Saturday, 30 November 2013

സ്നേഹത്തിന്റെ നോയമ്പ്

" കപട നാട്യക്കാരായ നിയമന്ജരേ, ഫരിസേയരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ ,ജീരകം എന്നിവയ്ക്കു ദശാoശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം , വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. (മത്തായി 23 :23)"

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ അടുത്ത ഇടവകയിലെ വികാരി ഒരു ഞായറാഴ്ച പ്രസംഗം നടത്തി. പ്രസംഗം ഇങ്ങിനെ ആയിരുന്നു. ക്രിസ്തുമസ്സ് ആഘോഷത്തിനു മുന്നോടിയായി ഉള്ള ഇരുപത്തിയഞ്ച് നോമ്പ് ആരംഭിക്കുകയാണ്. നിങ്ങള്‍ ഇന്ന് മുതല്‍ ഇറച്ചിയും പാലും ഉപേഷിച്ച് നോയമ്പ് നോക്കും. ഞാന്‍ ഇന്ന് പറയുകയാണ്. നിങ്ങള്‍ ഈ നോയമ്പില്‍ ഇറച്ചിയും പാലും മുട്ടയും ഉപേക്ഷിക്കരുത്. നിങ്ങള്‍ നന്നായി ഭക്ഷണം കഴിക്കണം. പകരം നിങ്ങള്‍ ഒരു കാര്യം ചെയ്യണം. നിങ്ങള്‍ ക്രിസ്തുവിന്‍റെ സ്നേഹത്തെ പ്രഘോഷിക്കണം.

ക്രിസ്തുവിന്റെ സ്നേഹത്തെ പ്രഘോഷിക്കാന്‍ വൈകുന്നേരം കവല നിരങ്ങുന്ന ചേട്ടന്‍ നേരത്തെ വീട്ടില്‍ പോകുക. അയല്‍ വക്കത്തെ കോഴി വീട്ടില്‍ മുട്ടയിട്ടാല്‍ ആ മുട്ട അവര്‍ക്ക് തിരികെ നല്കുക. നിങ്ങള്‍ സംസാരിക്കാതെ ഇരിക്കുന്ന ആ സഹോദരനെ കാണുമ്പോള്‍ എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍ എന്ന് ചോദിക്കുക. നിങ്ങള്‍ ഇറച്ചിയും മീനും ആവശ്യം പോലെ കഴിക്കുക. എന്നിട്ട് നിങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതം പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കുക. അതല്ലാതെ ഇറച്ചിയും മീനും കഴിക്കാതെ ലാഭിക്കുന്ന പണം കൊണ്ട് ക്രിസ്തുമസ്സ് ആഘോഷിക്കാം എന്ന് കരുതരുത്. അത് ദൈവികമല്ല. ഏതായാലും പ്രസംഗം ഇഷ്ടപെട്ട ഇടവകക്കാര്‍ അച്ചനു പ്രന്താണെന്നു പറഞ്ഞു അതിരൂപതയിലേക്ക് കത്ത് എഴുതി. കാരണം അച്ചന്‍ അവരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി നോയമ്പ് എടുക്കാന്‍ പറഞ്ഞു.


ബൈബിള്‍ പറയുന്നു. "ബലിയല്ല സ്നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹന ബലികളല്ല ദൈവ ജ്ഞാനമാണ് എനിക്കിഷ്ടം.( ഹോസിയ 6:6)" ഹോസിയ പ്രവാചകനിലൂടെ ദൈവം പറയുന്നത് ആത്മാര്‍ത്ഥത നഷ്ടപെട്ട അനുതാപത്തെ പറ്റിയാണ്. ദൈവത്തിലേക്ക് തിരിച്ചു ചെല്ലുന്ന നോയമ്പ് കാലത്ത് നാം ചിന്തിക്കണം. എന്നില്‍ സ്നേഹം ഉണ്ടോ? പൗലോസ്‌ ശ്ലീഹ എഫേസൂസ്കര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നു. "ക്രിസ്തു നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍.( എഫേസൂസ് 5:2) ആ സ്നേഹം എങ്ങിനെ ആയിരുന്നു. അവിടുന്ന് നമ്മുക്ക് വേണ്ടി സ്വയം ബലിയായി തീര്‍ന്നു.

പ്രിയമുള്ളവരേ നമ്മുക്ക് ഈ നോയമ്പ് കാലത്ത് സ്വയം ബലിയായി തീരാം. ഒരു സ്നേഹ ബലി. നമ്മെ വെറുക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്, നമ്മുടെ സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കി കൊണ്ട് ഒരു സ്നേഹ ബലി നമ്മുക്ക് അര്‍പ്പിക്കാം. നമ്മുടെ ചെറിയ ഒരു സമ്പാദ്യം നീക്കി വച്ച് നമ്മുക്ക് സഹോദരന് താങ്ങാകാം അപ്പോള്‍ ദൈവം നിന്റെ കാഴ്ചകള്‍ സ്വീകരിക്കും. നീ ഒരുപാടു സ്നേഹിക്കുന്ന ഒരു കാര്യം ദൈവത്തിന് വേണ്ടി ത്യജിക്കുന്നതു മാത്രമല്ല നോയമ്പ് എന്ന് നമ്മുക്ക് തിരിച്ചറിയാം. മറിച്ച് ക്രിസ്തുവിന്റെ സ്നേഹം മറ്റൊരുവന് പകരുന്നത് കൂടിയാകണം നോയമ്പ്.

പ്രാര്‍ത്ഥന.

സ്നേഹം തന്നെയായ കര്‍ത്താവെ, സഹോദരരെ സ്നേഹിക്കുന്ന അവരുടെ വേദനകള്‍ കാണുന്ന ഒരു നല്ല മനുഷ്യനാകാന്‍ ഈ നോയമ്പ് കാലത്ത് എന്നെ സഹായിക്കണമേ. എന്‍റെ വിചാരത്താലും, വാക്കാലും, പ്രവര്ത്തിയാലും ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോടു രമ്യതപെടുവാന്‍ എനിക്ക് കൃപ നല്‍കേണമേ, ആമേന്‍ 

Friday, 29 November 2013

ജീവിത വിളി

" കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്‍റെ ജീവിത രീതിക്കും പ്രവര്‍ത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്കും. ( ജറെമിയ 17:10)"

മനുഷ്യന്‍ മുഖ ഭാവത്തില്‍ ശ്രദ്ധിക്കുന്നു. കര്‍ത്താവ്‌ ആകട്ടെ ഹൃദയ ഭാവം പരിശോധിച്ചറിയുന്നു. ഒരിക്കല്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വച്ച് എന്‍റെ സുഹ്രത്തിന്റെ ഭാര്യ ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. " എന്‍റെ കുടുംബ ജീവിതം ഒരു നരകമായി മാറിയിരിക്കുന്നു. കര്‍ത്താവെ നീ എന്നെ കാണേണമേ." വളരെ സങ്കടം നിറഞ്ഞ ഈ പ്രാര്‍ത്ഥന കേട്ട് ഞാന്‍ ആ സഹോദരിയോട്‌ ചോദിച്ചു. എന്ത് സംഭവിച്ചു. നിങ്ങള്‍ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ? എന്‍റെ സുഹ്രത്ത് നല്ല ഒരു മനുഷ്യന്‍ ആണ് എന്ന് എനിക്കറിയാം. ആ സഹോദരി പറഞ്ഞു. എന്നെ പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ വിടുന്നില്ല. ദാന ധര്‍മ്മ പ്രവര്‍ത്തനം അനുവദിക്കില്ല. വിശുദ്ധ ജീവിതം അനുവദിക്കുന്നില്ല.

എനിക്ക് ഒന്നും മനസിലായില്ല. എങ്കിലും ഞാന്‍ വളരെ അടുപ്പമുള്ള സുഹ്രത്തിനെ കണ്ടപ്പോള്‍ ചോദിച്ചു. നീ എന്താ ഇങ്ങിനെ ആയത്? ഭാര്യ ഒരു തടവുകാരി അല്ല എന്ന് ഓര്‍ക്കണം. ഉടനെ അവന്‍ പറഞ്ഞു. നീ അവളെ കാണുമ്പോള്‍ പറയണം. അവള്‍ ഒരു കന്യക സ്ത്രീ അല്ല. എന്‍റെ ഭാര്യയാകാന്‍ ദൈവം അയച്ചവള്‍ ആണ് എന്ന സത്യം മറക്കരുത്. അത് കൊണ്ട് ഒരു ഭാര്യയായി ജീവിക്കാന്‍ ശ്രമിക്കുക. അയാള്‍ തുടര്‍ന്നു. അവള്‍ക്ക് പ്രാര്‍ത്ഥനാ ഗ്രൂപ്പും പള്ളിയും കഴിഞ്ഞാണ് വീട്. കുഴപ്പമില്ല. പക്ഷെ ദൈവം തന്ന രണ്ടു കുട്ടികള്‍ ഉണ്ട്. അവരെ വളര്‍ത്താന്‍ ദൈവം വിളിച്ച അവള്‍ ഉത്തരവാദിത്വം മറക്കുന്നു, ഒളിച്ചോടുന്നു. ദാമ്പത്യ ധര്‍മ്മം നിറവേറ്റാന്‍ അവള്‍ക്കു താല്പര്യം ഇല്ല. അത് വിശുദ്ധി നഷ്ട്പെടുത്തും എന്ന് അവള്‍ കരുതുന്നു.

ജീവിതത്തില്‍, വിളിക്കപെട്ടിരിക്കുന്ന ജീവിത അന്തസ്സിന്റെ പ്രാധാന്യം മറന്നു പോയ അവസ്ഥ. ബൈബിള്‍ പറയുന്നു. " കപട നാട്യക്കാരായ നിയമന്ജരേ, ഫരിസേയരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ ,ജീരകം എന്നിവയ്ക്കു ദശാoശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം , വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. (മത്തായി 23 :23) ഇന്ന് നീ ചിന്തിക്കുക. ദൈവം നിന്നെ വിളിച്ചിരിക്കുന്നത് എന്തിനു വേണ്ടിയാണ്.

പ്രിയമുള്ളവരേ നിയമം അനുശാസിക്കുന്നത് വിളിക്കൊത്ത ജീവിതമാണ്‌.ബൈബിള്‍ പറയുന്നു. "അതു കൊണ്ട് സഹോദരരെ , ഏതു അവസ്ഥയില്‍ നിങ്ങള്‍ വിളിക്കപെട്ടുവോ ആ അവസ്ഥയില്‍ ദൈവത്തോടോത്ത് നില്നില്ക്കുവിന്‍. ( 1കോറിന്തോസ് 7:24) നിങ്ങള്‍ ഒരു വൈദികന്‍ ആണെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ആ ജീവിതം നയിക്കുക. നിങ്ങള്‍ ഒരു കന്യക സ്ത്രീ ആണെങ്കില്‍ അതിനു അനുയോജ്യമായി ജീവിക്കുക. നിങ്ങള്‍ ഒരു വിവാഹ ജീവിതത്തില്‍ ആണെങ്കില്‍ നിങ്ങള്‍ ആ വിളിക്ക് അനുസരിച്ച് ജീവിക്കുക. നിങ്ങളുടെ വിളിയെ മറന്ന് നിങ്ങള്‍ പോകുകയാണെങ്കില്‍ കര്‍ത്താവു നിങ്ങളെ വിളിക്കുന്നത്‌ വെള്ളയടിച്ച കുഴിമാടങ്ങളെ എന്നാണ്. നിങ്ങളുടെ കപടത ദൈവം അറിയുന്നു.

സന്യസ്ഥ ജീവിതം ഒരു വിളിയാണ്. അവരുടെ ജീവിതം വിവാഹിതര്‍ നയിക്കേണ്ടതില്ല. പരസ്പരം താങ്ങും തണലും ആകെണ്ടവര്‍ ആണ് വിവാഹിതര്‍. എന്നാല്‍ പൗലോസ്‌ ശ്ലീഹ പറയുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പര സമ്മതത്തോടെ ഒരു വിശുദ്ധ ജീവിതം നയിക്കാവുന്നതാണ്. ജീവിത പങ്കാളിയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പോകുന്ന ജീവിതങ്ങളും, സഭയെ മറന്ന്. സമ്പത്തിനു പുറകെ പരക്കം പാഞ്ഞുള്ള സന്യസ്ഥ ജീവിതങ്ങളും കപടമാണ്. വിളിക്കപെട്ടവര്‍ ആ അവസ്ഥ മറന്നു ജീവിച്ചാല്‍ അത് വലിയ പാപമാണ്.

പ്രാര്‍ത്ഥന.

കര്‍ത്താവെ, നീ ഞങ്ങള്‍ക്കായി തിരഞ്ഞെടുത്ത ജീവിത അന്തസ്സിലെ എല്ലാ ഉത്തരവാദിത്വം നിറവേറ്റി ജീവിക്കാനുള്ള കൃപ ഞങ്ങള്‍ക്ക് നല്കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍ 

സഭയിലെ റീത്ത്

ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്. ( സങ്കീര്‍ത്തനങ്ങള്‍ 45: 10)

"നീ ഒരു സീറോ മലബാര്‍ സഭ അംഗമാണോ? ഇന്ന് ദേവാലയത്തില്‍ വച്ച് ഞാന്‍ കേട്ട ആ ചോദ്യം എന്നെ ആശ്ചര്യപെടുത്തി."കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് മൂന്നു റീത്തുകള്‍ ഉണ്ട്. സീറോ മലങ്കര, സീറോ മലബാര്‍ കൂടാതെ ലാറ്റിന്‍ റീത്ത്. വിശ്വാസ പ്രമാണത്തില്‍ ഓരോ കത്തോലിക്കാ സഭ അംഗവും ഏറ്റു പറയുന്ന ഒരു കാര്യമാണ്, വിശുദ്ധ കത്തോലിക്കാ സഭയില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ സങ്കടമെന്നു പറയട്ടെ, ചിലപ്പോള്‍ എങ്കിലും റീത്തുകള്‍ അമിതമായ പ്രാധാന്യം കൈവരിക്കുന്നു. അത് ആഗോള സഭയേക്കാളും പ്രാധാന്യം ഉള്ളതായി മാറുന്നു.

ബൈബിള്‍ പറയുന്നു. നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏക ശരീരമാകുവാന്‍ ഞ്ജാനസ്നാമേറ്റു. യഹൂദരെന്നോ ഗ്രീക്കുകരെന്നോ, അടിമകളെന്നോ സ്വതന്ത്രെരെന്നോ ഭേദം കൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു. ഒരു അവയവമല്ല പലതു ചേര്‍ന്നതാണ് ശരീരം. ( 1കോറിന്തോസ് 12:13-14) ക്രിസ്തുവിന്റെ ഭൗതിക ശരീരമാണ് സഭ. ബൈബിള്‍ വീണ്ടും ഓര്‍മ്മപെടുത്തുന്നു. നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. ( 1കോറിന്തോസ് 12:27).ഏതു ആരാധനാ രീതി പിന്തുടര്‍ന്നാലും നിങ്ങള്‍ കത്തോലിക്കാ സഭയുടെ ഭാഗം ആണെങ്കില്‍ ആ സഭയെയാണ് പരിപോഷിപ്പികേണ്ടത്‌.

ഞാന്‍ ഒരു സീറോ മലബാര്‍ സഭ അംഗമാണ്. സഭയുടെ പാരമ്പര്യ വിശ്വാസ പ്രമാണങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഞാന്‍ ഇന്ന് ആ ചോദ്യം കേട്ടത് ലാറ്റിന്‍ റീത്തിലെ ഒരു പ്രധാന രൂപതാ ദേവാലയത്തില്‍, നാളെ നടക്കാനിരിക്കുന്ന അഭിഷേക ശുശ്രുഷ്ക്ക് ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ആണ്. ഞാന്‍ തിരികെ ചോദിച്ചു. താങ്കള്‍ ഒരു വൈദികന്‍ ആണെന്നു ഞാന്‍ കരുതുന്നു. ഉടനെ ആ വൈദികന്‍ പറഞ്ഞു. ഞാന്‍ ഒരു വൈദികന്‍ ആണ്. ഈ രൂപതയുടെ ആരാധനാ കാര്യങ്ങളുടെ ചുമതല വഹിക്കുന്നു. നിങ്ങളുടെ ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, എന്‍റെ വൈദിക പഠന കാലയളവില്‍ എന്‍റെ ആധ്യാത്മിക ഗുരു ആയിരുന്നു. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. സീറോ മലബാര്‍ സഭ അംഗമായ ബിഷപ്പ് ഒരു വൈദികന്‍ ആയിരുന്നപ്പോള്‍ ലാറ്റിന്‍ റീത്തിലെ ഈ ദേവാലയത്തിലും, രൂപതയിലും ചെയ്ത നന്മകള്‍ ഇവിടെ ഉള്ള സാധരണ മനുഷ്യര്‍ പോലും നന്ദിയോടെ അനുസ്മരിക്കുന്നു.

ലാറ്റിന്‍ രൂപതയില്‍ നിന്ന് സേവ് എ ഫാമിലി പ്ലാന്‍ വഴി കേരളത്തിലെ സീറോ മലബാര്‍ സഭയില്‍ വലിയ സഹായം ലഭിച്ചിട്ടുണ്ട്. എന്നതും ഒരു വലിയ സത്യം തന്നെ ആണ്. ഇതിനെല്ലാം കാരണം നാം കത്തോലിക്കര്‍ ആണ് എന്നതാണ്. സീറോ മലങ്കര സഭയിലെ ബെഥനി സമൂഹം ചെയ്യുന്ന നന്മകള്‍ നമ്മുക്ക് അറിയാമല്ലോ. എല്ലാ രീത്തുകള്‍ക്കും അതിന്‍റെ ചരിത്രമുണ്ട്. പരസ്പരം അംഗീകരിച്ചു ബഹുമാനിക്കണം. പാരമ്പര്യങ്ങള്‍ എല്ലാം നല്ലതല്ല. മാനുഷികമായ ബലഹീനത വന്നിട്ടുണ്ട്. കുരിശു യുദ്ധങ്ങള്‍ ഒരിക്കല്‍ നടന്നതാണ്. ക്രിസ്തു നിയമങ്ങളെ വ്യഖ്യനിച്ചപ്പോള്‍ സ്നേഹത്തിനാണ്‌ പ്രാധാന്യം നല്‍കിയത്. പാരമ്പര്യത്തിന് അല്ല.

ചില ബ്ലോഗുകള്‍, ചില ഫേസ് ബുക്ക് അക്കൌണ്ട് പരംപരയും പറഞ്ഞു വരുന്നു. ചരിത്രം അറിയുന്നത് നല്ലതാണ്. എന്നാല്‍ അത് മറ്റുള്ളവരെ അപമാനിക്കാന്‍ ആകരുത്. എല്ലാ ആരാധനാ കൃമങ്ങളും ബഹുമാനം അര്‍ഹിക്കുന്നു. ഒരു സീറോ മലബാര്‍ സഭ അംഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ലാറ്റിന്‍ പള്ളിയില്‍ ആരാധനയില്‍ പങ്കു ചേരുന്നതിലും, അവിടുത്തെ അള്‍ത്താരയില്‍ സഹായിക്കുന്നതും ദൈവ പദ്ധതി ആയി ഞാന്‍ കരുതുന്നു. സീറോ മലങ്കര സഭ കത്തോലിക്കാ സഭയില്‍ അംഗമായതില്‍ ഞാന്‍ സന്തോഷിക്കുന്നു. സഹോദര സഭകളെ ഞാന്‍ ബഹുമാനിക്കുകയും ചെയുന്നു. കാരണം ഞാന്‍ വിശ്വസിക്കുന്നത് ക്രിസ്തുവില്‍ ആണ്. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ പഠിപ്പിക്കുന്ന വിശുദ്ധ കത്തോലിക്കാ സഭയിലാണ്.

പ്രാര്‍ത്ഥന

കര്‍ത്താവെ, ഭൂമിയില്‍ സുവിശേഷം പ്രഘോഷിക്കുന്ന അപ്സ്തോലന്മാരാല്‍ സ്ഥാപിക്കപെട്ട എല്ലാ സഭകളും ഒന്നായി തീരുവാനും, അവരുടെ വൈവധ്യത്തെ പരസ്പരം അംഗീകരിച്ചു, സ്നേഹിച്ച് സുവിശേഷം പ്രഘോഷിക്കാന്‍ കൃപ നല്‍കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍ .

വിശുദ്ധ കുര്‍ബാന

കര്‍ത്താവ് കായെനോട് ചോദിച്ചു. നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്‍റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്? ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകര്യനാവില്ലേ?നല്ലതു ചെയുന്നില്ലായെങ്കില്‍ പാപം വാതില്ക്കില്‍ത്തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം.( ഉല്‍പത്തി 4:6-7)

ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വലിയ ഒരു അനുഗ്രഹമാണ് വിശുദ്ധ കുര്‍ബാന. കുരിശില്‍ ബലിയര്‍പ്പിച്ച കര്‍ത്താവ് തന്‍റെ ശിഷ്യന്മാരോട് എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്ന് ആവശ്യപെട്ട മഹനീയ കര്‍മ്മം. ഓരോ വിശുദ്ധ കുര്‍ബാനയും അനുഗ്രഹങ്ങളാണ്, അത്ഭുതങ്ങള്‍ ആണ്. ഭൂമിയിലെ ഏറ്റവും വലിയ പ്രാര്‍ത്ഥന ആണ് വിശുദ്ധ കുര്‍ബാന.

ഒരുപാടു അനുഗ്രഹ ദായകമായ വിശുദ്ധ കുര്‍ബാന നമ്മള്‍ അര്‍പ്പിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. എന്നിട്ടും നമ്മുടെ ജീവിതങ്ങള്‍ അനുഗ്രഹിക്കപെടാതെ പോകുന്നു. എന്ത് കൊണ്ടാണ് ഇതു സംഭവിക്കുന്നത്‌? മനുഷ്യന്‍റെ സ്വീകരിക്കപെടാതെ പോകുന്ന ബലികള്‍..., നമ്മുടെ ബലികള്‍ കര്‍ത്താവു സ്വീകരിക്കുന്നില്ലെങ്കില്‍ നാം ആത്മ പരിശോധന നടത്തണം. ചിലപ്പോള്‍ വലിയൊരു നന്മയ്ക്കായി ദൈവം നിന്‍റെ അനുഗ്രഹം മാറ്റി വച്ചതാകം. അല്ലെങ്കില്‍ കര്‍ത്താവിന്‍റെ സഹനങ്ങളില്‍ നീ പങ്കു ചേരുക എന്ന ദൈവ ഹിതം ആകാം. എന്നാല്‍ നാം ആത്മ പരിശോധന ചെയ്യുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ മനസാക്ഷി നമ്മെ കര്‍ത്താവിനെ ഒറ്റി കൊടുത്ത യൂദാസിന്റെ സ്ഥാനത്ത് നിര്‍ത്തും. എങ്കില്‍ സൂക്ഷിക്കുക.

ഒരു സഹോദരി പറഞ്ഞു. ഞാന്‍ പള്ളിയില്‍ പോകുന്നത്, എനിക്ക് കല്യാണ പ്രായം ആയി. അപ്പോള്‍ നല്ല ഭക്തിയുള്ള ഒരു ചെറുക്കന്‍ ഉണ്ടോ എന്ന് നോക്കാനും, എനിക്ക് ഭക്തി ഉണ്ടെന്നു കുറെ ആളുകള്‍ കരുതട്ടെ എന്നും കരുതി മാത്രമാണ്. എനിക്ക് വലിയ താല്പര്യം ഉണ്ടായിട്ടല്ല. എത്രയോ പേര്‍ സാരിയുടെ കളര്‍ നോക്കാന്‍, പുതിയ വസ്ത്രങ്ങള്‍ കാണാന്‍ വിശുദ്ധ കുര്‍ബാനയുടെ സമയം മാറ്റി വയ്ക്കുന്നു. ദൈവം എഴുനുള്ളുന്ന സമയത്ത് അലസമായി ഇരുന്നു കൊണ്ട് നിങ്ങള്‍ പരാതി പറയുന്നു. എന്‍റെ ബലി ദൈവം സ്വീകരിക്കുന്നില്ല.

നമ്മുടെ മുഖം വാടുന്നു. ദൈവത്തോട് നാം കോപിക്കുന്നു. പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കുന്നു. എന്നിട്ട് നമ്മള്‍ പറയുന്നു. ദൈവം എന്‍റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നില്ല. ഞാന്‍ ഇനി കുര്‍ബാനക്ക് പോകുന്നില്ല. എല്ലാ പള്ളികളിലും ഒരു കാഴ്ച കാണാം. വിശുദ്ധ കുര്‍ബാന സമയത്ത് പുറത്തു നില്‍ക്കുന്ന ഒരുപാടു ആളുകള്‍ . ചോദിച്ചാല്‍ പറയും പള്ളിയില്‍ സ്ഥലമില്ല. ഒരു മഴ പെയ്താല്‍ എല്ലാവരും അകത്തു കയറും. അപ്പോള്‍ പള്ളിയില്‍ സ്ഥലം തനിയെ ഉണ്ടാകും. സഹോദരങ്ങളെ കായേന്റെ ബലി പോലെ ഉള്ള ബലി, ഈ ബലി കര്‍ത്താവ്‌ സ്വീകരിക്കില്ല. ഹൃദയത്തിന്‍റെ പൂര്‍ണ്ണതയില്‍, ആത്മാര്‍ത്ഥതപൂര്‍വ്വം അര്‍പ്പിക്കുന്ന വിശുദ്ധ ബലി കര്‍ത്താവ്‌ സ്വീകരിക്കും. അത് കൊണ്ടാണ് ഉത്പത്തിയുടെ പുസ്തകത്തില്‍ ആരംഭ ഭാഗത്ത്‌ തന്നെ കായേനും ആബേലും ബലിയര്‍പ്പിച്ച സംഭവം ബൈബിള്‍ പറയുന്നത്. ഇനിയെങ്കിലും നമ്മുടെ ബലിയര്‍പ്പണങ്ങള്‍ വിശുദ്ധമായി തീരട്ടെ. കര്‍ത്താവ് എഴുന്നുള്ളമ്പോള്‍ നമുക്ക് ഭക്തി പൂര്‍വ്വം സ്വീകരിക്കാം. വലിയ അനുഗ്രഹങ്ങള്‍ ഉണ്ടാകും.

പ്രാര്‍ത്ഥന.

വിശുദ്ധ കുര്‍ബാനയില്‍ എഴുന്നുള്ളി വരുന്ന കര്‍ത്താവേ, ഞങ്ങളുടെ ബലിയര്‍പ്പണങ്ങളെ അങ്ങ് വിശുധീകരിക്കണമേ. ആബേലിന്റെ ബലി പോലെ ഞങ്ങളുടെ ബലികളെ നീ സ്വീകരിക്കണമേ, ആമേന്‍

Wednesday, 27 November 2013

കുറ്റബോധം

"എന്നാല്‍, നിങ്ങളുടെ ശരീരം പാപം നിമിത്തം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ ആത്മാവ് നീതി നിമിത്തം ജീവനുള്ളതായിരിക്കും. ( റോമാ 8:10)"

ഒരിക്കല്‍ ഒരു പതിനഞ്ചു വയസുള്ള ഒരു സഹോദരന്‍ പറഞ്ഞു. "എനിക്ക് പള്ളിയില്‍ പോകാന്‍ ഭയമാണ്. കാരണം ഞാന്‍ പാപിയാണ്." ഞാന്‍ പറഞ്ഞു. സഹോദരാ പാപബോധം നല്ലതാണ്. എന്നാല്‍ കുറ്റ ബോധം തിന്മയാണ്. നീ കുമ്പസാരം എന്ന കുദാശ സ്വീകരിക്കാറില്ലേ? അവന്‍ പറഞ്ഞു. ഉണ്ട് എങ്കിലും ഒരു ഭയം എന്നെ വേട്ടയാടുന്നു. കുര്‍ബാന സ്വീകരിക്കാന്‍ നടക്കുമ്പോള്‍ എനിക്ക് ഭയമാണ്. എന്‍റെ കൈകാലുകള്‍ തളരും. ഞാന്‍ ഒരു രഹസ്യ പാപത്തില്‍ പെട്ടു പോയി എന്ന ഓര്‍മ്മ എന്നെ വേട്ടയാടും. എനിക്ക് എന്നോട് തന്നെ വെറുപ്പാണ്. ചിലപ്പോള്‍ എന്തിനാണ് ഇങ്ങിനെ ഒരു ജീവിതം എന്ന് എനിക്ക് തോന്നാറുണ്ട്. എനിക്ക് പള്ളിയില്‍ പോകാന്‍ സാധിക്കുകയില്ല. 

ഒരിക്കല്‍ ഒരു സഹോദരി പങ്കു വച്ചു. "ഞാന്‍ ഒരു അബോര്‍ഷന്‍ നടത്തി. അതിനു ശേഷം എനിക്ക് എന്നോട് വെറുപ്പാണ്. എന്‍റെ ഭര്‍ത്താവിനോട് എനിക്ക് വെറുപ്പാണ്. പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ കുഞ്ഞിന്‍റെ ഓര്‍മ്മ എന്നെ വേട്ടയാടുന്നു." ഞാന്‍ കുമ്പസാരിച്ചു. അച്ചന്‍ പറഞ്ഞ പാപവിമോചന പരിഹാര കര്‍മ്മങ്ങള്‍ അനുഷ്ടിച്ചു. എങ്കിലും ഭയം എന്നെ വേട്ടയാടുന്നു. എന്‍റെ ഭര്‍ത്താവിനോട് എനിക്ക് വെറുപ്പാണ്. എന്നോട് തന്നെ എനിക്ക് വെറുപ്പാണ്. ആരെയും എനിക്ക് സ്നേഹിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ഒരുപാടു പ്രാര്‍ത്ഥിക്കുന്നു. എങ്കിലും ദൈവം എന്നെ ശിക്ഷിക്കും എന്ന ഭയം എന്നെ വേട്ടയാടുന്നു. ഞാന്‍ നശിച്ചു പോകും. ഞാന്‍ അവരോടു പറഞ്ഞു. സഹോദരി ധൂര്‍ത്ത പുത്രനെ തിരിച്ചെടുത്ത ഉപമ പറഞ്ഞ കര്‍ത്താവു, പാപിനിയെ സ്വീകരിച്ച കര്‍ത്താവ് നിന്നെയും സ്നേഹിക്കുന്നു. നീ സാത്താന്റ ബന്ധനത്തില്‍ പെടരുത്. കുറ്റബോധം ദൈവികമായ ഒന്നല്ല.

ദൈവ വിശ്വാസത്തില്‍ വളരുമ്പോള്‍ അനേകം പേരെ പിടികൂടുന്ന ഒന്നാണ് സാത്താനില്‍ നിന്നുള്ള കുറ്റബോധം. പാപ ബോധം തരുന്നത് ദൈവം ആകുമ്പോള്‍ കുറ്റബോധം തരുന്നത് പിശാചു ആണ്. ദൈവം പാപിയെ സ്നേഹിച്ച് അവന്‍റെ പാപത്തെ വെറുക്കാന്‍ പഠിപ്പിക്കുമ്പോള്‍ പിശാചു പാപിയെ വെറുക്കാന്‍ പഠിപ്പിക്കുന്നു. ദൈവം മനുഷ്യനെ സ്നേഹിക്കുന്ന ദൈവമാണ്. ബൈബിള്‍ പറയുന്നു, മനുഷ്യ പുത്രന്‍ വന്നിരിക്കുന്നത് നഷ്ട പെട്ടതിനെ വീണ്ടെടുക്കുവാന്‍ ആണ്.

ദാവിദു രാജാവ്‌ പാപം ചെയ്തു, എന്നാല്‍ അനുതപിച്ചു. തിരിച്ചു വന്നു. പത്രോസ് ശ്ലീഹ ക്രിസ്തുവിനെ തള്ളിപറഞ്ഞു എന്നാല്‍ അനുതപിച്ചു. അനുതാപത്തെ സ്വീകരിക്കുന്ന കര്‍ത്താവ് അവരോടു ക്ഷമിക്കുക ആണ് അവരെ ഉയര്‍ത്തുകയാണ്. ദൈവം പറയുന്നത് ഇങ്ങിനെയാണ്." എന്നെ പ്രിതി നിന്‍റെ തെറ്റുകള്‍ തുടച്ചു മാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല. നീ എന്നെ ഓര്‍മ്മിപ്പിക്കുക.;നമ്മുക്ക് ന്യായം പരിശോധിക്കാം. നിന്നെ നീതികരിക്കുന്ന നിന്‍റെ ന്യായങ്ങള്‍ ഉന്നയിക്കുക." ( ഏശയ്യ 43: 25-26) ദൈവം കരുണാമയന്‍ ആണ്. നിന്‍റെ പാപങ്ങള്‍ നീ ഏറ്റു പറഞ്ഞാല്‍ അവിടുന്ന് അത് ഓര്‍ക്കുന്നില്ല.

ഉത്പത്തിയുടെ പുസ്തകത്തില്‍ പറയുന്നു." മനുഷ്യന്‍ കാരണം ഭൂമിയെ ഇനിയൊരിക്കലും ഞാന്‍ ശപിക്കുകയില്ല. എന്തെന്നാല്‍ തുടക്കം മുതലേ അവന്‍റെ അന്തരംഗം തിന്മയിലേക്ക് ചാഞ്ഞിരിക്കയാണ്."(ഉത്പത്തി 8:21) ദൈവം മനുഷ്യന്‍റെ ബലഹീനതകള്‍ അറിയുന്ന കര്‍ത്താവാണ്. നീതിമാന്‍ പോലും ദിവസത്തില്‍ ഏഴു പ്രാവശ്യം വീഴുന്നു. എന്നാല്‍ വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ നമുക്ക് കഴിയണം. ക്രിസ്തുവിന്റെ സ്നേഹത്തില്‍ നാം വളരണം. കുറ്റബോധം നമ്മെ ദൈവത്തില്‍ നിന്ന് അകറ്റും.ദൈവം ക്ഷമിക്കുന്ന പിതാവാണ് എന്ന് അറിയുക. ദൈവ സ്നേഹത്തില്‍ അഭയം തേടുക. നിന്‍റെ പാപങ്ങള്‍ കടും ചുവപ്പാണെങ്കിലും ദൈവം അവ മഞ്ഞു പോലെ നിര്‍മ്മലമാക്കും..

പ്രാര്‍ത്ഥന.

സ്നേഹ പിതാവായ ദൈവമേ, ജീവിതത്തില്‍ പലപ്പോഴും ഞങ്ങള്‍ ആഗ്രഹിക്കുന്ന നന്മ അല്ല ചെയ്യുന്നത്, ആഗ്രഹിക്കാത്ത തിന്മകള്‍ ആണ്. വേദന പൂര്‍വ്വം ഞങ്ങള്‍ തെറ്റുകള്‍ ഏറ്റു പറഞ്ഞു കരയുമ്പോള്‍ ഒരു പിതാവിനെ പോലെ ഞങ്ങളെ സ്വീകരിക്കുന്ന അങ്ങയെ തിരിച്ചറിഞ്ഞു സ്നേഹിക്കുവാന്‍ ഉള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.

പര ദൂഷണം

"നാവു തീയാണ്; അത് ദുഷ്ടതയുടെ ഒരു ലോകം തന്നെയാണു്.നമ്മുടെ അവയവങ്ങളിലോന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയില്‍ ജ്വലിക്കുന്ന ഈ നാവ് പ്രകൃതി ചക്രത്തെ ചുട്ടു പഴുപ്പിക്കുന്നു. ( യാക്കോബ് 3:6)"

ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള ഒരു കാര്യമാണ് മനുഷ്യരെ ദുഷിച്ചു പറയുക എന്നത്. നാം ഒരാളെ ദുഷിച്ചു പറയുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഒരു സന്തോഷം അനുഭവിക്കുന്നു. നമ്മുടെ മുന്‍പില്‍ ഒരു ഇര പിടഞ്ഞു തീരുമ്പോള്‍ അവന്‍റെ അവസാന തുള്ളി രക്തത്തിനായി ദാഹിച്ച് നമ്മുടെ ഉള്ളിലെ സാത്താന്‍ നാവ് നീട്ടുന്നു. എന്നാല്‍ കര്‍ത്താവു പറയുന്നു. വിധിക്കപെടാതിരിക്കാന്‍ നീയും വിധിക്കരുത്. നീ ദൂഷണം പറയുമ്പോള്‍ നിന്റെ മുന്‍പില്‍ കരുണയ്ക്കായി കേഴുന്ന ആത്മാവ് ദൈവ സന്നിധിയില്‍ കരയും എന്ന് നീ ഓര്‍ക്കുക. 

ഏശയ്യായുടെ പുസ്തകത്തില്‍ പറയുന്നു. " ക്രൂരതയില്‍ നീ സുരക്ഷിതത്വം കണ്ടെത്തി. ആരും കാണുന്നില്ല എന്ന് നീ വിചാരിച്ചു. നിന്‍റെ ജ്ഞാനവും അറിവും നിന്നെ വഴി തെറ്റിച്ചു. ഞാന്‍, ഞാനല്ലാതെ മറ്റാരുമില്ല എന്നു നീ അഹങ്കരിച്ചു. ( ഏശയ്യ 47:10)." നമ്മുടെ നാട്ടിലൊക്കെ കാണാറുള്ള ചില മനുഷ്യരുണ്ട്‌. പരദൂഷണം മാത്രം തൊഴിലാക്കിയ ഇവര്‍ എത്രയോ ആത്മാക്കളെ നശിപ്പിക്കുന്നു. വിധിക്കപെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ തന്നെ നിങ്ങളും വിധിക്കപെടും. ( മത്തായി 7:1-2)

ഒരിക്കല്‍ ഒരു വൈദികന്‍ പങ്കു വച്ച അനുഭവം പറയുകയാണ്. അച്ചന്റെ അടുക്കല്‍ ഒരുപാടു ആളുകള്‍ വരും, സങ്കടങ്ങള്‍ പങ്കു വയ്ക്കും. . ഒരു പ്രത്യക സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടി മുറിയിലേക്ക് കടന്നു ചെന്നു. അവള്‍ അച്ചനോട് വ്യക്തി ജീവിതത്തില്‍ വന്ന തകര്‍ച്ചകള്‍ പങ്കു വച്ചു. അച്ചന്‍ കോപിഷ്ടനായി. കാരണം ആ പെണ്‍കുട്ടി വേദ പടം പഠിപ്പിക്കുന്ന ഒരു അദ്ധ്യപിക ആയിരുന്നു. തികച്ചും നിഷ്കളങ്കമായ പുത്ര വാത്സല്യത്തോടെ അച്ചന്‍ സംസാരിച്ചു. ഇനി വേദ പാഠം പഠിപ്പിക്കാന്‍ വരണ്ട എന്ന് ആ കുട്ടി തീരുമാനിച്ചു.

സംഭാഷണം കഴിഞ്ഞു. പെണ്‍കുട്ടി കരഞ്ഞു കൊണ്ട് മുറിയില്‍ നിന്ന് പുറത്തേക്ക് പോയി.അച്ചനെ കാണാന്‍ വന്ന വനിതാ സംഘടന പ്രവര്‍ത്തകര്‍ ഇതു കണ്ടു. അവര്‍ അച്ചനെ കണ്ടു. ആ സംഭവത്തെ പറ്റി അച്ചനോട് ഒന്നും പറഞ്ഞില്ല. എന്നാല്‍ അവര്‍ കാര്യങ്ങള്‍ കൂടുതല്‍ നിരീക്ഷിച്ചു. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ അവര്‍ ഒരു കണ്ടെത്തല്‍ നടത്തി. അന്ന് അച്ചന്റെ മുറിയില്‍ നിന്ന് കരഞ്ഞിട്ടു ഇറങ്ങിയതില്‍ പിന്നെ അവള്‍ വേദ പാഠം പഠിപ്പിക്കാന്‍ വന്നിട്ടില്ല. അപ്പോള്‍ അച്ചന്‍ ആളു ശരിയല്ല. വൈദികന്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. 

പള്ളിയിലെ വനിതാ സംഘടനയുടെ മീറ്റിങ്ങില്‍ വച്ച് അച്ചന്‍ അറിയാതെ പ്രായം ചെന്ന ഒരു അമ്മച്ചിയുടെ തോളില്‍ തട്ടി. ആ അമ്മച്ചി പറഞ്ഞു. എന്നെ വിട്ടേക്ക്, പ്രായം ആയി. അച്ചനു ഒന്നും മനസിലായില്ല. എന്നാല്‍ കേട്ടിരുന്ന പെണ്ണുങ്ങള്‍ക്ക്‌ എല്ലാം മനസിലായി. അവസാനം ഒരു ദിവസം ഇടവക പൊതുയോഗത്തില്‍ വച്ച് അച്ചന്‍ അറിഞ്ഞു. താന്‍ ഒരു പെണ്ണ് പിടിയന്‍ ആയി മാറിയ കാര്യം. നിശബ്ദതയില്‍ ദുഖം കടിച്ചമര്‍ത്തി ആരോടും മിണ്ടാതെ പുറത്തേക്ക് നടക്കുമ്പോള്‍ ആരോ വിളിച്ചു ചോദിച്ചു. കണ്ടില്ലേ. ഒന്നും മിണ്ടാതെ പോകുന്നത്. 

ഒന്നും വിശദീകരിക്കാന്‍ നില്‍ക്കാതെ ആ ഇടവക വിട്ടു പിതാവിനോട് സ്ഥലം മാറ്റി വാങ്ങി അച്ചന്‍ പോയി. എങ്കിലും ഇന്നും ആ ഇടവക അച്ഛനെ പറ്റി പറയുന്നു. ഞങ്ങള്‍ കണ്ടതാണ്. അച്ചന്‍ ആളു ശരിയല്ല. ഇന്നു ഇത് വായിക്കുന്ന സഹോദരങ്ങളെ ഓര്‍ക്കുക. നിങ്ങള്‍ ആരെയെങ്കിലും വിധിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് മനസിലാകാതെ പോയ ഒരു സത്യത്തെ നിങ്ങള്‍ അപവാദം ആക്കിയോ? ആയെങ്കില്‍ ദൈവ തിരുമുന്‍പില്‍ കരയുക. കാരണം. നിങ്ങള്‍ ദുഷിച്ച മനുഷ്യരുടെ കാവല്‍ മാലാഖമാര്‍ അവര്‍ക്ക് വേണ്ടി ദൈവ തിരുമുന്‍പില്‍ കരയുന്നു. 

നിങ്ങള്‍ കണ്ട എല്ലാ സത്യങ്ങളും സത്യങ്ങള്‍ അല്ല. ഓരോ മനുഷ്യനും ഓരോ പ്രവര്‍ത്തിക്കും ന്യായികരണം ഉണ്ടാകും. നാം വിധിക്കുമ്പോള്‍ പരദൂഷണം പറയുമ്പോള്‍ നമ്മുക്ക് അറിയില്ല അവര്‍ എന്തിനാണ് അത് ചെയ്തത് . നിങ്ങള്‍ ആരെയും വിധിക്കരുത്. ദുഷിച്ചു പറയരുത്. കാരണം നിങ്ങള്‍ അറിയാത്ത ഒരു നന്മ ആ മനുഷ്യനില്‍ ഉണ്ടായതു കൊണ്ടാകാം ആ ദുഷിച്ച വചനങ്ങള്‍ അയാളുടെ മേല്‍ ചോരിയപെടാന്‍ സാത്താന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്. ആയതു കൊണ്ട്, നിങ്ങള്ക്ക് ഹിതമല്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അപരനെ ദുഷിക്കാതെ ഇരിക്കുക. ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ദൈവം നിന്‍റെ കണ്ണുകളെ തുറക്കും.

പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവേ, അനേകം മനുഷ്യരെ ഞങ്ങള്‍ ദുഷിച്ചു പറയാറുണ്ട്. അവരിലെ നന്മ ഞങ്ങള്‍ കാണാതെ പോകുന്നു. ഈശോയെ മറ്റുള്ളവരിലെ നന്മ കാണാനും അവരെ അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കാനും ഉള്ള കൃപ ഞങ്ങള്‍ക്ക് തരണേമേയെന്നു അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍. 

ഉദര ഫലം

"കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും. ( സങ്കീര്‍ത്തനങ്ങള്‍ 127:3)" 

ഒരിക്കല്‍ ഒരു സഹോദരി പറഞ്ഞു. എനിക്ക് വീട്ടില്‍ ദോശ ഉണ്ടാക്കാന്‍ ഭയമാണ്. ഞാന്‍ ഓര്‍ത്തു ഒരു പക്ഷെ ദോശ കല്ലില്‍ നിന്ന് പണ്ടെന്നോ പൊള്ളല്‍ ഏറ്റു കാണും. നിഷ്കളങ്കമായ് ഞാന്‍ ചോദിച്ചു? സഹോദരി എപ്പോഴാണ് നിങ്ങള്‍ക്ക് അപകടം സംഭവിച്ചത്? അവര്‍ പറഞ്ഞു. എന്‍റെ വിവാഹം കഴിഞ്ഞതിനു ശേഷമാണു ആ അപകടം സംഭവിക്കാന്‍ തുടങ്ങിയത്. എനിക്ക് ഒന്നും മനസിലായില്ല. അവര്‍ തുടര്‍ന്നു. ദോശ ഉണ്ടാക്കുമ്പോള്‍ ചിലപ്പോള്‍ ഒരു ചെറിയ ദോശ ഉണ്ടാകും. ഉടനെ അമ്മായിയമ്മ പറയും. അയ്യോ കഷ്ടം, ഈ കുഞ്ഞു ദോശ തിന്നാന്‍ ഈ വീട്ടില്‍ ഒരു കുഞ്ഞു ഇല്ലല്ലോ. ...........കേള്‍ക്കുമ്പോള്‍ വലിയ സങ്കടം ആണ്. എന്തിനാണ് ജീവിക്കുന്നത് എന്ന് തോന്നും. വന്ധ്യത ദുഖം നിറഞ്ഞ ഒരു ജീവിത അവസ്ഥയാണ്.

ബൈബിളിലൂടെ കടന്നു പോകുമ്പോള്‍ നാം കണ്ടു മുട്ടുന്ന ഒരു വ്യക്തിയാണ് ഹന്ന. അവളെ പറ്റി ബൈബിള്‍ പറയുന്നത് ഇങ്ങിനെയാണ്. " എന്തെന്നാല്‍ കര്‍ത്താവ് അവളെ വന്ധ്യയാക്കിയിരുന്നു. വന്ധ്യത നിമിത്തം അവളുടെ സപത്നി അവളെ വേദനിപ്പിച്ചിരുന്നു."(1സാമുവേല്‍ 1:5-6) എല്ലാ ഭര്‍ത്താക്കന്‍മാരും ആശ്വസിപ്പിക്കുന്ന പോലെ ഹന്നയെ ഭര്‍ത്താവായ എല്ക്കാന ആശ്വസിപ്പിക്കുന്നു. എന്നാല്‍ ഹന്നയുടെ ദുഖം അതിരു കാണാത്തത് ആണ്.

ദുഖം അടക്കാതെ വരുമ്പോള്‍ നാം എന്താണ് ചെയ്യുക. ഭക്ഷണം കഴിക്കാതെ ഇരിക്കും. പിന്നെ ഭര്‍ത്താവു ആശ്വസിപ്പിക്കുമ്പോള്‍ തനിയെ ഉറങ്ങും. ഹന്നയും അത് ചെയ്തു . എന്നാല്‍ നമ്മള്‍ ചെയ്യാന്‍ മറക്കുന്ന ഒരു കാര്യം കൂടെ അവള്‍ ചെയ്തു. ഹന്ന ചെയ്തത് എന്താണ് എന്ന് ബൈബിള്‍ പറയുന്നു." അവള്‍ കര്‍ത്താവിനോട് ഹൃദയം നൊന്തു കരഞ്ഞു പ്രാര്‍ത്ഥിച്ചു."(1 സാമുവേല്‍ 1:10)ദൈവം ആ പ്രാര്‍ത്ഥന കേള്‍ക്കുകയാണ്. അവള്‍ക്കു മകനെ നല്‍കി ദൈവം അവളെ അനുഗ്രഹിച്ചു. മകനെ സ്വീകരിച്ച ഹന്ന പിന്നീട് ചെയ്ത ഒരു കാര്യമുണ്ട്. അവള്‍ പറയുന്നു. "ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌;എന്‍റെ പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു.ആകയാല്‍,ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു."(1 സാമുവേല്‍ 1:27) എത്ര മനോഹരം കര്‍ത്താവിന്‍റെ ദാനമായ മകനെ കര്‍ത്താവിനു സമര്‍പ്പിക്കുന്നു.

നാം ബൈബിള്‍ വായിക്കുമ്പോള്‍ മനസിലാകുന്ന ഒരു കാര്യമുണ്ട്. മക്കളില്ലാത്ത അബ്രാഹത്തിന് ദൈവം ഇസഹാക്കിനെ നല്‍കി അനുഗ്രഹിക്കുന്നതു ബലിയര്‍പ്പണ പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ ആണ്. സക്കറിയ പ്രവാചകന്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ആണ് ദൈവം അവനു പുത്ര വാഗ്ദാനം നല്‍കുന്നത്. നീയും പ്രാര്‍ത്ഥിക്കുക. ഒരു പക്ഷെ ലോകം വിധി എഴുതി കാണും. ഇനി ഒരു കുഞ്ഞു നിനക്ക് ഉണ്ടാകില്ല. എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നിന്‍റെ ജീവിതത്തിലേക്ക് ഒരു ദൂതനെ അയക്കും. നിന്‍റെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടാകും. തോബിത്തിന്റെ പുസ്തകത്തില്‍ സാറയുടെ സങ്കടം മാറ്റിയ കര്‍ത്താവ് നിന്‍റെ സങ്കടം കാണാതെ പോകില്ല. എന്ന തിരിച്ചറിവ് നിനക്ക് ഉണ്ടാകണം.

നിനക്ക് കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍, വൈദ്യ ശാസ്ത്രം നിന്നെ തള്ളി പറഞ്ഞെങ്കില്‍ ഇന്ന് നീ പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തു ചോദിക്കുന്ന ഒരു കാര്യമുണ്ട്. മത്തായി സുവിശേഷകന്‍, ക്രിസ്തു അന്ധരായ ആളുകളെ സുഖപെടുത്തുന്ന സംഭവം പറയുന്നു. "യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവെ എന്ന് അവര്‍ മറുപടി പറഞ്ഞു. നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞു കൊണ്ട് അവന്‍ അവരുടെ കണ്ണുകളെ സ്പര്‍ശിച്ചു. അവരുടെ കണ്ണുകള്‍ തുറന്നു. ( മത്തായി 9:29-30) നീ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. ദൈവം നിന്‍റെ ഉദരം തുറക്കും.

Monday, 11 November 2013

കാപട്യം നിറഞ്ഞ പ്രാര്‍ത്ഥനകള്‍

ഈ ജനം അധരങ്ങള്‍ കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയം എന്നില്‍ നിന്ന് വളരെ ദൂരെയാണ്. വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ( മര്‍ക്കോസ്7:7)

ഞാന്‍ ജനിച്ചു വളര്‍ന്നത് കത്തോലിക്കാ കുടുംബത്തിലാണ്. എന്‍റെ മാതാപിതാക്കള്‍ വളരെയേറെ മത തീക്ഷ്ണത ഉള്ള ആളുകള്‍ ആയിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ മൂന്നു മക്കളെയും അവര്‍ വിശ്വാസത്തില്‍ ആഴത്തില്‍ വളരുവാന്‍ ആഗ്രഹിച്ചു. എല്ലാ ദിവസവും ഞങ്ങള്‍ കുടുംബ പ്രാര്‍ത്ഥന ചൊല്ലും. സന്ധ്യ സമയത്ത് എല്ലാവരും കൂടി വീട്ടിലെ പ്രധാന മുറിയില്‍ ഒന്നിച്ചു കൂടി കുറച്ചു നേരം സംസാരിക്കും. പിന്നെ പ്രാര്‍ത്ഥനയില്‍ പങ്കു ചേരും.ചിലപ്പോള്‍ അമ്മ അത്താഴത്തിനു നല്ല കറി ഉണ്ടാക്കിയിട്ടുണ്ടാകും. വീട്ടിലെ നിയമം അനുസരിച്ച് പ്രാര്‍ത്ഥന കഴിയാതെ ഭക്ഷണം തരില്ല. 

ഞാനും ഏറ്റവും മൂത്ത ചേട്ടനും ഒന്നിച്ചാണ് പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ ഇരിക്കുക. അത്താഴത്തിന്റെ ഓര്‍മ്മകളും, ഉറക്കത്തിന്റെ ആലസ്യവും ചേര്‍ന്ന് അലസോരപെടുത്തുന്ന വളരെ സമയം കൊല്ലിയായ പ്രാര്‍ത്ഥനാ സമയം ഇഴഞ്ഞു നീങ്ങുന്നത്‌ തടയാന്‍ ഞങ്ങള്‍ ചെറുപ്പത്തില്‍ ഒരു ബുദ്ധി കണ്ടെത്തി. അന്ന് വീടിന്‍റെ ഒരു ഭാഗത്ത്‌ നിന്ന്, ഞങ്ങള്‍ ഇരിക്കുന്നിടത്ത്‌ കൂടെ ഉറുമ്പുകള്‍ നിരയായി പോകുന്നുണ്ട്.ആ ഉറുമ്പുകള്‍ ഞങ്ങളെ ശല്യമോന്നും ചെയ്യില്ല. എങ്കിലും ഞാനും ചേട്ടനും വേട്ട തുടങ്ങി. ലുത്തനിയ ചൊല്ലുമ്പോള്‍ ഞങ്ങള്‍ ഉറക്കെ ചൊല്ലും. എന്നിട്ട് ഈ ഉറുംബിനെ കൊല്ലും. രസകരമായ ഒരു മത്സരം. അപ്പനും അമ്മയും കരുതും കുട്ടികള്‍ ഭക്തി പൂര്‍വ്വം പ്രാര്‍ത്ഥിക്കുകയാണ്. പ്രാര്‍ത്ഥനയുടെ അവസാനം ഞാന്‍ ചോദിക്കും. ഇന്നു എത്ര തീര്‍ന്നു. അവന്‍ പറയും അമ്പതു തികഞ്ഞില്ല. അമ്മ കരുതുക, പിള്ളേര്‍ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലിയ കണക്കു ആണ് ഇതു എന്നാണ്. സത്യത്തില്‍ അത് ചത്ത ഉറുമ്പിന്റെ കണക്കാണ്. 

നമ്മുടെ പല പ്രാര്‍ത്ഥനകളും ഇത് പോലെ ആകുന്നില്ലേ. ഉറുമ്പ് വെട്ടക്കിടയില്‍ നടക്കുന്ന ചൊല്‍കാഴ്ചകള്‍. ദൈവം അധരങ്ങളെ പരിശോധിക്കുന്നവന്‍ അല്ല. അവന്‍ ഹൃദയങ്ങളെ ആണ് പരിശോധിക്കുന്നത്. എന്‍റെ വീടിനു മുന്‍പിലൂടെ പോയ അനേകം ആളുകള്‍ ഞങ്ങളുടെ ഉറക്കെയുള്ള പ്രാര്‍ത്ഥന കേട്ട് കരുതി കാണും എത്ര ഭക്തി ഉള്ള കുട്ടികള്‍. അവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതെ ഇരിക്കുമോ? എന്നാല്‍ ഓരോ ഉറുമ്പും കൊല്ലപെടുമ്പോള്‍, പരസ്പരം ആശയ വിനിമയം നടത്തുവാന്‍ ഞങ്ങള്‍ കണ്ടു പിടിച്ച പ്രാര്‍ത്ഥന രീതി കര്‍ത്താവിനു തിരിച്ചറിയാന്‍ കഴിയും. കാരണം. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം സന്നിഹിതന്‍ ആകുന്നു. ദൈവ ഭയമില്ലാതെ നാം ചൊല്ലുന്ന അധര കാഴ്ചകള്‍ കണ്ടു സങ്കടത്തോടെ ദൈവം മനുഷ്യനെ നോക്കുന്നു.

നമ്മുടെ പ്രാര്‍ത്ഥനകള്‍ ചൊല്‍ കാഴ്ചകള്‍ ആകരുത്. ഹൃദയത്തിന്റെ തികവില്‍ നിന്ന് അധരം സംസാരിക്കട്ടെ. നമ്മളില്‍ ചിലര്‍ എങ്കിലും ഞായര്‍ ആഴ്ച കുര്‍ബാന കാണുന്നവര്‍ ആണ്. ആളുകളെ കാണുവാന്‍, ഇടവക വികാരിയെ ബോധിപ്പിക്കുവാന്‍ നാം വേഷം കെട്ടി ആടുന്നു. പള്ളിയില്‍ ഇരുന്നു നാം പല വേട്ടയാടലുകള്‍ നടത്തുന്നു. നല്ല സാരിക്ക് വേണ്ടി, ജീവിത പങ്കാളിക്ക് വേണ്ടി, നല്ല ചെരുപ്പിന് വേണ്ടി, ഇനിയും കുറേപേര്‍ നല്ല വാഹനങ്ങള്‍ എല്ലാം വേട്ടയാടി പ്രാര്‍ത്ഥനകള്‍ നാം തീര്‍ക്കുന്നു. ദൈവം മനുഷ്യനെ നോക്കുകയാണ്. ഹൃദയത്തില്‍ നിന്ന് അവനോടു സംസാരിക്കുന്ന മനുഷ്യരേ ചിലപ്പോഴെങ്കിലും കാണാതെ വരുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍ ഇനി ഹൃദയത്തില്‍ നിന്ന് സമര്‍പ്പിക്കാം. ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ എണ്ണം തികയ്ക്കാന്‍, ആരെയോ ബോധ്യപെടുത്തുവാന്‍ ആകരുത്. അത് ദൈവഅവബോധത്തിന്റെ പൂര്‍ണ്ണതയില്‍ ദൈവത്തോട് ഉള്ള സംഭാഷണം ആയിരിക്കട്ടെ.

പ്രാര്‍ത്ഥന.

കാരുണ്യവാനായ കര്‍ത്താവെ, എന്‍റെ പ്രാര്‍ത്ഥനകള്‍ ഹൃദയത്തിന്റെ പൂര്‍ണ്ണതയില്‍ നിന്ന്, നിന്നെ കണ്ടു കൊണ്ട് നിന്നോടുള്ള സംഭാഷണം ആയി മാറുവാന്‍ ഉള്ള അനുഗ്രഹം നല്‍കണമെന്ന് അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു. ആമേന്‍ 

Saturday, 9 November 2013

സഹനം കുരിശിലെ അനുഭവം

"കര്‍ത്താവിന്റെ അത്ഭുത കൃത്യങ്ങള്‍ ആര്‍ വര്‍ണ്ണിക്കും? അവിടുത്തെ അപദാനങ്ങള്‍ ആര്‍ കീര്‍ത്തിക്കും? 
( സങ്കീര്‍ത്തനങ്ങള്‍ 106:2)"

ഭൂമിയില്‍ അനേകം കഷ്ടപെടുന്ന മനുഷ്യരുണ്ട്‌. ആദ്യം ആരോ തോമസിനെ പറ്റി പറയുമ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ സഹന ശയ്യയില്‍ ഉള്ള അനേകം മനുഷ്യരില്‍ ഒരാള്‍. ഒന്ന് സന്ദര്‍ശിക്കണം, മടങ്ങണം. അങ്ങിനെ ഞാന്‍ തോമസിന്‍റെ മുറിയിലെത്തി. ഏതാണ്ട് മുപതു വയസു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍, കാണാന്‍ സുന്ദരന്‍. മുറിയിലേക്ക് കടന്നപ്പോള്‍ അവനെ ശുശ്രുഷിക്കുന്ന സഹോദരി കൂടെ ഉണ്ടായിരുന്നു. അവര്‍ അവന്‍റെ പേരുവിളിച്ചപ്പോള്‍ തോമസ്‌ ചെറുതായി പുഞ്ചിരി തൂകിയ പോലെ തോന്നി.

എന്നെ തോമസിന്‍റെ മുറിയിലേക്ക് കൊണ്ട് പോയ സഹോദരി പറഞ്ഞു. തോമസ് ജനിച്ചത്‌ തന്നെ ഈ അവസ്ഥയിലാണ്. ഇന്നു വരെ തോമസിന് ഭൂമിയില്‍ കാല് കുത്തി നടക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാവരോടും സംസാരിക്കുവാന്‍, ഒരു പക്ഷെ അവനു ആഗ്രഹം ഉണ്ടാകാം. എന്നാല്‍ ദൈവം അവന്‍ ദൈവത്തോട് മാത്രം സംസാരിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. ഭൂമിയിലെ നന്മകള്‍ കാണാന്‍ അവന്‍ ആഗ്രഹിക്കുന്നു എന്ന് കണ്ട ദൈവം അവനെ തിന്മകള്‍ കാണാതെ ഇരിക്കാന്‍ അന്ധനാക്കി. പിന്നെയും ദൈവം അവനോടു പറഞ്ഞു. മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ നിന്‍റെ ബുദ്ധിക്കു അതീതം ആയതിനാല്‍ നീ അവരെ പോലെ ചിന്തിക്കരുത്. വായില്‍ വച്ച് കൊടുക്കുന്ന ഭഷണം കഴിക്കാതെ പ്രതിഷേധിക്കാന്‍ അല്ലാതെ, മറ്റെല്ലാത്തിനും നിസഹായ അവസ്ഥയിലാണ് തോമസ്.

ഞാന്‍ മനസില്‍ ചിന്തിച്ചു? ദൈവമേ എന്തിനാണ് നീ ഇങ്ങിനെ ഒരു മനുഷ്യന് സഹനം നല്‍കിയത്. ആ ചോദ്യത്തിന് ഉത്തരം ആ മുറിയില്‍ ഉണ്ടായിരുന്നു. അത് ഇങ്ങിനെയാണ്." ദൈവത്തിന്‍റെ മഹത്വം വെളിപെടുത്തുന്ന മനുഷ്യരാണ് സഹനം അനുഭവിക്കുന്നത്. സഹനം അനുഭവിക്കുമ്പോള്‍ ആ മനുഷ്യന്‍ ക്രിസ്തുവിന്റെ കുരിശിനോട് ചേര്‍ന്ന് നില്‍ക്കുന്നു. നിങ്ങള്‍ അനുഭവിക്കുന്ന നന്മകള്‍ ലഭിയ്ക്കാതെ പോയവര്‍ നിങ്ങളെ ദൈവത്തിന്‍റെ അനുഗ്രഹങ്ങളെ ഓര്‍മ്മപെടുത്തുന്നു." തോമസ്‌ സുവിശേഷം പറയുന്നു. അവനു ചലിക്കാന്‍ ആകില്ല. നിങ്ങള്‍ക്ക് ആകുമല്ലോ ദൈവദാനം ആണ്. അവനു സംസാരിക്കാന്‍ ആകില്ല. നിങ്ങള്‍ക്ക് ആകുമല്ലോ ദൈവത്തെ മഹ്വത്വപെടുത്തുക. തോമസ്‌ ജീവിക്കുന്ന സുവിശേഷം ആണ്. പ്രാര്‍ത്ഥന ആണ്.

ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ സഹനങ്ങള്‍ അനുഭവിക്കുമ്പോള്‍ നമ്മുക്ക് രണ്ടു രീതിയില്‍ പ്രതികരിക്കാം ഒന്ന് കുരിശിലെ നല്ല കള്ളനെ പോലെ കര്‍ത്താവിന്‍റെ സഹനങ്ങളോട് ചേര്‍ത്ത് വച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം. രണ്ടാമത്തെ രീതി കുരിശിന്‍റെ അരികില്‍ ഉണ്ടായിരുന്ന കള്ളന്‍റെ രീതി തന്നെ ആണ്. പരിഹാസ പൂര്‍വ്വം ദൈവ നിഷേധം നടത്താം. എന്നാല്‍ നാം, നല്ല കള്ളന്‍റെ പാത പിന്തുടര്‍ന്ന് ദൈവത്തെ മഹ്വതപെടുത്തിയാല്‍ ദൈവം അവന്‍റെ രാജ്യത്തില്‍ നമ്മെ മഹ്വത പെടുത്തും . സഹ ജീവികളുടെ സഹനങ്ങളില്‍ നാം കരുണ ഉള്ളവര്‍ ആകണം. മറ്റുള്ളവരുടെ വേദനകള്‍ കാണുമ്പോള്‍ നാം ദൈവത്തെ ചോദ്യം ചെയ്യരുത്. പകരം ദൈവം അവന്‍റെ മഹ്വത്വത്തിനായി നിനക്ക് തന്നിരിക്കുന്ന അനുഗ്രഹങ്ങളെ നീ തിരിച്ചറിയണം. കുരിശിനോട് മറിയം എങ്ങിനെ ചേര്‍ന്ന് നിന്നുവോ അത് പോലെ സഹ ജീവികളുടെ സഹനങ്ങളില്‍ നീ ചേര്‍ന്ന് നില്‍ക്കണം. ദൈവം നിന്നെ സമര്‍ധമായി അനുഗ്രഹിക്കും.

പ്രാര്‍ത്ഥന

കുരിശില്‍ പീഡകള്‍ ഏറ്റു മരിച്ച കര്‍ത്താവെ, സഹന അനുഭവങ്ങള്‍ അങ്ങയെ മഹ്വത പെടുത്തുവാന്‍ ഉള്ള അവസരങ്ങള്‍ ആക്കി മാറ്റുവാന്‍ ഉള്ള കൃപ ഞങ്ങള്‍ക്ക് നല്കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍ 

ആഭിചാരം

"യാക്കോബിന് ആഭിചാരം എല്ക്കുകയില്ല;ഇസ്രയേലിനെതിരെ ക്ഷുദ്ര വിദ്യ ഫലിക്കുകയുമില്ല. ( സംഖ്യ 23: 23)"

ഞങ്ങളുടെ ഇടവക ദേവാലയത്തിലെ സിമത്തേരി പുതുക്കി പണിയുമ്പോള്‍ ഒരു കുടവും അതില്‍ ഒരു അസ്ഥി കഷ്ണവും, പൂച്ചയുടെയോ പട്ടിയുടെയോ എന്ന് തോന്നിപ്പിക്കുന്ന ഒരു തലയോട്ടിയും ലഭിച്ചു. ഏതോ ഒരു ആത്മാവ് അവന്‍റെ ഭവനത്തില്‍ സൃഷ്ടിക്കും എന്ന് ഭയക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കുവാന്‍ ബന്ധുക്കളോ അയല്‍വക്കകാരോ ചെയ്ത കൂടോത്രത്തിന്റെ അവശിഷ്ടം. ക്രിസ്ത്യാനികള്‍ പോലും ആഭിചാരം ചെയ്യുന്നു. ഒരിക്കല്‍ ഒരു സഹോദരന്‍ പങ്കു വച്ചു. അയാളുടെ കുടുംബത്തില്‍ പെട്ട ഒരാള്‍ക്ക് വച്ചാരാധന ഉണ്ട് അത് കൊണ്ട് അയാളുടെ കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വലിയ തകര്‍ച്ച ഉണ്ടാകുമോ എന്ന് അയാളുടെ കുടുംബം ഭയക്കുന്നു.

ബൈബിള്‍ പറയുന്നു. യാക്കോബിന് ആഭിചാരം എല്ക്കുകയില്ല;ഇസ്രയേലിനെതിരെ ക്ഷുദ്ര വിദ്യ ഫലിക്കുകയുമില്ല. ( സംഖ്യ 23: 23)ഇന്നു നാം അറിയുക, നീ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ നിന്നെ തകര്‍ക്കാന്‍ ഒരു ശക്തിക്കും ആകില്ല. നിന്നെ നയിക്കുന്ന ദൈവം നിന്നെ കര തലങ്ങളില്‍ താങ്ങുന്ന കര്‍ത്താവാണ്. നീ ക്ഷുദ്ര പ്രയോഗങ്ങളില്‍ വിശ്വസിക്കുന്നു എങ്കില്‍ അറിയുക. " നിന്‍റെ ക്ഷുദ്ര പ്രയോഗങ്ങളേയും മാന്ത്രിക ശ്കതിയെയും മറികടന്ന് പുത്ര നഷ്ടവും വൈധവ്യവും അവയുടെ പൂര്‍ണ്ണതയില്‍ നീ അനുഭവിക്കും."( ഏശയ്യ 47:9)കര്‍ത്താവു പറയുകയാണ്. നിന്‍റെ കുടുംബം ഞാന്‍ പൂര്‍ണ്ണതയില്‍ തകര്‍ത്തു കളയും.

ബൈബിളില്‍ ഏശയ്യ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു. "അപരിഹാര്യമായ അത്യാഹിതം നിനക്ക് വന്നു ചേരും. അപ്രതീക്ഷിതമായ വിനാശം നിന്‍റെ മേല്‍ പതിക്കും. ചെറുപ്പം മുതല്‍ നീ അനുവര്‍ത്തിച്ചിരുന്ന മാന്ത്രിക വിദ്യകളും ക്ഷുദ്ര പ്രയോഗങ്ങളും തുടര്‍ന്ന് കൊള്ളുക. അതില്‍ നീ വിജയിച്ചേക്കാം; ഭീതി ഉള്ളവക്കാനും നിനക്കു കഴിഞ്ഞേക്കാം. ( ഏശയ്യ 47:11-12") ഒരിക്കലും മന്ത്രവാദ കൂടോത്രങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ രക്ഷ പ്രാപിക്കില്ല. ദൈവത്തില്‍ ആശ്രയിക്കുക.

പ്രിയമുള്ളവരേ, ദൈവം മാത്രമാണ് ഏക രക്ഷകന്‍. നമ്മുടെ തകര്‍ച്ചകളില്‍ നാം ദൈവത്തില്‍ ആശ്രയിക്കുക. കൂടോത്രവും മറ്റു കാര്യങ്ങളും താത്കാലിക വിജയം കൊണ്ട് വന്നേക്കാം. എന്നാല്‍ അവ നിന്‍റെ കുടുംബത്തിന്റെ അടി വേരില്‍ കത്തി വയ്ക്കും എന്ന് നീ മറക്കരുത്. നിത്യമായ ആത്മ രക്ഷയില്‍ നിന്ന് അത് നിന്നെ നിത്യ നാശത്തിലേക്ക് തള്ളി വിടും. സാത്താനെ സേവിക്കുന്നത് വഴി നീ നേടുന്നതോന്നും നില നില്‍ക്കുകയില്ല. ആയതിനാല്‍ പ്രിയമുള്ളവരേ നാം ഏതെങ്കിലും തരത്തിലുള്ള അഭിചാര കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്നു എങ്കില്‍ ദൈവ സന്നിധിയില്‍ അണയുക, ഹൃദയം തുറന്ന് ദൈവ സന്നിധിയില്‍ മാപ്പ് അപേക്ഷിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കും.

പ്രാര്‍ത്ഥന

സര്‍വ ശക്തനായ ദൈവമേ, അങ്ങയില്‍ മാത്രം ആശ്രയിച്ചു ജീവിക്കുവാന്‍ ഉള്ള കൃപാവരം ഞങ്ങള്‍ക്ക് നല്‍കണമെന്നും, എല്ലാ വിധ ആഭിചാരങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിച്ചു കൊള്ളണമേന്നും അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.

വിശപ്പിന്‍റെ സുവിശേഷം

വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്ക് സംതൃപ്തി നല്‍കുകയും ചെയ്താല്‍ നിന്‍റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും.നിന്‍റെ ഇരുണ്ട വേളകള്‍ മധ്യയഹന്നം പോലെയാകും. .( ഏശയ്യ 58:10)

ഭൂമിയിലെ ഏറ്റവും വലിയ ഒരു പുണ്യ കര്‍മ്മം ആണ്. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുക എന്നത്. ബൈബിളില്‍ കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ പറയുന്ന ഒരു ആവശ്യം അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്ക് നല്കണമേ എന്നാണ്. നാം വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍, നാം അവന്‍റെ പ്രാര്‍ത്ഥനക്ക് ദൈവത്തോട് ചേര്‍ന്ന് നിന്ന് ഉത്തരം നല്‍കുകയാണ്. അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ കര്‍ത്താവു അനുഗ്രഹം ചൊരിയുന്നു. ബൈബിള്‍ പറയുന്നു. നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍,മുടന്തര്‍ കുരുടര്‍ എന്നിവരെ ക്ഷണിക്കുക. അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും.; എന്തെന്നാല്‍ പകരം നല്കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്മാരുടെ പുനുരുത്ഥാനത്തില്‍ നിനക്കു പ്രതി ഫലം ലഭിക്കും. ( ലൂക്കാ 14:13-14)

പരിശുദ്ധ പിതാവ് പറയുന്നു. നാം വെറുതെ കളയുന്ന ആഹാരം ദരിദ്രരുടെ അവകാശം ആയിരുന്നു.ദൈവം നിനക്ക് സമ്പത്ത് നല്‍കിയിരിക്കുന്നത് നിനക്ക് വേണ്ടി മാത്രം ആണ് എന്ന് നീ കരുതരുത്. ഒരിക്കല്‍ ദേവാലയ കവാടത്തില്‍ ഒരു മനുഷ്യന്‍ ഭിക്ഷ യാചിക്കുക ആയിരുന്നു. പള്ളിയില്‍ നിന്ന് ഇറങ്ങി വന്ന മനുഷ്യന്‍ അയാളുടെ അടുതെത്തി പറഞ്ഞു. ദൈവം എല്ലാ പക്ഷികള്‍ക്കും ആഹാരം കൊടുക്കുന്നു. എന്നാല്‍ അത് ഒന്നിന്റെയും കൂട്ടില്‍ കൊണ്ട് പോയി കൊടുക്കുന്നില്ല.

യാചകന്‍ ഒരു അല്പം നിശ്ബധ്മായി. എന്നിട്ട് ആ പള്ളി മുറ്റത്തെ മരത്തില്‍ ഉണ്ടായിരുന്ന കിളികൂട്ടിലേക്ക് കൈ ചൂണ്ടി പറഞ്ഞു. സഹോദരാ, എല്ലാ പക്ഷികള്‍ക്കും ഇര തേടാന്‍ ആയില്ല എന്ന് വരും. താങ്കള്‍ നോക്കുക. ആ അമ്മ പക്ഷി കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നു. ദൈവം അതിനു ആവശ്യത്തിലധികം ഭക്ഷണം നല്കിയിട്ടല്ല. ഉള്ളതില്‍ നിന്ന് അത് പങ്കു വയ്ക്കുന്നു. കാരണം അത് ദൗത്യം തിരിച്ചറിയുന്നു. അധ്വനിക്കുവാന്‍ എനിക്ക് ആരോഗ്യമില്ല. ഞാന്‍ ദൈവത്തിന്റെ ഒരു പക്ഷി കുഞ്ഞാണ്. എന്‍റെ കരച്ചില്‍ കേള്‍ക്കുന്ന ദൈവം എനിക്ക് ഭക്ഷണം നല്‍കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു പക്ഷെ നിങ്ങളുടെ കയ്യില്‍ അവന്‍ എനിക്കുള്ള ആഹാരം തന്നിട്ടുണ്ടാകം. പ്രാര്‍ത്ഥന പൂര്‍വ്വം നിങ്ങളുടെ പോക്കറ്റില്‍ നോക്കുക.

മനുഷ്യന്‍ ഒരിക്കലും സ്വതന്ത്രര്‍ അല്ല. നാം എല്ലായ്പ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്നു. അതിനാല്‍ നമ്മളെ ആശ്രിയിക്കുന്ന മനുഷ്യര്‍ നമ്മെക്കാളും ഒട്ടും താന്നവര്‍ അല്ല എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം.നമ്മുടെ ജീവിതം പോലും ഒരു ദൈവ ദാനം ആയിരിക്കെ നിന്‍റെ മുന്‍പില്‍ നീട്ടപെടുന്ന കൈകള്‍ നിനക്ക് എങ്ങിനെ തട്ടി മാറ്റാന്‍ ആകും. നിനക്ക് ഈ ഭൂമിയില്‍ സ്വന്തമായി എന്താണ് ഉള്ളത് നീ അറിയുക. നിന്‍റെ മേശയില്‍ നിനക്ക് അധികം ഉള്ളത് മറ്റാര്‍ക്കോ വേണ്ടി ദൈവം കരുതുന്നതാണ്. പിടിച്ചു വയ്യ്ക്കരുത്. ബൈബിള്‍ പറയുന്നു. " ഇപ്പോള്‍ സംതൃപ്തര്‍ കഴിയുന്നവരെ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ക്ക് വിശക്കും.( ലൂക്കാ 6:24) ആയതിനാല്‍ ഒരു പാട് സമ്പത്ത് പിടിച്ചു വയ്ക്കരുത്.

നിങ്ങള്‍ അനുഭവിക്കുന്നത് മറ്റൊരാള്‍ക്ക്‌ കൂടെ അവകാശപെട്ട ഒന്നാണ് എന്ന തിരിച്ചറിവ് നിങ്ങള്ക്ക് ഉണ്ടാകണം. സ്വര്‍ഗ്ഗ രാജ്യത്തില്‍ ദൈവം നിങ്ങളോട് ചോദിക്കും. ഞാന്‍ വിശന്നവന്‍ ആയിരുന്നു. നിങ്ങള്‍ എനിക്ക് ആഹാരം തന്നില്ല.വിശക്കുന്നവനോട് സുവിശേഷവും പ്രാര്‍ത്ഥനകളും പറയാന്‍ അല്ല ദൈവം പറയുന്നത്. അവനു അപ്പം നല്കാന്‍ ആണ്. മനുഷ്യന്‍റെ വിശപ്പിനു മുന്‍പില്‍ ദൈവം എന്നും കനിഞ്ഞിട്ടുണ്ട്. മരൂഭൂമിയില്‍ മന്നയും കാട പക്ഷിയും, പിന്നെ പുതിയ നിയമത്തില്‍ അഞ്ചപ്പം അയ്യായിരം പേര്‍ക്ക് നല്‍കി കര്‍ത്താവു നല്‍കിയ സന്ദേശം ഇതാണ്. വിശക്കുന്നവര്‍ക്ക് വേണ്ടത് ഭക്ഷണം ആണ്. അത് നല്‍കുന്നത് ദൈവികമായ പ്രവര്‍ത്തി ആണ്.

പ്രാര്‍ത്ഥന

അഞ്ചപ്പം അയ്യായിരം പേര്‍ക്ക് നല്‍കിയ കര്‍ത്താവെ, ഞങ്ങളുടെ കൈവശം വിശപ്പ്‌ അനുഭവിക്കുന്നവരുമായി പങ്കു വയ്ക്കാന്‍ വളരെ കുറഞ്ഞ വിഭവങ്ങള്‍ ആണ് ഉള്ളത്. അതിനെ നീ ആശിര്‍വദിക്കണമേ, വര്‍ദ്ധിപ്പിക്കണമേ, ആമേന്‍.

Friday, 1 November 2013

അനുതപിക്കുന്ന പത്രോസ്

"പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്നു എനിക്കറിഞ്ഞുകൂടാ. അവന്‍ ഇതു പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ തന്നെ കോഴി കൂവി. കര്‍ത്താവ് പത്രോസിന്റെ നേരെ തിരിഞ്ഞു അവനെ നോക്കി. ഇന്നു കോഴി കൂവുന്നതിനു മുന്‍പ്‌ മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കര്‍ത്താവ് പറഞ്ഞ വചനം അപ്പോള്‍ പത്രോസ് ഓര്‍മ്മിച്ചു. അവന്‍ പുറത്തുപോയി മനം നൊന്തു കരഞ്ഞു. ( ലൂക്കാ 22: 60-62)


ബൈബിളിലൂടെ കടന്നു പോകുമ്പോള്‍ നമ്മുക്ക് അറിയാം ക്രിസ്തുവിന്റെ പ്രധാന ശിക്ഷ്യനാണ് പത്രോസ് . ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ കരുതുന്നതെന്ന ക്രിസ്തുവിന്റെ ചോദ്യത്തിനു പത്രോസ് മറുപടി പറയുന്നത്, നീ ക്രിസ്തുവാണ്‌ എന്നാണ്. വിശ്വാസത്തിന്റെ വലിയ പ്രതീകമാണു പത്രോസ്. യേശുവിനെ പിടിക്കാന്‍ വരുന്ന ഭ്രത്യനെ പത്രോസ് വാള്‍ കൊണ്ട് വെട്ടിപരിക്ക് ഏല്പിക്കുന്നതും ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ തന്നെയാണ്. എന്നാല്‍ സുവിശേഷം പറയുന്നു. പത്രോസ് കര്‍ത്താവിനെ അവിടുത്തെ കുരിശു മരണത്തിന് തൊട്ടു മുന്‍പ് മൂന്നു പ്രാവശ്യം തള്ളി പറഞ്ഞു. 

ബൈബിള്‍, പത്രോസ് ക്രിസ്തുവിനെ മൂന്നു പ്രാവശ്യം തള്ളി പറഞ്ഞു എന്ന് പറയാന്‍ ഒരു കാരണം ഉണ്ട്. ഒരു മനുഷ്യനു ഒരു തെറ്റ് ഒരിക്കല്‍ പറ്റിയേക്കാം. അത് ശരിയാക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ രണ്ടാമതും ഒരു തെറ്റ് വന്നേക്കാം. എന്നാല്‍ മൂന്നാമത് ആ വ്യക്തി എടുത്ത ഒരു തീരുമാനം തന്നെയാണ് ആ തെറ്റ്. അപ്പോള്‍ മൂന്നു പ്രാവശ്യം ക്രിസ്തുവിനെ തള്ളി പറയുന്ന പത്രോസ് ശ്ലീഹ ആ തെറ്റ് അറിഞ്ഞു കൊണ്ട് തന്നെയാണ് ചെയ്യുന്നത് എന്ന് കരുതാം. എന്നാല്‍ ദൈവം ഇടപെട്ടപ്പോള്‍, വചനം ഓര്‍മ്മിച്ചപ്പോള്‍ അവന്‍ ഹൃദയം നൊന്തു പുറത്തു പോയി കരഞ്ഞു എന്ന് ബൈബിള്‍ പറയുന്നു. ആ കരച്ചില്‍ ദൈവം കാണുന്നത് ആയിരുന്നു. അത് ആത്മാര്‍ത്ഥത ഉള്ളതായിരുന്നു.

നമ്മുടെ ജീവിതങ്ങളിലും നാം ക്രിസ്തുവിനെ തള്ളി പറയാറുണ്ട്. ഈ ലോകത്തില്‍ നാം വീണു പോകുന്ന അനുഭവങ്ങള്‍. പാപത്തിന്റെ അവസ്ഥകള്‍ നമ്മിലേക്ക്‌ ഇരുട്ട് പരത്തുന്നു. എന്നാല്‍ ദൈവ വചനം നമ്മെ അനുതാപതിലേക്ക് നയിക്കും. നമ്മുടെ ജീവിതത്തിലും ക്രിസ്തു നമ്മെ തിരിഞ്ഞു നോക്കണം. അതിനു നമ്മുടെ ഉള്ളില്‍, ജീവിക്കുന്ന ക്രിസ്തു ഉണ്ടാകണം. അവന്‍റെ വചനം ഉണ്ടാകണം. 

ചിലര്‍ ചോദിക്കാറുണ്ട്? നിങ്ങള്‍ വചനം പറയുമ്പോള്‍ നിങ്ങളെ പറ്റി, ഞങ്ങള്‍ അന്വേഷിക്കും. നിങ്ങളുടെ ചരിത്രം ഞങ്ങള്‍ക്ക് അറിയണം. അതില്‍ ഭൂമി ശാസ്ത്ര പരമായ കേടു പാടുകള്‍ ഉണ്ടോ എന്ന് അറിയണം. ഒരു ഏറ്റു പറച്ചില്‍ എന്ന പോലെ ഞാന്‍ പറയട്ടെ, ഞാനോ ഈ സെഫാനിയ മിഷന്‍ പ്രവര്‍ത്തകരോ പരിപൂര്‍ണ്ണര്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചിലപ്പോഴെങ്കിലും, ക്രിസ്തു പത്രോസിനോട് പറഞ്ഞത് പോലെ ഞങ്ങളോടും സാത്താനെ എന്‍റെ കണ്മുന്‍പില്‍ നിന്ന് പോകുക എന്ന് ക്രിസ്തു പറയാറുണ്ട്. അല്ലെങ്കില്‍ ഞങ്ങള്‍ അതിനിട കൊടുക്കാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ക്രിസ്തു ഉള്ളില്‍ ഉള്ളവര്‍ ആണ്. ഞങ്ങള്‍ പുറത്തു പോയി കരയുന്നവര്‍ ആണ്. ഞങ്ങളുടെ തെറ്റുകള്‍ കുമ്പസാര കൂടിന്‍റെ വിശുദ്ധിയില്‍ ഏറ്റു പറയുന്നവര്‍ ആണ്. 

മനുഷ്യനു പാപ ബോധം തരുന്നത് ക്രിസ്തുവാണ്‌. പത്രോസ് ചെയ്യുന്നത് വലിയ തെറ്റ് തന്നെയാണ്. ഒരു പാട് വിശ്വസിച്ചവന്‍, സ്നേഹിച്ചവന്‍. അനുഗ്രഹം സ്വീകരിച്ചവന്‍ ആയ പത്രോസ് ഗുരുവിനെ തള്ളി പറയുകയാണ്. എന്നാല്‍ പത്രോസിന്റെ ഉള്ളില്‍ ഒരു വിങ്ങല്‍ ഉണ്ടായി. തീര്‍ച്ചയായും നമ്മുടെ മനസില്‍ ആ ദുഃഖം ഉണ്ടാകണം. അപ്പോള്‍ നാം വിശുദ്ധിയില്‍ വളര്‍ത്തപെടും. ചിലപ്പോഴെങ്കിലും നാം പറയാറില്ലേ, വലിയ പ്രാര്‍ത്ഥനയുടെ ആളാണ്. കാര്യം ഇല്ല. പക്ഷെ ഓര്‍ക്കുക, അവരുടെ ജീവിതത്തില്‍ കോഴി കൂകും. അവര്‍ വചനം ഓര്‍മ്മിക്കും, ദൈവം അവനെ തിരിഞ്ഞു നോക്കും. അന്ന് നീ കണ്ടെന്നു വരില്ല. ആയതിനാല്‍ വിധിക്കാതെ ഇരിക്കുക.

ക്രിസ്തുവിന്റെ സ്നേഹത്തെ അറിഞ്ഞവനാണ് പത്രോസ്. ഒരു നിമിഷത്തേക്ക് അവന്‍ അത് മറന്നാലും, അവനു തിരിച്ചു വരാതെ പോകുന്നത് എങ്ങിനെയാണ്‌? ക്രിസ്തു അവനെ സ്നേഹ പൂര്‍വ്വം നോക്കുമ്പോള്‍ അവന്‍ ഹൃദയം നൊന്തു കരയാതെ ഇരിക്കുന്നത് എങ്ങിനെയാണ്‌? നാം ക്രിസ്തുവിനെ സ്നേഹിച്ചിട്ടും പാപം ചെയ്തു പോകുന്നുണ്ടാകാം. പ്രാര്‍ത്ഥിക്കുക. അവന്‍ തിരിഞ്ഞു നോക്കും. ആ കരുണാ കടാക്ഷം നിന്നെ സകല പാപങ്ങളില്‍ നിന്നും മുക്ത്നാക്കും.