Friday, 1 November 2013

അനുതപിക്കുന്ന പത്രോസ്

"പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്നു എനിക്കറിഞ്ഞുകൂടാ. അവന്‍ ഇതു പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ തന്നെ കോഴി കൂവി. കര്‍ത്താവ് പത്രോസിന്റെ നേരെ തിരിഞ്ഞു അവനെ നോക്കി. ഇന്നു കോഴി കൂവുന്നതിനു മുന്‍പ്‌ മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കര്‍ത്താവ് പറഞ്ഞ വചനം അപ്പോള്‍ പത്രോസ് ഓര്‍മ്മിച്ചു. അവന്‍ പുറത്തുപോയി മനം നൊന്തു കരഞ്ഞു. ( ലൂക്കാ 22: 60-62)


ബൈബിളിലൂടെ കടന്നു പോകുമ്പോള്‍ നമ്മുക്ക് അറിയാം ക്രിസ്തുവിന്റെ പ്രധാന ശിക്ഷ്യനാണ് പത്രോസ് . ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ കരുതുന്നതെന്ന ക്രിസ്തുവിന്റെ ചോദ്യത്തിനു പത്രോസ് മറുപടി പറയുന്നത്, നീ ക്രിസ്തുവാണ്‌ എന്നാണ്. വിശ്വാസത്തിന്റെ വലിയ പ്രതീകമാണു പത്രോസ്. യേശുവിനെ പിടിക്കാന്‍ വരുന്ന ഭ്രത്യനെ പത്രോസ് വാള്‍ കൊണ്ട് വെട്ടിപരിക്ക് ഏല്പിക്കുന്നതും ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ തന്നെയാണ്. എന്നാല്‍ സുവിശേഷം പറയുന്നു. പത്രോസ് കര്‍ത്താവിനെ അവിടുത്തെ കുരിശു മരണത്തിന് തൊട്ടു മുന്‍പ് മൂന്നു പ്രാവശ്യം തള്ളി പറഞ്ഞു. 

ബൈബിള്‍, പത്രോസ് ക്രിസ്തുവിനെ മൂന്നു പ്രാവശ്യം തള്ളി പറഞ്ഞു എന്ന് പറയാന്‍ ഒരു കാരണം ഉണ്ട്. ഒരു മനുഷ്യനു ഒരു തെറ്റ് ഒരിക്കല്‍ പറ്റിയേക്കാം. അത് ശരിയാക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ രണ്ടാമതും ഒരു തെറ്റ് വന്നേക്കാം. എന്നാല്‍ മൂന്നാമത് ആ വ്യക്തി എടുത്ത ഒരു തീരുമാനം തന്നെയാണ് ആ തെറ്റ്. അപ്പോള്‍ മൂന്നു പ്രാവശ്യം ക്രിസ്തുവിനെ തള്ളി പറയുന്ന പത്രോസ് ശ്ലീഹ ആ തെറ്റ് അറിഞ്ഞു കൊണ്ട് തന്നെയാണ് ചെയ്യുന്നത് എന്ന് കരുതാം. എന്നാല്‍ ദൈവം ഇടപെട്ടപ്പോള്‍, വചനം ഓര്‍മ്മിച്ചപ്പോള്‍ അവന്‍ ഹൃദയം നൊന്തു പുറത്തു പോയി കരഞ്ഞു എന്ന് ബൈബിള്‍ പറയുന്നു. ആ കരച്ചില്‍ ദൈവം കാണുന്നത് ആയിരുന്നു. അത് ആത്മാര്‍ത്ഥത ഉള്ളതായിരുന്നു.

നമ്മുടെ ജീവിതങ്ങളിലും നാം ക്രിസ്തുവിനെ തള്ളി പറയാറുണ്ട്. ഈ ലോകത്തില്‍ നാം വീണു പോകുന്ന അനുഭവങ്ങള്‍. പാപത്തിന്റെ അവസ്ഥകള്‍ നമ്മിലേക്ക്‌ ഇരുട്ട് പരത്തുന്നു. എന്നാല്‍ ദൈവ വചനം നമ്മെ അനുതാപതിലേക്ക് നയിക്കും. നമ്മുടെ ജീവിതത്തിലും ക്രിസ്തു നമ്മെ തിരിഞ്ഞു നോക്കണം. അതിനു നമ്മുടെ ഉള്ളില്‍, ജീവിക്കുന്ന ക്രിസ്തു ഉണ്ടാകണം. അവന്‍റെ വചനം ഉണ്ടാകണം. 

ചിലര്‍ ചോദിക്കാറുണ്ട്? നിങ്ങള്‍ വചനം പറയുമ്പോള്‍ നിങ്ങളെ പറ്റി, ഞങ്ങള്‍ അന്വേഷിക്കും. നിങ്ങളുടെ ചരിത്രം ഞങ്ങള്‍ക്ക് അറിയണം. അതില്‍ ഭൂമി ശാസ്ത്ര പരമായ കേടു പാടുകള്‍ ഉണ്ടോ എന്ന് അറിയണം. ഒരു ഏറ്റു പറച്ചില്‍ എന്ന പോലെ ഞാന്‍ പറയട്ടെ, ഞാനോ ഈ സെഫാനിയ മിഷന്‍ പ്രവര്‍ത്തകരോ പരിപൂര്‍ണ്ണര്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചിലപ്പോഴെങ്കിലും, ക്രിസ്തു പത്രോസിനോട് പറഞ്ഞത് പോലെ ഞങ്ങളോടും സാത്താനെ എന്‍റെ കണ്മുന്‍പില്‍ നിന്ന് പോകുക എന്ന് ക്രിസ്തു പറയാറുണ്ട്. അല്ലെങ്കില്‍ ഞങ്ങള്‍ അതിനിട കൊടുക്കാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ക്രിസ്തു ഉള്ളില്‍ ഉള്ളവര്‍ ആണ്. ഞങ്ങള്‍ പുറത്തു പോയി കരയുന്നവര്‍ ആണ്. ഞങ്ങളുടെ തെറ്റുകള്‍ കുമ്പസാര കൂടിന്‍റെ വിശുദ്ധിയില്‍ ഏറ്റു പറയുന്നവര്‍ ആണ്. 

മനുഷ്യനു പാപ ബോധം തരുന്നത് ക്രിസ്തുവാണ്‌. പത്രോസ് ചെയ്യുന്നത് വലിയ തെറ്റ് തന്നെയാണ്. ഒരു പാട് വിശ്വസിച്ചവന്‍, സ്നേഹിച്ചവന്‍. അനുഗ്രഹം സ്വീകരിച്ചവന്‍ ആയ പത്രോസ് ഗുരുവിനെ തള്ളി പറയുകയാണ്. എന്നാല്‍ പത്രോസിന്റെ ഉള്ളില്‍ ഒരു വിങ്ങല്‍ ഉണ്ടായി. തീര്‍ച്ചയായും നമ്മുടെ മനസില്‍ ആ ദുഃഖം ഉണ്ടാകണം. അപ്പോള്‍ നാം വിശുദ്ധിയില്‍ വളര്‍ത്തപെടും. ചിലപ്പോഴെങ്കിലും നാം പറയാറില്ലേ, വലിയ പ്രാര്‍ത്ഥനയുടെ ആളാണ്. കാര്യം ഇല്ല. പക്ഷെ ഓര്‍ക്കുക, അവരുടെ ജീവിതത്തില്‍ കോഴി കൂകും. അവര്‍ വചനം ഓര്‍മ്മിക്കും, ദൈവം അവനെ തിരിഞ്ഞു നോക്കും. അന്ന് നീ കണ്ടെന്നു വരില്ല. ആയതിനാല്‍ വിധിക്കാതെ ഇരിക്കുക.

ക്രിസ്തുവിന്റെ സ്നേഹത്തെ അറിഞ്ഞവനാണ് പത്രോസ്. ഒരു നിമിഷത്തേക്ക് അവന്‍ അത് മറന്നാലും, അവനു തിരിച്ചു വരാതെ പോകുന്നത് എങ്ങിനെയാണ്‌? ക്രിസ്തു അവനെ സ്നേഹ പൂര്‍വ്വം നോക്കുമ്പോള്‍ അവന്‍ ഹൃദയം നൊന്തു കരയാതെ ഇരിക്കുന്നത് എങ്ങിനെയാണ്‌? നാം ക്രിസ്തുവിനെ സ്നേഹിച്ചിട്ടും പാപം ചെയ്തു പോകുന്നുണ്ടാകാം. പ്രാര്‍ത്ഥിക്കുക. അവന്‍ തിരിഞ്ഞു നോക്കും. ആ കരുണാ കടാക്ഷം നിന്നെ സകല പാപങ്ങളില്‍ നിന്നും മുക്ത്നാക്കും.

No comments:

Post a Comment