നില്ല. മറിച്ച് ദൈവ പദ്ധതിയെ അംഗീകരിക്കുകയാണ്.ദൈവ പദ്ധതികളെ ചോദ്യം ചെയ്യാന്‍ നമ്മുക്ക് അവകാശം ഇല്ലെന്നു ജോബിന്‍റെ പുസ്തകത്തിലൂടെ കര്‍ത്താവു പറയുന്നുണ്ട്.

സഹനം ശിക്ഷയല്ല. ദൈവ പദ്ധതിയോട് ചേര്‍ന്ന് നിന്ന് സഹനം ഏറ്റു വാങ്ങിയാല്‍ നന്മ ഉണ്ടാകും. കുരിശില്‍ മരിച്ച ക്രിസ്തു മൂന്നാം ദിവസം ജയ സന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നേറ്റു. ദാവിദ് വീണ്ടും ബെത്ഷേബയെ പ്രാപിച്ചു, അവര്‍ക്ക് ലോകമെങ്ങും അറിയപെട്ട സോളമന്‍ എന്ന മകന്‍ ഉണ്ടായി. പിന്നെയും ജോബ്‌ സഹനത്തെ സ്വീകരിച്ചപ്പോള്‍ ദൈവം അവനു എല്ലാ ഐശ്വര്യങ്ങളും മടക്കി നല്‍കി. ദൈവത്തോട് ചേര്‍ന്ന് നിന്ന് സഹനം അനുഭവിച്ചവര്‍ക്ക് ദൈവം അവന്‍റെ മഹ്വത്തത്തില്‍ പങ്കാളിത്തം നല്‍കുന്നു.

സഹനം ദൈവികമായ പദ്ധതിയില്‍ സംഭവിക്കുന്നത്‌ തന്നെ ആകണമെന്നില്ല. നമ്മുടെ പാപത്തിന്‍റെ ശിക്ഷയായി വരുന്ന സഹനങ്ങളും ഉണ്ട്. എന്നാല്‍ നല്ല കള്ളന്‍റെ പറുധീസ വാഗ്ദാനം വഴി കര്‍ത്താവ് തരുന്ന സന്ദേശം പാപത്തിന്‍റെ ഫലമായി വന്ന സഹനം ആണെങ്കിലും മാനസാന്ദരപെട്ട് ദൈവത്തോട് ചേര്‍ന്ന് നിന്നാല്‍ ദൈവം അത് നിനക്ക് അനുഗ്രഹത്തിന്‍റെ കാലയളവ്‌ ആക്കി തീര്‍ക്കും. വലിയ നോയമ്പ് കാലം കുരിശിനെ പറ്റിയുള്ള ഓര്‍മ്മകളുടെ കാലമാണ്. ജീവിതത്തില്‍ കുരിശിന്‍റെ വഴികളിലൂടെ പോകുമ്പോള്‍ നാം ദൈവത്തെ തള്ളി പറയാറുണ്ട്.അല്ലെങ്കില്‍ ദൈവം എവിടെ എന്ന് ചോദിച്ചു പോവാറുണ്ട്. ഓര്‍ക്കുക ദൈവം നിന്നെ താങ്ങുന്നു. നിന്‍റെ സഹനം അവിടുന്ന് നിന്‍റെ മഹ്വത്വത്തിനു കാരണമാക്കും.

പ്രാര്‍ത്ഥന

കുരിശു മരണത്തിലൂടെ ലോകത്തെ വീണ്ടെടുത്ത ദിവ്യ നാഥാ,ജീവിതത്തില്‍ കുരിശിന്‍റെ വഴികളിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും ഞങ്ങള്‍ ക്രൂശിതനെ മറന്നു പോകുന്നു. നിരാശപെട്ടു ജീവിതം മടുത്ത് ഞങ്ങള്‍ തകര്‍ന്നുപോകുന്നു. ഓ, ദിവ്യ നാഥാ അങ്ങയുടെ കരുണയുള്ള കരത്തിന്റെ സംരക്ഷണം ഞങ്ങള്‍ക്ക് നല്കണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ, എന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു,ആമേന്‍

ജപമാല

'ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ' (ലൂക്കാ 1:38)

ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും രണ്ടാംലോക മഹായുദ്ധകാലത്ത് അണുബോംബ് ആ ക്രമണത്തിൽ ഒട്ടനവധിപേർ കൊല്ലപ്പെട്ടു. ബോംബാക്രമണത്തിന് ഇരയായിട്ടും മരിക്കാതെ ജീവിച്ചിരുന്ന ആളുകൾ അവിടെ അറിയപ്പെട്ടിരുന്നത് 'ഹിബാക്കുഷ' എന്നാണ്. 'ഹിബാക്കുഷ' എന്നു പറഞ്ഞാൽ, അമ്മയുടെ പുണ്യംകൊണ്ട് ജീവൻ നിലനിർത്തിയവർ എന്നാണ് അർത്ഥം. ഓരോ അമ്മയുടെയും പുണ്യം, കരുണ അവരുടെ മക്കള്‍ക്ക്‌ ജീവന്‍ നല്‍കുന്നു. എന്നാല്‍ ക്രിസ്ത്യാനിക്ക് മറ്റൊരു അമ്മ കൂടി ഉണ്ട്. ക്രിസ്തുവിന്റെ അമ്മ ലോകത്തിന്‍റെ അമ്മയാണ്. നമ്മുടെ അമ്മയായ മറിയം നമ്മുടെ ആധികളിലും വ്യധികളിലും നമ്മുക്ക് തുണയാകുന്നു.

മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല പ്രാര്‍ത്ഥന.അനുദിന ജീവിതത്തിൽ ദൈവത്തിന്റെ കൃപാവരം സംരക്ഷണമായി എപ്പോഴും ഉണ്ടാകുവാനുള്ള ഉത്തമ ഉപാധിയാണ് ജപമാല. നാം ആയിരിക്കുന്ന ദുഃഖങ്ങൾക്കും ഉൽക്കണ്ഠകൾക്കും അപ്പുറത്ത് ദൈവിക സംരക്ഷണവലയത്തിനുള്ളിൽ നമ്മെ കൊണ്ട് ചെല്ലുവാന്‍ ജപമാലപ്രാർത്ഥനയ്ക്കു കഴിയും. ജപമാല പ്രാര്‍ത്ഥനയില്‍ നാം അമ്മയോട് ചേര്‍ന്ന് നിന്ന് തമ്പുരാനെ സ്തുതിക്കുകയാണ്.

'ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ' (ലൂക്കാ 1:38) എന്ന് ദൈവതിരുമുൻപാകെ സമർപ്പണം ചെയ്ത കന്യാമറിയം, ആ സമർപ്പണത്തിലൂടെ ദൈവത്തെ പൂർണമായി തന്റെ ജീവിതത്തിലും, തന്റെ ജീവിതത്തെ പൂർണമായി ദൈവത്തിലും ആക്കിതീർത്തു. ആ അമ്മയെ ആവർത്തിച്ചാവർത്തിച്ച് ജപമാലയിലൂടെ നാം ആദരിക്കുന്നു; അമ്മയോടൊപ്പം ജപമാലയിലൂടെ ഇടവിടാതെ ഈശോയെ സ്തുതിച്ച് വണങ്ങുന്നു. ഇപ്രകാരമുള്ള ജപമാല പ്രാർത്ഥന നിറവേറ്റുമ്പോൾ നല്ല ഇടയനായ ഈശോ ലില്ലികൾക്കിടയിൽ മേയുവാൻ അവസരം ഒരുക്കുന്ന ആട്ടിടയനെപ്പോലെ നമ്മെ സമൃദ്ധിയിൽ പരിപാലിക്കും. പരിശുദ്ധ അമ്മയുടെ പുണ്യനിക്ഷേപത്തിലൂടെ നമ്മുടെ ജീവിതങ്ങൾക്ക് സംരക്ഷണം നല്കുകയും ചെയ്യും.

ജപമാല വചനം അടിസ്ഥാനപെടുത്തിയുള്ള ഒരു പ്രാര്‍ത്ഥനയാണ്. ദൈവ ദൂതന്‍ മറിയത്തെ വിശേഷിപ്പിക്കുന്ന വചന ഭാഗമാണ് ജപമാല പ്രാര്‍ത്ഥനയുടെ അടിസ്ഥാനം. ജപമാലയുടെ പ്രാധാന്യം മനസിലാക്കിയാൽ ജപമാല ഒരിക്കലും നമുക്ക് വിരസത ഉളവാക്കില്ല. സന്ധ്യനമസ്‌കാ രത്തിലെ ജപമാല ഒരു 'കടത്ത് കഴിക്കൽ'പ്രാർത്ഥനയായി ഒരിക്കലും മാറരുത്. മറിച്ച്, സമയം കിട്ടുമ്പോഴൊക്കെ അല്ലെങ്കിൽ, സമയം കണ്ടെത്തി പലവട്ടം ചൊല്ലുവാൻ ഇഷ്ടപ്പെടുന്ന ഒരു പ്രിയപ്രാർത്ഥന ആയി ജപമാല പ്രാര്‍ത്ഥന മാറണം.

പുണ്യശ്ലോകനായ ഒരു വൈദികൻ ആയിരുന്നു കനീഷ്യസ് തെക്കെക്കര സി.എം.ഐ. ബൈബിൾ പണ്ഡിതനായിരുന്ന കനീഷ്യസച്ചൻ പറഞ്ഞിരിക്കുന്നു: ''സാധാരണക്കാരുടെ ബലിയർപ്പണമാണ് ജപമാല. ആപത്തുണ്ടാകുമ്പോൾ അഖണ്ഡജപമാലയിലൂടെ ദൈവിക സംരക്ഷണം നമുക്ക് നേടുവാൻ സാധിക്കും.'' കനീഷ്യസച്ചൻ സിലോണിലെ കാൻഡിയിൽ പഠിക്കുന്ന കാലത്ത് രണ്ടാം ലോകമഹായുദ്ധംകൊടുമ്പിരികൊണ്ടിരിക്കുകയായിരുന്നു. കാൻഡി സെമിനാരിയിൽ ബോംബാക്രമണത്തിന്റെ സാധ്യത വളരെയേറെ ആയിരുന്നു. ബോംബ് ഭീഷണിയിൽനിന്ന് രക്ഷപ്പെടാൻ ഏത് പ്രാർത്ഥനയാണ് പ്രത്യേകമായി സമർപ്പിക്കേണ്ടത് എന്നുള്ള അധികാരികളുടെ ചോദ്യത്തിന് കനീഷ്യസച്ചൻ നല്കിയ മറുപടി, 'സെമിനാരിയിൽ ചൊല്ലുന്ന പതിവ് ജപമാലക്കു പുറമേ, ഒരു ജപമാലകൂടി എല്ലാവരും ചേർന്ന് ചൊല്ലി ജപമാല രാജ്ഞിക്ക് സമർപ്പിക്കുക' എന്നായിരുന്നു. കാൻഡി സെമിനാരി രണ്ടാം ലോകമഹായുദ്ധകാലത്ത് അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടത് ഈ ജപമാലയിലൂടെ ആയിരുന്നു എന്ന് ആ സെമിനാരിയിൽ ഉണ്ടായിരുന്നവർ സാ ക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ജപമാല ചൊല്ലാത്ത ദിവസം നമ്മുടെ ജീവിതത്തിൽ ഉണ്ടാകരുത്. യാത്ര ചെയ്യുമ്പോഴും തനിയെ ആയിരിക്കുമ്പോഴും ജപമാല ചൊല്ലുന്നത് ശീലമാക്കിയാൽ വലിയ ആത്മീയശക്തി നി റയും. ദൈവികപരിപാലന അനുഭവിക്കാൻ സാധിക്കും.

പ്രാര്‍ത്ഥന

ഒരു ജപമാല ചൊല്ലി ദൈവ സന്നിധിയില്‍ കാഴ്ച വയ്ക്കുക.

യാഗം

ട്രെയിനില്‍ നല്ല തിക്കും തിരക്കും വെയിറ്റിംഗ് ലിസ്റ്റില്‍ എണ്‍പത്തിനാലാം നമ്പര്‍ ഉള്ള എനിക്ക് ഒരു സീറ്റ്‌ കിട്ടുന്ന കാര്യം സ്വപനം കാണുകപോലും വേണ്ട. മെയ്‌ മാസത്തിലെ കടുത്ത ചൂടും ട്രെയിനിലെ ബഹളവും ഒന്നും വകവയ്ക്കാതെ അയാള്‍ കൈലുള്ള പുസ്തകം വായിച്ചുകൊണ്ടിരുന്നു .എവിടെയെങ്കില്ലും ഒന്നിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ... വെറുതെ ആശിച്ചു അടുത്തുള്ള സീറ്റിലെ സര്‍ദാര്‍ജി എന്നെ നോക്കി .. ഞാന്‍ ഒന്ന് ചിരിച്ചു ,ഇരിക്കാന്‍ ഇടം തന്നാലോ ? പക്ഷെ സര്‍ദാര്‍ജിയുടെ ഭാര്യ ഒന്നുകൂടിഇളകി ഇരുന്നു .ഒട്ടകത്തിന് സ്ഥലം കൊടുത്താല്‍ എന്തു സംഭാവിക്കുമന്നു അവര്‍ക്കു ചിലപ്പോള്‍ അറിവുണ്ടായിരിക്കണം .ഏതാണ്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ,പുസ്തക വായന നിര്‍ത്തി കൊലുന്നനെയുള്ള ആ മനുഷ്യന്‍ എഴുന്നേറ്റു."അല്പനേരം ഇവിടെ ഇരുന്നോ " ഒരു പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു ഞാനും ഒന്നു പുഞ്ചിരിച്ചു. അതിനു വലിയ മുതലുമുടക്കൊന്നും ഇല്ലല്ലോ . മനസ്സില്‍ പറഞ്ഞു ഈ അപ്പച്ചന്‍ കുറെ കഴിഞ്ഞേ തിരിച്ചു വരാവേ ... ഒരു രാത്രി എങ്ങനെ കഴിച്ചു കൂട്ടുമെന്ന ചിന്ത അല്പം വേദന ഉളവാക്കി. ദൈവം ഒരു വഴി കാണിച്ചു തരും സ്വയം ആശ്വസിച്ചുകൊണ്ട് ജാപമാല എത്തിക്കാന്‍ തുടങ്ങി.. എഴുന്നേറ്റ
പോയ ആള്‍ തിരികെയെത്തി ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു "വേണ്ട മോളവിടെ ഇരുന്നോ ഞാന്‍ ഈ സൈഡില്‍ ഇരുന്നുകൊള്ളാം" വീണ്ടും അയാള്‍ വായന തുടര്‍ന്നു.
"എന്താ വായിക്കുന്നത്" ഞാന്‍ ചോദിച്ചു
"ഒരു സാധകന്റെ സഞ്ചാരം"ചിരിച്ചുകൊണ്ടുള്ള മറുപടി
" അല്പം കട്ടിയാണല്ലേ സാധകന്റെ ഭാഷ , പക്ഷെ സാധകന്റെ പ്രാര്‍ത്ഥന എനിക്കിഷ്ടമാണ് " ഞാന്‍ പറഞ്ഞു
അയാള്‍ ശാന്തനായി വീണ്ടും ചിരിച്ചുകൊണ്ടിരുന്നു
"എവിടെയാ പോകേണ്ടത്"?
"ഈ വണ്ടി ചെന്നു നില്‍ക്കുന്നിടത്ത് " മറുപടി എന്നെ അതിശയിപ്പിച്ചു
"അപ്പോള്‍ വീട് ഡല്‍ഹിയിലോ ? അതോ ബോംബയിലോ ?"
"ലോകമേ തറവാട് എന്നു കേട്ടിട്ടില്ലേ ? "വീണ്ടും ചിരി
ദൈവമേ ഇതു വല്ല ഇളകിയ കേസുമാണോ ? എന്‍റെ മുഖഭാവം കണ്ടിട്ടാവണം അദ്ദേഹംപറഞ്ഞു ," മോളു പേടിക്കേണ്ട എനിക്ക് വീടും നാടും വീട്ടുകാരും ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഇപ്പോള്‍ ആരുമില്ല . ഞാനും എന്‍റെ യേശുവും മാത്രം.പേരും നാടും പറയാതിരുന്ന അദ്ദേഹത്തെ ഞാന്‍ സാധകന്‍ എന്നു വിളിക്കുന്നു
ഭാര്യയും മൂന്നു പെണ്‍മക്കളും അടങ്ങുന്ന സാധകന്റെ കുടുംബം. ജീവിതചിലവുകല്‍ വര്‍ദ്ധിച്ചപ്പോള്‍ ജോലി തേടി വിദേശത്തുപോയ സാധകന്‍ ഇരുപത്തിമൂന്നു വര്‍ഷം മരുഭുമിയിലെ ചൂടും ഏകാന്തതയും അനുഭവിച്ച് തന്‍റെ മക്കളെ പഠിപ്പിച്ച്‌ ഓരോ നിലയിലാക്കി .ഇളയ മകളുടെ വിവാഹം കഴിഞ്ഞപ്പോള്‍ ഇനി ഈ മരുഭുവാസം അവസാനിപ്പിക്കാമെന്ന് അദേഹം തീരുമാനിച്ചു . ജോലിയില്ലാതെ വീട്ടില്‍ നില്‍ക്കുന്ന ഭര്‍ത്താവിനെ ഭാര്യക്ക് ഇഷ്ടമില്ലാതായീ തങ്ങളുടെ സ്വകാര്യതയില്‍ ഒരു കരടായീ തോന്നി മക്കള്‍ക്കും ഈ പിതാവ് ... ജീവനേക്കാള്‍ സ്നേഹിച്ച ഭാര്യയും മക്കളും തന്നെ അവഗണിക്കുന്നുവെന്ന് മനസിലാക്കിയ നിമിഷം സാധകന്‍ വീടുവിട്ടിറങ്ങി .ആരോടും യാത്ര പറഞ്ഞില്ല ഒന്നും കൈയില്‍ എടുത്തുമില്ല .മണലാരണ്യത്തിലെ ചൂടിലും കുവൈറ്റ്‌ യുദ്ധകാലത്ത് വെള്ളംപോലും കിട്ടാതെദിവസങ്ങളോളം കഴിഞ്ഞതും ഇവര്‍ക്ക് വേണ്ടി ആയിരുന്നല്ലോ എന്നു ഓര്‍ത്തപ്പോള്‍ സാധകന്റെ ഹൃദയം വേദനകൊണ്ട് പിടഞ്ഞു. പക്ഷെ ആ വേദനയില്‍ നിന്നും സാധകന്‍ വേറൊരു വ്യക്തിയായീ മാറുകയായിരുന്നു . കുടുംബത്തോടുള്ള തന്‍റെ കടമ പൂര്‍ണ്ണമായും നിറവേറ്റി... ഇന്നാജീവിതം യേശുവിനുവേണ്ടി മാത്രമാണ്.
"ഇന്നു ഭാര്യയേയും മക്കളെയും പറ്റി ഓര്‍ക്കാറുണ്ടോ? വിഷമം തോന്നുന്നില്ലേ ?" ഞാന്‍ ചോദിച്ചു . സാധകന്‍ ശാന്തമായി വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു " കര്‍ത്താവു സഹിച്ച പീഡനങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇതൊക്കെ നിസ്സരമല്ലേ മോളെ "
സാധകന്‍ സഞ്ചാരം തുടര്‍ന്നു . ഞാന്‍ എന്‍റെ തിരക്കുകളിലും.ക്രമേണ സാധകനെ മറന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു കൂട്ടുകാരി വിളിച്ചു കുറെ പരാതികള്‍ നിരത്തി, ഭര്‍ത്താവ് ശ്രദ്ധിക്കുന്നില്ല,കുട്ടികള്‍ അനുസരിക്കുന്നില്ല ,കഴുതയെപ്പോലെ പണിയെടുക്കാനാണു വിധി എന്നൊക്കെ..അന്ന് വീണ്ടും ഈ സാധകന്‍ എന്‍റെ ഓര്‍മ്മയിലെത്തി.ജീവിതത്തിന്‍റെ നല്ലൊരു ഭാഗം വീടും നാടും ഉപേഷിച്ച് സ്വന്തം കുടുംബത്തിനു വേണ്ടി കഷ്ടപെട്ട സാധകന് അവസാനം കിട്ടിയതോ .........?
സ്വന്തം ഭാര്യയും ജീവനെപ്പോലെ സ്നേഹിച്ച മക്കളും കരിവേപ്പല പോലെ വലിച്ചെറിഞ്ഞപ്പോഴും ദൈവ പരിപാലനയില്‍ ആശ്രയിച്ച സാധകന്‍,,,
പ്രിയപ്പെട്ടവരുടെ ഒരു ഫോണ്‍കോള്‍ വൈകിയാല്‍ അവര്‍ ഒന്നു പരുഷമായീ സംസാരിച്ചാല്‍ നാമം എന്തു മാത്രം അസ്വസ്ഥരാകുന്നു ..മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച ദൈവകുമാരനും ഇന്നു കിട്ടികൊണ്ടിരിക്കുന്നത്
നിന്ദനങ്ങളും അപമാനങ്ങളും മാതമല്ലേ ? സക്രാരിയിലിരുന്നു ആ ദിവ്യ ഹൃദയം ഒരുപാട് വേദനിക്കുന്നില്ലേ ? ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂര്‍ ഉണ്ടായിട്ടും ആ സ്നേഹ നാഥനെ ഒന്നു തിരിഞ്ഞു നോക്കാന്‍ പലപ്പോഴും നമുക്ക് സമയം കിട്ടാറില്ല.യേശുവിന്‍റെ പീഡാസഹനങ്ങളെപ്പറ്റി കൂടുതല്‍ ധ്യാനിക്കുന്ന ഈ ആഴ്ചയില്‍ ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ജീവനെപ്പോലെ സ്നേഹിച്ച ശിഷ്യന്മാര്‍ ഓരോരുത്തരായി ഓടി മറഞ്ഞു. ചുംബനംകൊണ്ട് ഒറ്റികൊടുത്ത യുദാസ്, മരിക്കേണ്ടി വന്നാലും നിന്നെ ഉപേക്ഷിക്കില്ലെന്ന് വാക്കുപറഞ്ഞ പത്രോസ് ,തന്‍റെ ജീവന് എന്തെങ്കിലും സംഭവിക്കുമോ എന്നു പേടിച്ച്‌ ഗുരുവിനെ തള്ളിപറഞ്ഞ നിമിഷം..... പിന്നെ വേദനകളുടെ ഒരു ഘോഷയാത്ര........... വേദനയുടെ ആധിക്യത്താല്‍ മനുഷ്യപുത്രന്‍ ഗാഗുല്‍ത്താമലയില്‍ മൂന്നാണികളില്‍ തൂങ്ങികിടന്നുകൊണ്ട് " എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേഷിച്ച" എന്നു നിലവിളിച്ചപ്പോള്‍ പിതാവ് പുത്രന് വേദന സഹിക്കാനുള്ള ശക്തി പകര്‍ന്നു കൊടുത്തു.

ജീവിതത്തിലെ ദുഖങ്ങളും ക്ലേശങ്ങളുമാകുന്ന കുരിശുംവഹിച്ചുകൊണ്ടുള്ള നമ്മുടെ യാത്രയിലും ഭാരം താങ്ങാന്‍ ശക്തിയില്ലാത്ത വരുമ്പോള്‍ ഒരു നിമിഷം കാല്‍വരികുരിശിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം നമ്മുടെ ജീവിത ബലിയും യേശുവിന്‍റെ ബലിയോടു ചേര്‍ത്തുവയ്ക്കാം..പരാജയങ്ങളും ദുഖങ്ങളും ഒറ്റപ്പെടലുകളും ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ദുഖവെള്ളിക്കു ശേഷമുള്ള ഉയര്‍പ്പ് ഞായറിലായിരിക്കട്ടെ നമ്മുടെ പ്രത്യാശ...

പ്രാര്‍ത്ഥന


കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങളുടെ ജീവിതത്തിലെ ദുരന്തങ്ങളെയും, ദുഖങ്ങളെയും ശാന്തമായി അഭിമുഖീകരിക്കുന്നതിനും ജീവിതത്തില്‍ നന്മ സംഭവിക്കുന്നതിനും ഇട വരുത്തണ്മേ എന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു,ആമേന്‍

വിഭജിതമാകുന്ന ക്രിസ്തു

"കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍;അവിടുന്നാണ് നമ്മെ സ്രഷ്ടിച്ചത്;നമ്മള്‍ അവിടുത്തേതാണ്;നാം അവിടുത്തെ ജനവും അവിടുന്ന് മേയ്ക്കുന്ന അജഗണവുമാകുന്നു. "( സങ്കീര്‍ത്തനങ്ങള്‍ 100:3)

പൗലോസ്‌ ശ്ലീഹ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തില്‍ ഇങ്ങിനെ പറയുന്നു." എന്‍റെ സഹോദരരെ, നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നു ക്ലോയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു. ഞാന്‍ പൗലോസിന്റെതാണ്. ഞാന്‍ അപ്പോളോസിന്റെതാണ്, ഞാന്‍ കേപ്പയുടെതാണ്, ഞാന്‍ ക്രിസ്തുവിന്റെതാണ് എന്നിങ്ങനെ നിങ്ങള്‍ ഓരോരുത്തരും പറയുന്നതിനെയാണു ഞാന്‍ ഉദേശിക്കുന്നത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കു വേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് (1 കോറി1:11-13)

മുഖ പുസ്തകത്തിന്റെ താളുകളില്‍ സന്തോഷം നല്‍കുന്ന ഒരുപാടു കാഴ്ചകള്‍ ഉണ്ട്. ക്രിസ്തുവിനു വേണ്ടി, അവന്‍റെ സുവിശേഷത്തിന്‍റെ സദ്‌വാര്‍ത്ത‍ ലോകം മുഴുവനും അറിയിക്കുവാന്‍ ആഗ്രഹിച്ച് വചനം പങ്കു വയ്ക്കുന്ന അനേകം ആളുകള്‍ ഉണ്ട്. എന്നാല്‍ വേദനിപ്പിക്കുന്ന ചില കാഴ്ചകളും ഒപ്പം കണ്ടു. അത് പാരമ്പര്യത്തെ പറ്റിയുള്ള പോര്‍വിളികള്‍ ആണ്. ക്രിസ്തുവിനെക്കള്‍ പ്രാധാന്യം ആചാര രീതികള്‍ക്ക് കൈവരുന്നു എന്ന് തോന്നത്തക്ക വിധത്തിലുള്ള പഠിപ്പിക്കലുകള്‍. ഇതു ശരിയല്ല. കുര്‍ബാനയില്‍ എങ്ങോട്ട് തിരിയണം എന്ന് തുടങ്ങി, ബൈബിള്‍ എങ്ങിനെ വയ്ക്കണം എന്ന് വരെ ഉള്ള തര്‍ക്കങ്ങള്‍. എന്നാല്‍ ക്രിസ്തു പറയുന്നു. മനുഷ്യ പുത്രന്‍ എല്ലാത്തിന്റെയും കര്‍ത്താവാണ്. ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ ആണ് കര്‍ത്താവ്, ആചാരങ്ങളെയും, അധരങ്ങളിലെ വാക്കുകളെയും പരിശോധിക്കുന്നവന്‍ അല്ല ക്രിസ്തു എന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാകണം.

ഞാന്‍ ഒരു സഹോദരനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു സീറോ മലബാര്‍ സഭ അംഗമാണ്. ഞാന്‍ പറഞ്ഞു, കൊള്ളാം, പക്ഷെ അതിലും നല്ലത് ഞാന്‍ ഒരു ക്രിസ്ത്യാനി ആണ് എന്ന് പറയുന്നതാണ്. കേരളത്തില്‍ നടക്കുന്ന സഭാ തര്‍ക്കങ്ങളുടെ അടിസ്ഥാനം ഈ പാരമ്പര്യം ആണ് എന്ന് നാം മറക്കരുത്. പാരമ്പര്യത്തെ പറ്റിയുള്ള തര്‍ക്കങ്ങള്‍ നന്മയല്ല. ബൈബിളിലൂടെ ക്രിസ്തു പറയുന്നുണ്ട്. "പാരമ്പര്യത്തിന്‍റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍റെ പ്രമാണം ലംഗിക്കുന്നത് എന്ത് കൊണ്ട്?" (മത്തായി 15:3) ഓരോ സഭയുടെയും പ്രാദേശിക ആചാരങ്ങളും രീതികളും വ്യത്യസ്തം ആയിരിക്കാം. എന്നാല്‍ ക്രിസ്തു ഒന്നാണ്, നമ്മള്‍ ക്രിസ്തുവില്‍ ഒന്നാണ് എന്ന് മറക്കരുത്.

ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. ഞാന്‍ ഒരു കത്തോലിക്കാ സഭ അംഗമാണ്. ആഗോള കത്തോലിക്കാ സഭയില്‍, ഞാന്‍ ഒരു സീറോ മലബാര്‍ സഭ അംഗമാണ് അതില്‍ ഞാന്‍ അഭിമാനിക്കുന്നു. അത് പോലെ തന്നെ സഹോദര സഭയായ സീറോ മലങ്കര സഭയിലെ അംഗങ്ങളെ ഞാന്‍ സ്നേഹിക്കുന്നു, ലാറ്റിന്‍ റീത്തിലെ ആരാധന രീതികളെ ഞാന്‍ ഇഷ്ടപെടുന്നു. കാരണം ഇതെല്ലാം കത്തോലിക്കാ സഭയുടെ ഭാഗമാണ്. ഒപ്പം തന്നെ ഞാന്‍ ഇതര ക്രൈസ്തവ സഭകളെ ബഹുമാനിക്കുന്നു. കാരണം അവരും ക്രിസ്തുവിനെ പ്രഘോഷിക്കുന്നു. എന്നാല്‍ എല്ലാത്തിനും ഉപരിയായി ഞാന്‍ ക്രിസ്തുവിനെ സ്നേഹിക്കുന്നു. ഒരു സഭ അംഗം എന്ന് അറിയപ്പെടുന്നതിനേക്കാള്‍ ക്രിസ്തു ശിഷ്യന്‍ എന്ന് അറിയപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിസ്ത്യാനികള്‍ വിഭജിക്കപെടെണ്ടവര്‍ അല്ല. മറിച്ച് ക്രിസ്തുവില്‍ ഒന്നാകേണ്ടവര്‍ ആണ് ക്രിസ്ത്യനികള്‍.

പ്രാര്‍ത്ഥന

ശിഷ്യന്മാരെ പഠിപ്പിച്ച കര്‍ത്താവെ, സകല ക്രൈസ്തവ സഭകളും സഹോദര്യത്തില്‍ വര്‍ത്തിക്കുവാനും പരസ്പരം സഹായിച്ചു അങ്ങയുടെ സുവിശേഷം ലോകം മുഴുവനും അറിയിക്കുവാനും ഉള്ള കൃപ നീ ഞങ്ങളുടെ മേല്‍ ചൊരിയണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍
photo courtesy: Jijo Thomas

തിന്മ ഭവിക്കാത്ത ശാപങ്ങള്‍

"പാറിപ്പറക്കുന്ന കുരുവിയും തെന്നിപറക്കുന്ന മീവല്‍ പക്ഷിയും എങ്ങും തങ്ങാത്തത് പോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല. "( സുഭാഷിതങ്ങള്‍ 26:2)

ഒരിക്കല്‍ ഒരു സഹോദരന്‍ പറഞ്ഞു. ഞാന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നു. എന്‍റെ മാതാ പിതാക്കളുടെ നിര്‍ബന്ധവും, മറ്റു ചില സാഹചര്യങ്ങള്‍ നിമിത്തവും എനിക്ക് ആ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ അവളെ പ്രണയിച്ചത് അവളെ വിവാഹം കഴിക്കണമെന്നു ആഗ്രഹിച്ച് തന്നെയാണ്. എന്നാല്‍ എപ്പോഴാണോ അത് സാധിക്കില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ നിമിഷം ഞാന്‍ അവളെ അത് അറിയിച്ചു. അന്ന് അവള്‍ ഒരുപാടു കരഞ്ഞു കൊണ്ട് പറഞ്ഞു. ഞാന്‍ നിങ്ങളെ ശപിക്കുകയാണ്. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ എന്നെ ഓര്‍ത്തു കരയുന്ന ദിവസങ്ങള്‍ വരും. അന്ന് നിങ്ങളെ ആശ്വസിപ്പിക്കാന്‍ എനിക്ക് കഴിയില്ല.

അന്ന് മുതല്‍ എനിക്ക് അസ്വസ്ഥത ആണ്. എന്‍റെജീവിതത്തെ കുറിച്ചോര്‍ത്തു ഞാന്‍ ആകുല പെടുന്നു. ദൈവം എന്നെ ശിക്ഷിക്കുമോ? ഞാന്‍ ആ സഹോദരനോട് ചോദിച്ചു? വിവാഹം കഴിക്കണം എന്ന ഉത്തമ ബോധ്യത്തില്‍ നിങ്ങള്‍ പ്രണയിച്ചതിനപ്പുറം വിവാഹം എന്ന കുദാശയെ മലിനപെടുത്തുന്ന എന്തെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ? അവന്‍ മറുപടി പറഞ്ഞു. ഒരിക്കലും ഇല്ല. ദൈവ തിരുമുന്‍പില്‍ ഞാന്‍ ആ പെണ്‍കുട്ടിയെ കളങ്ക പെടുത്തിയിട്ടില്ല. ബൈബിള്‍ പറയുന്നു. പാറിപ്പറക്കുന്ന കുരുവിയും തെന്നിപറക്കുന്ന മീവല്‍ പക്ഷിയും എങ്ങും തങ്ങാത്തത് പോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല

നമ്മുടെ ജീവിതത്തില്‍ നമ്മള്‍ അറിയാതെ സംഭവിക്കുന്ന തിന്മകള്‍ ഉണ്ട്. അറിഞ്ഞു കൊണ്ട് അല്ലാതെ സംഭവിക്കുന്ന പാപങ്ങള്‍, അതിന്‍റെ പേരില്‍ നമ്മുക്ക് ഏല്‍ക്കുന്ന ശാപങ്ങള്‍ നമ്മെ ബാധിക്കുകയില്ല. കാരണം പരിശുദ്ധനായവന്‍ ഹൃദയത്തെ പരിശോധിച്ച് കുറ്റം ആരോപിക്കുന്നവന്‍ ആണ്. ബൈബിളില്‍ ഒരു സംഭവം പറയുന്നുണ്ട്. ഇസ്രയേല്‍ ജനത്തെ ശപിക്കുവാന്‍ ബാലാം പ്രവാചകനെ ബാലാക്ക് രാജാവ്‌ നിയോഗിക്കുകയാണ്. എന്നാല്‍ ദൈവം പ്രവാചകനെ അതില്‍ നിന്ന് തടഞ്ഞ് ജനത്തെ അനുഗ്രഹിക്കുന്നു. 'ദൈവം ബാലാമിനോട് അരുളിച്ചെയ്തു: നീ അവരോടു കൂടെ പോകരുത് ആ ജനത്തെ ശപിക്കയുമരുത്. എന്തെന്നാല്‍ അവര്‍ അനുഗ്രഹീതരാണ്( സംഖ്യ 22:12)

ദൈവത്തിന്‍റെ അനുഗ്രഹീത ജനതയ്ക്ക് ശാപം ഏല്‍ക്കുകയില്ല. അവനെ സകല വിധ ശാപങ്ങളില്‍ നിന്നും ദൈവം കാത്തു കൊള്ളും. ബാലാം ദൈവം പറഞ്ഞത് അനുസരിക്കാതെ രാജാവിനോട് ഒത്തു പോകുന്നു. എന്നാല്‍ ഇസ്രയേല്‍ ജനത്തെ ശപിക്കുന്നതില്‍ നിന്ന് ദൈവം അവനെ തടയുന്നു. ആ ശാപത്തെ ദൈവം അനുഗ്രഹമാക്കി മാറ്റുന്നു. ദൈവ തിരുമുന്‍പില്‍ നിന്നെ കുറിച്ചോര്‍ത്തു ആരെങ്കിലും വിലപിച്ചാല്‍ അവരുടെ കണ്ണു നീരിനു നീ ഉത്തരവാദിത്വം പറയണം. എന്നാല്‍ നീ ഉത്തമ ബോധ്യത്തോടും നന്മയോടും കൂടെ ചെയ്ത ഒരു പ്രവര്‍ത്തിയുടെ പേരില്‍ നിനക്ക് ശാപം നല്കപെട്ടാല്‍ ആ ശാപത്തെ ദൈവം അനുഗ്രഹമാക്കി മാറ്റും. ആയതിനാല്‍ മനുഷ്യരുടെ ശാപങ്ങളെ നിങ്ങള്‍ ഭയപെടരുത്. മറിച്ച് ദൈവ തിരുമുന്‍പില്‍ കുറ്റമറ്റവനായിരിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കും

പ്രാര്‍ത്ഥന


കുരിശു മരണത്തിലൂടെ ഭൂമിയിലെ മനുഷ്യര്‍ക്ക് സര്‍വ്വ ബന്ധനങ്ങളില്‍ നിന്നും മുക്തി നല്‍കിയ ദിവ്യ നാഥാ, എന്‍റെ ജീവിതത്തില്‍ ആരെങ്കിലും എന്‍റെ പ്രവര്‍ത്തികളില്‍ അല്ലെങ്കില്‍ വാക്കുകള്‍ മൂലം വേദനിച്ചതു കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ബന്ധനങ്ങള്‍, എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടുണ്ടെങ്കില്‍ ഈശോയെ ഞാന്‍ വേദനിപ്പിച്ച ആ വ്യക്തിയോട് ഈ നിമിഷത്തില്‍ ഞാന്‍ ക്ഷമ യാചിക്കുന്നു. എന്നെ വിടുതല്‍ നല്‍കി അനുഗ്രഹിക്കണമേ, തിരുകച്ചയുടെ സംരക്ഷണം നല്‍കേണമേ, ആമേന്‍.