Monday, 11 November 2013

കാപട്യം നിറഞ്ഞ പ്രാര്‍ത്ഥനകള്‍

ഈ ജനം അധരങ്ങള്‍ കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയം എന്നില്‍ നിന്ന് വളരെ ദൂരെയാണ്. വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ( മര്‍ക്കോസ്7:7)

ഞാന്‍ ജനിച്ചു വളര്‍ന്നത് കത്തോലിക്കാ കുടുംബത്തിലാണ്. എന്‍റെ മാതാപിതാക്കള്‍ വളരെയേറെ മത തീക്ഷ്ണത ഉള്ള ആളുകള്‍ ആയിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ മൂന്നു മക്കളെയും അവര്‍ വിശ്വാസത്തില്‍ ആഴത്തില്‍ വളരുവാന്‍ ആഗ്രഹിച്ചു. എല്ലാ ദിവസവും ഞങ്ങള്‍ കുടുംബ പ്രാര്‍ത്ഥന ചൊല്ലും. സന്ധ്യ സമയത്ത് എല്ലാവരും കൂടി വീട്ടിലെ പ്രധാന മുറിയില്‍ ഒന്നിച്ചു കൂടി കുറച്ചു നേരം സംസാരിക്കും. പിന്നെ പ്രാര്‍ത്ഥനയില്‍ പങ്കു ചേരും.ചിലപ്പോള്‍ അമ്മ അത്താഴത്തിനു നല്ല കറി ഉണ്ടാക്കിയിട്ടുണ്ടാകും. വീട്ടിലെ നിയമം അനുസരിച്ച് പ്രാര്‍ത്ഥന കഴിയാതെ ഭക്ഷണം തരില്ല. 

ഞാനും ഏറ്റവും മൂത്ത ചേട്ടനും ഒന്നിച്ചാണ് പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ ഇരിക്കുക. അത്താഴത്തിന്റെ ഓര്‍മ്മകളും, ഉറക്കത്തിന്റെ ആലസ്യവും ചേര്‍ന്ന് അലസോരപെടുത്തുന്ന വളരെ സമയം കൊല്ലിയായ പ്രാര്‍ത്ഥനാ സമയം ഇഴഞ്ഞു നീങ്ങുന്നത്‌ തടയാന്‍ ഞങ്ങള്‍ ചെറുപ്പത്തില്‍ ഒരു ബുദ്ധി കണ്ടെത്തി. അന്ന് വീടിന്‍റെ ഒരു ഭാഗത്ത്‌ നിന്ന്, ഞങ്ങള്‍ ഇരിക്കുന്നിടത്ത്‌ കൂടെ ഉറുമ്പുകള്‍ നിരയായി പോകുന്നുണ്ട്.ആ ഉറുമ്പുകള്‍ ഞങ്ങളെ ശല്യമോന്നും ചെയ്യില്ല. എങ്കിലും ഞാനും ചേട്ടനും വേട്ട തുടങ്ങി. ലുത്തനിയ ചൊല്ലുമ്പോള്‍ ഞങ്ങള്‍ ഉറക്കെ ചൊല്ലും. എന്നിട്ട് ഈ ഉറുംബിനെ കൊല്ലും. രസകരമായ ഒരു മത്സരം. അപ്പനും അമ്മയും കരുതും കുട്ടികള്‍ ഭക്തി പൂര്‍വ്വം പ്രാര്‍ത്ഥിക്കുകയാണ്. പ്രാര്‍ത്ഥനയുടെ അവസാനം ഞാന്‍ ചോദിക്കും. ഇന്നു എത്ര തീര്‍ന്നു. അവന്‍ പറയും അമ്പതു തികഞ്ഞില്ല. അമ്മ കരുതുക, പിള്ളേര്‍ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലിയ കണക്കു ആണ് ഇതു എന്നാണ്. സത്യത്തില്‍ അത് ചത്ത ഉറുമ്പിന്റെ കണക്കാണ്. 

നമ്മുടെ പല പ്രാര്‍ത്ഥനകളും ഇത് പോലെ ആകുന്നില്ലേ. ഉറുമ്പ് വെട്ടക്കിടയില്‍ നടക്കുന്ന ചൊല്‍കാഴ്ചകള്‍. ദൈവം അധരങ്ങളെ പരിശോധിക്കുന്നവന്‍ അല്ല. അവന്‍ ഹൃദയങ്ങളെ ആണ് പരിശോധിക്കുന്നത്. എന്‍റെ വീടിനു മുന്‍പിലൂടെ പോയ അനേകം ആളുകള്‍ ഞങ്ങളുടെ ഉറക്കെയുള്ള പ്രാര്‍ത്ഥന കേട്ട് കരുതി കാണും എത്ര ഭക്തി ഉള്ള കുട്ടികള്‍. അവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതെ ഇരിക്കുമോ? എന്നാല്‍ ഓരോ ഉറുമ്പും കൊല്ലപെടുമ്പോള്‍, പരസ്പരം ആശയ വിനിമയം നടത്തുവാന്‍ ഞങ്ങള്‍ കണ്ടു പിടിച്ച പ്രാര്‍ത്ഥന രീതി കര്‍ത്താവിനു തിരിച്ചറിയാന്‍ കഴിയും. കാരണം. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം സന്നിഹിതന്‍ ആകുന്നു. ദൈവ ഭയമില്ലാതെ നാം ചൊല്ലുന്ന അധര കാഴ്ചകള്‍ കണ്ടു സങ്കടത്തോടെ ദൈവം മനുഷ്യനെ നോക്കുന്നു.

നമ്മുടെ പ്രാര്‍ത്ഥനകള്‍ ചൊല്‍ കാഴ്ചകള്‍ ആകരുത്. ഹൃദയത്തിന്റെ തികവില്‍ നിന്ന് അധരം സംസാരിക്കട്ടെ. നമ്മളില്‍ ചിലര്‍ എങ്കിലും ഞായര്‍ ആഴ്ച കുര്‍ബാന കാണുന്നവര്‍ ആണ്. ആളുകളെ കാണുവാന്‍, ഇടവക വികാരിയെ ബോധിപ്പിക്കുവാന്‍ നാം വേഷം കെട്ടി ആടുന്നു. പള്ളിയില്‍ ഇരുന്നു നാം പല വേട്ടയാടലുകള്‍ നടത്തുന്നു. നല്ല സാരിക്ക് വേണ്ടി, ജീവിത പങ്കാളിക്ക് വേണ്ടി, നല്ല ചെരുപ്പിന് വേണ്ടി, ഇനിയും കുറേപേര്‍ നല്ല വാഹനങ്ങള്‍ എല്ലാം വേട്ടയാടി പ്രാര്‍ത്ഥനകള്‍ നാം തീര്‍ക്കുന്നു. ദൈവം മനുഷ്യനെ നോക്കുകയാണ്. ഹൃദയത്തില്‍ നിന്ന് അവനോടു സംസാരിക്കുന്ന മനുഷ്യരേ ചിലപ്പോഴെങ്കിലും കാണാതെ വരുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍ ഇനി ഹൃദയത്തില്‍ നിന്ന് സമര്‍പ്പിക്കാം. ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ എണ്ണം തികയ്ക്കാന്‍, ആരെയോ ബോധ്യപെടുത്തുവാന്‍ ആകരുത്. അത് ദൈവഅവബോധത്തിന്റെ പൂര്‍ണ്ണതയില്‍ ദൈവത്തോട് ഉള്ള സംഭാഷണം ആയിരിക്കട്ടെ.

പ്രാര്‍ത്ഥന.

കാരുണ്യവാനായ കര്‍ത്താവെ, എന്‍റെ പ്രാര്‍ത്ഥനകള്‍ ഹൃദയത്തിന്റെ പൂര്‍ണ്ണതയില്‍ നിന്ന്, നിന്നെ കണ്ടു കൊണ്ട് നിന്നോടുള്ള സംഭാഷണം ആയി മാറുവാന്‍ ഉള്ള അനുഗ്രഹം നല്‍കണമെന്ന് അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു. ആമേന്‍ 

No comments:

Post a Comment