Wednesday, 27 November 2013

കുറ്റബോധം

"എന്നാല്‍, നിങ്ങളുടെ ശരീരം പാപം നിമിത്തം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ ആത്മാവ് നീതി നിമിത്തം ജീവനുള്ളതായിരിക്കും. ( റോമാ 8:10)"

ഒരിക്കല്‍ ഒരു പതിനഞ്ചു വയസുള്ള ഒരു സഹോദരന്‍ പറഞ്ഞു. "എനിക്ക് പള്ളിയില്‍ പോകാന്‍ ഭയമാണ്. കാരണം ഞാന്‍ പാപിയാണ്." ഞാന്‍ പറഞ്ഞു. സഹോദരാ പാപബോധം നല്ലതാണ്. എന്നാല്‍ കുറ്റ ബോധം തിന്മയാണ്. നീ കുമ്പസാരം എന്ന കുദാശ സ്വീകരിക്കാറില്ലേ? അവന്‍ പറഞ്ഞു. ഉണ്ട് എങ്കിലും ഒരു ഭയം എന്നെ വേട്ടയാടുന്നു. കുര്‍ബാന സ്വീകരിക്കാന്‍ നടക്കുമ്പോള്‍ എനിക്ക് ഭയമാണ്. എന്‍റെ കൈകാലുകള്‍ തളരും. ഞാന്‍ ഒരു രഹസ്യ പാപത്തില്‍ പെട്ടു പോയി എന്ന ഓര്‍മ്മ എന്നെ വേട്ടയാടും. എനിക്ക് എന്നോട് തന്നെ വെറുപ്പാണ്. ചിലപ്പോള്‍ എന്തിനാണ് ഇങ്ങിനെ ഒരു ജീവിതം എന്ന് എനിക്ക് തോന്നാറുണ്ട്. എനിക്ക് പള്ളിയില്‍ പോകാന്‍ സാധിക്കുകയില്ല. 

ഒരിക്കല്‍ ഒരു സഹോദരി പങ്കു വച്ചു. "ഞാന്‍ ഒരു അബോര്‍ഷന്‍ നടത്തി. അതിനു ശേഷം എനിക്ക് എന്നോട് വെറുപ്പാണ്. എന്‍റെ ഭര്‍ത്താവിനോട് എനിക്ക് വെറുപ്പാണ്. പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ കുഞ്ഞിന്‍റെ ഓര്‍മ്മ എന്നെ വേട്ടയാടുന്നു." ഞാന്‍ കുമ്പസാരിച്ചു. അച്ചന്‍ പറഞ്ഞ പാപവിമോചന പരിഹാര കര്‍മ്മങ്ങള്‍ അനുഷ്ടിച്ചു. എങ്കിലും ഭയം എന്നെ വേട്ടയാടുന്നു. എന്‍റെ ഭര്‍ത്താവിനോട് എനിക്ക് വെറുപ്പാണ്. എന്നോട് തന്നെ എനിക്ക് വെറുപ്പാണ്. ആരെയും എനിക്ക് സ്നേഹിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ഒരുപാടു പ്രാര്‍ത്ഥിക്കുന്നു. എങ്കിലും ദൈവം എന്നെ ശിക്ഷിക്കും എന്ന ഭയം എന്നെ വേട്ടയാടുന്നു. ഞാന്‍ നശിച്ചു പോകും. ഞാന്‍ അവരോടു പറഞ്ഞു. സഹോദരി ധൂര്‍ത്ത പുത്രനെ തിരിച്ചെടുത്ത ഉപമ പറഞ്ഞ കര്‍ത്താവു, പാപിനിയെ സ്വീകരിച്ച കര്‍ത്താവ് നിന്നെയും സ്നേഹിക്കുന്നു. നീ സാത്താന്റ ബന്ധനത്തില്‍ പെടരുത്. കുറ്റബോധം ദൈവികമായ ഒന്നല്ല.

ദൈവ വിശ്വാസത്തില്‍ വളരുമ്പോള്‍ അനേകം പേരെ പിടികൂടുന്ന ഒന്നാണ് സാത്താനില്‍ നിന്നുള്ള കുറ്റബോധം. പാപ ബോധം തരുന്നത് ദൈവം ആകുമ്പോള്‍ കുറ്റബോധം തരുന്നത് പിശാചു ആണ്. ദൈവം പാപിയെ സ്നേഹിച്ച് അവന്‍റെ പാപത്തെ വെറുക്കാന്‍ പഠിപ്പിക്കുമ്പോള്‍ പിശാചു പാപിയെ വെറുക്കാന്‍ പഠിപ്പിക്കുന്നു. ദൈവം മനുഷ്യനെ സ്നേഹിക്കുന്ന ദൈവമാണ്. ബൈബിള്‍ പറയുന്നു, മനുഷ്യ പുത്രന്‍ വന്നിരിക്കുന്നത് നഷ്ട പെട്ടതിനെ വീണ്ടെടുക്കുവാന്‍ ആണ്.

ദാവിദു രാജാവ്‌ പാപം ചെയ്തു, എന്നാല്‍ അനുതപിച്ചു. തിരിച്ചു വന്നു. പത്രോസ് ശ്ലീഹ ക്രിസ്തുവിനെ തള്ളിപറഞ്ഞു എന്നാല്‍ അനുതപിച്ചു. അനുതാപത്തെ സ്വീകരിക്കുന്ന കര്‍ത്താവ് അവരോടു ക്ഷമിക്കുക ആണ് അവരെ ഉയര്‍ത്തുകയാണ്. ദൈവം പറയുന്നത് ഇങ്ങിനെയാണ്." എന്നെ പ്രിതി നിന്‍റെ തെറ്റുകള്‍ തുടച്ചു മാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല. നീ എന്നെ ഓര്‍മ്മിപ്പിക്കുക.;നമ്മുക്ക് ന്യായം പരിശോധിക്കാം. നിന്നെ നീതികരിക്കുന്ന നിന്‍റെ ന്യായങ്ങള്‍ ഉന്നയിക്കുക." ( ഏശയ്യ 43: 25-26) ദൈവം കരുണാമയന്‍ ആണ്. നിന്‍റെ പാപങ്ങള്‍ നീ ഏറ്റു പറഞ്ഞാല്‍ അവിടുന്ന് അത് ഓര്‍ക്കുന്നില്ല.

ഉത്പത്തിയുടെ പുസ്തകത്തില്‍ പറയുന്നു." മനുഷ്യന്‍ കാരണം ഭൂമിയെ ഇനിയൊരിക്കലും ഞാന്‍ ശപിക്കുകയില്ല. എന്തെന്നാല്‍ തുടക്കം മുതലേ അവന്‍റെ അന്തരംഗം തിന്മയിലേക്ക് ചാഞ്ഞിരിക്കയാണ്."(ഉത്പത്തി 8:21) ദൈവം മനുഷ്യന്‍റെ ബലഹീനതകള്‍ അറിയുന്ന കര്‍ത്താവാണ്. നീതിമാന്‍ പോലും ദിവസത്തില്‍ ഏഴു പ്രാവശ്യം വീഴുന്നു. എന്നാല്‍ വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ നമുക്ക് കഴിയണം. ക്രിസ്തുവിന്റെ സ്നേഹത്തില്‍ നാം വളരണം. കുറ്റബോധം നമ്മെ ദൈവത്തില്‍ നിന്ന് അകറ്റും.ദൈവം ക്ഷമിക്കുന്ന പിതാവാണ് എന്ന് അറിയുക. ദൈവ സ്നേഹത്തില്‍ അഭയം തേടുക. നിന്‍റെ പാപങ്ങള്‍ കടും ചുവപ്പാണെങ്കിലും ദൈവം അവ മഞ്ഞു പോലെ നിര്‍മ്മലമാക്കും..

പ്രാര്‍ത്ഥന.

സ്നേഹ പിതാവായ ദൈവമേ, ജീവിതത്തില്‍ പലപ്പോഴും ഞങ്ങള്‍ ആഗ്രഹിക്കുന്ന നന്മ അല്ല ചെയ്യുന്നത്, ആഗ്രഹിക്കാത്ത തിന്മകള്‍ ആണ്. വേദന പൂര്‍വ്വം ഞങ്ങള്‍ തെറ്റുകള്‍ ഏറ്റു പറഞ്ഞു കരയുമ്പോള്‍ ഒരു പിതാവിനെ പോലെ ഞങ്ങളെ സ്വീകരിക്കുന്ന അങ്ങയെ തിരിച്ചറിഞ്ഞു സ്നേഹിക്കുവാന്‍ ഉള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

No comments:

Post a Comment